TopTop
Begin typing your search above and press return to search.

വസ്ത്രം മുതല്‍ ജീവിതം വരെ

വസ്ത്രം മുതല്‍ ജീവിതം വരെ

വസ്ത്രസ്വാതന്ത്ര്യം വീണ്ടും സംസാരവിഷയമായിരിക്കയാണ്. ഇത്തവണ ഗന്ധർവഗായകൻ യേശുദാസ് ആണ് വിവാദങ്ങളുടെ നടുക്ക്. പിന്നാലെ സൂപ്പര്‍ താരമുള്‍പ്പെടെ ചില പിന്തുണക്കാരും ഉണ്ട്. ചില കാര്യങ്ങൾ വീണ്ടും വീണ്ടും എടുത്തു പറയേണ്ടി വരുന്നത് നിരാശപ്പെടുത്തുന്നുവെങ്കിലും പറഞ്ഞുകൊണ്ടേ ഇരിക്കുക എന്നതൊരു സാമൂഹ്യമായ കടമ ആണെന്ന് കരുതുന്നതിനാൽ ഇതും എഴുതുന്നു...ഒരു പ്രത്യേക വസ്ത്രശൈലി മാന്യമോ അല്ലയോ എന്നതാണ് പൊതുവെ വസ്ത്രവിവാദങ്ങളുടെ വിഷയം; മുമ്പൊരിക്കൽ വിഷയമായത് ലെഗിങ്ങ്സ് ആണെങ്കിൽ ഇത്തവണ ജീൻസ് ആണ്. പൊതുവെ സ്ത്രീയുടെ വസ്ത്രധാരണമാണ് വിഷയം; അപൂർവമായി ചെറുപ്പക്കാരായ പുരുഷന്മാരുടെ, കൂടുതലും കൌമാരക്കാരുടെ, വസ്ത്രധാരണം വിഷയമാകാറുണ്ട്‌; അതൊരുതരം "ഈ തലമുറ ശരിയല്ല; ഞങ്ങളുടെ തലമുറ ആണ് ശരികളുടെ തലമുറ" എന്ന സ്ഥിരം കാരണവർ വാദത്തിന്റെ ഭാഗമാണ് പലപ്പോഴും. യേശുദാസിന്റെ കാര്യത്തിൽ ഈ കാരണവർ വാദവും ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നു.എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിവാദം തന്നെ ഉണ്ടായി വരുന്നത് എന്ന് തുടക്കത്തിൽ ആലോചിക്കേണ്ടതുണ്ട്. ആരുടെ വസ്ത്രരീതിയാണ് വിവാദമാകുന്നത് എന്ന് ശ്രദ്ധിച്ചാൽ, പൊതുവെ സമൂഹത്തിൽ അധികാരസ്ഥാനം കല്പിച്ചു നല്കപ്പെട്ടിട്ടില്ലാത്ത, അഥവാ സമൂഹം 'അനുസരണ' പ്രതീക്ഷിക്കുന്നവരുടെ വസ്ത്രരീതിയാണ് ചർച്ച എന്ന് കാണാം; സ്ത്രീകൾ, കൌമാരക്കാർ തുടങ്ങിയവർ... മുതിർന്ന പുരുഷൻ മുണ്ട് മടക്കിക്കുത്തിയാൽ ശ്രദ്ധിക്കപ്പെടാത്ത, എന്നാൽ പുതുതലമുറക്കാരൻ ബർമുഡ ഇട്ടാൽ മോശമാകുന്ന അതെ അധികാരചിന്താഗതി തന്നെയാണ് സ്ത്രീയുടെ വസ്ത്രങ്ങളെ പറ്റി തനിക്കഭിപ്രായം പറയാം എന്ന തോന്നലും പുരുഷസമൂഹത്തിലുണ്ടാക്കുന്നത്.

വസ്ത്രധാരണത്തെ പറ്റി സ്ത്രീസമൂഹത്തിൽ നിന്നും അത്തരം കമന്റുകൾ കേൾക്കാറുണ്ട്. താൻ സമൂഹം അനുശാസിക്കുന്ന മാന്യമായ വസ്ത്രം ധരിക്കുന്നവൾ ആണെന്നും മറ്റുള്ളവർ എന്റെയത്ര മാന്യർ അല്ലെന്നുമുള്ള ഒരു തരം Holier than thou ചിന്ത ആകാമത്; ചിലപ്പോള കാരണവർ വാദവുമാകാം; മറ്റു ചിലപ്പോൾ വസ്ത്രം അക്രമത്തിനു കാരണമാകുന്നു എന്ന വളരെ ആത്മാർഥമായ ഭയത്തിന്റെ മറ്റൊരു വശവും; ഈ ഭയവും സമൂഹസൃഷ്ടി തന്നെയാണ്.അഭിപ്രായസ്വാതന്ത്ര്യവും ഒരു വിഷയത്തിൽ അഭിപ്രായം പറയാനുള്ള ധാർമികാവകാശവും രണ്ടും രണ്ടാണ്. ഇവിടെ അഭിപ്രായസ്വാതന്ത്ര്യമല്ല വിഷയം. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുക സാധാരണ ഫാസിസ്റ്റ് ഭരണകൂടങ്ങളോ വിജിലാന്‍റെ ഗ്രൂപ്പുകളോ ഒക്കെ ആയിരിക്കും. അവിടെ ഒരു പ്രത്യേക അഭിപ്രായം പറയാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ നിയമപരമായോ ഭീഷണിയിലൂടെയോ അക്രമത്തിലൂടെയോ ഒക്കെ തടയുകയാണ് ചെയ്യുന്നത്; എതിർക്കപ്പെടേണ്ട പ്രവണതയുമാണത്. എന്നാൽ ഒരു വ്യക്തി പറഞ്ഞ അഭിപ്രായത്തിൽ പരാമർശിക്കപ്പെട്ട വിഷയം, അയാൾക്കത് പറയാനുള്ള ധാർമികാവകാശം എന്നിവ ചോദ്യം ചെയ്യപ്പെടാം; ശക്തമായി തന്നെ വിമർശിക്കപ്പെടാം. അഭിപ്രായസ്വാതന്ത്ര്യത്തിൽ ഈ വിമർശനസ്വാതന്ത്ര്യവും പെടും.ഇവിടെ യേശുദാസിന്റെ വാക്കുകൾ വിമർശിക്കപ്പെടുന്നത്, അല്ലെങ്കിൽ വിമർശിക്കപ്പെടേണ്ടത്, അപരവ്യക്തികളുടെ വ്യക്തിപരമായ വിഷയങ്ങളിൽ അത്തരമൊരു അഭിപ്രായം പറയാനുള്ള ധാർമികാവകാശത്തിൻറെ പേരിലാണ്. യേശുദാസ് ജുബ്ബ ധരിക്കുന്നത് ശരിയോ തെറ്റൊ, മുണ്ടുടുക്കുന്നത് മാന്യമോ എന്നൊക്കെ തീരുമാനിക്കാനുള്ള ധാർമികാവകാശം മറ്റൊരാൾക്ക് ഇല്ലാത്തതു പോലെ തന്നെ പെണ്‍കുട്ടികളുടെ വസ്ത്രധാരണം എങ്ങനെ ആയിക്കൂടാ എന്ന് തീരുമാനിക്കാനുള്ള ധാർമികാവകാശം ഗന്ധർവഗായകനുമില്ല. ഉണ്ടെന്ന തോന്നൽ താനൊരധികാരസ്ഥാനത്തിരിക്കുന്നു എന്ന ധാരണയിൽ നിന്നാണ് ഉടലെടുക്കുന്നത്; പ്രായം കൊണ്ടോ സമൂഹത്തിലെ സ്ഥാനം കൊണ്ടോ ധനം കൊണ്ടോ ലിംഗഭേദം കൊണ്ടോ ഒക്കെ അധികാരശ്രേണി തീരുമാനിക്കപ്പെടുന്ന ഒരു വ്യവസ്ഥയുടെ സ്വാധീനമാണ് ആ വാക്കുകളിൽ കാണുന്നത്.എന്തായാലും ഈ വിഷയം സോഷ്യൽ മീഡിയയെ വീണ്ടും വസ്ത്രസ്വാതന്ത്ര്യചർച്ചയിലെക്ക് തിരിച്ചു വിട്ടിട്ടുണ്ട്. ഇത്തരം ചർച്ചകളിൽ മൂന്നു വാദങ്ങളാണ് പൊതുവെ കണ്ടു വരുന്നത്; ഒന്ന്: ഭാരതീയസംസ്കാരവാദം, രണ്ട്: പൊതുജനത്തിന്റെ ദർശനസൗകര്യം (ചിലർ ചില വസ്ത്രങ്ങള ധരിച്ചാൽ കാണാൻ നന്നല്ല; കാഴ്ചക്കാർക്ക് അരോചകമാകുന്നു എന്ന വാദം), മൂന്ന്: വസ്ത്രധാരണരീതി ബലാല്ക്കാരത്തിനു കാരണമാകുന്നു. ഈ മൂന്നുവാദങ്ങളും വെവ്വേറെ തന്നെ പരിശോധിക്കേണ്ടതുണ്ട്.വസ്ത്രധാരണത്തിന്റെ ചരിത്രം സംസ്കാരങ്ങളും ഭാഷകളും പോലെ തന്നെ വൈവിധ്യമാർന്നതാണ്. അങ്ങോട്ടുമിങ്ങോട്ടും കൊടുത്തും വാങ്ങിയും പങ്കുവെച്ചുമാണ് സംസ്കാരങ്ങളും ഭാഷകളും വളർന്നു വന്നത്; വസ്ത്രരീതികളും ആഭരണങ്ങളും എല്ലാം ഇതുപോലെ തന്നെ; തികച്ചും തനതായ എന്നവകാശപ്പെടാവുന്ന ഒന്ന് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. സംസ്കാരത്തിന്റെ ഭാഗമായ വസ്ത്രധാരണം എന്ന വാദമുന്നയിക്കുമ്പോൾ ഇന്ത്യാചരിത്രത്തിന്റെ ഏതു കാലഘട്ടത്തിൽ നിന്നാണ് ഈ സംസ്കാരവും വസ്ത്രരീതിയും ഒക്കെ കടമെടുക്കുന്നത് എന്നും വാദികൾ വ്യക്തമാക്കേണ്ടി വരും; ഇന്ത്യാചരിത്രം എന്നാൽ ഉപഭൂഖണ്ഡത്തിന്റെ ചരിത്രമോ അതോ രാജ്യത്തിന്റെ ചരിത്രമോ എന്നും...

ഇതിലേതു തന്നെ നോക്കിയാലും ഒരു പ്രത്യേകവേഷവിധാനം കാലാകാലങ്ങളോളം പിന്തുടർന്ന് വന്ന രീതി ഇവിടുണ്ടായിരുന്നില്ല എന്ന് കാണാം; തന്നെ. തുണിയുണ്ടാക്കാൻ ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കൾ തുടങ്ങി വസ്ത്രശൈലികളുടെ വൈവിധ്യവും ഫാഷനും വരെ മാറിക്കൊണ്ടിരിക്കും ഓരോ കാലഘട്ടത്തിലും. ഇത് തന്നെ പലപ്പോഴും ഒരേ രാജ്യത്തിനകത്തെ ഭൂമിശാസ്ത്രത്തിനും കാലാവസ്ഥക്കും എല്ലാമനുസരിച്ച് വ്യതിയാനങ്ങളോടെ പ്രത്യക്ഷപ്പെടുന്നതും കാണാം. ഫാഷൻ രംഗം, എന്നത്തെക്കാളുമുപരി ഒരുപാട് വൈവിധ്യങ്ങൾ കാഴ്ചവെക്കുന്ന ഒരു കാലമാണിത്; പ്രത്യേകിച്ച് വിഷ്വൽ, സോഷ്യൽ മീഡിയകളുടെ അതിപ്രസരത്തിൽ രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയെല്ലാം അതിർത്തികൾ നേർപ്പിക്കപ്പെടുമ്പോൾ...

ബെസ്റ്റ് ഓഫ് അഴിമുഖം


ഞാന്‍ ഒരു സ്ത്രീയാണ്; എനിക്ക് മുലകളും മുലയിടുക്കുമുണ്ട്! എന്താണ് നിങ്ങളുടെ പ്രശ്‌നം?
ചുരിദാര്‍ ധരിക്കുന്നതും ഫേസ്ബുക്കില്‍ ഫോട്ടോ ഇടുന്നതും അഴിഞ്ഞാട്ടമോ? ചോദിക്കുന്നത് ഒരു അധ്യാപികയാണ്
ശ്വേതാ ബാസുവും (ഇ)മോറല്‍ പോലീസിംഗും
പാട്ടും ശരീരവും യേശുദാസും
സദാചാരത്തിന്റെ മാലാഖകളേ, പൊതു ഇടങ്ങളിലെ ചുംബനം അശ്ലീലമാണോ? വീണാ മണി എഴുതുന്നുവസ്ത്രസ്വാതന്ത്ര്യം എന്നാ വിഷയം വരുമ്പോൾ പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉയർന്നുവരാറുണ്ട്. പർദ്ദ എന്ന വാക്കിനു തിരശ്ശീല എന്നാണു വാച്യാർഥം എങ്കിലും മുഖമൊഴിച്ച് ശരീരം മുഴുവൻ മറക്കുന്ന കറുത്ത വസ്ത്രത്തിനാണ് ഈ പേര് പൊതുവെ വിളിക്കാറുള്ളത്. (മുഖാവരണം ഇവിടെ ചർച്ച ചെയ്യുന്നില്ല; അത് തികച്ചും വ്യത്യസ്തമായ ഒരു വിഷയമായി തന്നെ കാണേണ്ടി വരും; ഇവിടെ തൽകാലം അത് മാറ്റി നിർത്തുന്നു). അത്തരമൊരു വസ്ത്രം ഒരു വസ്ത്രശൈലിയായി തെരഞ്ഞെടുക്കാനും ഉപയോഗിക്കാനും തീർച്ചയായും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം; സംശയമില്ല. എന്നാൽ പൊതുവെ പർദ്ദ എതിർക്കപ്പെടുന്നത് അതൊരു വസ്ത്രധാരണരീതി എന്ന രീതിയിലല്ല; ആവുകയുമരുത്. അതിന്റെ നിർബന്ധിത ഉപയോഗവും മഹത്വവൽകരണവും ആണെതിർക്കപ്പെടെണ്ടത്. മാന്യമായ, സുരക്ഷിതമായ ഒരേയൊരു വസ്ത്രം തുടങ്ങിയ പ്രചാരണങ്ങളും പർദ്ദ ധരിക്കാത്തവരോടുള്ള അനുചിതപ്രതികരണങ്ങളും സ്വീകാര്യമല്ല. മറ്റു വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ വിമർശിക്കുമ്പോൾ, പർദയല്ലാത്തവ മോശം എന്ന് പ്രഖ്യാപിക്കുമ്പോൾ, വസ്ത്രസ്വാതന്ത്ര്യത്തിന്റെ പേരിൽ പർദ്ദ ധരിക്കാനുള്ള അവകാശം പർദാവാദികൾ സ്വയം ഉപേക്ഷിക്കുകയാണ്. അവിടെ പർദ്ദ ഒരു വസ്ത്രധാരണരീതി എന്നത് മാറി ഒരു രാഷ്ട്രീയായുധമാകുന്നു.വ്യത്യസ്തമായ ആവശ്യങ്ങൾക്ക്, വ്യത്യസ്തമായ സന്ദർഭങ്ങൾ അനുസരിച്ചു വസ്ത്രധാരണശൈലി സ്വീകരിക്കുന്ന പ്രവണത ആധുനികസമൂഹത്തിലുണ്ട്; ഇതെല്ലാം സ്വയം തെരഞ്ഞെടുക്കാനുള്ള പക്വതയും പ്രാപ്തിയും വ്യക്തികൾക്കുമുണ്ട്; സ്ത്രീ ആയാലും പുരുഷൻ ആയാലും. നിത്യോപയോഗം, ഉത്സവങ്ങൾ, ചടങ്ങുകൾ, വിവാഹം, മരണം തുടങ്ങി പല സന്ദർഭങ്ങളിൽ പല ശൈലികൾ പഴയസമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു. എന്നാൽ ഇവയൊന്നും തന്നെ കാലാനുഗതമായി മാറ്റം വരാത്തവയോ ഒരൊറ്റയടിക്ക് നിലവിൽ വന്നവയോ അല്ല. മനുഷ്യസംസ്കാരത്തിൽ സൌന്ദര്യബോധത്തിനു വളരെയധികം പ്രാധാന്യമുണ്ട്; മാറിവരുന്ന തലമുറകളുടെ മാറിവരുന്ന കാഴ്ചപ്പാടുകൾ അനുസരിച്ച് മറ്റെതു വിഷയത്തിലുമെന്ന പോലെ വസ്ത്രധാരണശൈലികളിലും മാറ്റങ്ങൾ പ്രത്യക്ഷപ്പെടും; അത് നടക്കുന്നുമുണ്ട്.മറ്റൊരു വാദം ചിലർ ചില വസ്ത്രങ്ങൾ ധരിക്കുന്നത് കാഴ്ചക്കാരിൽ അലോസരമുണ്ടാക്കുന്നു എന്നതാണ്. രസകരമായൊരു വാദമാണിത്; സ്വന്തം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ സാമൂഹ്യനിയമങ്ങളാകണം എന്നതാണാവശ്യം. ഈ അലോസരം ആരിലുണ്ടാകുന്നു, ആരുടെയൊക്കെ അലോസരം കണക്കിലെടുത്താണ് ഇത്തരം സാമൂഹ്യനിയമങ്ങൾ നടപ്പാക്കേണ്ടത് എന്ന് ചോദിച്ചാൽ കുഴഞ്ഞു പോകും. കാരണം ഓരോ വ്യക്തിക്കും അലോസരമുണ്ടാക്കുന്ന കാഴ്ചകൾ പലതാകാം; വളർന്നു വന്ന ചുറ്റുപാടുകൾ, വ്യക്തിയനുഭവങ്ങൾ, മുൻധാരണകൾ എന്നിങ്ങനെ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്.

കേടുവന്ന നഖങ്ങൾ, വിണ്ടുകീറിയ കാലുകൾ, പുഴുക്കുത്തു വന്ന പല്ല്, ത്വക്ക് രോഗങ്ങൾ എന്നിവയെല്ലാം ചിലരിൽ അലോസരമുണ്ടാക്കിയെക്കാം; അതെല്ലാം പക്ഷെ അവരുടെ മാത്രം പ്രശ്നമാണെന്നും അങ്ങനെയുള്ളവർ ഷൂ ധരിച്ചും ചിരിക്കാതെയും പർദയിട്ടും എല്ലാം പുറത്തിറങ്ങി നടക്കണമെന്നും ആവശ്യപ്പെടാൻ ആർക്കും അവകാശം ഇല്ലെന്നുമൊക്കെ പൊതുബോധം വളരെ എളുപ്പത്തിൽ സമ്മതിക്കും; എന്നാൽ ശരീരവണ്ണം കൂടുതലോ കുറവോ ഉള്ള സ്ത്രീകളുടെ വസ്ത്രധാരണരീതികൾ തങ്ങളിൽ അലോസരമുണ്ടാക്കുന്നുവെന്നും അതുകൊണ്ടവ ഉപേക്ഷിക്കണമെന്നും അടുത്ത ശ്വാസത്തിൽ തന്നെ, പറയുന്നതിലെ വൈരുദ്ധ്യാത്മകത ഒട്ടും മനസ്സിലാക്കാതെ തന്നെ പ്രഖ്യാപിക്കുകയും ചെയ്യും.ഇവിടെ പ്രവർത്തിക്കുന്നത് നേരത്തെ പറഞ്ഞ അതേ അധികാരബോധം തന്നെയാണ്; സ്ത്രീയെന്നത് സ്വതന്ത്ര വ്യക്തിയാണെന്നും സമൂഹത്തിന്റെ പൊതുസ്വത്തല്ലെന്നും "നമ്മുടെ സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണം" എന്ന സാമാന്യവൽകരണവുമായി നടക്കുന്നവർക്ക് ദഹിക്കാനല്പം പാടാണ്. അവരെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ഐഡന്റിറ്റി 'നമ്മുടെ/ ഞങ്ങളുടെ സ്ത്രീകൾ', 'നിങ്ങളുടെ സ്ത്രീകൾ, 'അവരുടെ സ്ത്രീകൾ' എന്നീ ഉടമസ്ഥാവകാശ പ്രഖ്യാപനങ്ങൾക്കകത്താണ്.സമൂഹത്തിന്റെ പാതിവരുന്ന പുരുഷസമൂഹത്തിന് ഏതവസരത്തിൽ ഏതു വസ്ത്രം ധരിക്കണമെന്ന് മറുപാതിയുടെ തീട്ടൂരങ്ങൾ ആവശ്യമില്ലെന്നിരിക്കെ, മുണ്ട് മടക്കിക്കുത്തുമ്പോൾ രോമാവൃതമായ കാലുകളുടെ പ്രദർശനം മറുപാതിക്ക് അലോസരമുണ്ടാക്കുന്നുണ്ടോ എന്ന് വേവലാതിപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നിരിക്കെ, സ്ത്രീയുടെ കാര്യത്തിൽ മാത്രം പൊതുജനാഭിപ്രായത്തിൻറെ ആവശ്യമെന്താണ്? പുരുഷനെ പോലെ തന്നെ സ്വജീവിതത്തിൽ ഇത്തരം തെരഞ്ഞെടുപ്പുകൾ നടത്താനും തീരുമാനങ്ങളെടുക്കാനും കെല്പുള്ള പൂർണവ്യക്തികൾ തന്നെയാണ് സ്ത്രീകൾ.വസ്ത്രവിവാദങ്ങൾ പൊതുവെ ഒരുപടികൂടി കടന്നു നഗ്നതാവിവാദത്തിൽ എത്തി നില്ക്കുന്നത് കാണാറുണ്ട്‌; ഇതും ഒന്നോർത്താൽ രസകരമാണ്. നഗ്നത എന്നാൽ വസ്ത്രരീതിയുമായി ഒട്ടും ബന്ധമില്ലാത്ത ഒന്നാണ്; നഗ്നതയ്ക്ക് വസ്ത്രം ഇല്ല; അതുകൊണ്ട് തന്നെ വസ്ത്രശൈലിയും ഇല്ല. വസ്ത്രത്തിന്റെ ശൈലി ചർച്ച ചെയ്യുമ്പോൾ അവിടെ നഗ്നത കൊണ്ട് വരുന്നത് ടിവി ചാനലുകളിൽ ഏതു നല്ലത്, ഏതു മോശം എന്ന് ചർച്ച ചെയ്യുന്നിടത്ത് ടിവിയേ ഇല്ലാത്തതാണ് മോശം എന്ന് പറയുന്നത് പോലാകും.

"സഭ്യ"മല്ലാത്ത നഗ്നതാപ്രദർശനം" പൊതുസ്ഥല"ങ്ങളിൽ പലരാജ്യങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യൻ നിയമം ഇക്കാര്യത്തിൽ തീരെ വ്യക്തത ഇല്ലാത്ത ഒന്നാണ്; എന്താണ് സഭ്യം, അസഭ്യം എന്നതിന് വ്യക്തമായ നിർവചനം ഇല്ലാത്തതു കൊണ്ട് തന്നെ ഈ നിയമം ധാരാളമായി ദുരുപയോഗിക്കപ്പെടുന്നുണ്ട്; ആരാണ്, എന്തിന്റെ അടിസ്ഥാനത്തിലാണ് സഭ്യത തീരുമാനിക്കുന്നത് എന്നതാണ് പ്രധാനപ്രശ്നം. ഇത്തരമൊരു വിഷയത്തിലിടപെടുന്ന പോലീസിനും കോടതിക്കും വ്യക്തിപരമായി എന്തെല്ലാം സഭ്യം, അസഭ്യം എന്ന് തോന്നുന്നുവോ അതെല്ലാം നിയമമായി നടപ്പിലാക്കപ്പെടുന്നു; വസ്ത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല പൊതുസ്ഥലത്തെ പ്രണയികളുടെ പെരുമാറ്റങ്ങളും ഇതേ നിയമമുപയോഗിച്ച് നിയന്ത്രിക്കപ്പെടാറുണ്ട്. കൃത്യമായ നിർവചനവും നിബന്ധനകളുമില്ലാത്ത ഇത്തരം നിയമങ്ങൾ ഗുണത്തെക്കാളുപരി ദോഷം ആണ് ചെയ്യുക; ദുരുപയോഗസാധ്യത തടയാൻ നിയമങ്ങൾ കൃത്യമായി എഴുതപ്പെട്ടിരിക്കണം.ലൈംഗികാവയവങ്ങളുടെ പ്രദർശനമാണ് പല വികസിതരാജ്യങ്ങളിലും പൊതുവെ നിയമവിരുദ്ധമായ നഗ്നതാപ്രദർശനമായി കണക്കാക്കപ്പെടുന്നത്; ഇതുതന്നെ ന്യൂഡ്‌ ബീച്ചുകൾ, അഡൾട്ട്സ് ഒണ്‍ലി പ്രൈവറ്റ് സ്പേസസ് തുടങ്ങിയ ഇടങ്ങളിൽ നിയമവിധേയമാണ്; വ്യക്തിയുടെ സ്വകാര്യതയെ, തീരുമാനങ്ങളെ ഭരണകൂടം മാനിക്കുന്നു എന്നർഥം. ഇത്തരം നിയമങ്ങൾ സദാചാരം സംരക്ഷിക്കാനല്ല നിലനില്ക്കുന്നത്; ആവുകയുമരുത്. പൊതുസ്ഥലങ്ങളിലെ നിരോധനം, കൂടുതലും കുട്ടികളുടെ സാന്നിദ്ധ്യത്തിന്റെ സാധ്യത തുടങ്ങിയ പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയാണ്; കുട്ടികളുടെ മുന്നിൽ വെച്ചുള്ള ലൈംഗികാവയവങ്ങളുടെ പ്രദർശനം ലൈംഗികാതിക്രമമായാണ് കണക്കാക്കി വരുന്നത്. ഇവിടെയും പക്ഷെ, അങ്ങനെയെടുത്ത് പുറത്ത് പ്രദർശിപ്പിക്കാവുന്ന ലൈംഗികാവയവം ഉള്ളത് പുരുഷനാണ്; സ്ത്രീക്ക് അതുപോലെ പ്രദർശിപ്പിക്കണമെങ്കിൽ ചില്ലറ ജിംനാസ്റ്റിക്സ് പ്രാവീണ്യം മതിയാവില്ല! (നഗ്നതയുടെ മാന്യതയും സാധ്യതയും ഒരു ചർച്ചാവിഷയം തന്നെയാണ്; പക്ഷെ ഇവിടെ അതല്ലല്ലോ നമ്മൾ പരിശോധിച്ചു കൊണ്ടിരിക്കുന്നത്; അതുകൊണ്ടിതിവിടെ നിർത്തുന്നു).അടുത്തത് സുരക്ഷിതത്വവാദമാണ്. സ്ത്രീയുടെ സുരക്ഷിതത്വം അവളുടെ വസ്ത്രത്തിൽ ഉടക്കിക്കിടക്കുന്നു എന്ന ധാരണ വരുന്നത് സ്ത്രീശരീരം പുരുഷനെ ലൈംഗികമായി ആകർഷിക്കുന്നു; ഈ ആകർഷണം ബലാല്ക്കാരത്തിനു പ്രേരിപ്പിക്കുന്നു എന്ന ചിന്തയിൽ നിന്നാണ്. ഈ മനോഭാവം പുരുഷസമൂഹത്തെ പൊതുവെ, മൃഗതൃഷ്ണയിൽ നിന്ന് ഒരല്പം പോലും സമൂഹജീവിയായി മുന്നോട്ടു പോയിട്ടില്ലാത്ത പ്രാകൃതരായി വിലയിരുത്തി അപമാനിക്കുന്നു എന്നതൊരു കാര്യം; അതവിടെ നിൽക്കട്ടെ. ഈ വാദത്തിന്റെ തന്നെ സാധുത എന്താണ് എന്നാദ്യം പരിശോധിക്കേണ്ടതുണ്ട്.വസ്ത്രധാരണം ലൈംഗികാകർഷണത്തിനു കാരണമായേക്കാവുന്ന പല വഴികളിൽ ഒന്നു മാത്രമാണ്. Sexual fetishness പല വ്യക്തികളിൽ പല തരത്തിലാണ് കണ്ടു വരുന്നത്. മണം, ഉയരം, ആകാരം, ചുണ്ടുകൾ, കണ്ണുകൾ, പാദങ്ങൾ, വാച്ച്, ചെരിപ്പ്, മുടി, ശബ്ദം, നിറം, വസ്ത്രത്തിന്റെ നിറം, ബുദ്ധിശക്തി, അറിവ് എന്നിങ്ങനെ ലൈംഗികഉത്തേജനത്തിന്റെ വഴികൾ വളരെ വൈവിധ്യം നിറഞ്ഞതാണ്. ലൈംഗികാകർഷണം എന്നത് ഇല്ലാതാക്കാൻ കഴിയുന്ന ഒന്നുമല്ല; അതിന്റെ ആവശ്യവുമില്ല. ഉത്തേജനം ഇല്ലാതാക്കാൻ വസ്ത്രത്തിന്റെ അളവ് കൂട്ടുമ്പോൾ അടുത്ത് സംഭവിക്കുന്നത് ലഭ്യമായ കാഴ്ചകളും ഭാവനയും വെച്ച് ഉത്തേജനം സംഭവിക്കുക എന്നതു മാത്രമാണ്; സ്ത്രീകൾ ശരീരത്തിന്റെ ഒരിഞ്ചു പോലും പുറത്തുകാണിക്കാതെ പുറത്തിറങ്ങുന്ന അവസരത്തിൽ ആ വസ്ത്രത്തിനുള്ളിൽ സ്ത്രീയാണ് എന്ന അറിവോ തോന്നലോ പോലും മതിയാകും അത്തരമൊരു ഉത്തേജനത്തിന്. പ്രകൃതിയുടെ അത്ര ശക്തമായ ഒരു പ്രതിഭാസം ആണ് ലൈംഗികാകർഷണം.ലൈംഗിക ഉത്തേജനം തെറ്റല്ല; റേപ് വെറും ഉത്തേജനത്തിന്റെ ഫലവുമല്ല. ലൈംഗിക ആകർഷണം വളരെ സാധാരണമായ ഒന്നാണ്; അത് നിയന്ത്രിക്കുകയോ തടയുകയോ ചെയ്യേണ്ട കാര്യവുമില്ല. ഉത്തേജനം വന്നാൽ തന്നെ അതിൽ ഒരു ചെറിയ ശതമാനമാണു റേപിനു മുതിരുന്നത്. അതാകട്ടെ വസ്ത്രം കണ്ടു പൊടുന്നനെ ചാടിയിറങ്ങുന്നതുമല്ല; അവനെ ആകർഷിച്ചത്, ഉത്തെജിപ്പിച്ചത് എന്തുമാകാം; വസ്ത്രവുമാകാം. പക്ഷെ അവസരം നോക്കി തന്നെയാണ് ഒരു റേപിസ്റ്റ് ആക്രമിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ പൊതുമധ്യത്തിൽ ഉത്തേജിതരായി റേപിസ്റ്റുകൾ ചാടി വീഴുകയും പിടിക്കപ്പെടും ചെയ്യാമല്ലോ. അവസരം വരുന്ന വരെ, തനിക്കപകടം വരാത്തരീതിയിൽ ഒരിരയെ കിട്ടുന്നത് വരെ, കാക്കുന്നത് അവനു നിയന്ത്രണബുദ്ധി ഉളളതു കൊണ്ടുതന്നെയാണ്; എടുത്തുചാടുന്നത് അബദ്ധമാകുമെന്നു ചിന്തിക്കാനുള്ള ബോധം അപ്പോഴും അവനുണ്ട്. ആ നിയന്ത്രണവും ബോധവും സ്ത്രീയെ ആക്രമിക്കാതിരിക്കാൻ ഉപയോഗിക്കാത്തത് അതിന്റെ ആവശ്യകത അവനു ബോധ്യപ്പെടാത്തതു കൊണ്ടും.കീഴ്പ്പെടുത്താനുളള ത്വര, അതിനുളള അവസരം, പിടിക്കപ്പെടില്ലെന്ന ധൈര്യം, സ്ത്രീ ഭയന്നു പുറത്തു പറയില്ലെന്ന ധൈര്യം, റേപ് ചെയ്യപ്പെട്ടാൽ സ്ത്രീയുടെ "പവിത്രത" നഷ്ടപ്പെട്ടു "മാനം" നഷ്ടപ്പെട്ടു എന്നൊക്കെയുളള പൊതുബോധം, സ്ത്രീയുടെ വസ്ത്രവും സ്വഭാവവും അളന്നു അവളെ കുറ്റപ്പെടുത്തുന്ന സമൂഹം എന്നിങ്ങനെ റേപിസ്റ്റിനെ പ്രോൽസാഹിപ്പിക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്. അതായത് ഇരയാക്കപ്പെട്ടവളുടെ വസ്ത്രമളക്കുന്ന മനോഭാവം സ്ത്രീ ധരിച്ച വസ്ത്രത്തേക്കാൾ ഒരു റേപിസ്റ്റിനു പ്രോത്സാഹനം നൽകുന്ന ഒന്നാണ് എന്ന് സാരം! ഇരയുടെ കുറ്റമാണെന്നു പറയുന്ന ഒരു വിഭാഗം ഉളളിടത്തോളം അവനു ഇര പരാതിപറയാനുളള സാധ്യതയെ അധികം ഭയപ്പെടേണ്ടതില്ല.റേപ് കുറക്കാൻ ഒരു വഴിയെ ഉളളൂ... റേപ് ചെയ്യപ്പെട്ടാൽ ജീവിതം നശിച്ചുപോകാത്ത, ഇരയുടെ വസ്ത്രവും സ്വഭാവവുമളന്നു കുറ്റപ്പെടുത്താത്ത ഒരു സമൂഹം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക; കുറ്റവാളിയുടെ നേരെ മാത്രം വിരൽ ചൂണ്ടുക. അങ്ങനെ വരുമ്പോൾ ഇരയാക്കപ്പെട്ടവൾ തനിക്കെതിരെ തിരിയാൻ സാധ്യതയില്ലെന്ന ബോധം ഇല്ലാതാകും; സൂക്ഷിക്കേണ്ടത് സ്ത്രീയെക്കാൾ അവളെ ആക്രമിക്കാൻ മുതിരുന്നവൻ ആണെന്ന പൊതുബോധം നിലവിൽ വരണം; അത്തരമൊരു സമൂഹത്തിനു മാത്രമാണ് റേപ് പോലുള്ള സാമൂഹ്യവിഷങ്ങളെ ശരിയായി കൈകാര്യം ചെയ്യാൻ കഴിയുക.

വസ്ത്രവും റേപും തമ്മിൽ ബന്ധമളന്നു ഉപദേശി നടിക്കുന്നവർ ദയവു ചെയ്തു ഒരുകാര്യം മനസ്സിലാക്കുക; ഇരയുടെ നേരെ വിരൽ ചൂണ്ടുന്ന ആ വൃത്തികെട്ട മനോഭാവമുണ്ടല്ലൊ; ഇരയാക്കപ്പെട്ട പെൺകുട്ടികൾ അതു റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നതിനൊരു പ്രധാനകാരണമാണത്. കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ റേപിസ്റ്റുകൾ നേരത്തെ പിടിക്കപ്പെട്ടേക്കും; അയാൾ മൂലം ഭാവിയിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾ രക്ഷപ്പെട്ടേക്കും. തനിക്കു നേരെ വിരൽ ചൂണ്ടപ്പെടും എന്ന ഭയമില്ലാതെ ഇരയാക്കപ്പെട്ടവൾക്ക് സമൂഹത്തിൽ സാധാരണ ജീവിതം നയിക്കാൻ കഴിയും. റേപിസ്റ്റിനു പ്രധാന വളമാകുന്നത് വസ്ത്രവും ആകർഷണവും ഒന്നുമല്ല; തന്റെ വസ്ത്രവും സഞ്ചാരസ്വാതന്ത്ര്യവും വാക്കുകളും സ്വഭാവവും പ്രണയവും ചരിത്രവും എല്ലാം പൊതുമധ്യത്തിൽ യാതൊരു കരുണയുമില്ലാതെ അളക്കപ്പെടുന്ന ഇരയുടെ ദൈന്യതയാണ് ഒരു റേപിസ്റ്റിന്റെ ഏറ്റവും വലിയ പ്രോത്സാഹനം! സാമൂഹ്യബോധം എന്നതൊന്ന് ബാക്കിയുണ്ടെങ്കിൽ ചിന്തിക്കുക!സ്വന്തം കായികശക്തി, പ്രതിരോധിക്കാനുളള കഴിവ്, സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകത, പ്രതിരോധരീതി തുടങ്ങി പുരുഷന്മാർ സ്വയം ചിന്തിച്ചു തീരുമാനമെടുക്കുന്ന കാര്യങ്ങളിലെല്ലാം അതേ പോലെ സ്ത്രീക്കും സ്വയം ചിന്തിച്ചു തീരുമാനമെടുക്കാൻ കഴിയും. പുരുഷന്മാരിൽ കായികശക്തി കുറവുളളവരും ബലഹീനരും അപകടങ്ങളും അക്രമങ്ങളും ഒഴിവാക്കാൻ എത്തരത്തിൽ പെരുമാറണം എന്നാരും സാമാന്യനിയമങ്ങൾ ഇറക്കിക്കണ്ടിട്ടില്ല; അതു പോലെ തന്നെ സ്ത്രീകൾക്കും അത്തരം പൊതുനിയമങ്ങൾ ആവശ്യമില്ല തന്നെ. ഒരു സ്ത്രീയുടെ കാര്യം ഒരു വ്യക്തി എന്ന എല്ലാ പരിഗണനയോടും കൂടെ അവൾക്കു തന്നെ വിട്ടുകൊടുക്കുക.ഒരു മതമോ വിശ്വാസമോ തെരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ ഉള്ള സ്വാതന്ത്ര്യം ആ മതമോ മതമില്ലായ്മയോ ചില അക്രമികളെ പ്രകോപിപ്പിക്കുമൊ, ആ അക്രമം സ്വയം ചെറുക്കാൻ കഴിയുമോ എന്നതിനനുസരിച്ച് മറ്റാരും നിർദ്ദേശം കൊടുക്കുന്നതായിരിക്കരുത്. ഒരു ഭക്ഷണരീതി (സസ്യാഹാരം Vs മിശ്രാഹാരം) തെരഞ്ഞെടുക്കുന്നതും അത് ചില അക്രമികളെ പ്രകോപിപ്പിക്കുമോ എന്നോർത്തിട്ടാകേണ്ടി വരരുത്. അതു പോലെ തന്നെ വസ്ത്രം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യവും അക്രമികളെ പ്രകോപിപ്പിക്കുമൊ, അക്രമം ചെറുക്കാൻ കഴിയുമൊ എന്നതിനനുസരിച്ച് മറ്റാരും തീരുമാനിച്ചു കൊടുക്കേണ്ടതല്ല. മോഷ്ടാക്കൾ ധാരാളമുള്ളത് കൊണ്ട് സ്വർണാഭരണങ്ങളും വിലപിടിച്ച വാച്ച്, ഫോണ്‍ തുടങ്ങിയവയും കൊണ്ട് പുറത്തിറങ്ങരുത്, കയ്യിൽ പണമുണ്ടെന്നു വിളിച്ചു പറയുന്ന ഒരു പ്രവൃത്തിയും ചെയ്യരുത്; അത് വഴി മോഷ്ടാക്കളെ പ്രകോപിപ്പിക്കരുത് എന്നൊക്കെ പറയുന്നത്ര തന്നെ പരിഹാസ്യമാണ് വസ്ത്രം വഴി റേപ്പിസ്റ്റിനെ പ്രകോപിപ്പിക്കരുത് എന്ന് പറയുന്നത്. അക്രമം ചെറുക്കുകയോ ഒഴിവാക്കുകയോ എന്ത് വേണമെന്നത് തികച്ചും വ്യക്തിഗതമായ തീരുമാനമാണ്; സമൂഹത്തിന്റെയും നിയമത്തിന്റെയും ബാധ്യത അക്രമങ്ങളെയും അക്രമികളെയും നിയന്ത്രിക്കുക എന്നതാണ്; ഇരകളാകാൻ സാധ്യതയുള്ളവരെ കണ്ടെത്തി അവരെ നിയന്ത്രിക്കുക എന്നതല്ല!

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച അനുപമ ആനമങ്ങാടിന്‍റെ ലേഖനങ്ങള്‍


സ്ത്രീകള്‍ക്ക് മാത്രമായുള്ള ചില അദൃശ്യവരമ്പുകള്‍
രക്ഷകരാഷ്ട്രീയം: ചരിത്രത്തിലും വര്‍ത്തമാനത്തിലുംNext Story

Related Stories