TopTop
Begin typing your search above and press return to search.

സഹീര്‍ ഖാന്‍; വിവിധ സഞ്ചാരപഥങ്ങളില്‍ പന്തിനെ സൗമ്യനായി പരീക്ഷിച്ച ഇന്ത്യന്‍ പേസര്‍

സഹീര്‍ ഖാന്‍; വിവിധ സഞ്ചാരപഥങ്ങളില്‍ പന്തിനെ സൗമ്യനായി പരീക്ഷിച്ച ഇന്ത്യന്‍ പേസര്‍

അഴിമുഖം പ്രതിനിധി

അന്താരാഷ്ട്ര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച സഹീര്‍ഖാന്‍, വ്യത്യസ്തനായ ബൗളറായിരുന്നു. ബാറ്റ്‌സ്മാന്റെ അരികിലേക്ക് എത്തും മുമ്പ് പന്തിനെ അനവധി ഗതിവിഗതികളിലൂടെ യാത്ര ചെയ്യിക്കുന്ന സൂത്രശാലിയായ, കയ്യടക്കമുള്ള ഒരു സ്പിന്നറുടെ മനസുള്ള ഒരു ബൗളര്‍. വേഗതയും ബൗണ്‍സും സ്വിങ്ങും കൊണ്ട് ബാറ്റ്‌സ്മാനെ അമ്പരപ്പിക്കാന്‍ മാത്രമല്ല കെണിയില്‍ വീഴ്ത്തും മുമ്പ് അയാളെ ആശയക്കുഴപ്പത്തിന്റെ വലയില്‍ക്കുരുക്കാനും കഴിയുന്ന ഇത്തരമൊരു ബൗളര്‍ ഇന്ത്യയില്‍ വേറെ ഉണ്ടായിട്ടില്ല എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല.

കപില്‍ ദേവ് സ്വിങ്ങും ജവഗല്‍ ശ്രീനാഥ് പൊടുന്നനെയുള്ള കിടിലന്‍ ബൗണ്‍സും കൊണ്ട് ബാറ്റ്‌സ്മാനെ കളത്തില്‍ നിന്നും തിരിച്ചയച്ചിരുന്നെങ്കില്‍ സഹീര്‍ പന്തിനെ വിവിധ സഞ്ചാരപഥങ്ങളില്‍ സൗമ്യനായി പരീക്ഷിച്ചുകൊണ്ടിരുന്നു. ലോകത്തിലെ മികച്ച കളിക്കാരെ കുഴക്കുകയും നിസഹായരാക്കുകയും ചെയ്തു കൊണ്ട് പല രീതികളില്‍ അയാള്‍ പന്തെറിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും മികച്ച ഇടങ്കയ്യന്‍ പേസര്‍ എന്ന വസീം ആക്രത്തിന്റെ അവകാശവാദത്തെ ഉറപ്പോടെ വെല്ലുവിളിക്കാവുന്ന ശേഷി സഹീര്‍ ഖാനുണ്ടായിരുന്നു. നെയ്‌റോബിയില്‍ 1999-2000-ത്തില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് സഹീര്‍ തീപാറിയ പ്രകടനവുമായി അന്താരാഷ്ട്ര കളിക്കളത്തിലേക്കിറങ്ങുന്നത്. കണിശതയോടെ മൂളിപ്പാഞ്ഞ അയാളുടെ പന്തുകള്‍ ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്റ്റമ്പുകളെ കടപുഴക്കിയപ്പോള്‍ ആളുകള്‍ കപില്‍ ദേവിന്റെ നല്ല കാലത്തെ ഓര്‍ത്തുപോയി. നിര്‍ഭാഗ്യവശാല്‍ ഒരു ഫാസ്റ്റ് ബൗളറുടെ വേഗതയും ഏറുമായി ചേരാത്ത, ശരീരഭാരത്തെ താങ്ങാത്ത കാല്‍ക്കുഴ അയാളുടെ ക്രിക്കറ്റ് ജീവിതത്തെതന്നെ പലപ്പോഴും മുള്‍മുനയില്‍ നിര്‍ത്തി. നിരവധി കളികള്‍ അയാള്‍ക്ക് നഷ്ടമായി. ഓരോ തവണ മടങ്ങി വരുമ്പോഴും വേഗത കുറഞ്ഞുവന്നു; കഴിവുകള്‍ കൂടുതല്‍ മിനുക്കിയെങ്കിലും.

ക്രിക്കറ്റ് ജീവിതത്തിന്റെ പാതി പിന്നിട്ടപ്പോഴാണ് ഒരു ഫാസ്റ്റ് ബൗളറുടെ മികവിന് ആ കുതിച്ചുചാട്ടം ആവശ്യമില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞത്. അതോടെ തന്റെ എറിയല്‍ രീതി പുനക്രമീകരിച്ചു; പരിക്കുകളും കുറഞ്ഞു. വിവിധ കോണുകളില്‍ നിന്നും വിക്കറ്റിന് നേരെ പന്ത് ചെല്ലുന്ന തരത്തില്‍ തന്റെ ശേഷികള്‍ അയാള്‍ പുതുക്കിക്കൊണ്ടിരുന്നു. വിസ്മയിപ്പിക്കുന്ന രീതിയാല്‍ സഹീര്‍ പന്തെറിഞ്ഞ 2007-ലെ ഇംഗ്ലണ്ട് പരമ്പര ഇതിനൊരുദാഹരണമാണ്.2003-ലെ ലോകകപ്പില്‍ ഇന്ത്യയെ കലാശക്കളിയിലേക്ക് എത്തിച്ചതില്‍ ശ്രീനാഥിനും ആശിഷ് നെഹ്‌റയ്ക്കുമൊപ്പം സഹീറും നിര്‍ണായക പങ്ക് വഹിച്ചു. അടികൊണ്ടു പരവശരാകാതെ പുറത്തിരുന്നു കളി കാണുകയാണ് ഭേദമെന്ന് മിക്ക ഫാസ്റ്റ് ബൗളര്‍മാരും ചിന്തിക്കുന്ന ഇന്ത്യയിലെ പിച്ചുകളില്‍ സഹീര്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്നമായിരുന്നു. അപ്പോഴേക്കും റിവേഴ്‌സ് സ്വിങ്ങിന്റെ ഗൂഢമന്ത്രങ്ങള്‍ സഹീര്‍ സ്വായത്തമാക്കി. വരണ്ട ഇന്ത്യന്‍ പിച്ചുകളില്‍ തൊലിയുരഞ്ഞ പന്തുകളുമായി തന്റെ രണ്ടാം വരവില്‍ സഹീര്‍ മുറയ്ക്ക് വിക്കറ്റുകള്‍ വീഴ്ത്തി.

മറ്റ് പലരെയും പോലെ അച്ചടക്ക പ്രശ്‌നത്തില്‍ സഹീറും പരിശീലകന്‍ ഗ്രെയ്ഗ് ചാപ്പലുമായി പിണങ്ങി. കായികക്ഷമതയുടെ പ്രശ്‌നങ്ങള്‍ കൂടി വന്നതോടെ സഹീര്‍ ടീമിന് പുറത്തായി. പക്ഷേ പിന്നീട് തിരിച്ചുവന്നപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അയാള്‍. നായകന്‍ ധോനി കളിക്കളത്തിലും പുറത്തും ഫാസ്റ്റ് ബൗളര്‍മാര്‍ക്കുള്ള ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സഹീറിനെ ഏല്‍പ്പിച്ചിരുന്നു.

എക്കാലത്തെയും മികച്ച 11 കളിക്കാരടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കാന്‍ തുനിഞ്ഞാല്‍ അനിവാര്യമായ ഒരു പ്രതിസന്ധി ആരും നേരിടും; കപിലിനൊപ്പം ആക്രമണം തുടങ്ങാന്‍ ആരെ തെരഞ്ഞെടുക്കും, സഹീറോ ശ്രീനാഥോ?

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories