TopTop
Begin typing your search above and press return to search.

ഏജിയന്‍ കടല്‍ താണ്ടി റിയോയിലേക്ക്; ഒരു അഭയാര്‍ത്ഥി പെണ്‍കുട്ടിയുടെ അസാധാരണ ജീവിത കഥ

ഏജിയന്‍ കടല്‍ താണ്ടി റിയോയിലേക്ക്; ഒരു അഭയാര്‍ത്ഥി പെണ്‍കുട്ടിയുടെ അസാധാരണ ജീവിത കഥ

ബിബിന്‍ ബാബു

ജീവിതമെന്ന വലിയ പോരാട്ടത്തെ നീന്തി തോല്‍പ്പിച്ചാണ് യുസ്ര മാര്‍ഡീനി റിയോയിലെ ഓളങ്ങളില്‍ നീന്തി തുടിക്കാനെത്തുന്നത്. അവള്‍ക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ രാജ്യത്തിന്റെ വലിയ പതാകകള്‍ ഇല്ല. അവള്‍ക്ക് വേണ്ടി ആര്‍പ്പു വിളിക്കുന്നത് മാതൃരാജ്യത്ത് പിറന്നവരും ആയിരിക്കില്ല. പകരം സ്വന്തമായിട്ടുള്ളത് മരണത്തെ പോലും നീന്തി തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം മാത്രം.

യുസ്ര മാര്‍ഡീനിയുടെ ജന്മനാട് സിറിയയാണ്. ആഭ്യന്തര കലാപങ്ങള്‍ ഇന്നും ഒടുങ്ങാത്ത സിറിയയില്‍ ജനിച്ച മാര്‍ഡീനി സ്വപ്‌നം കണ്ടതെല്ലാം ഒരു നാള്‍ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്‌സില്‍ പങ്കെടുക്കണമമെന്നായിരുന്നു. 2012 ഫിനാ ലോക നിന്തല്‍ ചാംപ്യന്‍ഷിപ്പില്‍ അതിന് അവള്‍ തുടക്കം കുറിച്ചു. എന്നാല്‍ വിധി മാര്‍ഡീനിക്കും കുടുംബത്തിനും കാത്തുവെച്ചത് മറ്റൊന്നായിരുന്നു.

കലാപത്തില്‍ മാര്‍ഡീനിയുടെ വീട് തകര്‍ന്നു. കുടുംബം ചിതറി. 2015 ആഗസ്റ്റില്‍ ജീവന്‍ മാത്രം കൈയ്യില്‍ പിടിച്ച് സിറിയില്‍ നിന്നും പലായനം ചെയ്യാന്‍ യുസ്രയും സഹോദരിയായ സാറയും തീരുമാനിച്ചു. ആദ്യം ലബനനിലേക്കും അവിടുന്ന് തുര്‍ക്കിയിലേക്കും യാത്ര. എന്നാല്‍ യഥാര്‍ഥ പരീക്ഷണം അവിടെയാണ് തുടങ്ങിയത്.ഏഴ് പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ഒരു ബോട്ടില്‍ 20 പേരുമായി ഏജിയന്‍ സമുദ്രം താണ്ടാന്‍ യുസ്രയും സാറയും തീരുമാനിച്ചു. ഗ്രീസില്‍ എത്തിയാല്‍ ജീവന്‍ എങ്കിലും ബാക്കിയാകുമെന്ന പ്രതീക്ഷയിലാണ് യാത്ര. കലാപങ്ങള്‍ അടുത്ത് കണ്ട് എന്തിനെയും നേരിടാനുള്ള ചങ്കുറപ്പ് സാറക്കും യുസ്രക്കുമുണ്ടായിരുന്നു.

പക്ഷേ ബോട്ടിന്റെ എഞ്ചിന്‍ കേടായതോടെ ഏജിയന്‍ സമുദ്രത്തില്‍ അവര്‍ മരണത്തെ മുന്നില്‍ കണ്ടു. എന്തും അഭിമുഖീകരിക്കാന്‍ തയാറായി യുസ്ര കടലിലേക്ക് ചാടാന്‍ ഒരുങ്ങി. എന്നാല്‍ അനുജത്തിയെ മരണത്തിലക്ക് തള്ളിവിടാന്‍ സാറ ഒരുക്കമല്ലായിരുന്നു. അവസാനം യുസ്രയുടെ നിശ്ചയദാര്‍ഡ്യത്തില്‍ മനസ്സുറപ്പിച്ച് അവര്‍ രണ്ടും കടലിലേക്ക് ചാടി. ഒരു കൈയില്‍ ബോട്ടിന്റെ ചരടും പിടിച്ച് അവര്‍ നീന്തി. യുസ്രക്കും സാറക്കും പുറമെ ഒരു യുവതിക്കും മാത്രമേ നീന്തല്‍ വശമുള്ളായിരുന്നു.

നാല് മണിക്കൂറിനടുത്ത് അവര്‍ നീന്തി. കടുത്ത തണുപ്പിനെയും ജീവന്‍ എടുക്കുന്ന പ്രതികൂല സാഹര്യങ്ങളെയും ഓരോ സ്‌ട്രോക്കിലും അവര്‍ പിന്നിലാക്കി ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലെത്തി. തുടര്‍ന്ന് നടന്നും ബസിലും ട്രെയിനിലുമൊക്കെയായി 1000 മൈലുകള്‍ സഞ്ചരിച്ച് ജര്‍മനിയിലെത്തി. ഒരു നീന്തല്‍ താരമായിരുന്ന താന്‍ അന്ന് ആ കടലില്‍ മുങ്ങിത്താണിരുന്നങ്കില്‍ അതില്‍പ്പരം ഒരു മാനക്കേട് തനിക്കുണ്ടാവുകയില്ലെന്ന് യുസ്ര പറയുന്നു.

ബെര്‍ലിനിലെ വാസ്സര്‍ഫ്രുയ്ണ്‍ഡെ സ്പാന്‍ഡൗ നീന്തല്‍ ക്ലബില്‍ യുസ്ര മാര്‍ഡിനി പരിശീലനം തുടര്‍ന്നു. ബ്രസീലിലെ റിയോയില്‍ ഒളിമ്പിക്‌സിന് തിരി തെളിയുമ്പോള്‍ യുസ്രയുമുണ്ട് നീന്തി തുടിക്കാന്‍. അഭയാര്‍ഥി സംഘത്തില്‍ നിന്നും 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മത്സരിക്കുന്നത് യുസ്രയെന്ന പതിനെട്ടുകാരിയാണ്.

പോരാട്ടവീര്യത്തിലൂടെ ജീവന്‍ തിരിച്ചുപിടിച്ച യുസ്രക്ക് പക്ഷേ റിയോയില്‍ വലിയ പ്രതീക്ഷകള്‍ ഒന്നുമില്ല. 2020ല്‍ ടോക്കിയോയില്‍ മെഡല്‍ കഴുത്തിലണിയാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുസ്ര.

മൂന്നാം വയസില്‍ മകളെ നീന്തല്‍ പഠിപ്പിച്ച കോച്ചായിരുന്ന അച്ഛന്‌ നന്ദി പറഞ്ഞ് യുസ്ര റിയോയില്‍ നീന്തും ജീവിതത്തെ വെട്ടിപ്പിടിച്ച വര്‍ധിത വീര്യത്തോടെ.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ബിബിന്‍)


Next Story

Related Stories