TopTop
Begin typing your search above and press return to search.

റേ സെഡ് ആർ; യുവതയെ ലക്ഷ്യം വെച്ച് മറ്റൊരു ന്യൂജൻ സ്‌കൂട്ടര്‍

റേ സെഡ് ആർ; യുവതയെ ലക്ഷ്യം വെച്ച് മറ്റൊരു ന്യൂജൻ സ്‌കൂട്ടര്‍
വാഹന മോഡലുകൾ, അത് ഇരുചക്രമായാലും മുച്ചക്രമായാലും നാലു ചക്രമുള്ളവയായാലും അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിൽ അഴകൊഴുകുന്ന, യൗവ്വനയുക്തങ്ങളായ എത്രയെത്ര ഡിസൈനുകളാണ് ഓരോ ദിവസവും വെളിച്ചം കാണുന്നത്...

ഇനിയിപ്പൊ പ്രായം റിവേഴ്‌സ് ഗിയറിലോടുന്നത് മമ്മൂട്ടിക്കും വാഹന ഡിസൈനുകൾക്കും മാത്രമാണെന്നാരെങ്കിലും പറഞ്ഞാൽ അവരെയും തെറ്റുപറയാനാവില്ല! ഇന്ത്യയിലാണെങ്കിൽ ഇന്ന് 'യൂത്ത് ഓറിയന്റഡ്' സ്‌കൂട്ടറുകളുടെ ചാകരയാണ്...

ഹോണ്ട ഡിയോയും യമഹ റേയും ഹീറോ മേസ്‌ട്രോയുമൊക്കെ യുവതയെ ലക്ഷ്യംവച്ചിറക്കിയ ന്യൂജൻ സ്‌കൂട്ടറുകൾ. ഇക്കൂട്ടർക്കിടയിലേക്കു കൂടുതൽ കാലികമായ രൂപവും കൂടുതൽ മികച്ച എഞ്ചിനുമായി യമഹയിൽ നിന്നും പുതിയൊരു താരംകൂടി എത്തുകയാണ് - സിഗ്‌നസ് റേ സെഡ് ആർ...


റേ സെഡ് ആർ
യമഹയുടെ 'നെക്സ്റ്റ്‌ജെൻ റിയൽ ബോയ്‌സ് സ്‌കൂട്ടർ' കൺസപ്റ്റിനെ ആധാരമാക്കി നിർമ്മിക്കപ്പെട്ട റേ സെഡ് ആർ പുതുതലമുറയുടെ വാഹനസങ്കല്പങ്ങളോടിണങ്ങി നില്ക്കുന്നു. അത്യാകർഷകങ്ങളായ 4 നിറങ്ങളിൽ ലഭ്യമാവുന്ന വാഹനം ലക്ഷ്യമിടുന്നതും കരുത്തിനൊപ്പം സ്‌റ്റൈലിനെയും പ്രണയിക്കുന്ന പുരുഷന്മാരെത്തന്നെയാണ്.

കാഴ്ച
ആധുനികവും മനോഹരവുമാണ് സെഡ് ആറിന്റെ രൂപകല്പന. എങ്ങും ഷാർപ്പ് ലൈനുകളോടുകൂടിയതാണ് 'മൾട്ടി ടോൺ' പെയിന്റ് സ്‌കീമിൽത്തീർത്ത ബോഡി. മുൻകാഴ്ചയിൽ ഏറ്റവും മനോഹരം, എറിച്ചുനിൽക്കുന്ന ബോഡിലൈനുകളോടുകൂടിയ ഫ്രണ്ട് പാനലിന്റെ മദ്ധ്യഭാഗത്തുനിന്നാരംഭിച്ച് കീഴറ്റം വരെ നീളുന്ന വലിയ ഹെഡ്‌ലാമ്പ് അസംബ്‌ളി തന്നെയാണ്. ഈ ഹെഡ്‌ലാമ്പ് ചിലപ്പോഴൊക്കെ ഹോണ്ട ഡിയോയെ ഓർമ്മിപ്പിക്കുന്നുണ്ട് . ഇതിനു മുകളിലായി ഫ്രണ്ട് പാനലിൽ യമഹയുടെ ലോഗോയും കാണാം. ഹെഡ്‌ലാമ്പിനിരുവശങ്ങളിലായി നല്കിയിരിക്കുന്ന, പൂവിതളുകളെ അനുസ്മരിപ്പിക്കുന്ന ഇന്റിക്കേറ്റർ ലാമ്പുകൾ മുൻഭാഗത്തിനു മാറ്റേറ്റുന്നു. വശക്കാഴ്ചയിലാണ് സെഡ് ആർ ഏറ്റവും മനോഹരിയാകുന്നത്. മുന്നിലെ ഇന്റിക്കേറ്റർ ലാമ്പുകളെ ഉൾക്കൊള്ളുന്ന, ബൂമറാംഗിന്റെ രൂപമുള്ള സൈഡ് പാനലുകൾ അതിമനോഹരമായിട്ടുണ്ട്. റിയർ പ്രൊട്ടക്റ്റിംഗ് ബോർഡിലുമുണ്ട് ഷാർപ്പായ ബോഡി ലൈനുകൾ. സ്‌റ്റൈലിഷായ പിൻ ഗ്രാബ് റെയിലും എടുത്തുപറയേണ്ടതാണ്. സൈഡ് പ്രൊഫൈലിൽ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ഘടകം അങ്ങിങ്ങായി നൽകിയിരിക്കുന്ന ബോഡി ഗ്രാഫിക്‌സാണ്. വാഹനത്തെ സ്‌റ്റൈലിഷാക്കുന്നുണ്ടെങ്കിലും ഇത് അല്പം 'ഓവർ' ആയാണെനിക്ക് തോന്നിയത്.

വലിയ ടെയിൽ ലാമ്പാണ് പിൻഭാഗത്തെ താരം. ഇതിനോടുചേർന്ന് മുകളിലായി യമഹയുടെ ലോഗോയുമുണ്ട്. പിൻ ഇന്‍ഡിക്കേറ്റർ ലാമ്പുകൾ ടെയിൽ ലാമ്പ് ക്‌ളസ്റ്ററിലല്ല നൽകിയിരിക്കുന്നത്, മറിച്ച് ബൈക്കുകളിലേതുപോലെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്നു. അനലോഗ് സ്പീഡോമീറ്ററും ഓഡോമീറ്ററും ഫ്യുവൽ ഗേജുമടങ്ങുന്ന മീറ്റർ ക്ലസ്റ്ററിന്റേത് തകർപ്പൻ രൂപകല്പനയാണ്. സ്‌റ്റൈലിഷ് ഇല്യൂമിനേഷനോടുകൂടിയ ക്ലസ്റ്ററിൽ പ്രത്യേകം സജ്ജീകരിച്ച സ്ലോട്ടുകളിൽ വാണിംഗ് ലാമ്പുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്‌ളാസ്റ്റിക്ക് ഘടകങ്ങളുടെ നിലവാരം ശരാശരിക്കും മേലെയാണ്. സെഡ് ആറിലെ ഫ്രണ്ട് പോക്കറ്റുകളിൽ മൊബൈലോ പേഴ്‌സോ വേണ്ടി വന്നാൽ അരലിറ്റർ കുപ്പി വരെ സൂക്ഷിക്കാം. കൂടാതെ 'ധാരാളം' അണ്ടർസീറ്റ് സ്റ്റോറേജും നൽകിയിരിക്കുന്നു. ആധുനിക സ്‌കൂട്ടറുകളിലൂടെ പരിചിതമായ 'കീ ഷട്ടർ ലോക്കിംഗ് സിസ്റ്റവുമുണ്ട്' ഈ വാഹനത്തിൽ. ചുരുക്കത്തിൽ സ്‌റ്റൈലും പ്രായോഗികതയും സംഗമിക്കുന്നു റേ സെഡ് ആറിൽ...


റൈഡ്
കാഴ്ചയിൽ യൗവ്വനം തുളുമ്പുന്ന റേ സെഡ് ആറിന്റെ 'സ്വകാര്യതകളിലേക്ക്' ഒന്ന് കടന്നുചെല്ലാം. ഫസീനോയിൽ കണ്ട തരം 113 സിസി, 4 സ്‌ട്രോക്ക്, എസ് ഒ എച്ച് സി, 2 വാൽവ്, എയർകൂൾഡ് എഞ്ചിനാണ് സെഡ് ആറിനും. എന്നാലിവനിൽ ഈ എഞ്ചിനെ 7.2 പി എസ് പവറും 8.1 എൻ എം ടോർക്കും ലഭിക്കുംവിധം ട്യൂൺ ചെയ്തിരിക്കുന്നു.
സ്റ്റാർട്ടർ അമർത്തിയാൽ വളരെ പതിഞ്ഞൊരു ശബ്ദത്തോടെ വാഹനം ഉണരും. റിഫൈന്മെന്റിനു തെല്ലും പഞ്ഞമില്ലാത്ത സെഡ് ആറിന്റെ എഞ്ചിൻ ആകർഷകമാകുന്നത് അതിന്റെ ട്യൂണിംഗ് കൊണ്ടാവും. വളരെ 'യൂസർ ഫ്രണ്ട്‌ലി' ആവും വിധം, അതായത് കുറഞ്ഞ വേഗതകളിലും മറ്റും സ്മൂത്തായ പവർ ഡെലിവറി ലഭിക്കുംവിധമാണ് ഇതിനെ കമ്പനി ട്യൂൺ ചെയ്തിരിക്കുന്നത്. മിഡ്‌റേഞ്ചും ഉഷാറാണ് . സ്മൂത്തായ ഇനിഷ്യൽ ആക്‌സിലറേഷൻ ലഭിക്കുംവിധമാണ് സെഡ് ആറിന്റെ സിവിടി ട്രാൻസ്മിഷനും നിർമ്മിക്കപ്പെട്ടിരിക്കുന്നത്
. എന്നാൽ, ഓവർടേക്കിങ്ങ് പോലെ ക്ഷണികമായ ആക്‌സിലറേഷൻ വേണ്ടുന്ന സന്ദർഭങ്ങളിലും ഈ ബോക്‌സ് തന്റെ നൈപുണ്യം തെളിയിക്കുന്നുണ്ട്. ഈ ഉശിരൻ ട്രാൻസ്മിഷനോടുകൂടെ ത്രോട്ട്ൽ പൊസിഷൻ സെൻസറോടുകൂടിയ ബിഎസ് കാർബുറേറ്റർ കൂടിച്ചേരുമ്പോൾ മികച്ച പെർഫോർമൻസ്, അതുല്യമായ മൈലേജ് എന്നിങ്ങനെ രണ്ടുണ്ട് ഗുണങ്ങൾ. മികച്ച സപ്പോർട്ടേകുന്ന വലിയ സീറ്റും വീതിയേറിയ ഫ്‌ളോർബോർഡും സുഖസവാരി ഉറപ്പുവരുത്തുന്നു. മുന്നിലെ ടെലസ്‌ക്കോപ്പിക്ക് ഫോർക്കുകളും

പിന്നിലെ യൂണിറ്റ് സ്വിങ്ങുമടങ്ങുന്ന സസ്‌പെൻഷൻ സെറ്റപ്പ് മുന്നിലും പിന്നിലും സുഖയാത്ര പ്രദാനം ചെയ്യുംവിധം ക്രമീകരിച്ചിരിക്കുന്നു. 105 കിലോയോളം ഭാരമേ ഉള്ളൂവെങ്കിലും വേഗതകളിലും സെഡ് ആർ പതറില്ല, മികച്ച സസ്‌പെൻഷൻ തന്നെയാവാം കാരണം.

170 മിമീ മുൻ ഡിസ്‌ക്ക് ബ്രേക്കോടുകൂടിയ വേരിയന്റും ലഭ്യമെങ്കിലും 'സ്മാർട്ട് ഡ്രൈവ്' ടെസ്റ്റ് റൈഡിനു തിരഞ്ഞെടുത്തത് ഡ്രം ബ്രേക്കുകളോടുകൂടിയ വേരിയന്റായിരുന്നു. ഡ്രമ്മുകളെങ്കിലും മികച്ച ബൈറ്റേകുന്നവയാണിവ. ഒട്ടുമിക്കവേഗതകളെയും ഇവ നിഷ്പ്രയാസം 'പൂട്ടും'! യമഹയുടെ 'ബ്‌ളൂ കോർ' സാങ്കേതികവിദ്യയുള്ളതിനാൽ ലീറ്ററിന് 66 കിമീയോളം ഇന്ധനക്ഷമതയും റേ സെഡ് ആർ വാഗ്ദാനം ചെയ്യുന്നു. 56,241 രൂപയാണ് വാഹനവില (എക്‌സ് ഷോറൂം, കൊച്ചി) (58,785രൂപയാണ് ഡിസ്‌ക്ക് ബ്രേക്കോടുകൂടിയ വേരിയന്റിന് വില)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories