TopTop
Begin typing your search above and press return to search.

2015-ലെ കേരള രാഷ്ട്രീയം എന്ന ക്രൈം ത്രില്ലര്‍ സിനിമ

2015-ലെ കേരള രാഷ്ട്രീയം എന്ന ക്രൈം ത്രില്ലര്‍ സിനിമ

കെ എ ആന്റണി

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുടെ പിറവിയും കുമ്മനത്തിന്റെ സാഷ്ടാംഗപ്രണാമവും ചെന്നിത്തലയുടെ കത്തുന്ന കുത്തുന്ന കത്തും സിഡി വേട്ടയും ഒക്കെ ചേര്‍ന്നാല്‍ 2015-ലെ പ്രധാന രാഷ്ട്രീയ സംഭവങ്ങളായി. ആകെ മൊത്തത്തില്‍ ഒരു ക്രൈം ത്രില്ലര്‍ സിനിമയ്ക്കുവേണ്ട എല്ലാ ചേരുവയും കൊണ്ട് സമ്പന്നമായിരുന്നു 2015-ലെ കേരള രാഷ്ട്രീയം.

1990-കളില്‍ കേരളത്തിലെ ക്യാമ്പസുകളെ സജീവമാക്കിയ റോസ്ലി എന്ന അയ്യപ്പപണിക്കര്‍ കവിതയിലെ മുതുവേലി പാപ്പച്ചനും പാപ്പച്ചന്റെ മകള്‍ പെറ്റ റോസ്ലിയുടെ മുതുവാന്‍ കുളങ്ങരക്കാരന്‍ മണവാളനും ചേര്‍ന്ന് കുടിച്ചു ഉന്‍മത്തരായി ആടി തിമിര്‍ത്തിക്കുന്ന ഒരു നൃത്തരംഗം പോലെയായി മദ്യനയത്തില്‍ സര്‍ക്കാരും ബാര്‍ മുതലാളിമാരും ചേര്‍ന്ന് ഒരുക്കിയ വിരുന്ന്. പതനുരയുകയും നുര പതയുകയും ചെയ്തപ്പോള്‍ ഉമ്മന്‍ചാണ്ടിയും വിഎം സുധീരനും ബിജു രമേശും മന്ത്രിമാരായ മാണിയും ബാബുവും ഒക്കെ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി ആടി.

സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചു കൊണ്ട് ഡിസംബര്‍ 29-ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചതോടെ ബാറുടമകള്‍ നിരാശയുടെ പടുകുഴിയില്‍ വീണിരിക്കുന്നു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് നേരത്തേ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളിലെ സത്യം പുറത്തു വരാനുള്ള അവസരമാണ് സുപ്രീംകോടതി ഒരുക്കിയിരിക്കുന്നത് എന്ന ബാറുടമകളുടെ പ്രതികരണം വിരല്‍ ചൂണ്ടുന്നത് യഥാര്‍ത്ഥ കളി വരാന്‍ ഇരിക്കുന്നതേയുള്ളൂവെന്നതാണ്. ബാര്‍ കോഴ കേസില്‍ ഹൈക്കോടതിയും വിജിലന്‍സ് കോടതിയും നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മാണി മന്ത്രി രാജി വച്ചു. പാലം കുലുങ്ങിയാലും ഈ കേളന്‍ കുലുങ്ങില്ലെന്ന് പറഞ്ഞ് നടന്നയാളാണ് കരിങ്കോഴയ്ക്കല്‍ മാണി മാണിയെന്ന കെഎം മാണി. എന്നിട്ടും ഗത്യന്തരമില്ലാതെ മലയോര കര്‍ഷകരുടെ കാറല്‍ മാര്‍ക്‌സായ മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നു.


മാണി രാജി വച്ചെങ്കിലും ബാര്‍ കോഴ ആരോപണം നേരിടുന്ന ബാബു മന്ത്രി കടിച്ചു തൂങ്ങിക്കിടക്കുകയാണ്. ബാബുവിനോട് ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും കാണിക്കുന്ന ഔദാര്യം മാണിക്ക് കിട്ടിയില്ലെന്ന് ആക്ഷേപം ശക്തമാണ്. ഈ ഇരട്ടനീതി പ്രശ്‌നം കേരളത്തില്‍ ഉടനെ നടക്കാന്‍ ഇരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും.

സോളാറും സരിതയും ബിജു രാധാകൃഷ്ണനും ഒക്കെ മദ്യ ചര്‍ച്ചകള്‍ക്കിടയില്‍ ഇടയ്ക്കിടെ പൊന്തി വന്ന് രംഗം കൊഴുപ്പിച്ചിരുന്നു. ചെന്ന്‌ചെന്ന് മുഖ്യമന്ത്രിയും സരിതയും ഒന്നിച്ചുള്ള ചൂടപ്പം പോലുള്ള രംഗങ്ങള്‍ ചിത്രീകരിച്ച ഒരു സിഡി തന്റെ കൈവശം ഉണ്ടെന്ന് വരെ ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനു മുന്നില്‍ തട്ടിവിട്ടു. സിഡി കണ്ടെത്തി കൊണ്ടുവരാന്‍ കമ്മീഷന്‍ ഉത്തരവിട്ടതോടെ മറ്റൊരു അസംബന്ധ നാടകത്തിന് തുടക്കമായി. സിഡി വേട്ട സംഘത്തിനൊപ്പം ചാനലുകാര്‍ കൂടി ചേര്‍ന്നതോടെ വേട്ടയുടെ തല്‍സമയ സംപ്രേക്ഷണവും ലഭ്യമായി. സിഡി തേടി സംഘം കോയമ്പത്തൂരില്‍ എത്തിയെങ്കിലും ആടു കിടന്നിടത്ത് പൂട പോലുമില്ലെന്ന അവസ്ഥയിലായി.

നിയമസഭയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 13-ന് അരങ്ങേറിയ ചവിട്ടുനാടകവും കേരളത്തിലെ നിയമസഭാ സാമാജികരുടെ കായിക ബലവും നിലവാരവും വിളിച്ചോതുന്നതായി. മാര്‍ച്ച് 13 ആണ് കെ എം മാണി തന്റെ 13-ാം ബജറ്റ് അവതരിപ്പിക്കാനായി തെരഞ്ഞെടുത്ത ദിവസം. ബാര്‍ കോഴ കേസില്‍ കുറ്റാരോപിതനായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷം വാശിപിടിച്ചു. അവതരിപ്പിച്ചേ അടങ്ങൂവെന്ന് മാണിയും നിലപാട് എടുത്തതോടെ സഭയില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ സംജാതമായി. കളരി മുറകള്‍ക്കും കടിക്കും പിടിവലിക്കും ഒക്കെ സഭ സാക്ഷ്യം വഹിച്ചു. സ്പീക്കറുടെ ഡയസ് തകര്‍ത്തതിന്റെ പേരില്‍ ശിവന്‍കുട്ടി അടക്കം ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. തങ്ങളെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ നല്‍കിയ പരാതിയിന്‍മേല്‍ നടപടിയൊന്നും ഉണ്ടായില്ല. എന്തായാലും ഈ ബഹളത്തിന് ഇടയില്‍ മാണി ബജറ്റ് അവതരിപ്പിച്ചതായും അത് പാസാക്കിയതായും സ്പീക്കര്‍ ശക്തന്‍ പ്രഖ്യാപിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി സഭയില്‍ പൂര്‍ണ രൂപത്തില്‍ വായിച്ച് അവതരിപ്പിക്കാത്ത ഒരു ബജറ്റ് പാസാക്കിയെടുക്കുന്ന ചെപ്പടി വിദ്യയും നമ്മള്‍ കണ്ടു.

സരിതയും ബാര്‍ കോഴയും ഒക്കെ അരങ്ങുതകര്‍ക്കുന്നതിന് ഇടയില്‍ കേരളത്തെ ദുഖത്തില്‍ ആഴ്ത്തിയ ഒരു മരണവും സംഭവിച്ചു. 2015 മാര്‍ച്ച് ഏഴിന് സ്പീക്കര്‍ കാര്‍ത്തികേയന്‍ അന്തരിച്ചു. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ശബരീനാഥ് വിജയം നേടിയെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് ബിജെപി നടത്തിയ മുന്നേറ്റമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയതിന്റെ നാലിരട്ടി വോട്ടാണ് ഒ രാജഗോപാല്‍ നേടിയത്. കേരളത്തില്‍ സംജാതമായി കൊണ്ടിരിക്കുന്ന ഒരു പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ സൂചന കൂടിയായി അരുവിക്കര തെരഞ്ഞെടുപ്പ് ഫലം.


മൂന്നാറിലെ തേയില തോട്ടം തൊഴിലാളികളുടെ സമരവും സമാനതകളില്ലാത്ത ഒന്നായിരുന്നു. ആദ്യമായി മുഖ്യധാരാ തൊഴിലാളി യൂണിയനുകളെ ഒഴിവാക്കി സ്ത്രീ തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരം നയിക്കുന്നതാണ് ഇക്കഴിഞ്ഞ സെപ്തംബറില്‍ കണ്ടത്. പക്ഷേ പൊമ്പിളൈ ഒരുമെ എന്ന പുതിയ സംഘടനയ്ക്ക് അധികം ആയുസ്സുണ്ടായില്ല.

നവംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് അനുകൂലമായിരുന്നു. അരുവിക്കരയില്‍ സംഭവിച്ചതിന്റെ നേര്‍വിപരീതമായ ഒരു കാഴ്ചയാണ് സംജാതമായത്. അരുവിക്കരയില്‍ എല്‍ഡിഎഫ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴുകയും നല്ലൊരു ശതമാനം വോട്ട് ബിജെപിക്ക് അനുകൂലമായി തിരിയുകയും ചെയ്തുവെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടാണ് ചോര്‍ന്നത്.

പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികളില്‍ ചിലരെങ്കിലും ആത്മഹത്യ ചെയ്യാറുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തോറ്റ ദുഖം സഹിക്കാനാകാതെ ഒരു രാഷ്ട്രീയ നേതാവ് ജീവനൊടുക്കി. വയനാട് ഡിസിസി സെക്രട്ടറി പി വി ജോണാണ് ഡിസിസി പ്രസിഡന്റും സംഘവും തന്നെ കാലുവാരിയെന്ന് കുറുപ്പെഴുതി വച്ച് പാര്‍ട്ടി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന 2015 നവംബര്‍ ഏഴിന് രാത്രിയിലായിരുന്നു ജോണിന്റെ ആത്മഹത്യ.

കേരളത്തില്‍ ഒരു മൂന്നാംമുന്നണിയെന്ന ലക്ഷ്യവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപിയും കൈകോര്‍ക്കുന്നതിനും 2015-ല്‍ കേരളം സാക്ഷ്യം വഹിച്ചു. 16 ദിവസം നീണ്ടു നിന്ന സമത്വ മുന്നേറ്റ യാത്ര തിരുവനന്തപുരം ശംഖുമുഖത്ത് സമാപിച്ച ഡിസംബര്‍ അഞ്ചിനായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപനം. പാര്‍ട്ടിയുടെ പേര് ഭാരത് ധര്‍മ്മ ജന സേന. വെള്ളാപ്പള്ളിയുടെ ബിഡിജെഎസും ബിജെപിയും ചേര്‍ന്ന മൂന്നാംമുന്നണിയുടെ കരുത്ത് അറിയാന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുവരെ കാത്തിരുന്നാല്‍ മതി.

ഹിന്ദു ഐക്യ വേദിയില്‍ നിന്നും കുമ്മനം രാജശേഖരന്‍ ബിജെപി കേരള ഘടകം പ്രസിഡന്റായി അവരോധിക്കപ്പെട്ടതും ഈ ഡിസംബറില്‍ തന്നെ. തീവ്രഹിന്ദുത്വ മുഖത്തിന് ഉടമയെന്ന് ഒക്കെ എതിരാളികള്‍ ആക്ഷേപം ചൊരിയുന്നതിന് ഇടയില്‍ കുമ്മനം നടത്തിയ ഒരു സാഷ്ടാംഗ പ്രണാമം എല്ലാവരേയും ഞെട്ടിച്ചു കളഞ്ഞു. സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമ്മീസിനെ സന്ദര്‍ശിച്ച വേളയിലാണ് കുമ്മനം ഇത് ചെയ്തത്. വലതുപക്ഷ, ഇടതുപക്ഷ നേതാക്കള്‍ ക്രിസ്ത്യന്‍ പാതിരിമാരേയും മുസ്ലിം സമുദായ നേതാക്കളേയും സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിക്കുന്നവരാണ് ബിജെപിയും ആര്‍എസ്എസും എന്നതിനാല്‍ ചില സാമൂഹ്യ മാധ്യമങ്ങള്‍ കുമ്മനത്തിന്റെ കാലുതൊട്ടു വണങ്ങല്‍ ആഘോഷമാക്കി. ആര്‍എസ്എസ് ഇതിന് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്-സാധാരണ ഗതിയില്‍ ക്രിസ്ത്യന്‍ ബിഷപ്പുമാരെ സന്ദര്‍ശിക്കുന്നവര്‍ അവരുടെ അധികാര ചിഹ്നമായ മോതിരം മുത്തുകയാണ് പതിവ്. കാല്‍ തൊട്ടു വണങ്ങുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇതായിരുന്നു ആ വിശദീകരണം.

ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് ഏതാണ്ട് എല്ലാവരുടേയും സഹതാപം ലഭിച്ചു. എന്നാല്‍ ആ സഹതാപ തരംഗം പെട്ടെന്ന് നിലയ്ക്കുന്നതാണ് കണ്ടത്. ചെന്നിത്തലയുടേത് എന്ന് പറയുന്ന ഒരു കത്തായിരുന്നു വില്ലന്‍. കത്തില്‍ നിറയെ ഉമ്മന്‍ചാണ്ടിക്ക് എതിരായ ആക്ഷേപങ്ങളും. കുത്തുന്ന ഈ കത്ത് കത്തികയറിയപ്പോള്‍ സഹതാപ തരംഗം ശൂവായി.


വിഎസിന്റെ പിണങ്ങിപ്പോക്കും തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ നിന്നുള്ള പുറത്താകലും നടന്നതും 2015-ല്‍ തന്നെ. മൂന്നുതവണ സെക്രട്ടറി പദവിയില്‍ ഇരുന്ന പിണറായി വിജയന് പകരക്കാരന്‍ ആയി എത്തിയത് കണ്ണൂര്‍ക്കാരന്‍ തന്നെയായ കോടിയേരി ബാലകൃഷ്ണന്‍. പൊതുവേ കണ്ണൂര്‍ ലോബിക്കാരന്‍ എന്ന് പറയാമെങ്കിലും കുറച്ചുകൂടി സൗമ്യനായ നേതാവായാണ് കോടിയേരിയെ പലരും കാണുന്നത്. സംസ്ഥാനത്ത് പാര്‍ട്ടി തലപ്പത്ത് കോടിയേരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്യൂരിയും വന്നതോടെ ഇടഞ്ഞ് നിന്നിരുന്ന വിഎസ് പതുക്കെപതുക്കെ പാര്‍ട്ടിയുമായി സമരസപ്പെടുന്നതാണ് കണ്ടത്. അധികം വൈകാതെ തന്നെ വിഎസിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.

ഇതിനിടയില്‍ തന്നെയാണ് കേരളത്തില്‍ സിപിഐഎം നടത്തുന്ന യാത്ര ആരു നയിക്കും എന്നതിനെ ചൊല്ലിയുള്ള വിവാദം ഉണ്ടായത്. വിവാദത്തിന് തുടക്കമിട്ടത് ചില മാധ്യമങ്ങളാണെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും അത് ഏറ്റുപിടിച്ചു. എന്നാല്‍ പതിവിനു വിരുദ്ധമായി ഇക്കാര്യത്തില്‍ അഭിപ്രായം ഒന്നും പറയാതെ വിഎസ് മാറി നിന്നതും ശ്രദ്ധേയമായി. വരുന്ന തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ തനിക്ക് ഒരു ഊഴം കൂടി ലഭിക്കുമെന്ന് അദ്ദേഹവും പ്രതീക്ഷിക്കുന്നുണ്ട്.

ഇനിയിപ്പോള്‍ കേരള രാഷ്ട്രീയ ചിത്രത്തെ അയ്യപ്പപണിക്കരുടെ തന്നെ സമാചാരം എന്ന കവിതയില്‍ നിന്നുള്ള ആറുവരികളില്‍ ഒരുക്കാമെന്ന് തോന്നുന്നു.

എരിതിന്‍മേല്‍ തേവര് വന്നൂ... എലിമേലേ ഗണപതി വന്നു... മയിലിന്‍മേല്‍ മുരുകന്‍ വന്നു...

ഇനിയുള്ളവര്‍ എങ്ങനെ വരുമേ-നാരായന്‍ മുനിയണമല്ലോ-അ-അ-

തല്ലേ നമ്മുടെ ആചാരം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം
Next Story

Related Stories