രാജ്യത്തെ അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളപ്പണ വേട്ട സംബന്ധിച്ച പ്രചാരണത്തിന് കനത്ത തിരിച്ചടിയായാണ് ഇത്. ഇത്രയധികം അസാധു കറന്‍സി നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തി എന്നത് കള്ളപ്പണം പിടിക്കുന്നത് സംബന്ധിച്ച എല്ലാ അവകാശവാദങ്ങളേയും അപ്രസക്തമാക്കുന്നതാണ്. ഡിസംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 14.97 ലക്ഷം കോടി രൂപ ഇത്തരത്തില്‍ ബാങ്കിലെത്തിയതായാണ് ബ്ലൂംബര്‍ഗിന്‌റെ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കുമ്പോള്‍ 3-5 ലക്ഷം കോടി രൂപ വരെ മടങ്ങിയെത്തില്ലെന്നും ഇത് കള്ളപ്പണമെന്ന മട്ടില്‍ ഉയര്‍ത്തിക്കാട്ടാമെന്നുമായിരുന്നു മോദിയുടെയും സംഘപരിവാറിന്റെയും ആലോചന. കേരളത്തിലെ നേതാക്കളടക്കം ഈ രീതിയില്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് 97 ശതമാനം നോട്ടുകളും മടങ്ങിവന്നിരിക്കുന്നത്.
നോട്ട് പിന്‍വലിക്കല്‍ നടപടി പ്രഖ്യാപിച്ച സമയത്ത് ഇടതുപക്ഷ സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായിക് അടക്കമുള്ളവര്‍ ഈ നടപടിയുടെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയിരുന്നു. കള്ളപ്പണത്തിന്‌റെ ബഹുഭൂരിഭാഗവും വിദേശബാങ്കുകളിലാണുള്ളതെന്നും കറന്‍സി നോട്ടുകെട്ടുകളായി ഇന്ത്യയില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവര്‍ വളരെ കുറവാണെന്നും ഭൂമിയടക്കം മറ്റ് തരത്തിലുള്ള നിക്ഷേപങ്ങളായാണ് കള്ളപ്പണം ഉള്ളതെന്നും കള്ളപ്പണം നിരന്തരം വിതരണം ചെയ്യപ്പെടുന്ന ഒന്നാണെന്നും പ്രഭാത് പട്‌നായിക് പറഞ്ഞുവച്ചിരുന്നു. കള്ളപ്പണം പിടിക്കപ്പെടാതെ ബാങ്കിലെത്തുന്നതിന്‌റെ സാധ്യതകളും പ്രഭാത് പട്‌നായിക് മുന്നോട്ട് വച്ചിരുന്നു. ഇത്തരം വിലയിരുത്തലുകള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് പ്രതികരിക്കുന്നില്ല. നോട്ടുകളുടെ മടങ്ങിവരവ് സംബന്ധിച്ച് പ്രതികരിക്കാന്‍ ധനമന്ത്രാലയ വക്താവ് ഡിഎസ് മാലിക് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ 12 മുതല്‍ ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടിന്‌റെ വിവരം റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരുന്നില്ല. ഒട്ടും സുതാര്യതയില്ലാത്ത സമീപനമാണ് റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നത്. കുറേ ദിവസത്തേയ്ക്ക് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അപ്രത്യക്ഷനായിരുന്നു. കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് മാധ്യമങ്ങളെ നിരന്തരം കണ്ടിരുന്നത്. ഏറെക്കുറെ സ്വതന്ത്രമായ അസ്തിത്വമുണ്ടായിരുന്ന റിസര്‍വ് ബാങ്ക് പോലും മോദി സര്‍ക്കാരിന്‌റെ കാലത്ത് ഒരു 'സര്‍ക്കാര്‍വിലാസം' സ്ഥാപനമായി മാറുന്നു എന്ന ആശങ്ക ഉണ്ടാവുന്നുണ്ട്. ഇത് സംഭവിച്ചിരിക്കുന്നത് രഘുറാം രാജനെ പുകച്ച് പറഞ്ഞ് വിട്ടതിന് ശേഷം ടീം മോദിയുടെ ഭാഗമായ ഉര്‍ജിത് പട്ടേലിനെ തത്സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെയാണ്. കള്ളപ്പണ വേട്ടയുടെ പേരില്‍ മോദിസര്‍ക്കാര്‍ സൃഷ്ടിച്ച സഹകരണ ബാങ്ക് പ്രതിസന്ധിയിലും റിസര്‍വ്ബാങ്ക് അവരുടെ ഭാഗം കെട്ടിയാടി.
രാജ്യത്തെ ഗ്രാമീണ സമ്പദവ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്ന സഹകരണമേഖലയെ തകര്‍ക്കുന്ന നയമായിരുന്നു കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും സ്വീകരിച്ചത്. കേരളത്തിന് പുറമെ, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സഹകരണ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ്, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പണം നല്‍കാനാവില്ലെന്ന റിസര്‍വ് ബാങ്ക് നിലപാടിലൂടെ ഉണ്ടായത്. മോദിയുടെ നാടായ ഗുജറാത്തില്‍ വലിയ കര്‍ഷക പ്രക്ഷോഭം നടന്നു. മഹാരാഷ്ട്രയിലെ കരിമ്പ് കൃഷി അടക്കമുള്ള മേഖല വലിയ പ്രതിസന്ധിയിലായി. നിര്‍മ്മാണ മേഖലയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. തൊഴിലാളികള്‍ക്ക് കൂലി കിട്ടാതായതോടെ വിദൂര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ നാട്ടിലേയ്ക്ക് തിരിച്ച് പോയി. രാജ്യത്തെ ഏറ്റവും വലിയ തുണി വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഗുജറാത്തിലെ സൂറത്തില്‍ നെയ്ത്ത് തൊഴിലാളികളില്‍ 70 ശതമാനം പേരും ജോലി വിട്ട് പോയതായും തുണിവ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.
500, 1000 നോട്ടുകള്‍ അസാധുവാക്കിയതായി നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ ഈ രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ, ഇപ്പോഴും തുടരുന്ന ദുരിതത്തിന് എന്ത് പരിഹാരമാണ് അത് വരുത്തിവച്ചവര്‍ക്കുള്ളത്. ഈ തുഗ്ലക് നയം ഇന്ത്യയിലെ സകല ഉല്‍പ്പാദന മേഖലയേയും സ്തംഭിപ്പിച്ചു. തൊഴിലാളികള്‍, കൃഷിക്കാര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ദൈനംദിന ജീവിതം താറുമാറാക്കി. ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ മണിക്കൂറുകളോളം പൊരിവെയിലത്ത് ക്യൂ നിര്‍ത്തി. അധ്വാനിച്ചുണ്ടാക്കിയ പണം അത്യാവശ്യ ചെലവുകള്‍ക്ക് ഉപയോഗിക്കാന്‍ സമ്മതിക്കാതെ പിടിച്ചു വച്ചു. അക്ഷരാര്‍ത്ഥത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കി. ഡെബിറ്റ്, ക്രെഡിറ്റ് കാഡുകളും ഇ ബാങ്കിംഗും പരിചിതമല്ലാത്ത വലിയൊരു ജനവിഭാഗത്തെ ദുരിതത്തിലാക്കി. ഇന്ത്യയോടൊപ്പം നോട്ട് നിരോധനം പ്രഖ്യാപിച്ച മറ്റൊരു രാജ്യം വെനിസ്വേലയാണ്. രാജ്യത്തിന് വേണ്ടി സഹിക്കുക എന്ന തട്ടിപ്പൊന്നും അവിടത്തെ ജനങ്ങളുടെ മേല്‍ ഏശിയില്ല. ഭക്ഷണത്തിനും മരുന്നിനും കാശില്ലാത്ത അവസ്ഥ വന്നപ്പോള്‍ ജനങ്ങള്‍ സാധനങ്ങള്‍ കൊള്ളയടിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ നടപടി മാറ്റി വച്ചു. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷമയെ മുതലെടുത്ത് തലതിരിഞ്ഞ നയവുമായി മുന്നോട്ട് പോവുകയാണ് മോദി സര്‍ക്കാര്‍.
ഒട്ടും ആലോചനയില്ലാതെയുള്ള യുക്തിരഹിത തീരുമാനമാണ് പ്രധാനമന്ത്രിയുടേതെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചതെല്ലാം അസ്ഥാനത്തായിരിക്കുകയാണെന്നും ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് പൊളിറ്റിക്കല്‍ എക്കോണമിയിലെ നിലാകാന്ത രഥ് അഭിപ്രായപ്പെടുന്നു. ലോകത്തെ ഏറ്റവും വേഗത്തില്‍ സാമ്പത്തികവളര്‍ച്ച കൈവരിക്കുന്ന രാജ്യമെന്ന നിലയിലുള്ള സ്ഥാനം ഈ നിലയില്‍ പോവുകയാണെങ്കില്‍ ഇന്ത്യക്ക് നഷ്ടമായേക്കും. സെന്‌റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമിയുടെ (സിഎംഐഇ) കണക്ക് പ്രകാരം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യ ഒമ്പത് സാമ്പത്തിക വര്‍ഷ ക്വാര്‍ട്ടറുകളില്‍ വന്ന നിക്ഷേം പിന്നീട് ഇടിഞ്ഞു. ശരാശരി 2,36,000 കോടി രൂപ ഉണ്ടായിരുന്ന നിക്ഷേപം ഡിസംബറില്‍ അവസാനിച്ച സാമ്പത്തികവര്‍ഷ ക്വാര്‍ട്ടറില്‍ 1,25,000 കോടി ആയി കുറഞ്ഞു.
പുതിയ നിക്ഷേപസാദ്ധ്യതകള്‍ വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ എട്ടിലെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് മുമ്പുള്ള 39 ദിവസങ്ങളില്‍ ഓരോ ദിവസവും ശരാശരി 2,097 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ഇത് പിന്നീടുള്ള ദിവസങ്ങളില്‍ 61 ശതമാനം ഇടിഞ്ഞ് 824 കോടിയിലേയ്ക്ക് ചുരുങ്ങി. ഒരു ദിവസം ശരാശരി ആറ് പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നത് മൂന്നായി കുറഞ്ഞു. എന്നിട്ടും രാജ്യത്തിന്‌റെ സാമ്പത്തിക വളര്‍ച്ച കൂടാന്‍ പോകുന്നതിനെക്കുറിച്ചാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടക്കമുള്ളവര്‍ സംസാരിക്കുന്നത്.
നവംബറില്‍ കള്ളപ്പണം, കള്ള നോട്ട്, അഴിമതി എന്നൊക്കെ പറഞ്ഞ് തുടങ്ങിയ മോദിയും കേന്ദ്രസര്‍ക്കാരും ഡിസംബര്‍ അവസാനമാകുമ്പോഴേക്കും അതിവിദഗ്ധമായി അവിടെ നിന്ന് മുങ്ങി കാഷ്‌ലെസ് എക്കോണമിയില്‍ പൊങ്ങി. പിന്നെ സംസാരം മൊത്തം അതായിരുന്നു. പണരഹിത അല്ലെങ്കില്‍ കറന്‍സിരഹിത സമ്പദ് വ്യവസ്ഥയുടെ ആവശ്യത്തിന്‌റേയും മേന്മകളുടേയും വര്‍ണന. ഇങ്ങനെ കാഷ്‌ലെസ് എക്കോണമിയുടെ ഗുണങ്ങള്‍ വര്‍ണിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് ചെമ്പ് പുറത്തായത്. ഓരോ പണമിടപാടുകള്‍ക്കും വലിയ തോതില്‍ സര്‍വീസ് ചാര്‍ജ് ബാങ്കുകള്‍ ഈടാക്കുന്നതാണ് വ്യക്തമാക്കുന്നത്.
50 ദിവസത്തെ സമയം തരൂ എല്ലാം ശരിയാക്കി തരാം എന്നാണ് മോദി പറഞ്ഞത്. 50 ദിവസവും ഒരാഴ്ചയുമെല്ലാം പിന്നിടുന്നു. ഒന്നും ശരിയായില്ല. ഡിസംബര്‍ 31ന് മോദി വീണ്ടും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നോട്ട് പ്രതിസന്ധി എപ്പോള്‍ പരിഹരിക്കാനാവും എന്നതൊഴിച്ച് ബാക്കി കാര്യങ്ങളൊക്കെ പറഞ്ഞു. എത്ര പണം തിരികെ എത്തിയെന്നോ, എത്ര കള്ളപ്പണം പിടിച്ചുവേണോ, എത്ര കള്ളനോട്ടുകള്‍ പിടിച്ചുവെന്നോ സാമ്പത്തിക നിയന്ത്രണങ്ങള്‍ എന്നു നീക്കുമെന്നോ മിണ്ടിയില്ല. സമ്പദ്വ്യവസ്ഥ നേരെയാക്കാനുള്ള മാര്‍ഗങ്ങളൊന്നും പ്രഖ്യാപിച്ചില്ല. പകരം ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിക്കുന്ന ക്ഷേമ പദ്ധതികള്‍ അങ്ങ് പ്രഖ്യാപിച്ചു. അതില്‍ ചിലത് എന്നോ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കിയിട്ടില്ലാത്ത കാര്യങ്ങളായിരുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ഗര്‍ഭിണികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന പ്രഖ്യാപനം (2013) ഉദാഹരണം. യാതൊരു വ്യക്തതയുമില്ലാത്ത യുക്തിരഹിതമായ പ്രസംഗമായിരുന്നു 50 ദിവസത്തിന് ശേഷം മോദി നടത്തിയത്.