TopTop
Begin typing your search above and press return to search.

വയലാറിനോട് നന്ദികേട്; എന്റെ പുലിമുരുകന്‍ ഇമേജ്‌ അങ്ങനെയിരുന്നോട്ടെയെന്നു യേശുദാസ്

വയലാറിനോട് നന്ദികേട്; എന്റെ പുലിമുരുകന്‍ ഇമേജ്‌ അങ്ങനെയിരുന്നോട്ടെയെന്നു യേശുദാസ്

യേശുദാസ് എന്ന ഗായകന്‍ ലോകമറിയുന്ന നിലയിലേക്ക് വളര്‍ന്നതില്‍ നിസ്തുലമായ പങ്കുവഹിച്ചിട്ടുണ്ട് വയലാര്‍ രാമവര്‍മ. വയലാര്‍ എഴുതിയ എത്രയോ ഗാനങ്ങളിലൂടെയാണ് യേശുദാസ് ഇന്നും മാനവഹൃദയങ്ങളില്‍ ഗന്ധര്‍വഗായകനായി നിലകൊള്ളുന്നത്. വയലാറിനെ സംബന്ധിച്ച് ദാസ് ഒരു ഗായകന്‍ മാത്രമായിരുന്നില്ല. കൂടപ്പിറപ്പു കൂടിയായിരുന്നു. രാമവര്‍മയുടെ അമ്മ അംബാലിക തമ്പുരാട്ടിക്ക് കുട്ടനെക്കാള്‍ (രാമവര്‍മയുടെ ചൊല്ലപ്പേര്) പ്രിയമായിരുന്നു ദാസപ്പനോട് (യേശുദാസ്). രാമവര്‍മയക്കൊപ്പം നിരവധി തവണ വയലാറിലെ രാഘവപറമ്പില്‍ വീട്ടില്‍ എത്തിയിട്ടുള്ള യേശുദാസിന് ആ അമ്മ എത്രയോവട്ടം സ്വന്തം കൈകൊണ്ട് ഭക്ഷണം വിളമ്പി നല്‍കിയിട്ടുണ്ട്.

പക്ഷേ ആ യേശുദാസ് വയലാറിന്റെ മരണസമയത്തോ പിന്നീടോ ആ കുടുംബത്തിലേക്ക് എത്തിയില്ല എന്ന നിര്‍ഭാഗ്യകരമായൊരു കാര്യം സംഭവിച്ചിരുന്നു. പലതവണ ചര്‍ച്ച ചെയ്യപ്പെടുകയും ഭാരതി തമ്പുരാട്ടി (വയലാറിന്റെ ഭാര്യ) എഴുതിയ ഇന്ദ്രധനുസിന്‍ തീരത്ത് എന്ന പുസ്തകത്തില്‍ യേശുദാസ് കാണിച്ചത് നന്ദികേട് എന്ന നിലയില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയതും വലിയ വിവാദമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളെയെല്ലാം അകറ്റി നിര്‍ത്താനാണ് യേശുദാസ് ശ്രമിക്കുന്നത്. കലാകൗമുദിയുടെ പുതിയലക്കത്തില്‍ വിഡി ശെല്‍വരാജ് യേശുദാസുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ ഒരു ചോദ്യം വയലാറുമായി ബന്ധപ്പെട്ടാണ്. വയലാറിന്റെ കുടുംബവുമായി പിന്നീട് പിണങ്ങി എന്നു കേട്ടല്ലോ എന്ന ചോദ്യം തനിക്കുനേരെ ഉയരുമ്പോള്‍ വളരെ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറുന്നുണ്ട് യേശുദാസ്. വയലാറിന്റെ കുടുംബവുമായി പിണക്കമുണ്ടോ എന്നതാണ് ചോദ്യമെങ്കിലും യേശുദാസ് പറയുന്ന മറുപടി ഇപ്രകാരമാണ്-

വയലാര്‍ മരിച്ചു. വയലാര്‍ സ്മാരകത്തിന്റെ പേരില്‍ എനിക്കെതിരേ ആക്ഷേപം പറഞ്ഞ മലയാറ്റൂരും പോയി. സ്മാരക നിര്‍മാണത്തിന് ഞാനും സംഭാവന നല്‍കാമെന്നു പറഞ്ഞിരുന്നു. സ്മാരകം ഉയര്‍ന്നില്ല. ആരും എന്നോടു സംഭാവന ചോദിച്ചതുമില്ല. ഞാന്‍ എങ്ങനെ തെറ്റുകാരനാകും? ഇനി ഒരു വിവാദവും കുത്തിപ്പൊക്കേണ്ട. എന്റെ 'പുലിമുരുകന്‍' ഇമേജ് അങ്ങനെ ഇരുന്നോട്ടെ!

ലോകമെമ്പാടുമുള്ള മലയാളിയുടെ മനസില്‍ ഇന്നും ചന്ദ്രകളഭം പോലെ വയലാര്‍ സ്മൃതി നിറഞ്ഞു നില്‍ക്കുമ്പോഴും സിനിമലോകം ആ കവിക്ക് (സാംസ്‌കാരിക കേരളം വയലാറിനെ അരക്കവിയും സിനിമാ പാട്ടെഴുത്തുകാരനും മാത്രമായാണ് ചുരുക്കിയത്) നല്‍കിയത് നന്ദികേടിന്റെ കാരസ്‌കരനീരായിരുന്നു. വയലാര്‍ കൈപിടിച്ചു കൊണ്ടുവന്നവര്‍, കൂട്ടുകാരനെയും കൂടപ്പിറപ്പിനെയും പോലെ കൊണ്ടുനടന്നവരൊക്കെ യാതൊരു മന:സാക്ഷിക്കുത്തും ഇല്ലാതെ ആ മനുഷ്യനെ വഞ്ചിച്ചിട്ടുണ്ട്. ആരെയും കണ്ണടച്ചു വിശ്വസിച്ചിരുന്ന വയലാര്‍ ഒരിക്കലും തനിക്കു നേരിടേണ്ടി വരികയില്ലെന്നു കരുതിയ തിരിച്ചടികളാണ് അവസാന നാളുകളില്‍ ഏല്‍ക്കേണ്ടി വന്നത്.

ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിനു നിത്യഹരിതനായകന്‍ തൊട്ട് പലരുടെയും വഞ്ചനയ്ക്ക് ഇരയകേണ്ടി വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മരണം പോലും ചിലര്‍ അവരുടെ നന്ദികേട് പ്രകടിപ്പിക്കാനുള്ള അവസരമാക്കിയെടുത്തിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിലും വിജെടി ഹാളിലും പൊതുദര്‍ശനത്തിനുവച്ച്, രാഘവപറമ്പില്‍ എത്തിച്ചശേഷം പലരും കാത്തിരുന്നത് വയലാറിനെ അവസാനമായി കാണാന്‍ അദ്ദേഹത്തിനു പ്രിയപ്പെട്ടവരായ ചിലര്‍ വരുമെന്നുള്ളതുകൊണ്ടായിരുന്നു. വൈകിയാലും അവര്‍ക്കെങ്ങനെ അവസാനമായി ആ മുഖം കാണാതിരിക്കാനാവും എന്നായിരുന്നു രാമവര്‍മയുടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം ചിന്തിച്ചത്. ദേവരാജന്‍, പി. ഭാസകരന്‍, ഒഎന്‍വി, മലയാറ്റൂര്‍, തോപ്പില്‍ ഭാസി, ജി. വിവേകാനന്ദന്‍, റോസമ്മ പുന്നൂസ്, പത്മരാജന്‍, എം ജി രാധാകൃഷ്ണന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, എകെജി, തകഴി, പൊന്‍കുന്നം വര്‍ക്കി, രാമു കാര്യാട്ട്, ജോസ് പ്രകാശ്, നവോദയ അപ്പച്ചന്‍, കെ ആര്‍ ഗൗരിയമ്മ തുടങ്ങി സാഹിത്യ-രാഷ്ട്രീയരംഗത്തെ പല പ്രമുഖരും വന്നിരുന്നു വയലാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍. എന്നാല്‍ ആ മനുഷ്യന്‍ പ്രവര്‍ത്തിച്ച ചലച്ചിത്ര മേഖലയില്‍ നിന്നും വയലാറിലെ വീട്ടില്‍ എത്തിയവര്‍ വിരലില്‍ എണ്ണാവുന്നവര്‍. മുന്‍നിര നായികാ-നായകന്മാരോ വലിയ ഗായകരോ വന്നില്ല. ഇവരൊക്കെ തന്നെ ജീവിച്ചിരുന്ന രാമവര്‍മയോട് സ്‌നേഹവും ബഹുമാനവും ഒഴുക്കി നടന്നവരായിരുന്നു.

അന്ന് അസാന്നിധ്യംകൊണ്ട് ശ്രദ്ധിക്കപ്പെട്ടവര്‍ പലരുണ്ടെങ്കിലും യേശുദാസ് വന്നില്ലയെന്നത് അക്ഷരാര്‍ത്ഥത്തില്‍ പലരെയും തകര്‍ത്തു. അതില്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് രാഘപറമ്പിലെ ആ അമ്മ തന്നെയായിരുന്നു. സംസ്‌കാരദിവസം പങ്കെടുക്കാന്‍ കഴിയാതെ പോയത് തിരക്കോ മറ്റെന്തെങ്കിലുമോ കൊണ്ടാകാം. പക്ഷേ കുട്ടനേ ആ വീട്ടില്‍ നിന്നും പോയിരുന്നുള്ളൂ. ആ അമ്മയും, പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ചിരുന്ന ഒരു വിധവയും ബാക്കിയുണ്ടായിരുന്നു.

വയലാറിന്റെ ആത്മമിത്രവും സിനിമ ചരിത്രകാരനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ 'വയലാര്‍' എന്ന പുസ്തകത്തിന്റെ അവസാന താളുകളില്‍ ഒരമ്മയുടെ ഹൃദയഭേദകമായ വേദന എഴുതിയിട്ടുണ്ട്.

രാമവര്‍മ മരിച്ച് ഒരു വര്‍ഷത്തിനുശേഷമുള്ള കാര്യമാണ്. നാനയുടെ റിപ്പോര്‍ട്ടറുമായി രാഘവപറമ്പില്‍ എത്തിയതായിരുന്നു ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ: മുന്‍വശത്താരുമില്ല. ഞങ്ങള്‍ അകത്തേക്കു കയറി. സ്വീകരണ മുറിയിലും കസേരകളിലുമെല്ലാം രാമവര്‍മയുടെ ഓര്‍മ പറ്റിപ്പിടിച്ചിരിക്കുംപോല തോന്നി. ഞങ്ങള്‍ അകത്തേ മുറിയിലേക്കു കയറി. എണ്‍പത്തിമൂന്നുകാരിയായ അമ്മ ഞങ്ങളെ സൂക്ഷിച്ചു നോക്കി.

'ഞാനാമ്മേ ഗോപി. ഇവര്‍ അമ്മയെ കാണാന്‍ വന്നവരാ. കൊല്ലത്തെ നാനയുടെ ആളുകളാ'. ഞാന്‍ ഓരോരുത്തരേയും അമ്മയ്ക്ക് പരിചയപ്പെടുത്തി.

'എന്റെ മക്കളേ, നിങ്ങളെ കണ്ടിട്ട് എത്രനാളായി. ഓരോ തവണയും നിങ്ങളെ കണ്ട കാര്യവും വഴക്കുണ്ടാക്കിയതും കുട്ടന്‍ പറയും; എന്റെ എല്ലാം പോയില്ലേ. ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല. എന്തൊരു പാപിയാണു ഞാന്‍'. ഇത്രയും പറഞ്ഞ് ആ അമ്മ കരയാന്‍ തുടങ്ങി...

ചേലങ്ങാടന്റെ ഈ അനുഭവത്തില്‍ നിന്നും വായിച്ചെടുക്കാം ഈ വീടും അവിടെയുളളവരും അനുഭവിക്കുന്ന ഏകാന്തതയുടെ ആഴം. അവരുടെ ദു:ഖം ആഴിയേക്കാള്‍ എത്രയോ ഇരട്ടി വലുതാണ്. ഒരാശ്വസിപ്പിക്കല്‍, കൂട്ടന്റെ പ്രിയപ്പെട്ടവരായിരുന്നവരുടെ അല്‍പ്പനേരത്തേക്കെങ്കിലുമായുള്ള സാമിപ്യം; ഇതൊക്കെ ആ മനുഷ്യര്‍ കൊതിച്ചിരുന്നു.

യേശുദാസിനെ ഗുരുവായൂരില്‍ കയറ്റിയില്ലെങ്കില്‍ ഞാന്‍ നിരാഹര സമരം ഇരിക്കുമെന്നു പറഞ്ഞയാളാണ് രാമവര്‍മ. അതും വെറുംവാക്കാവില്ലായിരുന്നു, മരണം നേരത്തെ എത്തിയിരുന്നില്ലെങ്കില്‍. യേശുദാസിനെ ക്ഷേത്രത്തില്‍ കയറ്റാന്‍ സമരം ഇരിക്കുമെന്നു പറയുന്നതിനെ ചങ്കൂറ്റം എന്നല്ല വിളിക്കേണ്ടത്. അതാ മനസിലെ സ്‌നേഹമാണ്; ആത്മാര്‍ത്ഥതയാണ്.

അങ്ങനെയുള്ളൊരാളോട് അതേ യേശുദാസ് കാട്ടിയത് നന്ദികേടോ വഞ്ചനയോ എന്നൊക്കെ കാലം തീരുമാനിച്ചു വിധിക്കട്ടെ. പക്ഷേ സ്വയം ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ കൊല്ലമെത്ര കഴിഞ്ഞാലും വിജയിക്കണമെന്നില്ല. ആ മരണം അല്ലേ ആദ്യം സംഭവിച്ചത്. പിന്നീടല്ലേ സ്മാരകവും മന്ദിരവുമൊക്കെ. മലയാറ്റൂര്‍ പറഞ്ഞത് ആരോടുമുള്ള കൊതിക്കെറുവായിരുന്നില്ലെന്നു വിശ്വസിക്കുന്നവരാണ് ഏറെയും. സ്മാരകം പണിയാന്‍ പണം കൊടുക്കാതിരുന്നതോ ആരും ചോദിച്ചു വരാതിരുന്നതോ അല്ല യഥാര്‍ത്ഥ വിഷയം. ആ മൃതശരീരമോ, പിന്നീട് ആ ദേഹം വെണ്ണീറായി തീര്‍ന്ന മണ്ണോ, ഒരുപാടുവട്ടം ചോറുവിളമ്പി തന്നിട്ടുള്ള, തന്‍മകനെക്കാള്‍ സ്‌നേഹം നല്‍കിയ ആ അമ്മയേയോ കാണാന്‍ തോന്നാതിരുന്നത് എന്തുകൊണ്ടാണ് എന്നതാണ് യേശുദാസ് മറുപടി പറയേണ്ടുന്ന ചോദ്യം.

ആരും എന്നോട് സംഭാവന ചോദിച്ചു വരാതിരുന്നതുകൊണ്ടാണ് ഞാനൊന്നും കൊടുക്കാതിരുന്നതെന്നു രാമവര്‍മ സ്മാരകവുമായി ബന്ധപ്പെടുത്തി ദാസ് പറയുന്നുണ്ട്. സിനിമയില്‍ നിന്നും അത്രയയധികമൊന്നും സമ്പാദിച്ചിരുന്നില്ല രാമവര്‍മ. ആകെയുണ്ടാക്കിയത് ഒരു വീടായിരുന്നു. വയലാറിന്റെ അവസ്ഥയറിയാവുന്ന സുമനുസുകള്‍ ചേര്‍ന്ന് വയലാര്‍ രാമവര്‍മ സ്മാരക നിധിയുണ്ടാക്കി. ആയതിലേക്കായി സമൂഹത്തിന്റെ നാനതുറകളില്‍ ഉള്ളവര്‍ അവരവര്‍ക്കു കഴിയുന്ന തുക നല്‍കി. നെടുങ്ങണ്ടയിലുള്ള ഒരു ഏഴാം ക്ലാസുകാരി തന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് കിട്ടിയ അഞ്ചുരൂപയും ഈ നിധിയിലേക്കു നല്‍കിയിരുന്നു. ആരുടെയും നിര്‍ബന്ധം കൊണ്ടോ ആരും സംഭാവന ചോദിച്ചു ചെന്നിട്ടോ ആയിരുന്നില്ല അതൊന്നും.

വയലാറില്‍ ഇപ്പോള്‍ രാമവര്‍മയ്ക്ക് ഒരു സ്മാരകം ഉണ്ട്. കഴിഞ്ഞപോയതിനെ കുറിച്ചോര്‍ത്ത് കുറ്റബോധം തോന്നുന്നുണ്ടെങ്കില്‍ ഒരിക്കലെങ്കിലും ആ അവിടെയൊന്ന് പോകാവുന്നതാണ്. മറ്റാരുമില്ലെങ്കിലും ഒരിക്കല്‍ താങ്കളുടെ പ്രിയപ്പെട്ടവനായിരുന്ന കൂട്ടന്റെ ഓര്‍മകളെങ്കിലും കാണും; ഉറപ്പ്. പുലിമുരുകന്‍ ഇമേജ് ഒക്കെ അത് കഴിഞ്ഞു തീരുമാനിച്ചാല്‍ പോരേ?


Next Story

Related Stories