June 06, 2026 |
Share on

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കേണ്ടെന്ന് കേരള ഹൗസ് അധികൃതര്‍

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ക ബോഡിസ്കേപ്സ് ആണ് പ്രകോപനം എന്നു സൂചന

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത ഡോക്യുമെന്ററികളും സിനിമകളും പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹിയിലെ കേരള ഹൗസ് അധികൃതര്‍. കേരള പത്രപ്രര്‍ത്തക യൂണിയന്‍ (KUWJ) ഡല്‍ഹി ഘടകവും സിനിമാ ആസ്വാദകരുടെ കൂട്ടായ്മയായ ക്ലോണ്‍ സിനിമാ ലവേഴ്‌സും ചേര്‍ന്ന് ഇന്നും നാളെയുമായി സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി ചലച്ചിത്ര മേളയാണ് ഇതോടെ പ്രതിസന്ധിയിലായത്. നിലവിലെ സാഹചര്യത്തില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ദിവ്യ ഭാരതി സംവിധാനം ചെയ്ത തമിഴ് ഡോക്യുമെന്ററിയായ കക്കൂസ്, പ്രതാപ് ജോസഫിന്റെ 52 സെക്കന്റ്‌സ് എന്ന ഡോക്യുമെന്ററിയും സ്‌പെഷ്യല്‍ സ്‌ക്രീനിംഗായി ഉദ്ദേശിച്ചിരുന്ന ജയന്‍ ചെറിയാന്റെ ചലച്ചിത്രം കാ ബോഡിസ്‌കേപ്‌സുമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല ന്യായം പറഞ്ഞ് കേരള ഹൗസ് അധികൃതര്‍ പ്രദര്‍ശനം നിഷേധിച്ചിരിക്കുന്നത്.

ആദ്യമായാണ് കേരള ഹൗസ് ഹാളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നത്. ലോകത്തൊരിടത്തും ചലച്ചിത്ര മേളകളിലോ സ്വകാര്യ പ്രദര്‍ശനങ്ങളിലോ നിരോധിക്കപ്പെടാത്ത ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഡല്‍ഹിയിലെ തന്നെ ഹാബിറ്റാറ്റ് സെന്ററില്‍ ഇന്നലെ കക്കൂസ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേ പ്രമേയം അടിസ്ഥാനമാക്കിയുള്ള വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്ന ചലച്ചിത്രത്തിനായിരുന്നു ഇത്തവണ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം എന്ന വൈരുധ്യവും ഇവിടെയുണ്ട്.

ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്‌സ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും കേരള സംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK)യില്‍ അടക്കം പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രമാണ്. കൂടാതെ കേരളത്തിലടക്കം നടന്ന പല മേളകളിലും ഇത് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയനും ക്ലോണ്‍ സിനിമാ സംഘടനയും നേരത്തെയും കേരള ഹൗസില്‍ സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്യൂമെന്ററികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത നിബന്ധനയാണ് അധികൃതര്‍ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാ ബോഡിസ്‌കേപ്‌സ് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ആരോ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് കേരള ഹൗസ് വൃത്തങ്ങള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×