TopTop

വസ്ത്രം നെയ്യുന്ന തറിയില്‍ തീര്‍ത്ത സംഗീത വിസ്മയവുമായി മെക്‌സിക്കന്‍ ആര്‍ട്ടിസ്റ്റ് താനിയ കാന്ദിയാനി

വസ്ത്രം നെയ്യുന്ന തറിയില്‍ തീര്‍ത്ത സംഗീത വിസ്മയവുമായി മെക്‌സിക്കന്‍ ആര്‍ട്ടിസ്റ്റ് താനിയ കാന്ദിയാനി
കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രദര്‍ശനങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് മെക്‌സിക്കന്‍ കലാകാരിയായ താനിയ കാന്ദിയാനി ഒരുക്കിയിരിക്കുന്ന സംഗീതോപകരണം. സ്ട്രിംഗ് ലൂപ്പ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത് വസ്ത്രം നെയ്യുന്ന തറിയിലാണ്.

നിലവിലില്ലാത്ത സംഗീതോപകരണമെന്ന മുഖവുരയോടെയാണ് താനിയ തന്റെ സൃഷ്ടിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. സ്വന്തമായി സൃഷ്ടിച്ചതാണ് ഈ സംഗീതോപകരണം എന്ന് താനിയ പറഞ്ഞു. കേരളവും കൈത്തറിയുമായി അഭേദ്യമായ ബന്ധമാണുള്ളത്. പണ്ട് രാജാക്കന്മാര്‍ മറ്റ് ദേശങ്ങളില്‍ നിന്നും വിദഗ്ധ നെയ്ത്തുകാരെ കൊണ്ടു വന്ന് നെയ്ത്ത് ഗ്രാമങ്ങള്‍ ആരംഭിച്ചിരുന്നു. അത്തരം പരമ്പരാഗത തൊഴിലുകള്‍ ഇല്ലാതായി കൊണ്ടിരിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഇത്തരമൊരു സംഗീത പ്രതിഷ്ഠാപനം താനിയ സൃഷ്ടിച്ചത്.

പ്രാദേശിക കലാകാരന്മായ റെനീഷ് റെജു, വിനയ് മുരളി, മെക്‌സിക്കന്‍ കലാകാരനായ കാര്‍ലോസ് ചിന്‍ചിലാസ് എന്നിവര്‍ ചേര്‍ന്ന് നൂറു വര്‍ഷം പഴക്കമുള്ള ഉപയോഗ ശൂന്യമായ തറി സംഘടിപ്പിക്കുകയാണ് ആദ്യം ചെയ്തത്. കോഴിക്കോട് നിന്നാണ് തറി എത്തിച്ചത്. നൂലുകള്‍ ഉണ്ടായിരുന്നിടത്ത് സിത്താര്‍ കമ്പികള്‍ ഘടിപ്പിച്ചു. അതില്‍ ബിര്‍ച്ച് മരം കൊണ്ടുണ്ടാക്കിയ സൗണ്ട് ബോക്‌സും ഒരുക്കി. തറിയുടെ താളം നിലനിറുത്തി കൊണ്ടാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ റെനീഷ് ഗിറ്റാറിസ്റ്റും, ചേന്ദമംഗലം സ്വദേശിയായ വിനയ് വയലിന്‍ നിര്‍മ്മാതാവുമാണ്.

ബിനാലെയുടെ ആദ്യ ദിനം ഈ സംഗീതോപകരണത്തിന്റെ പ്രകടനവും താനിയ നടത്തി. വിവിധ ശബ്ദങ്ങള്‍ ഈണമായി മാറുന്നത് കേവലം ശ്രവ്യാനുഭവം മാത്രമല്ല, അതിശയിപ്പിക്കുന്ന കാഴ്ച കൂടിയാണ്. തുകല്‍, കനം കുറഞ്ഞ തടി എന്നിവ കൊണ്ടുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും, വിരലുകള്‍ കൊണ്ടും ഇത് വായിക്കാം. പരിമിതമായ തോതില്‍ സന്ദര്‍ശകര്‍ക്കും ഈ ഉപകരണം വായിക്കാന്‍ അവസരം നല്‍കുന്നുണ്ട്.

രണ്ട് ദേശങ്ങളിലെ തറികള്‍ ഒത്തു ചേര്‍ന്നുണ്ടാക്കിയ സംഗീതോപകരണത്തിന് രണ്ട് ദേശങ്ങളുടെ സംഗീതത്തെയും കൂട്ടിയിണക്കാന്‍ സാധിക്കുമെന്ന് താനിയ പറഞ്ഞു. ബിനാലെയില്‍ എത്തുന്ന സംഗീത വിദഗ്ധരുമായി ചേര്‍ന്ന് ഈ ഉപകരണത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

വിവിധ ഭാഷകള്‍, സാങ്കേതിക വിദ്യ, സംഗീതം എന്നിവ കൂട്ടിയിണക്കി കൊണ്ടുള്ള കലാസൃഷ്ടിയാണ് താനിയയുടെ പ്രത്യേകത. ലിംഗപരമായ യാഥാസ്ഥിതികതയ്‌ക്കെതിരെ അവര്‍ രചിച്ച ഗോര്‍ഡാസ് എന്ന സൃഷ്ടിയിലൂടെയാണ് അന്താരാഷ്ട്ര രംഗത്ത് താനിയ പ്രശസ്തയാകുന്നത്. 2011 ഗ്യുഗെന്‍ഹെം ഫെല്ലോഷിപ്പ് കരസ്ഥമാക്കി. 2012 മുതല്‍ മെക്‌സിക്കോയിലെ നാഷണല്‍ സിസ്റ്റം ഓഫ് ആര്‍ട്ട് അംഗമാണ്. പോളണ്ട്, യുകെ, ഓസ്ട്രിയ, അമേരിക്ക, കൊളംബിയ, റഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, സ്ലോവേനിയ, ജപ്പാന്‍, ഈജിപ്ത്, ലിത്വാനിയ എന്നിവടങ്ങളില്‍ തന്റെ കലാസൃഷ്ടികള്‍ താനിയ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


https://www.azhimukham.com/news-update-bjp-loss-assembly-election-2018-modi-and-his-corpse-down-raj-thackeray-cartoon/

Next Story

Related Stories