TopTop
Begin typing your search above and press return to search.

അട്ടപ്പാടിയിലുള്ളത് മുഴുപ്പട്ടിണിയാണ്

അട്ടപ്പാടിയിലുള്ളത് മുഴുപ്പട്ടിണിയാണ്

ഏതാനും ആഴ്ചകളായി നമ്മുടെ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഒരിടം സൃഷ്ടിച്ചിരിക്കുകയാണ് 'അട്ടപ്പാടിയിലെ പോഷകാഹാര കുറവുകൊണ്ടുളള മരണങ്ങള്‍'. ഈ മരണങ്ങള്‍ക്ക് 'ദാരുണം'എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന യോഗ്യതയില്ല. കാരണം, മരിച്ചു കൊണ്ടിരിക്കുന്നത് ആദിവാസിക്കുഞ്ഞുങ്ങളാണ്. ഈ കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം 'പട്ടിണി' വളരെ സ്വഭാവികമാണ്.

ഈ പട്ടിണിമരണം റിപ്പോര്‍ട്ട് ചെയ്തത് 'തമ്പ്' എന്ന ഒരു സാമൂഹ്യപ്രവര്‍ത്തക സംഘം ആണെന്നത് വളരെ പ്രസക്തവും പ്രധാനവുമാണ്. അതേസമയം ഈ പ്രശ്‌നത്തിന്റെ മൂലകാരണങ്ങളിലേയ്ക്ക് നമ്മുടെ ശ്രദ്ധയും ചര്‍ച്ചയും തിരിക്കേണ്ടതും വളരെ പ്രധാനം തന്നെ. ഏതാനും സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തത മാത്രമായോ ഈ സംവിധാനങ്ങളുടെ പ്രായോഗിക നടത്തിപ്പിലെ ന്യൂനതകളായോ മാത്രം ഇതിനെ കണ്ടാല്‍ ശരിയാകില്ല. മറിച്ച്, നാളുകളായി നടന്നുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യബഹിഷ്‌കരണ പ്രക്രിയയുടെ ഭാഗമായി നമുക്ക് ഈ അവസ്ഥയെ മനസ്സിലാക്കുവാനും പഠിക്കാനും കഴിയണം.

ആധുനിക ജനാധിപത്യ പ്രക്രിയയും വികസന മാതൃകകളും ആദിമനിവാസികളെ കൂടുതല്‍ കൂടുതല്‍ ഓരങ്ങളിലേയ്ക്ക് തള്ളിക്കളഞ്ഞ് അവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ദുര്‍ബലവിഭാഗങ്ങളെ അവരുടെ മാത്രമായ കോളനികളിലേയ്ക്ക് തളളിക്കൊണ്ടിരിക്കുന്നു. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ പ്രതിരോധത്തിന് യാതൊരു വിലയും നമ്മുടെ ജനാധിപത്യ നിയമവൃവസ്ഥ നല്‍കുന്നില്ല. സമ്പന്നരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന പരമപ്രധാന ദൗത്യമാണ് നമ്മുടെ ജനാധിപത്യ വൃവസ്ഥയും നിയമ വൃവസ്ഥയും ചെയ്യുന്നത്. ദരിദ്രന്റെ സ്വയംനിര്‍ണ്ണയാവകാശത്തെ, അവരുടെ മനുഷ്യബോധത്തെ നിരാകരിക്കുകയാണ് നമ്മുടെ ഭരണസംവിധാനങ്ങള്‍.

വാര്‍ത്തകളിലെ അട്ടപ്പാടി നമ്മെ ഓര്‍മ്മിപ്പിക്കുന്ന അഥവാ ഓര്‍മ്മിപ്പിക്കേണ്ട ഏതാനും വസ്തുതകള്‍ കുറിക്കുകയാണ്.

1.അട്ടപ്പാടിയിലെ കുട്ടികളുടെ മരണത്തിനുത്തരവാദി ആദിവാസി സമൂഹമല്ല, മറിച്ച് നമ്മുടെ ഭരണകൂടവും നിലനില്‍ക്കുന്ന അസന്തുലിത വിഭവ വിതരണവുമാണ്.

2.പോഷകാഹാരക്കുറവ് അട്ടപ്പാടിയുടെ മാത്രം പ്രശ്‌നമല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം സമൂഹത്തിന്റെ അരികുപറ്റി ജീവിക്കുന്ന ദരിദ്രരുടേയും അധ:സ്ഥിതരുടെയും നിത്യപ്രശ്‌നമാണ്.

3.ആധുനിക ജനാധിപത്യ വൃവസ്ഥയുടെ ഗുണവശങ്ങള്‍ ദരിദ്രജനവിഭാഗങ്ങളിലേക്കെത്തിക്കുന്നതില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കുളള പങ്ക് പൂര്‍വ്വാധികം നിര്‍ണ്ണായകമായി വരുന്നു.

4.പുരോഗമന പ്രസ്ഥാനങ്ങളും സ്ത്രീപ്രസ്ഥാനങ്ങളും അവരുടെ അജണ്ടയിലെ മുഖ്യ ഇനമായി ആദിവാസി /ദലിത് പ്രശ്‌നങ്ങളെ കാണുന്നില്ല.

കേരളത്തിലെ വികസനപ്രക്രിയക്കും പുരോഗമന മുന്നേറ്റങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്, ചില വിഭാഗങ്ങള്‍ക്ക് പ്രയോജനകരമാകുമ്പോള്‍, പദ്ധതികളും നിയമങ്ങളും മറ്റു ചില വിഭാഗങ്ങളെ കൂടുതല്‍ കൂടുതല്‍ ദരിദ്രരും നിസ്സഹായരും ദുര്‍ബലരും ആക്കുന്നു. അവരെ കൂടുതല്‍ കൂടുതല്‍ പൊതുധാരയില്‍നിന്നും അകറ്റുന്നു. എപ്പോഴും പരാമര്‍ശിക്കപ്പെടുന്ന ഭൂപരിഷ്‌ക്കരണം ദലിതനേയും ആദിവാസിയേയും അവന്റെ മണ്ണില്‍ നിന്നും അകറ്റി, അവനെ 10 സെന്റിലേക്കും സെറ്റില്‍മെന്റ് കോളനിയിലേക്കേും എത്തിച്ചു. 'നമ്മളുകൊയ്യും വയലെല്ലാം നമ്മുടെയാകും പൈങ്കിളിയേ' എന്ന വിപ്ളവഗാനം ഒരു നൊമ്പരമായി എത്രയോ മനസ്സുകളില്‍ കാണും. സമ്പൂര്‍ണ്ണ സാക്ഷരതയും സാര്‍വ്വത്രിക വിദ്യാഭ്യാസവും ഭൂരിഭാഗം ദലിതരേയും ആദിവാസികളേയും പത്താം ക്ളാസ്സിന്റെ പടിവാതില്ക്കല്‍ കൊണ്ടിരുത്തി സലാം പറയുന്നു. 'എഴുതാനും വായിക്കാനും കഴിയുന്നത് ഭാഗ്യം ഭാഗ്യം' എന്നു സമാധാനിക്കാനേ ഈ സമുദായങ്ങള്‍ക്ക് കഴിയുന്നുളളു. ജനകീയാസൂത്രണവും കുടുംബശ്രീയും നിലവിലുളള സാമൂഹ്യ അസമത്വങ്ങളേയും ഉച്ചനീചത്വങ്ങളേയും ഒരു വലിയ പരിധിവരെ നിലനിര്‍ത്തുകയാണ്.

പട്ടികജാതി പട്ടികവര്‍ഗ്ഗ ആദിവാസി വിഭാഗങ്ങള്‍ക്കു വേണ്ടിയുളള ബജ്ജറ്റുകളിലെ 'വന്‍തുക' അവരെ ഓരോ ഗ്രാമത്തിന്റേയും ഓരങ്ങളിലുളള കുന്നിലേക്കും കുഴിയിലേക്കും തളളിയിരിക്കുന്നു. ഐ.റ്റി മേഖലയില്‍ കേരളം വളരെ മുന്നിലാണ്. രാജ്യം തന്നെ വളരെ മുന്നിലാണ്. സമസ്ത വകുപ്പുകളും കംമ്പ്യൂട്ടര്‍വല്‍കൃതമാണ്. പാവപ്പെട്ടവര്‍ ഇതുമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിയണമെങ്കില്‍ ഓരോ പ്രദേശത്തേയും വില്ലേജാഫീസുകള്‍, താലൂക്കോഫീസുകള്‍, പഞ്ചായത്താഫീസുകള്‍ എന്നീയിടങ്ങള്‍ സന്ദര്‍ശിക്കണം. ആനുകൂല്യങ്ങള്‍ മാത്രമാണ് തങ്ങളുടെ അവകാശങ്ങള്‍ എന്ന് പാവപ്പെട്ടവന് ബോദ്ധ്യമായിരിക്കുന്നു. ഈ ഔദാര്യങ്ങള്‍ നേടാനുളള പാവപ്പെട്ടവന്റെ സഹായിയായി ജനകീയാസൂത്രണ - കുടുംബശ്രീ പ്രോഡക്ടായ 'അക്ഷയസെന്ററുകള്‍' എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന പഠനം ഒരു അടിയന്തര ആവശ്യമാണ്. ഒന്നോ രണ്ടോ ദിവസങ്ങള്‍കൊണ്ടു ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇന്നൊരു കിട്ടാക്കനിപോലെയാണ്.

നമ്മുടെ വികസന ആസൂത്രണ വൈകല്യങ്ങള്‍ക്ക് കാരണം ഭരണസംവിധാനത്തില്‍ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നത് വിഭവങ്ങളുടെ കുത്തകാവകാശികള്‍ ആണെന്നുളളതാണ്. –

സംസ്ഥാനത്തെ വലിയ ട്രൈബല്‍ സെറ്റില്‍മെന്റുകളില്‍ ഒന്നാണ് അട്ടപ്പാടി. ആദ്യം സൂചിപ്പിച്ച സാമൂഹ്യ ബഹിഷ്‌ക്കരണ പ്രക്രിയയുടെ ഇരകളാണിവിടുത്തെ പാവപ്പെട്ട ആദിവാസികള്‍. ഏക്കറുകളില്‍ യഥേഷ്ടം കൃഷി ചെയ്തും കായ്കനികള്‍ പറിച്ചുതിന്നും ജീവിച്ച ഇവര്‍ക്കന്ന് ടിബി ഇല്ലായിരുന്നു. അനീമിയ ഇല്ലായിരുന്നു. പോഷകാഹാരക്കുറവില്ലായിരുന്നു. പക്ഷേ, ഇന്നവര്‍ സ്വന്തം ഭൂമിയില്‍ അഭയാര്‍ഥികളെപ്പോലെ സര്‍ക്കാര്‍ നല്കിയ അഞ്ചു സെന്റിലെ ഒറ്റമുറിവീട്ടില്‍ ജീവിക്കുന്നു. ഇന്നവര്‍ക്ക് നഷ്ടപ്പെട്ടതെന്താണെന്ന് നമ്മുടെ ഭരണകൂടം മനസ്സിലാക്കണമെങ്കില്‍ മനുഷ്യാവകാശങ്ങളുടെ ബാലപാഠമെങ്കിലും മനസ്സിലേറ്റാന്‍ അധികാരികള്‍ക്ക് കഴിയണം.

ഐ.റ്റി.ഡി.പി സര്‍വ്വേപ്രകാരം തന്നെ 10159 ഏക്കര്‍ സ്ഥലം ആദിവാസികള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ആധുനിക കൃഷി രീതികളോടും തൊഴില്‍ രീതികളോടും സമരസപ്പെട്ട് ജീവിതം കെട്ടിപ്പടുക്കുവാന്‍ നാടിന്റെ മക്കളാക്കപ്പെട്ട കാടിന്റെ മക്കള്‍ക്കായില്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യമായി മനസ്സിലാക്കുന്നത് തൊഴിലില്ലായ്മയും അതിനോടനുബന്ധിച്ച ദാരിദ്ര്യവുമാണ്. ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഈ പ്രദേശത്ത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഗ്രാമീണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കിയുളള ഈ പദ്ധതി തന്നെ കേരളത്തില്‍ മനുഷ്യന് അന്നന്ന് വിശപ്പടക്കാന്‍ ഉതകുന്നതല്ല. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ അക്കൗണ്ടില്‍ വീഴുന്ന പണത്തിന് മനുഷ്യന്റെ അന്നന്നത്തെ വിശപ്പടക്കാന്‍ കഴിയില്ലല്ലോ. ദാരിദ്ര്യം എന്ന വാക്കില്‍ വിശപ്പും വരുന്നില്ലേ. എന്തുകൊണ്ട് മുഴുവന്‍ ദരിദ്രര്‍ക്കും ഭക്ഷണം നല്‍കാന്‍ നമ്മുടെ സര്‍ക്കാരിന് കഴിയുന്നില്ല. ആദിവാസികളുടെ പേരില്‍ ചിലവഴിക്കുന്ന പണത്തിന്റെ ഒരംശം ഇതിനുവേണ്ടല്ലോ.

അട്ടപ്പാടിയിലെ പോഷകാഹാരമരണങ്ങള്‍ 'തമ്പ്' എന്ന സന്നദ്ധസംഘടന റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സകല വകുപ്പ് മന്ത്രിമാരും അങ്ങോട്ടോടിയത് (മുഖ്യ മന്ത്രി ഓടിച്ചത്) എന്തിനാണ്. പഴങ്കഥയിലെ മുതലാളിയെപ്പോലെ, അതുപറയാനുളള അവകാശം അവര്‍ക്കല്ല ഞങ്ങള്‍ക്കാണ് എന്നതുകൊണ്ടാണോ? ലജ്ജയില്ലേ ഈ ഓട്ടക്കാര്‍ക്ക്? എന്താണീ മന്ത്രിമാരുടെ ജോലി?

ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ അമ്മമാര്‍ക്കുളള അനുപൂരക പോഷകാഹാരം അംഗണവാടികള്‍ വഴിയാണ് നല്കിവരുന്നത്. ശുചിയായി വെന്തുവേവിച്ച ഭക്ഷണം പാവപ്പെട്ട ആളുകള്‍ക്ക് നല്‍കാനുളള സംവിധാനം ഇവിടെയില്ല. കൊടുത്തുകൊണ്ടിരിക്കുന്ന പാലും മുട്ടയും മറ്റും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്തുകൊണ്ട്. നമ്മുടെ മുന്നണി രാഷ്ട്രീയക്കാരുടെ മനസ്സില്‍ ദരിദ്രനില്ല. അവര്‍ക്ക് വോട്ടു ബാങ്കുകള്‍ മാത്രമാണുളളത്. അതിനാവശ്യമായ സേവനങ്ങളാണ് നല്കിക്കൊണ്ടിരിക്കുന്നത്.

ദേശീയ ഭക്ഷ്യസുരക്ഷാ ബില്ലിന്റെ ചര്‍ച്ചകള്‍ ഇഴഞ്ഞും വലിഞ്ഞും നീങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ പൊതുവിതരണ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കളായി സമ്പന്നരെ ഒഴിവാക്കി ബാക്കി മുഴുവന്‍ ജനതയേയും ഉള്‍പ്പെടുത്താനുളള നാഷണല്‍ ഉപദേശക കൗണ്‍സിലിന്റെയും സാമൂഹ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ പാടേ തളളിക്കൊണ്ടുളളതാണ് ഇപ്പോഴത്തെ ബില്‍. വന്‍കിട ബിസിനസ്സുകാര്‍ക്ക് വലിയ തോതില്‍ വിവിധ ഇളവുകള്‍ നല്കുന്നു. ഇതിന്റെ അളവ് വെട്ടിക്കുറച്ചാല്‍ തന്നെ ഭക്ഷ്യസുരക്ഷ സാര്‍വ്വത്രികമാക്കാന്‍ കഴിയും. പുതിയ ബില്ലില്‍ ICDSനെയും പൊതുവിതരണ സമ്പ്രദായത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിര്‍ദ്ദേശിച്ചിരിക്കുന്ന ഭക്ഷണ അളവുകള്‍ അപര്യാപ്തമാണ്.

അട്ടപ്പാടിയിലെ കുട്ടികള്‍ മരിക്കുന്നത് അമ്മമാരുടെ അനാരോഗ്യം മൂലമെന്ന് മുഖ്യമന്ത്രി. കുട്ടികള്‍ക്കായാലും അമ്മമാര്‍ക്കായാലും പട്ടിണി എന്ന സത്യം ഇവിടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നു. ആദിവാസി അമ്മമാരുടെ മദ്യപാനമാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. രാജ്യത്തിന്റെ പണം ഇഷ്ടംപോലെ ഉപയോഗിച്ചവരും ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരുമായ ജനപ്രതിനിധിയും ഉദ്ദ്യോഗസ്ഥരുമാണ് ഇത്തരത്തില്‍ നിരുത്തരവാദപരമായി പ്രതികരിക്കുന്നതെന്നോര്‍ക്കുക. തങ്ങളെ ആരും പ്രത്യേകിച്ച് തെരഞ്ഞെടുത്തതല്ലെങ്കിലും സാമൂഹ്യ പ്രവര്‍ത്തകരും ഗവേഷകരും നമ്മുടെ നാട്ടില്‍നിന്നും പട്ടിണിമാറ്റാനുളള ICDS പോലെയുളള സര്‍ക്കാര്‍ സംവിധാനങ്ങളെ ജനങ്ങളുടെ ആശ്രയമാക്കുവാനുളള ധാരാളം നിര്‍ദ്ദേശങ്ങള്‍ കാലാകാലങ്ങളില്‍ മുന്‍പോട്ടു വയ്ക്കുന്നുണ്ട്. രാജ്യത്തെ വിവിധ അറകളില്‍ ഭക്ഷ്യസാധനങ്ങള്‍ പുഴുവരിക്കുമ്പോഴും നമ്മുടെ നാട്ടില്‍ ഗര്‍ഭിണിമാരും മുലയൂട്ടുന്ന അമ്മമാരും കുഞ്ഞുങ്ങളും പട്ടിണി കിടന്നു ചാകുന്നുണ്ടെന്ന സത്യം എത്ര മറച്ചുവെച്ചാലും മറയ്ക്കാനാകുമോ.

2012 ലെ CAG റിപ്പോര്‍ട്ട് പ്രകാരം 0-6 പ്രായ ഗ്രൂപ്പിലെ 27 മുതല്‍ 39 ശതമാനം വരെ കുട്ടികള്‍ കേരളത്തില്‍ പോഷകാഹാരക്കുറവുളളവരാണ്. അട്ടപ്പാടിയിലും രണ്ടു സമീപ ജില്ലകളിലും 2012 ല്‍ മരിച്ച 1180 (9.32%) കുട്ടികളില്‍ 110 കുട്ടികളും പോഷകാഹാരക്കുറവുളളവരായിരുന്നു. ഈ റിപ്പോര്‍ട്ടിന്‍ പ്രകാരം കേരളത്തിലെ 55 - 66 ശതമാനം കുട്ടികള്‍ക്കും അനുപൂരക പോഷകാഹാരം ലഭ്യമല്ല.

ജില്ലാ മെഡിക്കല്‍ ഓഫീസ് കുട്ടികളുടെ മരണകാരണം പോഷകാഹാരക്കുറവും അനീമിയയും ആണെന്ന് സ്ഥീരീകരിച്ചിട്ടുണ്ട്. ബി.പി.എല്‍ ലിസ്റ്റില്‍ വരേണ്ട ദരിദ്രര്‍ എ.പി.എല്‍ ലിസ്റ്റില്‍ ആയിരിക്കുക എന്ന തിരിമറി കേരളത്തില്‍ വ്യാപകമായുണ്ട്. മാനദണ്ഡങ്ങളെ അശാസ്ത്രീയമായും ദുരുദ്ദേശപരമായും വിലയിരുത്തന്നതിന്റെ അപാകതയാണിത്. തീരുമാനപ്രക്രിയയിലോ അതിന്റെ നടത്തിപ്പിലോ യാതൊരു പങ്കുമില്ലാത്ത ദരിദ്ര ജനങ്ങള്‍ സങ്കുചിത ചിന്താഗതികള്‍ക്കും സമീപനങ്ങള്‍ക്കും ഇരകളായികൊണ്ടിരിക്കുകയാണ്. റേഷന്‍ കാര്‍ഡില്ലാത്ത ജനങ്ങള്‍ തന്നെ അതിന്റെ നൂലാമാലകള്‍ കാരണം നിസംഗരായിരിക്കുന്ന കാഴ്ചയാണ് പല ഗ്രാമങ്ങളിലും. ഇന്ന് വില്ലേജോഫീസില്‍ ഒരു വ്യക്തിക്ക് നേരിട്ട് ചെല്ലാന്‍ കഴിയില്ല. എല്ലാം അക്ഷയ സെന്റര്‍ വഴിയാണ്. അക്ഷയസെന്ററില്‍ കംപ്യൂട്ടറാണ് കാര്യങ്ങള്‍ ചെയ്യുന്നത്. കംപ്യൂട്ടറിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശപ്രകാരമല്ലാത്ത ഏതു ഡേറ്റായും നിരസിക്കും. റേഷന്‍കാര്‍ഡില്ലാത്ത, പുറംപോക്കില്‍ താമസിക്കുന്ന കൂലിപ്പണിക്കാരന്റെ അവസ്ഥ ആലോചിക്കുക.

'പോഷകാഹാര' ചര്‍ച്ചകളിലും സംവാദങ്ങളിലും ഇതേ ജാതി ശ്രേണി ഒളിഞ്ഞും മറഞ്ഞും നിലനില്ക്കുന്നുണ്ട്. BALANCED DIET എന്ന സങ്കല്പം തന്നെ ആരുടെ അജണ്ട ആണെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണം ഒന്നും വേണ്ട. ഇറച്ചിയും മീനും, മുട്ടയും ബോധപൂര്‍വ്വം ഒഴിവാക്കി, പച്ചക്കറിയും, ധാന്യങ്ങളും, പയറും പകരം കൊണ്ടുവരുന്നത് ഒരു ബ്രാഹ്മണിക്കല്‍ / ഹിന്ദുത്വ അജണ്ടയുടെ ഭാഗം തന്നെയാണ്. പണ്ട് നടന്ന ഹരിത വിപ്ളവവും ഇതോട് കൂട്ടി ചേര്‍ത്ത് വായിക്കേണ്ടതാണ്. അരിക്കച്ചവടകാര്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കി കൊടുക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ ഒരു പൊതു ബോധവല്കരണ പരിപാടിയിലൂടെ ഒരു Balanced diet സിദ്ധാന്തം വിറ്റു. പ്രതീക്ഷിച്ച ഫലവും കിട്ടി.

തലമുറയായി മാംസം തിന്ന്‍ പോഷകം നിറഞ്ഞ ശരീരം കൊണ്ട് നടന്ന ജനതയെ പുച്ചിച്ചും, അവരുടെ ജീവിത രീതി മോശമായി ചിത്രീകരിച്ചും ഒരു വെജിറ്റേറിയന്‍ അജണ്ട സ്ഥാപിച്ച് എടുത്തതിന്റെ victimization കൂടിയാണ് അട്ടപ്പാടിയിലെ കുട്ടികളുടെ മരണങ്ങള്‍.

വരുന്നവരും പോകുന്നവരും കോടിക്കണക്കിനു പ്രഖ്യാപനങ്ങള്‍ നടത്തുന്നത് സ്വാഗതം ചെയ്തു ആദിവാസികളും മടുത്തു തുടങ്ങി. അടിയന്തരമായി ചെയ്യണ്ട NRC, universalisation of ICDS, PDS ഇവയെല്ലാം ആവശ്യങ്ങള്‍ ആയി തന്നെ കടലാസില്‍ തന്നെ ബജറ്റും കാത്തിരിക്കുന്നു. Unplaaned ബജറ്റിലും ഇതൊന്നും ഉള്‍പ്പെടുത്താന്‍ ഭരണകര്‍ത്താക്കള്‍ക്ക് ബോധമില്ല. ഇവരാണ് ആദിവാസികള്‍ക്ക് ബോധമില്ല, കള്ളുകുടി ആണ് എന്നൊക്കെ വിളിച്ചു പറയുന്നത്.

വരും ദിവസങ്ങളില്‍ അട്ടപ്പാടി അടങ്ങുന്ന പാര്‍ശ്വവല്‍കരിക്കപ്പെട്ട സാമൂഹിക ജീവികള്‍ അവരുടെ മൗലിക അവകാശങ്ങള്‍ക്ക് എന്ത് ഗൌരവം കൊടുക്കുന്നുണ്ടെന്നു കൃത്യമായി മനസ്സിലാക്കുന്നുണ്ട്. 2014-ല്‍ 'നിങ്ങള്‍ ഒക്കെ ഇങ്ങു വാ' എന്ന് മനസ്സിലും പറഞ്ഞ് ചില തയാറെടുപ്പുകള്‍ നടത്തുന്നത് ഒരു മുന്നറിയിപ്പായി മനസ്സിലാക്കുന്നത് നല്ലതായിരിക്കും!

(ചിത്രങ്ങള്‍: ലൈജു യേഷ്)


Next Story

Related Stories