TopTop
Begin typing your search above and press return to search.

കാണരുതാത്ത ആര്‍ത്തവ രക്തവും കാണേണ്ടുന്ന ചില ചോരപ്പാടുകളും

കാണരുതാത്ത ആര്‍ത്തവ രക്തവും  കാണേണ്ടുന്ന ചില ചോരപ്പാടുകളും

ഭാഗം 2

രാത്രി ഒരു മണിക്ക് ഈസ് ആഫിലിരിക്കുമ്പോള്‍ ധൃതിപിടിച്ചോടിയെത്തിയ സൌദി ചെറുപ്പക്കാരന്റെ ആവശ്യം കേട്ട് സബിത അന്തിച്ചുപോയി. ഇവള്‍ കന്യകയായിരുന്നോ....നിങ്ങള്‍ പരിശോധിച്ചു പറയണം. ...ദക്തൂറ എന്റെ സംശയം ഇതാണ് ആദ്യമായി ബന്ധപ്പെട്ടു കഴിഞ്ഞാല്‍ രക്തം വരണ്ടേ? അതുണ്ടായിട്ടില്ല. അതിനെന്താണ് കാരണമെന്ന്‍ നിങ്ങള്‍ പരിശോധിച്ചു പറയണം

(ബര്‍സ, ഖദീജ മുംതാസ്)

രണ്ട് ചോരപ്പാടുകള്‍ക്കിടയിലുള്ള ഭ്രമണമാണ് ഇന്ത്യന്‍/മലയാളി സ്ത്രീയുടെ ജീവിതമെന്നു പറയാം. ബാല്യം പരിവര്‍ത്തന ദശയിലേക്കു കടക്കുമ്പോള്‍ സംഭവിക്കുന്ന ആര്‍ത്തവമാണ് ആദ്യത്തെ വഴിത്തിരിവെങ്കില്‍, പെണ്‍കുട്ടിയുടെ മറ്റൊരു ജന്മത്തെ കുറിക്കുന്ന വിവാഹത്തോടനുബന്ധിച്ചുള്ള കന്യകാത്വ പരീക്ഷയുടെ അടയാളമായ ചോരപ്പാടാണ് രണ്ടാമത്തെ സന്ധി. ആദ്യത്തേത് കടുത്ത വിലക്കിന്റെ ചങ്ങലക്കണ്ണികളില്‍ ശരീരത്തെ കൊളുത്തിയിടുകയാണെങ്കില്‍ രണ്ടാമത്തേതാണ് അവളുടെ അടുത്ത ജീവിതത്തിലെ വിശ്വസ്തതയെയും സ്നേഹത്തെയും ശരീരത്തിന്റെ വിധേയത്വത്തെയും നിര്‍ണയിക്കുന്നത്. ആദ്യത്തേത് അപ്രതീക്ഷിതമായ ശാരീരിക പ്രക്രിയയാണെങ്കില്‍ രണ്ടാമത്തേതാകട്ടെ ഭിന്നലൈംഗികതയുടെ പ്രത്യയശാസ്ത്രത്താല്‍ നിര്‍മിക്കപ്പെട്ട അഗ്നിപരീക്ഷയാണ്. ചരിത്രത്തില്‍ ഈ പരീക്ഷയിലെ ചോദ്യങ്ങള്‍ക്കു മുന്നില്‍ തകര്‍ക്കപ്പെട്ട, തോല്‍പിക്കപ്പെട്ട സ്ത്രീകളുടെ നിലവിളി കേള്‍ക്കാം. ആര്‍ത്തവത്തില്‍ നിന്നു തുടങ്ങുന്ന പുരുഷ കാമനയുടെ പൂരണമാണത്. ഒരു പെണ്‍കുട്ടിയില്‍ സമൂഹം 'പെണ്ണിനെ' കാണുന്നത് ആര്‍ത്തവത്തില്‍ നിന്നാണ്. ആ കാഴ്ച വിവാഹം, ആദ്യരാത്രി എന്നീ സങ്കല്പങ്ങളിലേക്കാണ് വളരുന്നത്. ആര്‍ത്തവം സ്ത്രീയുടെ ശരീരത്തിലെ മാറ്റവും രഹസ്യവുമാണ് എന്നുപറഞ്ഞ് മാറിനില്‍ക്കുന്ന പുരുഷന്‍ ആദ്യരാത്രിയുടെ ചോരപ്പാടിന്റെ അവകാശവുമായി കടന്നുവരുന്നു എന്നതാണ് ഇവിടെ കാണുന്നത്. ആര്‍ത്തവത്തോടെ പെണ്ണിനെ അകത്തേക്ക് ഒതുക്കുന്ന നിയമാവലികളാണ് ആദ്യരാത്രിയെ നിര്‍മിക്കുന്നതുതന്നെ. ഇതിലൂടെയാണ് നമ്മുടെ ആണത്തവും നിര്‍മിക്കപ്പട്ടിരിക്കുന്നതെന്നാണ് വസ്തുത. ഒരു രാത്രിയിലെ ചോരപ്പാടാണ് ആണത്തത്തിന്റ വിജയ സ്തംഭം. അതില്ലാതാകുന്നതോടെ ആണത്തം തകര്‍ന്നുപോകുന്നു. സംശയ രോഗിയായി സ്വയം എരിഞ്ഞൊടുങ്ങുന്നു.

ആര്‍ത്തവത്തെയും കന്യകാത്വത്തെയും തമ്മില്‍ ബന്ധിപ്പിക്കുമ്പോള്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള നിഗൂഢമായ വ്യവഹാരങ്ങള്‍ കേവലമായ ശാരീരിക പ്രക്രിയകളോടുള്ള പ്രതികരണമെല്ലന്നു വ്യക്തമാകുന്നു. മുഖ്യധാരാ ആണത്തത്തിന്റെ ഭിന്നലൈംഗികതാ യുക്തികളുടെ ആഘോഷമാണ് ആര്‍ത്തവത്തിന്റെ പരിസരം എന്നുപറയാം. ആര്‍ത്തവത്തോടെയാണ് പെണ്ണെന്ന സങ്കല്പം പൂര്‍ണമായി രൂപംകൊള്ളുന്നത്. ആണിന്റെ വിത്തിടാന്‍ പാകമായിരിക്കുന്നവള്‍ എന്ന വ്യവഹാരത്തിലൂടെ ആണില്‍നിന്നും പെണ്ണിനെ വ്യതിരിക്തപ്പെടുത്തുന്ന മുഹൂര്‍ത്തമാണിത്. ആണിനും പെണ്ണിനും വേര്‍തിരിവു സൃഷ്ടിച്ച് ആണിന് കീഴടക്കാനുള്ളതാണ് പെണ്ണെന്ന സങ്കല്പം ഉയരുന്നത് ഇവിടം മുതലാണ്. ആണ് പുറത്തേക്കും പെണ്ണ് അകത്തേക്കും വലിയുന്നതിലൂടെ വിഭിന്ന സ്വത്വങ്ങളായി പ്രഖ്യാപനം നടത്തുകയാണ് ഇവിടെ. പുരുഷ ലൈംഗികത കേന്ദ്രീകരിച്ച് അവളുടെ ശരീരം/ജീവിതം മാറ്റപ്പെടുന്നു. പുറത്തേക്കാള്‍ കൂടുതല്‍ അകം പാകപ്പെടുന്നു. അനക്കവും ചാട്ടവും ഓട്ടവും കുറയുന്നു അഥവാ കുറയ്ക്കുന്നു. ഈ ഒരുക്കങ്ങളും വരിഞ്ഞു മുറുക്കലും വിവാഹ ബന്ധത്തിലെ ചോരക്കറയ്ക്കു വേണ്ടിയാണെന്നുള്ളതാണ് വസ്തുത. കുടുംബ ബന്ധത്തില്‍ പുരുഷന്റെ വിധേയയാകാന്‍, അവന്റെ സന്തോഷത്തിന് ഈ ചോരക്കറയുടെ നീതിശാസ്ത്രം അനിവാര്യമാകുന്നു. അതിനാല്‍ ആര്‍ത്തവം ഏതാനും ദിനങ്ങള്‍ക്കുള്ളില്‍ തീരുന്ന പ്രക്രിയയല്ല. പെണ്‍ജീവിതമാകെ വരിഞ്ഞു മുറുക്കുന്ന കാനോനകളുടെ അധികാരമാണത്. ഓരോ ആര്‍ത്തവ ദിനവും ആദ്യരാത്രിയിലെ കീറിമുറിക്കുന്ന അനുഭവത്തിലേക്കാണ് വളരുന്നത്.

ചരിത്രത്തിലെ ആര്‍ത്തവം

ചരിത്രപരമായി നോക്കിയാല്‍ കേരളത്തിലെ സ്ത്രീയുടെ ജീവിതം ജാതിവ്യവസ്ഥയ്ക്കും മരുമക്കത്തായത്തിനും ഇടയില്‍ ഞെരിഞ്ഞമരുകയായിരുന്നു. എല്ലാത്തരം വിലക്കിനും പുറമേ കീഴാളരെപ്പോലെ അവരുടെ സ്ത്രീകളുടെ ശരീരത്തിന്റെ അവകാശവും സവര്‍ണരിലായിരുന്നു. നമ്പൂതിരി സ്ത്രീകളാവട്ടെ പല നിലയിലുള്ള അടിച്ചമര്‍ത്തലിലായിരുന്നു. അവര്‍ക്ക് സ്ത്രീ ജനിക്കുന്നതുതന്നെ അശുഭമായിരുന്നു. പിന്നെ ഉടുത്തു തുടങ്ങലും ആര്‍ത്തവവും കൂടുതല്‍ അടിച്ചമര്‍ത്തലിന്റെ രൂപങ്ങളാണ്. നായര്‍ സ്ത്രീക്കായിരിക്കണം പരിമിതമായെങ്കിലും സ്വാതന്ത്ര്യം ഉണ്ടായിരുന്നത്. എന്നാല്‍ നമ്പൂതിരിമാരില്‍ ഒഴിച്ച് ബാക്കി ജാതിക്കാരില്‍ നിലനിന്ന മരുമക്കത്തായത്തിന്റെ സംസ്കാരം ശരീരത്തെ നികൃഷ്ടമായി കാണുന്നതോ കന്യകാത്വത്തില്‍ സ്ത്രീ ശരീരത്തെയും ലൈംഗികതയെയും കെട്ടിയിടുന്നതോ ആയിരുന്നില്ല. ഇക്കാലത്ത് ശരീരം ഒളിപ്പിച്ചുവയ്ക്കേണ്ട വിഷയമോ ലൈംഗികത പാപമോ ആയിരുന്നില്ല. ജാതിപരമായ വിലക്കുകള്‍ക്കകത്ത് ഒതുങ്ങിനിന്ന ഈ ശരീര പ്രകടനത്തിന്റെ നിര്‍ണായകമായ ഒരു ചടങ്ങായിരുന്നു ആര്‍ത്തവവുമായി ബന്ധപ്പെട്ടത്. ആര്‍ത്തവത്തെ അശുദ്ധമായിട്ടാണ് കണ്ടിരുന്നതെങ്കിലും ആദ്യത്തെ ആര്‍ത്തവം വളരെ വലിയ ആഘോഷമായിരുന്നു. നിരവധി പദങ്ങളാണ് ആര്‍ത്തവത്തെ കുറിക്കാനുള്ളത്.തിരളല്‍, വയസറിയിക്കല്‍, ആര്‍ത്തവം, മാസമുറ, പുറത്തായി, തുടങ്ങി പല പദങ്ങള്‍ കാണാം. ശരീരവുമായി ബന്ധപ്പെട്ട് മലയാളത്തില്‍ പദസമൃദ്ധി ഇതിനാണെന്നുള്ളതും കൂട്ടിവായിക്കണം- വിശേഷിച്ച് ആണിന്റെ ലിംഗത്തെക്കുറിക്കാന്‍ ഒരു പദമില്ലെന്നുള്ള പശ്ചാത്തലത്തില്‍.

യഥാര്‍ഥ കല്യാണത്തിനേക്കാളും ആഘോഷത്തോടെയാണ് അക്കാലത്ത് ആര്‍ത്തവവുമായി ബന്ധപ്പെട്ട് കല്യാണം നടത്തിയിരുന്നത്. തിരണ്ടു കുളി, തിരണ്ടു മങ്ങലം, തിരണ്ടു കളിപ്പാട്ട്... എന്നിങ്ങനെ നിരവധി പേരുകളിലാണ് ഓരോ ജാതികളിലെയും ചടങ്ങുകള്‍ അറിയപ്പെട്ടിരുന്നത്. ചടങ്ങുകള്‍ പല ദിവസങ്ങള്‍ നീണ്ടു നില്‍ക്കും. തിരണ്ടു കുളി, ഒരു കല്യാണത്തിന്റെ തയ്യാറെടുപ്പോടെ, വലിയ ആഘോഷമായിരുന്നു. അശുദ്ധിയായ പെണ്ണിനെ വേറിട്ടു താമസിപ്പിച്ച് അശുദ്ധി മാറിയശേഷം വാസസ്ഥാനത്തേക്കു തിരികെ പ്രവേശിപ്പിക്കുന്നതിന്റെ പിന്നില്‍ പെണ്ണിനെ ഗര്‍ഭോല്പാദനത്തിന്റെയും ലൈംഗികതയുടെയും ബിംബമാക്കി സവിശേഷവല്കരിക്കുകയായിരുന്നു. സി. വി. കുഞ്ഞിരാമന്‍ ഇതിനെ പരിഹാസത്തോടെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്- നിലം ഒരുങ്ങിയിരിക്കുന്നു വിത്തിടലിനു കാലമായിരിക്കുന്നു. വയസറിയിച്ചിരിക്കുന്നു എന്ന പറച്ചിലില്‍ അടങ്ങിയിരിക്കുന്നത് പെണ്ണിന്റെ ശരീരത്തിന്റെ/ ലൈംഗികതയുടെ ഒരു ഘട്ടമാണ്. ഗര്‍ഭോല്‍പാദനത്തിന് പെണ്ണിന്റെ ശരീരം തയാറായിരിക്കുന്നു എന്നതു മാത്രമാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്. സംബന്ധ ലൈംഗികതയുടെ നടുവില്‍ ഇതിന് വലിയ വിവക്ഷകളാണുള്ളത്. ജാതിയും തരവും നോക്കി പുരുഷന്മാര്‍ക്കു ക്യൂ നില്‍ക്കാം. കേരളത്തിലെ തറവാടുകളുടെ സമ്പത്തില്‍ നല്ലൊരു പങ്കും നീക്കിവച്ചിരുന്നത് തിരണ്ടുകുളിക്കും മറ്റുമായിരുന്നു. ഇങ്ങനെ നൂറുകണക്കിന് തറവാടുകള്‍ കുളംതോണ്ടിയതിന്റെ കഥകള്‍ മന്നത്ത് പദ്മനാഭന്‍, സി. കേശവന്‍ എന്നിവരുടെ ആത്മകഥകളില്‍ കാണാം.

ആര്‍ത്തവ രക്തത്തില്‍ മുക്കിയ 'ചെങ്കൊടി' സാധ്യമാണോ?

എന്നാല്‍ കൊളോണിയലിസത്തിലൂടെ ആധുനികത/ നവോത്ഥാനം വന്നതോടെ ശരീരം പ്രദര്‍ശിപ്പിക്കുന്ന മരുമക്കത്തായവും അതിന്റെ ലൈംഗിക സംസ്കാരവും അമ്പേ അറപ്പുളവാക്കുന്നതായി. അര്‍ധനഗ്ന ശരീരങ്ങളെ വസ്ത്രത്താല്‍ മൂടിയ, സംബന്ധത്തെ മക്കത്തായ ഏക പത്നീ/ഭര്‍തൃവ്രതമാക്കിയ ആധുനികത ശരീരവുമായി ബന്ധപ്പെട്ടതെല്ലാം അശ്ലീലമാക്കി പൊതുസ്ഥലത്തു നിന്നും പൊതു ഉപയോഗത്തില്‍നിന്നും ബഹിഷ്കരിച്ചു. അങ്ങനെ ആര്‍ത്തവവും വലിയ അശ്ലീലമായി മാറി. ലൈംഗികതയ്ക്കും അതുമായി ബന്ധപ്പെട്ടവയ്ക്കുമെതിരായാണ് നവോത്ഥാനപ്രസ്ഥാനങ്ങളെല്ലാം പ്രവര്‍ത്തിച്ചത്. കൊടുങ്ങല്ലൂരിലെ ഭരണി 'തെറി'യായത് ആധുനികതയിലാണ്. നവോത്ഥാനകാലത്തെ എല്ലാ പ്രസ്ഥാനങ്ങളുടെയും ലക്ഷ്യങ്ങളിലൊന്ന് ഓരോ ജാതിക്കാരിലെയും തിരണ്ടുകുളിയും മറ്റും നിര്‍മാര്‍ജനംചെയ്യുക എന്നതായിരുന്നു. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും ആദ്യഘട്ടത്തില്‍ പ്രാധാന്യം നല്കിയത് ഇതിനായിരുന്നു. തറവാടുകളെ നാശത്തിലേക്കുനയിച്ചത് തിരണ്ടുകുളിയും കെട്ടുകല്യാണവുമാണെന്നുള്ള പറച്ചില്‍ അന്ന് വ്യാപകമായിരുന്നു. തറവാട്ടിലെ തിരണ്ടുകുളികള്‍ക്കെതിരേ കേസുകള്‍ ഉണ്ടായത് സി. കേശവന്‍ ചൂണ്ടിക്കാണിക്കുന്നത് സ്മരണീയം. തിരണ്ടുകുളി തടഞ്ഞതിനെതിരേയുള്ള കേസുകള്‍ അക്കാലത്തെ കോടതി തള്ളി. ചുരുക്കത്തില്‍ പുരുഷാധിപത്യപരമായ നവോത്ഥാനകാല വ്യവഹാരങ്ങളിലൂടെയാണ് ആര്‍ത്തവം പോലുള്ള ചടങ്ങുകളും സ്ത്രീശരീരവും രഹസ്യാത്മകവും നിഗൂഢവുമായി മാറിയത്. ആധുനിക മക്കത്തായ കുടുംബത്തിന്റെ സ്ഥാപനവല്കരണത്തിലൂടെയാണ് കന്യകാത്വം സ്ത്രീയുടെ ആഭരണമായും അടയാളമായും നിര്‍വചിക്കപ്പെട്ടത്. ഈ ശരീര രഹസ്യാത്മകതകളുടെ ചുരുളഴിക്കുന്ന പുരുഷ പ്രക്രിയയായി ലൈംഗികത മാറിയത്.

'സീല്‍ പൊട്ടിക്കല്‍' എന്ന അവകാശം

ആര്‍ത്തവ രക്തം കാണരുതെന്ന് വിലക്കുന്നതിന്റെ പേരില്‍ പെണ്‍കുട്ടികളെ അകത്തളങ്ങളിലേക്കു പിന്‍വലിക്കുന്ന സംസ്കാരയുക്തി എന്നാല്‍ മറ്റ് ചില ചോരപ്പാടുകള്‍ പ്രത്യക്ഷമായി കാണണമെന്നു വാശിപിടിക്കുന്നതാണ് ഏറെ വിചിത്രം. കല്യാണത്തിനുശേഷം ആദ്യരാത്രിയില്‍ പെണ്ണ് കന്യകയായിരുന്നുവെന്നു തെളിയിക്കുന്ന കന്യകാ ചര്‍മം പൊട്ടുന്ന രക്തക്കറ കാണണമെന്നുള്ളത് ആണിന്റെ അവകാശംപോലെയാണിന്നും വ്യവഹരിക്കുന്നത്. അല്ലെങ്കില്‍ തന്റെ പെണ്ണ് കന്യകയല്ലെന്നും 'ശരി'യെല്ലെന്നും വരെ ഇന്നും പുരുഷന്മാര്‍ കരുതുന്നു. കന്യകാത്വത്തിന്റെയും കന്യാചര്‍മത്തിന്റെയും നിരര്‍ഥകത എത്രയോ പറഞ്ഞു കേള്‍ക്കുന്നു. എന്നിട്ടും ആദ്യരാത്രിയില്‍ ചോരയുടെ അവകാശം പുരുഷന്റെ പരമമായ അധികാരമായി ഇന്നും നിലനില്‍ക്കുന്നു. നമ്മുടെ വനിതാ/ ആരോഗ്യ പ്രസിദ്ധീകരണങ്ങളിലെ ഡോക്ടറോടു ചോദിക്കാം എന്നതില്‍ കാണുന്ന മിക്ക സംശയങ്ങളും ഈ രക്തക്കറയെക്കുറിച്ചുള്ളതാണ്. വിവാഹശേഷം ആദ്യമായി ലൈംഗിക ക്രിയയില്‍ ഏര്‍പ്പെടുകയെന്നതിന്റെ അര്‍ഥം, തന്റെ പെണ്ണിന്റെ അനാഘ്രാതത്വം ലംഘിക്കുന്നതിനുള്ള അവകാശ പ്രഖ്യാപനമായാണ് ഇന്നും പുരുഷന്‍ കരുതുന്നത്. 'പ്രഥമ രാത്രിയിലെ അവകാശം' എന്ന പേരില്‍ കേരള ചരിത്രത്തില്‍ പ്രയോഗം തന്നെ നിലനിന്നിരുന്നു. ജന്മിമാര്‍ക്ക് തങ്ങളുടെ കീഴിലുള്ള കുടിയാന്റെയും അടിയാന്റെയും സ്ത്രീകളുടെ വിവാഹ രാത്രികളെ സ്വന്തമാക്കുന്നതിനുള്ള അധികാരമായിരുന്നു അത്. ലോകത്തിലെ മിക്ക സമൂഹങ്ങളിലെയും മേലാളര്‍ക്ക് ഇത്തരമൊരവകാശം ഉണ്ടായിരുന്നതായി കാണാം. 'കട്ടിലേറല്‍' പോലെ വെറെയും ലൈംഗികാവകാശങ്ങള്‍ ജന്മിമാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആധുനികതയില്‍ മരുമക്കത്തായത്തിന്റെ അയഞ്ഞ ലൈംഗികത ചോദ്യം ചെയ്യപ്പെടുകയും കന്യകാത്വം ലൈംഗികതയുടെയും കുടുംബത്തിന്റെയും അടിസ്ഥാനമാവുകയും ചെയ്തു. അങ്ങനെ കന്യകാത്വം വിവാഹത്തിനു മുന്നേ ഭേദിക്കപ്പെടുന്നവള്‍ ആത്മഹത്യചെയ്യുന്ന കഥകള്‍ നവോത്ഥാന കാലത്ത് ധാരാളമായി സാഹിത്യത്തിലും മറ്റും സൃഷ്ടിക്കപ്പെടുകയും ചെയ്തു.

കേരളത്തിലെ ഒരു ബാലന്റെ ആണത്ത രൂപീകരണത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കന്യകാത്വ കേന്ദ്രീകൃതമായ ലൈംഗികത അവന്റെ സ്വഭാവത്തിന്റെ അടിസ്ഥാനമായി നില്‍ക്കുന്നതു കാണാം. യു.പി സ്കൂള്‍ കാലം തൊട്ടേ ഉണ്ടാകുന്ന കൂട്ടുകെട്ടുകളിലൂടെയാണ് ആണ്‍കുട്ടികള്‍ പെണ്ണ് തനിക്കു കീഴടക്കാനുള്ള ഒരു ഇരയാണെന്ന പാഠങ്ങള്‍ പഠിച്ചു തുടങ്ങുന്നത്. ഈ കൂട്ടുകെട്ടും അതിലൂടെ കിട്ടുന്ന കമ്പി/ മഞ്ഞ പുസ്തകങ്ങളുമാണ് ലൈംഗികതയുടെ ഗുരുക്കള്‍ (ഇന്നത് ഇന്‍ര്‍നെറ്റും മൊബൈലുമായിരിക്കുന്നു). കെ.സി. സന്തോഷ് കുമാര്‍ എഴുതുന്നു- ഒരു സ്ത്രീയുടെ ലൈംഗികതയെ ഞാനോ ചുറ്റുമുള്ള സമൂഹമോ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പെണ്ണുങ്ങളൊരിക്കലും മുന്‍കൈയെടുക്കില്ലെന്നും ഒരാണിന്റെ തുടക്കത്തിനായി അവര്‍ കാത്തിരിക്കുകയാണെന്നും ചെറുപ്പത്തിലെ സുഹൃത്തുക്കളും ചേട്ടന്മാരും നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കുള്ള സ്ത്രീകള്‍ ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്നവരാകയാല്‍ അവര്‍ എന്റെ ലൈംഗികാഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള സാധ്യതകളാണെന്ന് പറഞ്ഞറിഞ്ഞ കഥകളിലൂടെയും സ്കൂളില്‍ രഹസ്യമായി കൈമാറ്റം ചെയ്യപ്പെടുന്ന പുസ്തകങ്ങളില്‍ കൂടിയും മനസിലാക്കിയിട്ടുണ്ട്. പെണ്ണിന്റെ ശരീരം വളരെ നിഗൂഢമായ ആനന്ദത്തിന്റെ ഭൂഖണ്ഡമാണെന്നും ഈ ആനന്ദം സ്ഥിതിചെയ്യുന്ന ഇടം കന്യാചര്‍മം കൊണ്ട് ആവരണം ചെയ്തിരിക്കുകയാണെന്നും ആണിന്റെ മിടുക്കിലൂടെ ആ ആവരണം തകര്‍ത്ത് അത് കണ്ടെത്തുന്നുവെന്നും ഓരോ ആണും ചെറുപ്പത്തിലേ പഠിക്കുന്നു. 'സീല് പൊട്ടിക്കുക'യെന്ന വ്യംഗത്തിലൂടെ ഇത് (അശ്ലീലമായി) സൂചിപ്പിക്കപ്പെടുന്നു. ആദ്യരാത്രിയിലാണ് ഈ 'പൊട്ടിക്കുന്ന' പ്രവര്‍ത്തനം നടക്കുന്നത്. അതിന്റെ രേഖയാണ് ആ ചോരപ്പാട്. നേരത്തെ 'സീല് പൊട്ടി'യവള്‍ 'ലൂസ്' ആയി കണക്കാക്കപ്പെടുന്നു. ചരിത്രപരമായി മിക്ക സമൂഹങ്ങളിലും ഇതൊരു സവിശേഷമായ അവകാശമായി നിലനിന്നതായി കാണാം. പെണ്ണ് കന്യകയായിരിക്കുമെന്നു പെണ്ണിന്റെ പിതാവ് ഉറപ്പു കൊടുക്കുന്ന ചടങ്ങുകള്‍ പല സമൂഹത്തിലും ഉണ്ടായിരുന്നു. ഖദീജാ മുംതാസിന്‍റെ 'ബര്‍സ' എന്ന നോവലില്‍ ഇത്തരം രീതികള്‍ വിവരിക്കുന്നതു കാണാം. ആദ്യരാത്രിയില്‍ പെണ്ണുമായി ബന്ധപ്പെട്ടപ്പോള്‍ ചോര വരാതിരുന്നതിന്റെ കാരണം തേടി ആശുപത്രിയിലെത്തുന്ന ചെറപ്പക്കാരന്‍ ഈ അവകാശത്തിന്റെ അടയാളമാണ്. ആദ്യരാത്രിയിലെ ചോര കാണല്‍ തന്റെ പെണ്ണിന്റെ ശരീരത്തിനുമേലുള്ള ആണിന്റെ പരിപൂര്‍ണമായ നിയന്ത്രണത്തെയാണ് അടയാളപ്പെടുത്തുന്നത്. ആദ്യമായി അവളുടെ ശരീരം ഭേദിച്ച്, അവള്‍ നിഗൂഢമായി വച്ചിരിക്കുന്ന ആനന്ദം കണ്ടെത്തുന്ന പ്രക്രിയ പലതരം സാംസ്കാരിക അവകാശങ്ങളുടെ ആകെത്തുകയാണ്. പുരുഷന്റെ വിജയ പ്രഖ്യാപനമാണ് ആ ചോരത്തുള്ളികള്‍. അതു കാണാതാവുമ്പോള്‍ അവന്റെ ആണത്തം ചോദ്യം ചെയ്യപ്പെടുകയാണ്.

ചോരയില്ലാത്ത കിടക്ക വിരിപ്പുകള്‍

ഡെന്‍മാര്‍ക്ക് എഴുത്തുകാരിയായ കാരന്‍ ബ്ലിക്സന്റെ (Isak Dinesen, 1885-1962) ശൂന്യമായ താള്‍ (The Blank Page) എന്ന ചെറുകഥയില്‍ ഇതുപോലെയുള്ള ഒരാഖ്യാനം കാണാം. വളരെ പണ്ട് ഒരു നഗരത്തിലെ കഥപറച്ചിലുകാരിയായ ഒരു മുത്തശി പറയുന്ന കഥയാണിത്. പോര്‍ച്ചുഗലില്‍ കോട്ടാരത്തിലെ രാജകുമാരിമാരുടെ വിവാഹത്തിനുശേഷം ആദ്യരാത്രിയിലെ കിടക്കവിരി പൊതുവായി എല്ലാവര്‍ക്കും കാണുവാനായി കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ വിരിക്കുമായിരുന്നു. ആദ്യരാത്രിയില്‍ വിരിക്കാനുള്ള പ്രത്യേക വെള്ളപ്പുതപ്പ് തയ്യാറാക്കുന്നത് അവിടുത്തെ ഒരു കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ്. ആദ്യരാത്രി കഴിയുമ്പോള്‍ ചോരക്കറ പുരണ്ട ആ പുതപ്പ് കൊട്ടാരത്തില്‍ എല്ലാവരും കാണെ തൂക്കിയിടുന്നു. തങ്ങളുടെ വധുക്കള്‍ കന്യകളാണെന്നുള്ള പ്രഖ്യാപനമാണ് ആ വിരികള്‍. പിന്നീട് ആ പുതപ്പ് കന്യാസ്ത്രീകള്‍ തങ്ങളുടെ മഠത്തില്‍ പ്രത്യേകമായി സൂക്ഷിക്കുകയും ചെയ്യുന്നു. ചോരക്കറയുള്ള ഭാഗം പ്രത്യേകമായി വെട്ടിയെടുത്ത് ഓരോ രാജകുമാരിയുടെയും പടത്തിനൊപ്പം വെക്കുന്നു. ഒരു ഗാലറിയിലെന്നപോലെ എല്ലാ ചിത്രങ്ങളിലും പുതപ്പിന്റെ ഭാഗവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിലൊരു രാജകുമാരിയുടെ വിരിപ്പില്‍ ചോരപ്പാടുകളില്ല. അത് ഒരൊഴിഞ്ഞ താളുപോലെ അടയാളങ്ങളൊന്നുമില്ലാതെ കാണപ്പെടുന്നു. ചോരപ്പാടുകളുള്ള വിരിപ്പ് പുരുഷന്റെ വിജയത്തിന്റെ അടയാളമാണ്. കന്യകയായിരുന്ന പെണ്ണിനെ ആദ്യമായി കീഴടക്കിയതിന്റെ വിജയം. യഥാര്‍ഥത്തില്‍ ആണ്‍- പെണ്‍ സംയോഗമല്ലിവിടെ വിവാഹത്തിലൂടെ ഉദ്ദേശിക്കുന്നത്. മറിച്ച് ആണിന്റെ കീഴടക്കാനുള്ള ശേഷിയുടെ പ്രകടനമാണ്. അതിന്റെ അടയാളമാണ് ആ ചോരക്കറ. ചോരക്കറയില്ലാത്ത പുതപ്പ് ആ ആണത്തത്തിന്റെ വിജയത്തെ നോക്കി പരിഹാസം ചൊരിയുകയാണ്. പുല്ലിംഗത്തെ ഒരു കോമാളിയെപ്പോലെ കണ്ട് ചിരിക്കുകയാണ് ആ വിരിപ്പ്. കന്യകയല്ലാത്ത സ്ത്രീ കളങ്കപ്പെട്ടവളാണ്, ഭര്‍ത്താവിനെ വഞ്ചിച്ചവളാണ്. തന്റെ ശരീരത്തിന്റെ അവകാശം മറ്റാര്‍ക്കോ കൊടുത്തവളാണ് എന്നൊക്കെയാണ് പുരുഷ വിചാരം. ആ പുതപ്പിന്റെ വിജയം ആവര്‍ത്തിക്കപ്പെടുന്നതല്ല ചരിത്രത്തിന്റെ ലിംഗ നീതി. മറിച്ച് ചോരക്കറയുള്ള പുതപ്പുകള്‍ തൂങ്ങിയാടുന്ന രാത്രികളുടെ ഭയപ്പെടുത്തുന്ന കഥകളാണ് വിവാഹത്തിന്റെ ചരിത്രം. ഇത്തരം പുതപ്പുകള്‍ തൂക്കിയിടുന്ന അയകളാല്‍ സമ്പന്നമാണ് ഓരോ വീടും. അത്തരം പുതപ്പുകളെ ഓരോ കിടക്കയിലും വിരിച്ച് ആണത്തം കന്യകാത്വ പരിശോധന നടത്തുന്നതാണ് കേള്‍ക്കുന്ന ഓരോ വാര്‍ത്തയും വിളിച്ചു പറയുന്നത്. ആര്‍ത്തവത്തെ ഭയപ്പെടുന്ന, മറച്ചുവയ്ക്കുന്ന പുരുഷാധിപത്യം തന്നെയാണ് ആദ്യ ബന്ധത്തിന്റെ ചോരക്കറയെ നിഗൂഢമായ ആനന്ദത്തിന്റെ ചിഹ്നമായി മഹത്വീകരിക്കുന്നത്.

ഇത്തരത്തിലുള്ള വ്യവഹാരങ്ങളിലൂടെ, നിഗൂഢതകളുടെ വലിയൊരു ആവാസ സ്ഥാനമായി സ്ത്രീശരീരം മാറുന്നു. സ്ത്രീയുടെ ലൈംഗികാവയങ്ങള്‍ കേന്ദ്രീകരിച്ചാണ് ആണിന്റെ ആകാംക്ഷ നിറഞ്ഞ രഹസ്യാത്മകത നില്‍ക്കുന്നത്. ഒട്ടും വെളിപ്പെടലനുവദിക്കാതെ വസ്ത്രംകൊണ്ട് എപ്പോഴും മൂടിവയ്ക്കപ്പെടുന്ന ഈ ശരീരത്തിന്റെ ഓരോ ഭാഗവും ആരും കാണാത്ത ഭൂഖണ്ഡമാണെന്നും ആ വിശേഷതയൊക്കെ താനാണ് തുറന്നു കാണേണ്ടതെന്നും ഓരോ പുരുഷനും വിചാരിക്കുന്നു. ഇങ്ങനെയാണ് സ്ത്രീ തന്റെ ശരീരത്തെ കാത്തു സൂക്ഷിക്കുന്നതും. സിനിമാ കാഴ്ചയിലും 'പോര്‍ണോ' വീക്ഷണത്തിലും സംഭവിക്കുന്ന ശരീരത്തിന്മേലുള്ള ഒളിഞ്ഞുനോട്ടത്തിന്റെ യുക്തി ഈ നിഗൂഢതയെ കുറച്ചെങ്കിലും അറിയുന്നതിനാണ്. അവിടെ മാത്രമല്ല, പൊതുവിടത്തിലോ മറ്റോ സ്ത്രീയുടെ വസ്ത്രം അല്പമെങ്കിലും നീങ്ങി ശരീരം വെളിപ്പെടുന്ന അവസരത്തില്‍ ആണിന്റെ നോട്ടം പതിക്കുന്നതും ഇതേ പരിശോധനയുടെ ഭാഗമായാണ്. പെണ്‍ശരീരത്തെ കുറിക്കുന്ന ഇത്തരം നിഗൂഢതകളിലാണ് അവളുടെ ശരീരരാവയവങ്ങള്‍ ഭദ്രമായി പൊതിഞ്ഞു വയ്ക്കപ്പെടുന്നതും അതുമായി ബന്ധപ്പെട്ട പ്രക്രിയകളൊക്കെ രഹസ്യമായി സൂക്ഷിക്കുന്നതും. ഒരാള്‍ മാത്രം കാണേണ്ടതാണെന്ന ഭിന്നലൈംഗികതാ അറിവിലൂടെ സ്ത്രീയെ പുറം സ്ഥലത്തുനിന്നും പറിച്ചു മാറ്റുകയും അകത്തേക്കോടിക്കുകയും ചെയ്യുന്നു. അതിനാല്‍ ഈ നിഗൂഢതയെ മാറ്റി ശരീരത്തെ നമ്മുക്ക് അഭിമുഖീകരിക്കേണ്ടതുണ്ട്.

ആര്‍ത്തവത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പെണ്ണിന്റെ ശരീരത്തിന്റെ ജൈവികാവസ്ഥയെ ബോധ്യപ്പെടുത്തുന്നതിനോ നാപ്കിന്‍ ഉപയോഗത്തെക്കുറിച്ച് സംസാരിക്കുന്നതിനോ അല്ല ഉപയോഗിക്കേണ്ടത്. മറിച്ച് ആര്‍ത്തവത്തില്‍ നിന്നു മാറിനില്‍ക്കുന്ന, എന്നാല്‍ ഇതിനെ സംബന്ധിച്ച വ്യവഹാരങ്ങള്‍ ഉല്പാദിപ്പിക്കുന്ന ആണത്തത്തെ പരിശോധിക്കുന്നതിനാണ്. ആര്‍ത്തവത്തെ നിഗൂഢമാക്കുകയും കന്യകാത്വത്തെ കൊണ്ടാടുകയും ചെയ്യുന്ന ആണത്തത്തിന്റെ അധികാരത്തെയാണ് പൊളിച്ചെഴുതേണ്ടത്. ആണ്‍കുട്ടി ആണത്തമുള്ളവനായി മാറുന്ന പ്രക്രിയ ഭിന്നലൈംഗികതയുടെ അക്രമോത്സുകതയാണ്. നമ്മുടെ നാടും നഗരവും കൂട്ടുകാരും സാഹിത്യവും ആണിനോടു പറയുന്നത് ആദ്യരാത്രിയുടെ അവകാശങ്ങളാണ്. ഈ ആണത്തമാണ് ഓരോ ആണിനെയും പെണ്ണിനെയും തകര്‍ക്കുന്നത്. അതിനാല്‍ ഇതിനെ പൊളിച്ചെഴുതുന്ന പുതിയ ആണത്തം സൃഷ്ടിക്കേണ്ടതുണ്ട്. ഇതിന്റെ ഒരു സാധ്യത സിതാരയുടെ അഗ്നിഎന്നകഥയിലെ, ആര്‍ത്തവ ദിനത്തില്‍ ബലാത്കാരം ചെയ്യപ്പെട്ട പ്രിയ തുറന്നിടുന്നുണ്ട്. നിശബ്ദമായി നിലവിളിക്കുന്ന ശരീരത്തില്‍നിന്നും അടിവസ്ത്രവും അടര്‍ത്തി മാറ്റിയ കൈകള്‍ അതിനടിയില്‍ ഒരു സാനിറ്ററി പാഡു കണ്ടപ്പോള്‍ ഒട്ടൊന്നു പതറി. അടുത്ത നിമിഷം തന്നെ അതും പ്രിയയ്ക്കു നഷ്ടമായി. ആര്‍ത്തവ ദിനത്തില്‍ തന്നെ കീഴടക്കിയതിന്റെ വേദനയില്‍ തകരാതെ അത് ചെയ്ത മൂന്നു ചെറുപ്പക്കാരോട് നിങ്ങള്‍ക്കൊന്നും പെണ്ണിനെ കീഴടക്കാന്‍ അറിയില്ലെന്നു പറഞ്ഞ് അവരുടെ ആണത്തത്തിന്റെ നട്ടെല്ലു തകര്‍ത്ത പ്രിയ, ശരീരത്തിന്റെ എല്ലാ കന്യകാ- നിഗൂഢതാ വ്യവഹാരങ്ങളെയും പൊളിച്ചെഴുതുകയാണ്. പുതിയൊരു സ്ത്രീയെ ഭാവന ചെയ്യുകയാണ്. ഈ സ്ത്രീ പുതിയൊരു പുരുഷനെ ആവശ്യപ്പെടുന്നുണ്ട്. ആനന്ദം നല്‍കുന്ന അധീശ ആണത്തമുള്ള ആണല്ല, ആനന്ദം ഏറ്റുവാങ്ങുന്ന പുരുഷന്‍, കീഴടക്കുന്നവനല്ല, സഹകരിക്കുന്നവന്‍. സ്ത്രീശരീരം നിഗൂഢതയല്ലെന്നു കരുതുന്നവന്‍. കന്യകാത്വവും പാതിവ്രത്യവും അവകാശപ്പെടാത്തവന്‍. ഈ ആണിന്റെ നിര്‍മിതിയിലാവും കേരള സമൂഹത്തില്‍ ആര്‍ത്തവം (ശരീരവും) പെണ്ണിനൊരു ഭാരമല്ലാതാകുക.

ഗ്രന്ഥസൂചി

ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി

ആണ്ടലാട്ട്, ചരിത്രത്തില്‍ വിലയം പ്രാപിച്ച വികാരങ്ങള്‍, നാഷണല്‍ ബുക്ക് സ്റ്റാള്‍

സി. കേശവന്‍, ജീവിത സമരം, ഡിസിബുക്സ്

സി.വി കുഞ്ഞിരാമന്‍, സിവിയുടെ തിരഞ്ഞെടുത്ത കൃതികള്‍

മന്നത്ത്പദ്മനാഭന്‍, സമ്പൂര്‍ണകൃതികള്‍, വിദ്യാര്‍ഥിമിത്രം പബ്ലിക്കേഷന്‍സ്

കാണിപ്പയ്യൂര്‍, എന്റെ സ്മരണകള്‍, പഞ്ചാംഗം പുസ്തകശാല

ദേവകി നിലയങ്ങോട്, കാലപ്പകര്‍ച്ചകള്‍, മാതൃഭൂമി

സിതാര എസ്, അഗ്നിയും മറ്റു കഥകളും, മാതൃഭൂമി

കെ. സി സന്തോഷ് കുമാര്‍, ചില ആണ്‍പക്ഷ ചിന്തകള്‍, കറന്‍റ് ബുക്സ് ബുള്ളറ്റിന്‍ (2004)

ഖദീജ മുംതാസ്, ബര്‍സ, ഡിസി ബുക്സ്

കാരന്‍ ബ്ലിക്സന്‍, The Blank Pagehttp://www.whiterabbit.net/@port03/Dinesen/BlankPage/blank_page.htm

മൂത്രമൊഴിക്കലിന്റെ ലേഡീസ് / ജെന്റ്സ് ബോര്ഡുകള്‍


Next Story

Related Stories