TopTop
Begin typing your search above and press return to search.

ആര്‍ത്തവരക്തത്തില്‍ മുക്കിയ 'ചെങ്കൊടി' സാധ്യമാണോ?

ആര്‍ത്തവരക്തത്തില്‍ മുക്കിയ ചെങ്കൊടി സാധ്യമാണോ?

ഭാഗം 1
ഞാന്‍ സുഹ്റ മേഡത്തിന്റെ അടുത്തു ചെന്നപ്പോള്‍ സൈനബയും കൂടെ ഉണ്ടായിരുന്നു. സൈനബ പറഞ്ഞു- ജെസിക്കെടെ പവാടയുടെ പിറകില് സിലോണിന്റെ മാപ്പ്പോലെ ചോരക്കറ.
സൈനബേ നീ ചെന്ന് ആ സഞ്ചിയില്‍നിന്ന് പഴന്തുണി എടുത്തുകൊണ്ടുവാ. സുഹ്റാമേഡം പറഞ്ഞു- എന്നിട്ട് ജെസീക്കേ കൊണ്ടുപോയി മറപ്പുര കാട്ടിക്കൊടുക്ക്. ജെസിക്കെ, പേടിക്കാനൊന്നുമില്ല, നന്നായി വൃത്തീല് തുടയ്ക്കണം.
ആര്‍ത്തവരക്തം എന്നെ നിരാശപ്പെടുത്തി. അത് വിയര്‍പ്പുപോലെ നേര്‍ത്തതായിരുന്നു. (എന്‍.എസ് മാധവന്‍- ലന്തന്‍ബത്തേരിയിലെ ലുത്തീനിയകള്‍, 195)

ചോക്ലേറ്റ് എന്ന സിനിമ കാണുന്ന വേള. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജിലെ ക്ലാസില്‍ സാനിറ്ററി പാഡ് അടങ്ങുന്ന പാക്കറ്റ് കൈമാറിപ്പോകുന്ന രംഗം. നായകന്റെ കൈയിലെത്തുന്ന പാക്കറ്റ്. ടീച്ചറിത് കാണവേ ചമ്മലോടെ ബ്രെഡാകും ടീച്ചറേ എന്നു പറഞ്ഞ് എഴുന്നേല്കുന്ന നായകന്‍. പെട്ടന്ന് പാക്കറ്റ് പൊളിക്കുന്നു. സാനിറ്ററി പാഡ് കണ്ട് അന്തം വിടുന്ന നായകന്‍. ക്ലാസിലും തിയേറ്ററിലും കൂട്ടച്ചിരി. രംഗം കണ്ടുകൊണ്ടിരിക്കവേ സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി പാഡ് കാണുമ്പോള്‍ ചിരിക്കാന്‍ എന്തിരിക്കുന്നു എന്ന ചോദ്യം മനസില്‍ വന്നു. അത് വേറെയെന്തെങ്കിലും ആയിരുന്നെങ്കില്‍ ചിരിക്കുമായിരുന്നോ? മരുന്നോ ബ്രെഡോ ആയിരുന്നെങ്കില്‍ ആരെങ്കിലും ചിരിക്കുമോ? വളരെ കൃത്യമാണ് കാര്യങ്ങള്‍. സ്ത്രീയുടെയും പുരുഷന്റെയും രഹസ്യമായ, വിശിഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട ശരീരഭാഗങ്ങളെ മൂടുന്ന വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും മലയാളിക്ക് ഗൂഡമായ ചിരിയുടെ വിഷയമാണ്. കാണാന്‍ പാടില്ലെന്നു മലയാളി സമൂഹം കല്പിക്കുന്ന ഒളിപ്പിക്കേണ്ടുന്ന വസ്തുക്കളും അവയവങ്ങളും പുറത്തുകാണുന്നതിലുള്ള ലജ്ജയും വൈരുധ്യങ്ങളുമാണ് ചിരിക്കു പിന്നില്‍. മലയാളീ സമൂഹത്തില്‍ ലൈംഗികത, ലൈംഗികാവയവങ്ങള്‍ എന്നിവ അതീവ രഹസ്യാത്മകയുള്ള കാര്യങ്ങളാണ്. അതിനെകുറിച്ച് പ്രത്യക്ഷമായി അധികം സംസാരിക്കുന്നതോ പരിചരിക്കുന്നതോ ആരുമാഗ്രഹിക്കുന്നില്ല. പൊതുവിടത്തില്‍ അതിനൊന്നും സ്ഥാനമില്ല. അതിനാല്‍ ലിംഗം, മുല, യോനി, എന്നിവയൊക്കെ പരിപൂര്‍ണമായി മറച്ചും ഒട്ടും പ്രകടമാകാത്തവിധത്തിലും നടക്കണമെന്നാണ് സദാചാരനിയമം. ഇവ മാത്രമല്ല ഇവയുമായി അടുത്തുവരുന്ന അവയവങ്ങള്‍പോലും മറച്ചിരിക്കണമത്രേ. അവ വെളിയില്‍ കാണുന്നതാണ് ബലാത്കാരത്തിനു കാരണമെന്ന്‍ വളരെക്കാലമായി നമ്മള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും.


ഇതില്‍ സാനിറ്ററി നാപ്കിന്‍ പാഡിന് മറ്റുപലതരത്തിലും വിലക്കുണ്ട്. ഒരു സ്ത്രീയെ സ്ത്രീയാക്കുന്ന, അവളെ വയസറിയിക്കുന്ന, ഋതുവാക്കുന്ന വളരെ നിഗൂഡമായ പ്രക്രിയയുടെ അനുബന്ധ സാമഗ്രിയാണത്. നൂറ്റാണ്ടുകളായി മതപരമായും സാമുഹികമായും അശുദ്ധമെന്നു സ്ഥാപിച്ചിരിക്കുന്ന ആര്‍ത്തവരക്തത്തെ ഏറ്റുവാങ്ങുന്ന അപകടകാരിയായ കടലാസുകളാണിവ. പാപഫലമാണ് ആര്‍ത്തവം എന്നാണ് പുരാവൃത്ത സൂചനയും കേരളസമൂഹത്തിലെ ഇതുമായി ബന്ധപ്പെട്ട എല്ലാ ആഖ്യാനങ്ങളും പറയുന്നത്. മാത്രവുമല്ല, തീണ്ടാരി അടിസ്ഥാനപ്പെട്ട് നിരവധി (അന്ധ) വിശ്വാസങ്ങളും ഉണ്ട്. പെണ്ണിന്റെ ജീവതം മൊത്തത്തില്‍ നിര്‍ണയിക്കുന്നത് ഋതുവാകലാണ്. ഋതുവാകാന്‍ വൈകിയാല്‍ ആകെ പ്രശ്നം. ഇനി ഋതുവായിക്കഴിഞ്ഞാല്‍ തടവറയ്ക്ക് പുതിയ പൂട്ടും താക്കോലും നിര്‍മിക്കാനുള്ള തിരക്കും. വിലക്കുകളുടെ എണ്ണം പതിന്മടങ്ങാകുന്നു. ഒരു പെണ്‍കുട്ടി ആദ്യമായി ഋതുവാകുന്നത് ഞായറാഴ്ചയാണെങ്കില്‍ അവള്‍ക്കു മംഗല്യയോഗം ഇല്ലെന്നായിരുന്നു പഴയ വിശ്വാസം. തിങ്കളാഴ്ചയാണെങ്കില്‍ പാതിവ്രത്യം, ചൊവ്വാഴ്ച വൈധവ്യം, ബുധനാഴ്ച മാതൃത്വം, വ്യാഴാഴ്ച്ച സല്‍സന്താന യോഗം, വെള്ളിയാഴ്ച്ച സൗന്ദര്യ സൗഭാഗ്യം, ശനിയാഴ്ച്ച ആപത്ത്... എന്നിങ്ങനെ. ഇത്തരം വിശ്വാസങ്ങളും ചിന്തകളും നീളുന്നത് അനന്തമായ വിലക്കുകളിലേക്കാണ്.


ആര്‍ത്തവം, സ്ത്രീലൈംഗികത, മാതൃത്വം പോലുള്ള നിഗൂഡമായ പ്രക്രിയകള്‍, പുരുഷന് അന്യമായ, പ്രവേശനമില്ലാത്ത ഒരു വ്യവഹാരമണ്ഡലമാണ്. പ്രസവം പോലുള്ളവയില്‍ പുരുഷന് കാര്യമായ സ്ഥാനം കിട്ടാത്തത് സ്ത്രീശരീരത്തെക്കുറിച്ചു തന്നെയുള്ള നിഗൂഢതാ വ്യവഹാരങ്ങള്‍ കാരണമാണ്. ഈ വ്യവഹാരങ്ങള്‍ സ്വാഭാവികമായി സമൂഹത്തില്‍ വന്നതാണെന്നും, പെണ്‍ശരീരം ജൈവികമായി ഇത്തരത്തിലാണ് എന്നതിനാലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്നുമാണ് പൊതുവേ പഠിപ്പിക്കുന്നത്. എന്നാല്‍ പുരുഷധാപത്യത്തിന്റെ അധികാരത്തിലൂടെ പൊതുവിടത്തില്‍ നിന്ന് സ്ത്രീ ശരീരത്തിന്റെ സാന്നിധ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ ആശയം സൃഷ്ടിക്കപ്പെട്ടത് എന്നാതാണ് വസ്തുത. കരുത്തനായ പുരുഷന്റെ ഇടമാണ് പൊതുവിടമെന്നും ദുര്‍ബലയായ സ്ത്രീക്ക് അവിടുത്തെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനാകില്ലെന്നും സ്ത്രീയുടെ ശരീരം ലൈംഗിക പ്രലോഭനപരമായതിനാല്‍ അവളുടെ പൊതുരംഗത്തെ വരവ് പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ സ്തീക്ക് നല്ലത് സ്വകാര്യയിടമായ വീടാണെന്നും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് ഭര്‍ത്താവിനെയും മക്കളെയും സുഖിപ്പിച്ചു കഴിയുകയാണ് സ്ത്രീയുടെ ശരിയായ കര്‍മമെന്നും ഉറപ്പിക്കപ്പെട്ടു.


ഇത്തരം അടിച്ചേല്പിക്കലുകളിലൂടെ ഉന്നയിക്കപ്പെട്ടത് സ്ത്രീയും പുരുഷനും വിഭിന്നരാണെന്നും പുരുഷന്‍ കരുത്തനും ബുദ്ധിമാനും, വികാരങ്ങള്‍ക്കടിപ്പെടാത്തവനാണെന്നുമുള്ള ദ്വന്ദ്വചിന്തയാണ്. ഈ പ്രക്രിയ സവിശേഷമായ നിലയില്‍ രൂപപ്പെടുത്തിയെടുത്തിട്ടുള്ളതാണ് സ്ത്രീയുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ കാണുന്നതിലെ വിലക്ക്. ആര്‍ത്തവം, പ്രസവം എന്നിവയൊക്കെ ആരും കാണരുതെന്ന് ഉറപ്പിച്ചതിലൂടെ സ്ത്രീ പൊതുവില്‍ വീടിന്റെ അകത്തിരിക്കുന്നതാണ് നല്ലതെന്ന ആശയാവലി ശക്തമായി. അതിലൂടെ പൊതുവിടം പുരുഷന്റെ സ്ഥലവും വീടെന്ന സ്വകാര്യയിടം സ്ത്രീയുടെ ഇടവുമായി നിജപ്പെട്ടു. ശരീരം സ്ത്രീക്ക് ഒരു ബാധ്യതയാണെന്ന് ഉറപ്പിക്കപ്പെട്ടു. ആര്‍ത്തവമാണ് ഇതിന്റെ തുടക്കമെന്നും പഠിപ്പിച്ചു. ആര്‍ത്തവം വരെ പെണ്‍കുട്ടികള്‍ പുറത്ത് ആണ്‍കുട്ടിയെപോലെ പ്രവര്‍ത്തിക്കുന്നതിന് സമൂഹം അനുവദിക്കുന്നു. പഠിക്കാനും കളിക്കാനും അനുവദിക്കുന്നു. ആര്‍ത്തവം വരുന്നതോടെ അവളെ രഹസ്യാത്മകതയിലേക്ക്, ഇനി മുതല്‍ സൂക്ഷിക്കണമെന്ന സൂചനയോടെ പിന്‍വലിക്കുന്നു. പിന്നൊരിക്കലും അവള്‍ക്ക് പെണ്‍കുട്ടിയാവാനാവില്ല. അവള്‍ സ്ത്രീയാണ്. പുരുഷന്റെ ശരീര സ്പര്‍ശം ഏറ്റാല്‍ എന്തോ കുഴപ്പം ഉണ്ടാകുന്നവളാണ്.


അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്ത് എന്ന സിനിമയില്‍ സ്കൂളില്‍ പഠിക്കുന്ന നായികയുടെ കാലിന്മേലൂടെ ചോര വരുന്നത് കാണിക്കുന്നു. അടുത്ത രംഗത്തില്‍ അവളുടെ കല്യാണമാണ്. ആര്‍ത്തവം വരുന്നതുവരെ കാത്തിരിക്കുകയാണ് സ്ത്രീയുടെ ജീവിതത്തിന് വിരാമമിടാന്‍. പിന്നെ ഭാര്യാ ജീവിതവും അമ്മത്തവുമേ അവള്‍ക്കു വിധിച്ചിട്ടുള്ളൂ. സ്കൂളും കോളേജുമൊക്കെ ശക്തമായ ആധുനികകാലത്ത് തീണ്ടാരി വലിയ പ്രശ്നമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയ കാലത്തുതന്നെ തീണ്ടാരിക്കാലമായാല്‍ സ്കൂളില്‍ പോകുന്നതില്‍ നിന്നും പെണ്‍കുട്ടികളെ ഒഴിവാക്കി ഉത്തരവിറക്കുമായിരുന്നു. വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപികമാരും ഇക്കാലത്ത് സ്കളില്‍ വന്നിരുന്നില്ല. 1912-ല്‍ തൃപ്പൂണിത്തുറയിലെ കൊച്ചിന്‍ ഗവ. ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് തീണ്ടാരികാലത്ത് പരീക്ഷ വന്നപ്പോള്‍ മറ്റൊരവസരത്തില്‍ പരീക്ഷ നടത്തിക്കുവാന്‍ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. (പി. ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പുറം-1087). അങ്ങനെ നോക്കുമ്പോള്‍ ആര്‍ത്തവംകൊണ്ട് നിര്‍മിച്ചിരിക്കുന്നത് ഭീകരമായ അടിമത്തമാണ്. ഏതാനും ദിവസം ഏതാനും തുള്ളി ചോരവരുന്നതോടെ ഒരു ജീവിതമാകെ അകത്തേക്കു ഒതുക്കപ്പെടുന്നു.

കാണിപ്പയ്യൂര്‍, എന്റെ സ്മരണകളില്‍ ആ പഴയ അവസ്ഥ വിവരിക്കുന്നു- ഋതുമതിയായാല്‍ പിന്നെ ഇല്ലം വിട്ടു പുറത്തുപോകുവാന്‍ പാടില്ല. ചാര്‍ച്ചക്കാരുട ഇല്ലത്തേക്കോ അമ്മാത്തേക്കുപോലുമോ അവരെ അയയ്ക്കാറില്ല. കാരണവന്മാരും ജ്യേഷ്ഠന്മാരും അതുപോലെ അടുത്ത ചാര്‍ച്ചക്കാരും മറ്റുമായിട്ടല്ലാതെ അന്യപുരുഷന്മാരുമായി സംസാരിക്കുന്നത് നിഷിദ്ധവുമാണ്. ഇല്ലത്തിന്റെ വടക്കുപുറത്തും കിഴക്കു പുറത്തുമായി കഴിച്ചുകൂട്ടുകയല്ലാതെ പൂമുഖത്തേക്കുപോലും വരാനനുവദിക്കില്ല. ഇല്ലത്തിന്റെ വടക്കുപുറത്തോ കിഴക്കുപുറത്തോ മാമ്പഴം വീഴുന്നുണ്ടെങ്കില്‍ ആ മാവിന്‍ ചുവട്ടിലോളം പോകാം. അതിനപ്പുറം എങ്ങും പോകുവാന്‍ പാടില്ല. എല്ലാ സമൂഹങ്ങളിലും ഇങ്ങനെയായിരുന്നു. കാട്ടിലും നാട്ടിലുമെല്ലാം. ഗോത്രസമൂഹങ്ങളില്‍ പ്രത്യക വീടുണ്ടാക്കി അതിലേക്കു പെണ്ണിനെ മാറ്റുന്നു. നാട്ടില്‍ പ്രത്യേക മുറിയിലും എന്ന വ്യത്യാസം മാത്രം. ആര്‍ത്തവകാലത്തെ വേറിട്ടിരിക്കലില്‍ തൊടുന്നതെല്ലാം അശുദ്ധമാകുമെന്നായിരുന്നു വിശ്വാസം. ആ സമയത്ത് പുസ്തകം തൊടുന്നതിനുപോലും അനുവാദമില്ലായിരുന്നുവെന്ന്‍ ദേവകി നിലയങ്ങോട് എഴുതുന്നു.

ആരും കാണാത്ത അകത്തിന്റെ രഹസ്യാത്മകതയാണ് പെണ്‍ജീവിതമെന്നു ആദ്യം മൂര്‍ത്തമായി ഒരു സ്ത്രീയെ പഠിപ്പിക്കുന്നത് ആര്‍ത്തവരക്തമാണ്. ഇത് വരാന്‍ വൈകിയാലോ അതിലെന്തെങ്കിലും കുഴപ്പങ്ങളുണ്ടായാലോ ആര്‍ത്തവം വരുന്നതിനേക്കാള്‍ ഭീകരമായ സംഘര്‍ഷങ്ങളാവും സൃഷ്ടിക്കപ്പെടുന്നത്. ആര്‍ത്തവരക്തം കേന്ദ്രീകരിച്ചാണ് പെണ്‍ജീവിതം നിര്‍ണയിക്കപ്പെടുന്നത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പതിവായി വന്നുകൊണ്ടിരിക്കുന്ന ആര്‍ത്തവം ഇടയ്ക്കു നിലച്ചാല്‍ അതിനെക്കാള്‍ പ്രശ്നഭരിതമാകുന്നു. അങ്ങനെ ഏതാനും തുള്ളി ചോരയുടെ വരവും പോക്കും നോക്കി പെണ്ണ് കഴിയണമെന്ന ആശയാവലി പെണ്ണ് പുറത്തെ കാര്യങ്ങളും പൊതുകാര്യങ്ങളും നോക്കാന്‍ വരരുതെന്ന, സ്വാതന്ത്ര്യബോധത്തോടെ ഓടിയും ചാടിയും നടക്കരുതെന്ന പുരുഷ വിലക്കിന്റെ പ്രഖ്യാപനമാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

മൂത്രമൊഴിക്കലിന്റെ ലേഡീസ് / ജെന്‍റ്സ് ബോര്‍ഡുകള്‍
സ്ത്രീകളേ, കിടക്കയില്‍ എന്തിനീ ശവാസനം?
പെണ്‍കുപ്പായങ്ങളിലെ എക്‌സ്ട്രാ കുടുക്കുകള്‍
മൂല്യ സൂക്ഷിപ്പുകാര്‍ അറിയേണ്ട കാര്യങ്ങള്‍
ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍


ഇത്തരം നിഗൂഡതകളും രഹസ്യാത്മകതയും ആര്‍ത്തവത്തെ മാത്രമല്ല ഗോപ്യമാക്കുന്നത്, മറിച്ച് ആ രക്തക്കറ പുരണ്ട തുണിയെ, നാപ്കിന്‍ പാഡിനെ കൂടിയാണ്. ഇന്നും വളരെ ഗോപ്യമായ കാര്യമാണ് ചോരപുരണ്ട നാപ്കിന്‍ പാഡിന്റെ സംസ്കരണം. തുണി ഉപയോഗിക്കുന്നവര്‍ വളരെ രഹസ്യമായിട്ടാണ് ആ തുണി സൂക്ഷിക്കുന്നത്. മറ്റു തുണികളുടെ മറവിലിട്ടാകും ഉണക്കിയെടുക്കുക. ഇന്നും ആര്‍ത്തവകാലത്ത് തുണി ഉപയോഗിക്കുന്നവര്‍ ധാരാളമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ത്രീ പഠനത്തില്‍ പറയുന്നു. എന്നാല്‍ ചെറുപ്പക്കാരികള്‍ പാഡാണ് ഉപയോഗിക്കുന്നത്. ആരും കാണാതെ പാഡ് കളയുകയോ കത്തിക്കുകയോ വെണമെന്ന വിശ്വാസങ്ങള്‍ ഇന്നും പ്രബലമാണ്. ഒരു യാത്രയ്ക്കിടയില്‍ നൂറുകണക്കിന് മാലിന്യ വസ്തുക്കള്‍ കാണുന്ന നമുക്ക് ചോരപുരണ്ട ഈ പാഡിനോട് എന്താണിത്ര അലര്‍ജി? ഒരു കാര്യം വ്യക്തം, പാഡിലെ ചോര അണുക്കളുള്ളതാണെന്ന ശാസ്ത്രീയത അല്ല ഇവിടുത്തെ പ്രശ്നം, ആ പാഡ് പറ്റിനില്‍ക്കുന്ന അവയവയത്തെയും ശരീരത്തെയും കുറിച്ചുള്ള പുരുഷധാരണകളാണ് പ്രശ്നം. അത് മാറ്റുക വലിയൊരു സമരമാണ്.

2
യോനിയിലൂടെ പുറത്തേക്കുവരുന്ന ഏതാനും തുള്ളി ചോരയാണോ നമുക്കു പ്രശ്നം? കേരളത്തിലുടനീളമൊഴുകിയ ചോരച്ചാലുകളും ഈ ചോരയും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം എന്ന തൊണ്ടപൊട്ടുന്ന മുദ്രാവാക്യങ്ങള്‍ കേരളസമൂഹം നിരന്തരം കേള്‍ക്കുന്നു. വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍തൊട്ട് ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുപോലെ ഇത്തരം വാക്യങ്ങള്‍ വിളിക്കുകയും ചുവരെഴുത്തു നടത്തുകയും ചെയ്യുന്നു. ചോരച്ചാലില്‍ വീണുകിടക്കുന്ന രാഷ്ട്രീയക്കാരെ സമരങ്ങളുടെ ഭാഗമായി പത്രങ്ങളിലും മറ്റും കാണുന്നു. ചുരുക്കി പറഞ്ഞാല്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനങ്ങള്‍ ചോരയുടെ സവിശേഷമായ ആഖ്യാനപരിസരവും സാമൂഹികതയും സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാസമരങ്ങളും ചോരപുരണ്ടതായിരുന്നു. സഖാക്കളായ രക്തസാക്ഷികളുടെ ചോരപുരണ്ട് ചുവന്നതാണ് അതിന്റെ ചെങ്കൊടിയെന്ന ആഖ്യാനം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവപരതയിലെ രക്താഭയെ കുറിക്കുന്നു. ചോരയും അതിന്റെ നിറം കലര്‍ന്ന ചുവന്ന പുലരിപോലുള്ള വിശേഷണങ്ങളുമാണ് വിപ്ലവസാഹിത്യത്തിന്റെ എക്കാലത്തെയും കാവ്യഭാവനകളുടെ അടിസ്ഥാനം. മീനമാസത്തിലെ സൂര്യന്‍, രക്തസാക്ഷികള്‍ സിന്ദാബാദ് പോലുള്ള സിനിമകളില്‍ ഈ ചോരച്ചുവപ്പ് ഫ്രെയ്മുകളില്‍ പടരുന്നതുകാണാം. അറബിക്കഥ എന്ന സിനിമയില്‍ വെടിയേറ്റുവീണ സഖാക്കളുടെ ചോരയില്‍ മുക്കിയെടുത്ത ചുവന്ന മുണ്ട് അന്തരീക്ഷത്തില്‍ വിപ്ലവത്തിന്റെ ചിഹ്നമായി പാറുന്ന രംഗമുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമരങ്ങള്‍ മിക്കതും ചോരപുരണ്ടവയാണെന്നത് അഭിമാനത്തോടെയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുന്നപ്ര- വയലാര്‍ പോലെ ചിലത് അത്യന്തം ഭീകരമായ വിധത്തില്‍ ചോരക്കടലുകളെ സൃഷ്ടിച്ചതായിരുന്നുതാനും.

ചോരകുടിക്കുന്ന യക്ഷികളുടെയും മറ്റ് പുരാണ/മിത്തിക് കഥാപാത്രങ്ങളുടെയും കഥകളാണ് നമ്മുടെ സമൂഹം കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്നത്. എന്നിട്ടും സ്ത്രീയുടെ യോനിയില്‍നിന്നു വരുന്ന ഏതാനും തുള്ളി ചോരയെ അറപ്പുളവാക്കുന്നതും അശ്ലീലവുമായി കാണുന്ന സാമൂഹ്യപരിസരം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്? മനുഷ്യശരീരത്തിലെ ചോരയ്ക്ക് എങ്ങനെയാണ് ലിംഗവിഭജനം വന്നത്? പാര്‍ട്ടിയുടെ പോരാട്ടങ്ങളില്‍ ആണുങ്ങളും സ്ത്രീകളും ചോരചിന്തിയിട്ടുണ്ടെന്നിരിക്കെ അത്തരം ചോരയെയെല്ലാം വിപ്ലവത്തിന്റെ ഭാഗമായി കാണുന്ന സംസ്കാരം ആര്‍ത്തവചോരയെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്? വിപ്ലവ- കമ്യൂണിസ്റ്റ് ആശയങ്ങളാല്‍ മൂടപ്പെട്ട കേരളസമൂഹത്തില്‍ എന്തുകൊണ്ടാണ് ആര്‍ത്തവ ചോരയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെല്ലാം നിഗൂഡമായ രഹസ്യാത്മകതയുടെയും ചിരിയുടെയും വിഷയമായത്? ഇന്നും അശുദ്ധമെന്നു പറഞ്ഞ് അതിനക്കുറിച്ച് സംസാരിക്കുകപോലും ചെയ്യാത്തത്? എല്ലാമതങ്ങളിലും പെട്ടവര്‍ മനുഷ്യരാണെന്നും അവരുടെ ചോര ഒന്നാണെന്നും മതസൗഹാര്‍ദ മുദ്രാവാക്യം ഉണ്ടാക്കുന്നവര്‍ ആര്‍ത്തവചോരയും മനുഷ്യചോരയും ഒന്നാണെന്നും മുദ്രാവാക്യമുണ്ടാക്കുമോ?


രക്തസാക്ഷിയുടെ ചോരയില്‍ നിന്ന് വെള്ളത്തുണി ചുവപ്പിച്ചെടുത്ത് അതിനെ അഭിവാദ്യം ചെയ്യുന്നതുപോലെ, അശുദ്ധമെന്നു വ്യവഹരിക്കുന്ന ആര്‍ത്തവരക്തത്തില്‍ നിന്നൊരു തുണി ചുവപ്പിച്ചെടുത്ത് നമ്മുക്ക് അഭിവാദ്യം ചെയ്യാനാകുമോ? ആ ചിന്തയിലാകും ശരീരം വിശിഷ്യ, സ്ത്രീ ശരീരം വിശിഷ്ടമായ ഒരു വസ്തുവായി നമ്മുടെ മുന്നില്‍ വരിക. അല്ലാത്തപ്പോള്‍ അത് അശ്ലീലമായി തുടരുകതന്നെ ചെയ്യും.

(അടുത്ത ഭാഗം- കാണരുതാത്ത ആര്‍ത്തവരക്തവും കാണേണ്ടുന്ന 'ആദ്യരാത്രി' ചോരപ്പാടും)


Next Story

Related Stories