TopTop

ആശുപത്രികളില്ല; യമനിലെ ആഭ്യന്തരയുദ്ധത്തിന്റെ ഇരകള്‍ പ്രാണരക്ഷതേടി എത്തുന്നത് ഇന്ത്യയില്‍

ആശുപത്രികളില്ല; യമനിലെ ആഭ്യന്തരയുദ്ധത്തിന്റെ ഇരകള്‍ പ്രാണരക്ഷതേടി എത്തുന്നത് ഇന്ത്യയില്‍
തന്റെ 21-ാം വയസിലാണ് സലേഹ് മുഹമ്മദ് എന്ന ചെറുപ്പക്കാരന്‍ കമ്പ്യൂട്ടര്‍ പഠനം ഉപേക്ഷിച്ച് യമനിലെ വിമതസേനയ്‌ക്കെതിരെ പോരാടാനായി ആയുധം എടുത്തത്. അറബ് ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളില്‍ ഒന്നാണ് യമന്‍. ഹൗത്തിയില്‍ ആയുധമെടുത്ത സലേഹിന്റെ ആരോഗ്യവും യൗവനവും ഈ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടിരിക്കുന്നു. യുദ്ധത്തില്‍ സംഭവിച്ച പരിക്കുകള്‍ക്ക് ഇപ്പോള്‍ ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ് ഈ യുവാവ്.

ഇദ്ദേഹം ഉള്‍പ്പെടെ 49 യുദ്ധ ഇരകളെയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ആശുപത്രിയില്‍ വ്യോമമാര്‍ഗ്ഗം എത്തിച്ചത്. ഐസിയു സംവിധാനങ്ങളുള്ള സി-17 ഹെര്‍ക്കുലീസ് വിമാനത്തിലാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് വലിയ മാനുഷിക പ്രതിസന്ധിയാണ് യമനില്‍ നിലനില്‍ക്കുന്നത്. ബോംബ് ആക്രമണങ്ങളെ തുടര്‍ന്ന് മിക്ക ആശുപത്രികളും പ്രവര്‍ത്തിക്കുന്നില്ല. ഭൂരിപക്ഷം ഡോക്ടര്‍മാരും രാജ്യത്ത് നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സാചര്യത്തിലാണ് ഇവരെ ഡല്‍ഹിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് പരിക്കേറ്റവരെ അനുഗമിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു. തെക്കന്‍ ഡല്‍ഹിയിലുള്ള വിപിഎസ് റോക്ലാന്റ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

എത്തിയ 49 പേരില്‍ ഭൂരിപക്ഷത്തിന്റെയും പ്രായം 30ല്‍ താഴെയാണ്. ഒടിവുകളും അംഗഭംഗവുമാണ് ഭൂരിപക്ഷം പേര്‍ക്കും സംഭവിച്ചിരിക്കുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റവരും കൂട്ടത്തിലുണ്ട്. ചിലരുടെ കൈകളും കാലുകളും മുറിച്ചു മാറ്റിയ ശേഷം സംഭവിച്ച അണുബാധയും ഗുരുതരമായ പ്രശ്‌നമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചിലര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സകള്‍ ആവശ്യമാണെന്നും ആശുപത്രിയുടെ വൈസ് ചെയര്‍മാന്‍ ഡോ. വി ജി ആര്‍ ശാസ്ത്രി പറഞ്ഞു. യുദ്ധത്തിന്റെ വേദനകള്‍ ചിലര്‍ക്ക് വല്ലാതെ മാനസിക ആഘാതം ഉണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ക്ക് മാനസിക ചികിത്സ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയറ്റില്‍ വെടിയുണ്ട തുളഞ്ഞുകയറിയ മുറിവുമായി എത്തിരിയിക്കുന്ന സമീറിന് വെറും ഇരുപത് വയസാണുള്ളത്. യമനിലെ ചികിത്സ പരമശോചനീയമായതിനാലാണ് യുഎഇ സര്‍ക്കാര്‍ ഇന്ത്യയിലെ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് സമീറിന്റെ പിതാവ് സാഫിഖ് സലേഹ് പറഞ്ഞു. തന്റെ അഞ്ച് മക്കളില്‍ ഏറ്റവും മൂത്തവനെ ഇവിടുത്തെ ഡോക്ടര്‍മാര്‍ രക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. മറ്റ് മക്കളെ കുറിച്ച് ചോദിച്ചപ്പോള്‍, അവര്‍ യമനിലാണെന്നും അള്ളാഹു അവരെ രക്ഷിക്കുമെന്നുമായിരുന്നു ആ പിതാവിന്റെ മറുപടി.
2015 മാര്‍ച്ചില്‍ മുതല്‍ രൂക്ഷമായ യമന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 7,000 പേര്‍ മരിക്കുകയും 42,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്. യമനിലെ ആരോഗ്യരക്ഷ സൗകര്യങ്ങളില്‍ പകുതിയെങ്കിലും പൂര്‍ണമായി നശിപ്പിക്കപ്പെടുകയും ബാക്കി പകുതി അര്‍ദ്ധ സൗകര്യങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. പരിക്കേല്‍ക്കുന്നവര്‍ക്ക് വിദേശത്ത് ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാന്‍ യുഎഇ സര്‍ക്കാരാണ് മുന്‍കൈയെടുക്കുന്നത്. ന്യൂഡല്‍ഹിയിലെ വിപിഎസ് റോക്ലാന്റ് ആശുപത്രി അത്തരത്തില്‍ ഒന്നാണ്.

രോഗികളെ ഇവിടെ എത്തിക്കുന്നതിന് മുമ്പ് തന്നെ അവരുടെ രോഗവിവരങ്ങള്‍ ആശുപത്രികളില്‍ അറിയിക്കുന്നു. അതിനനുസരിച്ചുള്ള സൗകര്യങ്ങളാണ് വിപിഎസ് ആശുപത്രി ചെയ്യുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു. ആശുപത്രികളില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ യുഎഇയില്‍ നിന്നുള്ള വിദഗ്ധര്‍ പരിശോധിച്ചതിന് ശേഷം മാത്രമാണ് രോഗികളെ എത്തിക്കുന്നത്.

Next Story

Related Stories