TopTop
Begin typing your search above and press return to search.

പോലീസിന്റെ പിരിമുറുക്കം കുറച്ചോളൂ; പക്ഷേ കാവിവല്‍ക്കരിക്കരുത്

പോലീസിന്റെ പിരിമുറുക്കം കുറച്ചോളൂ; പക്ഷേ കാവിവല്‍ക്കരിക്കരുത്

കേരള പോലീസ് കാവിവൽക്കരിക്കപ്പെടുന്നു എന്ന ആക്ഷേപം ശക്തമാണ്. അതിനടിയിൽ ഇപ്പോൾ ഇതാ പോലീസുമായി ബന്ധപ്പെട്ടു മറ്റൊരു വിവാദം കൂടി. പോലീസുകാർക്ക് പ്രഭാത ഡ്രില്ലിനൊപ്പം അല്പം യോഗ പരിശീലനം കൂടി നൽകാനുള്ള കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ തീരുമാനമാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. ഡി ജി പി യുടെ യോഗ പരിശീലന പദ്ധതിക്കെതിരെ പോലീസ് സേനക്കുള്ളിൽ തന്നെ അതൃപ്തി പുകയുന്നതിനിടയിലാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ യോഗ പരിശീനത്തിനു പിന്നിൽ അല്പം കാവി ചിന്ത കടന്നുകൂടിയിട്ടില്ലേ എന്ന സംശയവുമായി രംഗത്ത് വന്നത്. യോഗ പരിശീലിക്കുന്നത് നല്ലതാണെങ്കിലും തീവ്ര മതചിന്ത പോലീസ് മനസ്സുകളിൽ കുത്തിവെക്കുന്ന തരത്തിലുള്ള യോഗ ആവശ്യം ഇല്ലെന്നു ജയരാജൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ തുറന്നടിച്ചിരുന്നു. പൊലീസുകാരെ യോഗ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള സിലബസ് തീവ്ര ഹിന്ദു വികാരം അവരിൽ വളർത്താൻ ഉതകുന്ന തരത്തിലുള്ളതാണ് എന്നാണ് ജയരാജന്റെ ആക്ഷേപം.

ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ രൂപം:

യോഗ മനുഷ്യന്റെ ശാരീരികവും മാനസികവുമായ കരുത്ത് വര്‍ധിപ്പിക്കുന്ന ഒരു പരിശീലന പരിപാടിയാണ്. പ്രകൃതിയുമായി സമരസപ്പെടുന്ന ആശയമാണ് അതിന്റെ പിന്നിലുള്ളത്. എന്നാല്‍ ചില മതസങ്കുചിത വാദികള്‍ അവരുടെ ആശയപ്രചരണത്തിന്റെ ഭാഗമായി യോഗ പരിശീലിപ്പിക്കുന്നുണ്ട്. അത്തരക്കാരുടെ പരിശീലന കളരിയായി പോലീസ് സേനയുടെ ഭാഗമായിട്ടുള്ള ആളുകള്‍ മാറരുത്. സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്നത് ഉചിതവും സ്വാഗതാര്‍ഹാവുമായിട്ടുള്ള കാര്യമാണ്. എന്നാല്‍ മതസങ്കുചിത വീക്ഷണമുള്ള പാഠ്യപദ്ധതിയാണ് ഇപ്പോഴത്തെ പരിശീലനത്തിന് ആധാരമാക്കുന്നത്. ഇത് ആശാസ്യമല്ല.

പോലീസ് സേനയില്‍ മതനിരപേക്ഷതയാണ് പഠിപ്പിക്കേണ്ടത്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട പോലീസ് സേനയെ കുറിച്ചുള്ള പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ പോലീസ് സേന അതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കിടയില്‍ തെറ്റായ ആശയം പ്രചരിപ്പിക്കാനുള്ള വേദിയായി ഇപ്പോഴത്തെ യോഗ സിലബസ് മാറുമോ എന്ന് ആശങ്കപ്പെടുന്നവര്‍ പോലീസ് സേനയില്‍ തന്നെ ഉണ്ട്. പോലീസ് സേനാംഗങ്ങള്‍ക്ക് വര്‍ഗ്ഗീയ മനസല്ല മതനിരപേക്ഷ മനസാണ് വേണ്ടത്. അതുകൊണ്ട് നിലവിലുള്ള യോഗ സിലബസ് മാറ്റി വിശാലവീക്ഷണത്തോട് കൂടി യോഗ പരിശീലിപ്പിക്കുന്നതിനുള്ള സിലബസ് അംഗീകരിക്കണമെന്ന് പോലീസ് മേധാവിയോട്

അഭ്യര്‍ഥിക്കുകയാണ്.

കേരളത്തിലെ പോലീസ് സേനക്ക് ഒരു പുതുവത്സര സമ്മാനം എന്ന നിലക്കാണ് ബെഹ്‌റ യോഗ പഠനം പോലീസുകാരുടെ പ്രഭാത ഡ്രില്ലിന്റെ ഭാഗമാക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഒരു സർക്കുലർ ഡി ജി പി ജില്ലാ പോലീസ് മേധാവികൾക്ക് ഇക്കഴിഞ്ഞ ആഴ്ച അയച്ചിരുന്നു. പരിശീലകനെ അതാതു പോലീസ് മേധാവികൾക്ക് തീരുമാനിക്കാം എന്നും യോഗ പരിശീലനം നിർബന്ധം അല്ലെന്നും സർക്കുലറിൽ പറയുന്നുണ്ട്. ജോലി സംബന്ധമായ പിരിമുറുക്കത്തിൽ നിന്നും തന്റെ സേന അംഗങ്ങൾക്ക് വിമുക്തി എന്ന നല്ല ഉദ്ദേശം മാത്രമാണ് ഇങ്ങനെ ഒരു തീരുമാനത്തിന് പിന്നിൽ എന്നും ബെഹ്‌റ വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ വിവാദത്തിന്റെ വെളിച്ചത്തിൽ പോലീസ് യോഗയുടെ യോഗം എന്തായിരിക്കും എന്നത് കണ്ടുതന്നെ അറിയേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം തലശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പൊലീസിന് നൽകിയ യോഗ പരിശീലനം ബാബ രാംദേവിന്റെ പാഠ്യ പദ്ധതി അനുസരിച്ചായിരുന്നുന്നത്രെ. രാംദേവിന്റെ സ്ഥാപനം പുറത്തിറക്കുന്ന ഉത്പന്നങ്ങൾ ക്യാമ്പിൽ പരിചയപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

പിണറായി സർക്കാർ അധികാരം ഏറ്റ ശേഷം ഇതാദ്യമായല്ല പി ജയരാജൻ പോലീസിനെതിരെ രംഗത്ത് വരുന്നത്. കണ്ണൂർ ജില്ലയിൽ പോലീസ് മേധാവിയും ചില പോലീസ് ഉദ്യോഗസ്ഥരും സംഘപരിവാറിന്റെ ആജ്ഞാനുവർത്തികളായാണ് പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം ജയരാജൻ നേരത്തെ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ജില്ലാ പോലീസ് മേധാവിക്കും ചില പോലീസ് ഉദ്യോഗസ്ഥർക്കും സ്ഥാന ചലനവും സംഭവിച്ചിരുന്നു.

പൊലീസിലെ യോഗ പരിശീലനം മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണോ എന്ന സംശയം പോലീസ് സേനയിലെ തന്നെ പലരും രഹസ്യമായി പങ്കുവെക്കുന്നതിനിടയിലാണ് ജയരാജന്റെ ഫേസ്ബുക് പോസ്റ്റ് എന്നത് ഏറെ ശ്രദ്ധേയമാണ്. യോഗയെ അല്ല താൻ എതിർക്കുന്നതെന്നും നിലവിലെ സിലബസിനോടാണ് എതിർപ്പെന്നും ജയരാജൻ വ്യക്തമാകുന്നുണ്ട്. പോലീസിനെ മത നിരപേക്ഷമാക്കി നിര്‍ത്തുന്നതിന് വിശാല വീക്ഷണത്തോടുകൂടിയ യോഗ സിലബസ് തയ്യാറാക്കണം എന്ന് മാത്രമേ അദ്ദേഹം ആവശ്യപ്പെടുന്നുള്ളു. തികച്ചും ന്യായമായ ഒരു ആവശ്യം മാത്രമായി പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും യോഗയുടെ മറവിൽ പോലീസിൽ കാവിവൽക്കരണം നടത്താൻ ബോധപൂർവമായ ഒരു ശ്രമം നടക്കുന്നു എന്ന് തന്നെയാണ് ജയരാജന്റെ ആക്ഷേപം.

ബാബ രാംദേവിന്റെ ശിഷ്യ ഗണത്തിൽ പെട്ടവർ യോഗ പരിശീലിപ്പിച്ചാൽ അത് അംഗീകരിക്കാൻ ആവില്ല എന്ന മുന്നറിയിപ്പും ഈ ഫേസ്ബുക് പോസ്റ്റിൽ ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുൻപ് പാർട്ടി എം എൽ എ മാർക്ക് പിരിമുറുക്കം ഒഴിവാക്കുന്നതിനുവേണ്ടി ശ്രീ ശ്രീ രവിശങ്കറിന്റെ ക്ലാസ് സംഘടിപ്പിച്ചത് വിവാദമായിരുന്നു. അടുത്തകാലത്തായി ശ്രീ എമ്മിന്റെ നേതൃത്വത്തിൽ സി പിഎം സംസ്ഥാന വ്യാപകമായി മതേതര യോഗ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. പിണറായി വിജയൻ മുണ്ടുടുത്ത മോദിയാണെന്നു ഇന്നലെ സി പി ഐ സംസ്ഥാന കൌൺസിൽ യോഗത്തിൽ ആക്ഷേപം ഉയർന്നു എന്ന വാർത്തകൾക്കിടയിലാണ് അദ്ദേഹം നേരിട്ട് ഭരിക്കുന്ന പോലീസ് വകുപ്പ് തലവനെതിരെ സി പി എമ്മിൽ നിന്നും ആക്ഷേപം ഉയരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories