TopTop
Begin typing your search above and press return to search.

വീരനെ വെല്ലുവിളിച്ച് മാതൃഭൂമി പത്രപ്രവര്‍ത്തകന്‍

വീരനെ വെല്ലുവിളിച്ച് മാതൃഭൂമി പത്രപ്രവര്‍ത്തകന്‍

യു.ഡി.എഫില്‍ ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാന പ്രസിഡന്റും മാതൃഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്ര കുമാര്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. സി.പി.എമ്മിന്റെ സിറ്റിംഗ് എം.പി എം.ബി രാജേഷാണ് ഇവിടെ മുഖ്യ എതിരാളി. എന്നാല്‍ അപ്രതീക്ഷിതമായി വീരേന്ദ്ര കുമാറിന് ഒരു എതിരാളി കൂടി രംഗത്തെത്തിയിരിക്കുന്നു. മാതൃഭൂമിയുടെ ഗുവാഹത്തി കറസ്‌പോണ്ടന്റ് കെ. ശ്രീജിത്താണ് വീരേന്ദ്ര കുമാറിനെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വേജ്‌ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വീരേന്ദ്ര കുമാറും മാതൃഭൂമിയും സ്വീകരിച്ചിരിക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തന്റെ മത്സരമെന്ന് ശ്രീജിത് പറയുന്നു. ശ്രീജിത് അഴിമുഖത്തോട് സംസാരിക്കുന്നു.

മാധ്യമ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കെതിരെയാണ് എന്റെ പോരാട്ടം. മാധ്യമ മേഖല കോര്‍പറേറ്റ്‌വത്ക്കരിക്കുകയും അതിന്റെ ഭാഗമായി മാധ്യമ മുതലാളിമാര്‍ തൊഴിലാളികളോട് പെരുമാറുന്ന രീതിക്ക് മാറ്റം വരികയും ചെയ്തതാണ് അതില്‍ പ്രധാനം. ഏറെ പ്രബുദ്ധമെന്ന് കരുതപ്പെട്ടിരുന്നതാണ് കേരളത്തിലെ മാധ്യമ മേഖല. മുന്‍കാലങ്ങളിലൊക്കെ അത്തരം നിലപാടുകള്‍ പുലര്‍ത്തിയിരുന്ന പല സ്ഥാപനങ്ങളും ഇന്ന് മാറ്റം വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഞാന്‍ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനം.

മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് രാജ്യത്തെ ഉന്നത നീതിപീഠം ഉത്തരവിട്ടിട്ടു പോലും അതിനെ പുശ്ചിച്ചു തള്ളുന്ന രീതിയില്‍ മുതലാളിമാര്‍ പെരുമാറുന്നതിന് നാം സാക്ഷ്യം വഹിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയെ പോലുള്ള പത്രങ്ങളും പത്രസ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി (ഐ.എന്‍.എസ്)യുമൊക്കെ ഈ നിലപാട് സ്വീകരിച്ചവരാണ്. ആ ഐ.എന്‍.എസിന്‍െ്‌റ നേതൃനിരയിലുള്ള വ്യക്തിക്കെതിരെയാണ് ഞാന്‍ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ എം.പി വീരേന്ദ്ര കുമാര്‍ എന്ന വ്യക്തിക്കെതിരെയല്ല ഞാന്‍ മത്സരിക്കുന്നത്. മറിച്ച് കോര്‍പറേറ്റ് മാധ്യമ ലോകം പിന്തുടരുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ്. ആ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളുകളിലൊരാളാണ് വീരേന്ദ്ര കുമാര്‍.


എം.പി വീരേന്ദ്രകുമാര്‍

മാതൃഭൂമി ദിനപത്രത്തില്‍ വേജ്‌ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. ഞാനുള്‍പ്പെടെ 30-ലധികം മാധ്യമ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന മാനസിക പീഡനം ഉള്‍പ്പെടെയുള്ളവ പറഞ്ഞാല്‍ തീരില്ല. വേജ്‌ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ പൂര്‍ണ ഗര്‍ഭിണിയായ ഒരു മാധ്യമ പ്രവര്‍ത്തകയെ കഴക്കൂട്ടത്തെ 'സിംഗിള്‍മാന്‍' ബ്യൂറോയിലേക്ക് സ്ഥലം മാറ്റുകയാണ് വീരേന്ദ്രകുമാറും മറ്റും ചെയ്തത്. ടോയ്‌ലറ്റ് സൗകര്യം പോലുമില്ലാത്ത ഇവിടേക്കുള്ള സ്ഥലം മാറ്റം ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും മനുഷ്യാവകാശലംഘനമാണെന്നും യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് സ്ഥലം മാറ്റം പിന്‍വലിക്കുകയായിരുന്നു.

വേജ്‌ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനൊപ്പം നിന്നതിന്റെ പേരില്‍ ഒരു മാധ്യമ പ്രവര്‍ത്തകനെ അദ്ദേഹത്തിന്റെ പിതാവ് ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായിട്ടു പോലും കട്ടപ്പനയിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. ഒരേയൊരു മകനായ അദ്ദേഹത്തെ സ്ഥലം മാറ്റിയതിനു പിന്നാലെ പിതാവ് മരിക്കുകയും ചെയ്തു. മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ അമ്മയ്ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗവും പിതാവിന് ഓര്‍മശക്തി നഷ്ടപ്പെട്ടു പോയ അവസ്ഥയുണ്ടായിരുന്നു. ഇവരോടൊന്നും യാതൊരു കരുണയും കാണിച്ചില്ലെന്നു മാത്രമല്ല, നിരന്തരമായി ഉപദ്രവിക്കുകയും ചെയ്തു. 24 മണിക്കൂറും സോഷ്യലിസം പറയുന്ന നേതാവിന്റെ നേതൃത്വത്തിലാണ് ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കണം. വീരേന്ദ്ര കുമാറിന്റെ ജീവിതരീതി പോലും സോഷ്യലിസ്റ്റിന്റേതല്ല.


കെ. ശ്രീജിത്ത്

അടിയന്തരാവസ്ഥക്കാലത്ത് മനുഷ്യാവകാശലംഘനത്തിനെതിരെ ജയിലില്‍ കിടന്നിട്ടുണ്ട്, അതിന്‍െ തിക്തഫലങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് എന്നൊക്കെ പറയുന്ന ഒരാള്‍ മാതൃഭൂമിയിലെ ജീവനക്കാര്‍ക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചില്ലറയല്ല.

മറ്റൊന്ന് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നത് സ്വതന്ത്രമായി നിലനില്‍ക്കേണ്ടതാണെന്നും വേജ്‌ബോഡ് ഭരണഘടനാവകാശം തന്നെയാണെന്നും സുപ്രീം കോടതി തന്നെ നിലപാടെടുത്തിട്ടുണ്ട്. അങ്ങനെയല്ലെന്ന ഐ.എന്‍.എസിന്റെയും മറ്റും വാദം തള്ളിക്കൊണ്ടായിരുന്നു ഇത്. അത്തരമൊരു കാര്യത്തിനെതിരെയാണ് ഐ.എന്‍.എസും വീരേന്ദ്രകുമാറുമൊക്കെ നിലകൊണ്ടത്. അതുകൊണ്ടുതന്നെ എന്റെ പോരാട്ടം വ്യക്തിപരമല്ല. മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരുടേയും പ്രതിനിധിയായിട്ടാണ് ഞാന്‍ മത്സരിക്കുന്നത്. മാധ്യമ മുതലാളിമാരുടെ കൊടും പീഡനങ്ങള്‍ക്ക് ഇരയായവരാണ് ഞങ്ങളൊക്കെ. എനിക്കിതുവരെ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ഞാനത് കാര്യമാക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും പൊതുസമൂഹത്തോട് വിളിച്ചു പറയേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്തവണ പാലക്കാട്ട് മത്സരിക്കുന്നത്. പിന്നെ ഞാന്‍ ജനിച്ചുവളര്‍ന്നതും പഠിച്ചതുമൊക്കെ അവിടെയാണ്. അതുകൊണ്ടു തന്നെ സുഹൃത്തുക്കളുടെ സഹായമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം അറിയേണ്ടതുണ്ട്. അത് ഒളിച്ചുവയ്‌ക്കേണ്ട കാര്യമല്ല. മാധ്യമ മേഖലയിലെ തൊഴിലിടങ്ങളില്‍ നടക്കുന്ന തീര്‍ത്തും തൊഴിലാളിവിരുദ്ധമായ കാര്യങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യുകയും അതിനൊരു പരിഹാരമുണ്ടാവുകയും വേണം. അതുകൊണ്ടു തന്നെ എന്റെ സ്ഥാനാര്‍ഥിത്വം ഒരു ചര്‍ച്ചയ്ക്ക് കാരണമായാല്‍ അത്രയും നല്ലത്. അത്രയും മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ഇത് പ്രതിഷേധസൂചകമായ ഒരു പോരാട്ടമാണ്. മത്സരിക്കാന്‍ തീരുമാനിച്ചതിനു ശേഷം പിന്തുണ അറിയിച്ചു കൊണ്ടു വിളിച്ചവരുടെ എണ്ണം നോക്കുകയാണെങ്കില്‍ അതു വിജയിക്കുമെന്നുള്ള പ്രതീക്ഷയാണ് എനിക്കുള്ളത്.


Next Story

Related Stories