TopTop

യുവരാജ്, നിങ്ങള്‍ ഈ അപമാനം അര്‍ഹിച്ചിരുന്നില്ല

യുവരാജ്, നിങ്ങള്‍ ഈ അപമാനം അര്‍ഹിച്ചിരുന്നില്ല

അലോക്

ഏകദിനത്തിലും ലോകജേതാവായ ശേഷം ക്രിക്കറ്റ് ദൈവം മൈതാനത്തോട് വിടപറഞ്ഞത് കഴിഞ്ഞലോക കപ്പിലാണ്. ദാ വീണ്ടും ഒരു ക്രിക്കറ്റ് ലോക കപ്പ്പടിവാതില്‍ക്കലെത്തിനില്‍ക്കുന്നു. തയ്യാറെടുപ്പുകളും തുടങ്ങി. നിലവിലെ ചാമ്പ്യന്‍മാരാണ് ടീം ഇന്ത്യ. പ്രതീക്ഷകള്‍ ഏറെയാണ് ടീം ഇന്ത്യക്ക്. ക്യാപ്ടന്‍ ധോണി ടെസ്റ്റ് ക്രിക്കറ്റിനോട് വിടചൊല്ലി ഏകദിനത്തില്‍മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. ക്രിക്കറ്റ് കിരീടം നിലനിര്‍ത്തേണ്ടത് ഇന്ത്യയുടെ ആവശ്യകതയാണ്; തിരിച്ചെടുക്കേണ്ടത് എതിരാളികളുടേയും. മത്സരങ്ങള്‍ വിദേശത്താണ് എന്നത് ഇന്ത്യയെ ആശങ്കപ്പെടുത്താതിരിക്കില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ടീം ഇന്ത്യയുടെ അന്തിമലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചത്.

ആ പ്രഖ്യാപനം ആരാധകരെ ചെറുതായെങ്കിലും ഞെട്ടിക്കാതിരിക്കാന്‍ സാധ്യത ഇല്ല. ചില മുഖങ്ങള്‍ എവിടെപ്പോയെന്ന് ആരാധകര്‍ വേവാലാതി കൊള്ളുന്നുണ്ടാകും. അവര്‍ക്കെന്തുപറ്റി എന്ന വിഹ്വലതയും സ്വാഭാവികം. കഴിഞ്ഞവട്ടം ജേതാക്കളയവരുടെ നിരയില്‍ നാലൂപേര്‍ക്ക് മാത്രമാണ് പുതിയ സംഘത്തില്‍ ഇടംപിടിക്കാനായത്. എല്ലാവര്‍ക്കും എല്ലാക്കാലത്തും നിലനില്‍ക്കാനാകില്ല എന്നത് സത്യമാണ്. എന്നാല്‍ യുവരാജിനോട് ചെയ്തതോ! ഒരുയൂട്ടിലിറ്റി പ്ലെയറിനപ്പുറം തികഞ്ഞൊരു ഓള്‍റൗണ്ടറായ യുവരാജിനോട് ചെയ്തത് ക്രൂരതയല്ലേ? അഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും കഴിവുതെളിയിച്ചിട്ടും യുവരാജ് പരിഗണനപ്പട്ടികയില്‍പ്പോലും ഇടം പിടിച്ചില്ല.

കഴിഞ്ഞലോക കപ്പില്‍ യുവരാജിന്റെ പ്രകടനത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ സത്യസന്ധനായ ഏത് ആരാധകന്‍ പൊറുക്കും ആ അനീതിയോട്. ഇന്ത്യ കഴിഞ്ഞവട്ടം കപ്പുയര്‍ത്തിയെങ്കില്‍ അതില്‍ പലപ്പോഴും എടുത്തു നിന്നത് യുവരാജിന്റെ മികവുതന്നെയായിരുന്നു. അതിനുതെളിവാണല്ലോ ടൂര്‍ണമെന്റിന്റെ താരം എന്ന ബഹുമതി. ഒന്‍പത് മത്സരങ്ങളില്‍ നിന്നും 362 റണ്‍സും 15 വിക്കറ്റുകളും നേടിയാണ് യുവരാജ് ടൂര്‍ണമെന്റിന്റെ താരമായത്.

പക്ഷേ അവയൊക്കെ സ്മരണകള്‍ മാത്രമായി. എല്ലാം തുലച്ച് അയാളിലേക്ക് അര്‍ബുദം തുളച്ചുകയറി. അതില്‍ ഇടറി വീഴാതെ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അയാള്‍ അര്‍ബുദത്തെ തോല്‍പ്പിച്ചു. കളിക്കളത്തിലേക്ക് മടങ്ങിയെത്തി. തുടക്കത്തില്‍ യുവരാജിന് പതിവുശൈലിയിലേക്കോ മികവിലേക്കോ ഉയരാനായില്ല എന്നത് മറച്ചുവക്കുന്നില്ല. എന്നാല്‍ സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മികവു കാട്ടിയ അയാള്‍ക്കൊപ്പം ആരാധകരും കരുതിയിരുന്നു യുവരാജ് കരുത്തോടെ തിരിച്ചെത്തുമെന്നു. പക്ഷേ സെലക്ടര്‍മാര്‍ വിധി എഴുതിയിരിക്കുന്നു. യുവരാജ് വേണ്ട, ചരിത്രം ചരിത്രം മാത്രമാണെന്നും. രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറികളാണ് യുവരാജ് നേടിയത്. നിലവിലെ ടോപ്പ് സ്‌കോറര്‍മാരില്‍ രണ്ടാമനുമായി. 87.16 ശരാശരിയില്‍ 523 റണ്‍സും. കണക്കുകള്‍ പക്ഷേ ആരും കണ്ടില്ല. കേള്‍വിശക്തിയില്ലാത്ത ക്രിക്കറ്റ് ദൈവങ്ങള്‍ യുവരാജിന്റെ കാര്യത്തില്‍ അന്ധരും മൂകരും കൂടി ആയിരുന്നു.

ഇതൊരു സൂചനകൂടിയായി കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുവരാജ് സിംഗ് എന്ന പ്രതിഭ ചരിത്രത്തിലേക്ക് മറയുന്നു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ യുവരാജ് ഇന്ത്യന്‍ ക്യാപ്പ് ഇനി അണിയില്ല. 40 ടെസ്റ്റുകളും 293 അകദിനവും കളിച്ച യുവരാജ് എന്ന പ്രതിഭയെ ഇനി നമുക്ക് അക്ഷരങ്ങളിലൂടെ കൂട്ടിവായിക്കാം. അയാളുടെ ഹിറ്റുകള്‍, സിക്‌സറുകളും ബൗണ്ടറികളും ആയിവീഴുന്നത് ഓര്‍മ്മകളുടെ ടിവി സ്‌ക്രിനില്‍ കാണാം. മാന്യമായ വിടവാങ്ങലിനുപോലും അദ്ദേഹത്തിന് അവസരം ഇല്ലല്ലോ എന്ന് നമുക്ക് പരിതപിക്കാം. ഒപ്പം വെറുതെയെങ്കിലും പ്രതീക്ഷിക്കാം. ഒന്നിനുമല്ലാതെ. ടെസ്റ്റില്‍ 1900 റണ്‍സും 3 സെഞ്ചറിയും. ഏകദിനത്തില്‍ 8329 റണ്‍സും 13 സെഞ്ചറികളും എന്നതും അയാള്‍ അടയാളപ്പെടുത്തിയതാണ്. ഒരുപാട് മുന്നേറേണ്ടിയിരുന്നിട്ടും ഇതില്‍ ഒതുങ്ങിയ അഗ്രസീവായ ഒരു പാവം പ്രതിഭ. ഇരകള്‍ എന്നും അങ്ങനെയാണ് വേട്ടക്കാര്‍ തക്കംപാര്‍ത്തിരിക്കും. ഒരു ചെറിയ വീഴ്ച്ചക്കായി. ആ ഇടറലില്‍ വേട്ടക്കാര്‍ ഇരയെ അരിഞ്ഞുവീഴ്ത്തും. ചരിത്രം പലവട്ടം അത് തെളിയിച്ചതാണ്.


(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)*Views are personalNext Story

Related Stories