ട്രെന്‍ഡിങ്ങ്

കമലല്ല കമലയാണ് പ്രശ്‌നം

Print Friendly, PDF & Email

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിദേശവിസകൊടുക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ നാടുഭരിക്കുന്ന കാലമാണ്. ലോകം മുഴുവന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയും ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന ഒരു വലിയ യാത്രക്കാരന്റെ ഇന്ത്യയുമാണ്.

A A A

Print Friendly, PDF & Email

ഒഴുകിയൊഴുകി പോകുന്ന ഒരു നദിപോലെയായിരുന്നു കഥാകാരിയുടെ ജീവിതം; അവരെ ചിലര്‍ മാധവിക്കുട്ടിയെന്നു വിളിച്ചു. ചിലര്‍ കമലാദാസെന്നും മറ്റുചിലര്‍ ആമിയെന്നും വിളിച്ചെങ്കിലും അവര്‍ ഏറ്റവും ഒടുവില്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടത് കമല സുരയ്യ എന്ന വിളിയായിരുന്നു. അറുപതു വര്‍ഷത്തോളം ജന്മം കൊണ്ട് ഹിന്ദുവായി ജീവിച്ച അവര്‍ ഒടുവില്‍ അഭയം തേടിയത് ആത്മസാക്ഷാത്ക്കാരം പോലെ കറുത്ത വസ്ത്രങ്ങള്‍ ഉടലാകെ വാരിയണിഞ്ഞ മുസ്ലിം ജീവിതത്തിലായിരുന്നു.

അങ്ങനെ സംസ്‌കാരിവാദികള്‍ക്കും പാരമ്പര്യവാദികള്‍ക്കും സദാചാരകുറുവടിയേന്തിയവര്‍ക്കും അവര്‍ സൃഷ്ടിച്ച തലവേദന ഇന്നും അടങ്ങിയിട്ടില്ല എന്നതിന്റെ തെളിവാണ് കേരളത്തില്‍ നിന്നൊരാള്‍ക്ക് പാകിസ്ഥാനിലേക്ക് വിസയടിക്കാന്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയുടെ സംസ്ഥാനനേതാവ് എന്നവകാശപ്പെടുന്ന മറ്റൊരാള്‍ തുനിഞ്ഞത്.
കമല്‍ എന്ന പേരിനെ കമാലുദ്ദീനായി വായിക്കുകയും അയാള്‍ക്ക് ഇവിടത്തെ പാരമ്പര്യം എന്തറിയാം എന്നു വിളിച്ചുപറയുകയും ചെയുമ്പോള്‍ അറിയാതെ മറ്റൊന്നുകൂടി ഓര്‍ത്തു പോകുന്നു. ഉലകനായകന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കമല്‍ഹാസന്‍ യുഎസില്‍ കമല്‍ ഹസനായി വയിക്കപ്പെട്ടതിലുള്ള പൊല്ലാപ്പ്. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന പഴയ വാദം അതിന്റെ എല്ലാ മൂലകളില്‍ നിന്നും നമ്മുടെ മതാചാര കാവല്‍ക്കാര്‍ പൊളിച്ചടുക്കുന്നു. കമല്‍ ഹാസന്‍, കമല്‍ ഹസന്‍ ആകുമ്പോഴും കമലാദാസ് കമല സുരയ്യ ആകുമ്പോഴും അവരില്‍ അവശേഷിക്കുന്ന അസ്ത്വിത്വം മനുഷ്യന്റേതു തന്നെയാണെന്ന തിരിച്ചറിവാണ് ഇവിടെ മാറ്റിയെഴുതുന്നത്.

“…എന്റെ ഈ വസ്ത്രം തയ്യല്‍ക്കാര്‍ തുന്നിത്തന്നതല്ല. എന്റെ മാസംത്തെയും എല്ലിനെയും മൂടുന്ന തൊലിയാണ് എന്റെ എത്രയും നേര്‍ത്തതും നിഷ്പ്രയോജനവുമായ ഏക കവചം. ഞാനെന്റെ കാല്‍ വിരലുകളില്‍ ഉരുണ്ട വെള്ളിമോതിരങ്ങള്‍ ധരിക്കുന്നു. എന്റെ കാല്‍വിരലുകള്‍ മറ്റുള്ളവരുടെ കാല്‍വിരലുകളില്‍ നിന്ന് വ്യത്യസ്തമാക്കുവാന്‍ വേണ്ടിമാത്രമാണെ”ന്ന് ഒരിക്കല്‍ കമലാദാസ് പറഞ്ഞിരുന്നു. ആ വ്യത്യസ്തത മാത്രമാണ് ഒരാളുടെ പേരിലും ഉള്ളത്. വളരെ ഉദാത്തമായ ഈ തിരിച്ചറിവ് നഷ്ടമായ ഒരു ലോകമാണ് ഇന്ന് മതവാദികളും സദാചാരവാദികളും കൂടി സൃഷ്ടിക്കുന്നത്.

ആധുനിക കേരളചരിത്രത്തിലെയും സാഹിത്യ ചരിത്രത്തിലെയും അതി വ്യത്യസ്തമായ ഒരിടം എന്തുകൊണ്ട് കമല സുരയ്യ എന്ന എഴുത്തുകാരി കൈയ്യടക്കിയെന്നു ചിന്തിച്ചാല്‍ ഒറ്റ ഉത്തരം മാത്രമേയുള്ളൂ. നിലപാടുകളിലും കാഴ്ച്ചപ്പാടുകളിലും എഴുത്തിലും കാണിച്ച സത്യസന്ധത; അതു മാത്രമാണ് അവരെ മറ്റുള്ള ആണ്‍, പെണ്‍ എഴുത്തുകാരില്‍ നിന്നും മാറ്റിനിര്‍ത്തിയത്. അതു പലപ്പോഴും പെണ്ണെഴുത്ത് എങ്ങനെയാകണമെന്ന സദാചാരത്തിന്റെ് അതിവ്യാകരണ നിയമാവലിക്കുള്ളില്‍ നിന്നും നോക്കുന്ന ഒരാള്‍ക്ക് ഒട്ടും ദഹിക്കില്ല. ആ ദഹനക്കേടു തന്നെയാണ് മാധവിക്കുട്ടിക്കു നേരിടേണ്ടിവന്ന ആദ്യ ആക്രമണം. പ്രത്യേകിച്ചും എഴുപതുകളുടെ ആദ്യപകുതിയില്‍ മലയാള സാഹിത്യം തൊഴിലാളി സാഹിത്യത്തിലും മറ്റും മദിച്ചുനിന്ന കാലത്താണ് കമലാദാസിന്റെ എന്റെ കഥ എന്ന ‘സത്യപ്രസ്താവം’ മലയാളനാടിലൂടെ അച്ചടിച്ചുവന്നത്. ഭര്‍ത്താവിന് തന്റെ മുലകളോടു താത്പര്യമില്ലെന്ന് തുറന്നെഴുതുന്ന കമല. വസ്ത്രമെല്ലാമഴിച്ചു കളഞ്ഞ് യോഗഗുരുവിനെ കാത്തിരുന്ന കമല, തന്റെ രോഗാവസ്ഥയില്‍ പരിചരിക്കാന്‍ എത്തിയ യുവതിയോട് ഭര്‍ത്താവിനു തോന്നുന്ന ലൈംഗിക ചോദനയെപ്പറ്റിയെഴുതിയ കമല. ഏകപക്ഷീയമാകുന്ന സെക്‌സിനെപ്പറ്റി ഭാഷാലങ്കാരങ്ങളില്ലാതെ പറഞ്ഞ കമല. ഒരേസമയം ആത്മകഥയെന്നും സ്വപ്ന സാഹിത്യമെന്നും ഇതിനെ വായിക്കാമെന്നും പറഞ്ഞവര്‍; ഇത് പുതിയ പരീക്ഷണങ്ങള്‍ തേടിയുള്ള യാത്രയാണെന്ന് വിലയിരുത്തി (കെപി അപ്പന്‍).

ഒരു സാഹിത്യകൃതിയേയോ അതിനേക്കാള്‍ സ്വന്തം അവസ്ഥ തുറന്നുപറയാന്‍ ഒരു ശീലമുണ്ടാക്കിയ ഒരു എഴുത്തുകാരിയേയോ അല്ല മലയാള വായനക്കാര്‍ ശരിക്കും അവരില്‍ വായിച്ചത്. ഒളിച്ചു വച്ച് വായിച്ച് ആത്മരതിയുടെ സുഖമൈഥുനം നടത്താനാണ് മലയാളികള്‍ അവരിലൂടെ ശീലിച്ചത്. മലയാള സാഹിത്യത്തില്‍ വളരെ തെറ്റായി പൊതുവായന നടത്തപ്പെട്ട ആദ്യ എഴുത്തുകാരി കമലാദാസ് തന്നെയാണ്. ഈ അബദ്ധവായന തന്നെയാണ് കമലയെന്ന സദാചാരലംഘനക്കാരിയെ സൃഷ്ടിച്ചതും.

ഇതൊരു ചരിത്രത്തിന്റെ പുനര്‍വായനയാണ്. നമ്മുടെ സദാചാര കുറുവടിക്കാര്‍ക്ക് കുറച്ചുകാലം അവര്‍ പ്രിയമുള്ളവളായിരുന്നു. കേരളത്തില്‍ ഏതാണ്ട് സ്വൈര്യജീവിതം നടത്താന്‍ എത്തിയ നാളുകള്‍, അവര്‍ രാഷ്ട്രീയമായി ഹിന്ദുമുന്നണിയെന്ന കൊടിക്കീഴില്‍ നിന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ചില തിരിച്ചറിവുകള്‍ അവരെ അവിടെനിന്നും അകറ്റുകയും ചെയ്തു. അവര്‍ നടത്തിയ തികച്ചും വ്യക്തിപരമായ അത്മീയതിരിച്ചറിവുകള്‍ ചെന്നെത്തിയത് ഹിന്ദുത്വം എന്ന പ്രഖ്യാപിത അജണ്ട ആലേഖനം ചെയ്തവരുടെ ഏറ്റവും എതിര്‍ ചേരിയിലും. കമല സുരയ്യ അങ്ങനെ ഹൈന്ദവവാദികളുടെ ശത്രുവുമായി. ശരിക്കും നിരീക്ഷിച്ചാല്‍ സാക്ഷാല്‍ കുമ്മനം രാജശേഖരന്‍ തന്നെ നേരിട്ട് പലപ്പോഴും കമലയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കുമ്മനം കൊടുത്ത ഒരു മറുപടിയിങ്ങനെയായിരുന്നു- ‘എല്ലാവര്‍ക്കും മതപരിവര്‍ത്തനം നടത്താം. എന്നാല്‍ അറുപതു വര്‍ഷത്തോളം ജീവിച്ചുപോന്ന ഒരു സാഹചര്യത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കരുത്’. പ്രത്യക്ഷത്തില്‍ വളരെ പ്രതിപക്ഷബഹുമാനം ആഗ്രഹിക്കുന്ന തരത്തിലുള്ളതെന്ന് തോന്നുന്ന ഈ വാക്കുകളൊരു താക്കീതായിരുന്നു. രണ്ടു കാര്യങ്ങള്‍ ഇവിടെ നിന്നും വായിച്ചെടുക്കാം, അടിസ്ഥാനപരമായി ഒരു ഹിന്ദു പാര്‍ട്ടിയെന്ന ലേബല്‍ തന്നെയാണ് ഇപ്പോഴും ഈ ദേശീയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തിന്റെ കക്ഷിക്കുള്ളതെന്നും കമലയെ ഒരു പ്രഖ്യാപിത ശത്രുവായി കാണണമെന്നുമുള്ള അഭിപ്രായവും.

ഹൈന്ദവതയില്‍ നിന്നും ഒരു സൂഫിയെ പോലെയോ ബാബുല്‍ ഗായകരെ പോലെയോ സഞ്ചരിച്ച് പര്‍ദയിലെത്തിയ കമല അവിടെ ആത്മസാക്ഷാത്കാരം കണ്ടെത്തിയെങ്കില്‍ അത് അവര്‍ മാത്രം അല്ലെങ്കില്‍ മറ്റാര്‍ക്കും സംഭവിക്കാത്ത സാധിക്കാത്ത ഒരു യാത്രയാണ്. ഒരു സദാ ഹിന്ദുമതവിശ്വാസിക്കോ മുസ്ലിം മതവിശ്വാസിക്കോ ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്തതാണ് അവര്‍ ചെയ്തത്, അനുഭവിച്ചത്. അത് ഒരു സാധാരണ മതപരിവര്‍ത്തിനം അല്ലായിരുന്നു. അതിനെ ഭോഗതൃഷ്ണയോടു ബന്ധപ്പെടുത്തി കുറേക്കാലം അവര്‍ ആക്രമിക്കപ്പെട്ടു. ഒരുതരത്തില്‍ എഴുത്തിലും ജീവിതത്തിലും അവര്‍ ഏറ്റുമുട്ടിയത് കപട സദാചാരവാദികളോടായിരുന്നു.

നമ്മുടെ കാലത്ത് ജീവിച്ച ഈ കലാകാരിയെ അടയാളപ്പെടുത്തേണ്ടത് ഈ കാലത്ത് തന്നെയാണ്. അല്ലെങ്കില്‍ ഭീമനും ചന്തുവുമെല്ലാം ഉണ്ടായത് പോലെ പുതുവ്യാഖ്യാനങ്ങള്‍ക്ക് വരും തലമുറ പെടാപ്പാടു പെടേണ്ടാതായി വരും. അത് ഫിക്ഷന്‍ മാത്രമാകും.

ഇവിടെ ആക്രമിക്കപ്പെടുന്നത് കമല്‍ എന്ന കമലുദ്ദീനുപരി കമലാസുരയ്യ എന്ന കമലാദാസാണ്. വ്യക്തമായിപ്പറഞ്ഞാല്‍ കുമ്മനത്തിന്റെ കാലത്ത് ഹിന്ദുദൈവങ്ങളെ തള്ളിപ്പറഞ്ഞ മാധവിക്കുട്ടിയുടെ ജീവിതം ഇനിയാരാലും ചികയേണ്ട എന്ന അജണ്ടയാണ് നടപ്പിലാക്കുന്നത്. ഈ കൊട്ടിന് ആക്കം കൊടുക്കാന്‍ കമല്‍ എന്ന സംവിധായകന്റെ നാലാംവേദ ജീവിതവും…

‘സാക്ഷാല്‍ ഗുരുവായുരപ്പനെ മുഹമ്മദ് എന്ന് വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നെന്നും നിങ്ങള്‍ ജീസസിനെ ഇഷ്ടപ്പെടുമ്പോലെ ഞാന്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെ’ന്നും തുറന്നുപറഞ്ഞ ഒരാളെ അതിന്റെ സുതാര്യതയില്‍ വിശ്വസിക്കാന്‍ അല്ലെങ്കിലും ഏതു മതവിശ്വാസിക്കാണു കഴിയുന്നത്. കമലയുടെ ജീവിതത്തിലും വിശ്വാസത്തിലും എഴുത്തിലും നിറയുന്നത് സത്യസന്ധതയുടെ കേവലതയാണ്. അതില്‍ അഭിരമിച്ചുള്ള ജീവിതം മനസിലാക്കാന്‍ ഒരു മതാന്ധമനസിന് സാധിക്കില്ല. സങ്കല്‍പ്പങ്ങളിലെ യാത്രകളിലാണ് കമല ജീവിച്ചത്. എഴുത്തും പറച്ചിലും വിശ്വാസവും എല്ലാം യാത്രകളായിരുന്നു.

Gift him what makes you woman, the scent of
Long hair, the musk of sweat between the breasts,
The warm shock of menstrual blood, and all your
Endless female hungers …’ – The Looking Glass

ഇങ്ങനെയൊക്കെപ്പറയുന്ന ഒരു സ്ത്രീയെ ഈ പുതിയ സദാചാര കാലഘട്ടത്തില്‍ എങ്ങനെ സഹിക്കും? പിന്നെ അതിന്റെ പക്കം വായിക്കാന്‍ വരുന്ന ഒരു ഇസ്ലാമിനെയും. ദാ ടിക്കറ്റ് റെഡിയാക്കി വച്ചിരിക്കുന്നു, പാക്കിസ്ഥാനിലേക്ക് വേഗം കയറിപ്പോകു, നിങ്ങള്‍ക്കു പിറകില്‍ പലരും ഉണ്ടാകും. കാരണം ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിദേശവിസകൊടുക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ നാടുഭരിക്കുന്ന കാലമാണ്. ലോകം മുഴുവന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയും ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന ഒരു വലിയ യാത്രക്കാരന്റെ ഇന്ത്യയുമാണ്. അവിടെ കമലയുടെ അത്മീയയാത്രയുടെ പൊരുളറിയാന്‍ ആരുമുണ്ടാകില്ല.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

സാമൂഹിക നിരീക്ഷകനാണ്

More Posts

Follow Me:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍