TopTop
Begin typing your search above and press return to search.

കാല്പനികവും ഊഹാപോഹങ്ങളിലും സ്വാര്‍ത്ഥതാല്പര്യങ്ങളിലും അധിഷ്ഠിതവുമായ വാദപ്രതിവാദങ്ങൾ കൊണ്ടു പ്രയോജനമില്ല; ശാസ്ത്രീയമായ മാറ്റങ്ങൾ വരുത്താൻ ജനങ്ങൾ സജ്ജരാകണം-ഡോ. കെ എന്‍ ഗണേശ്

കാല്പനികവും ഊഹാപോഹങ്ങളിലും സ്വാര്‍ത്ഥതാല്പര്യങ്ങളിലും അധിഷ്ഠിതവുമായ വാദപ്രതിവാദങ്ങൾ കൊണ്ടു പ്രയോജനമില്ല; ശാസ്ത്രീയമായ മാറ്റങ്ങൾ വരുത്താൻ ജനങ്ങൾ സജ്ജരാകണം-ഡോ. കെ എന്‍ ഗണേശ്

ഗാഡ്ഗിൽ കമ്മിറ്റിറിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന ആശയം മാത്രമാണ് പരിസ്ഥിതിവാദികളിൽ നിന്നു ഉയർന്നു കേൾക്കുന്നത്. ചിലർ ദുരന്തനിവാരണത്തെ സംബന്ധിച്ച യു എൻ നിബന്ധനകളിലേക്കും അതിനെ ആധാരമാക്കിയുള്ള കേരളത്തിലെ പോസ്റ്റ്‌ ഡിസാസ്റ്റർ മാനേജ്‌മെന്റിനെക്കുറിച്ചുള്ള റിപ്പോർട്ടിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. തീർച്ചയായും ശ്രദ്ധേയമായ സംഭാവനകളാണ് അവ രണ്ടും. ഗാഡ്ഗിൽ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിന്റെ ഭാഗമായാണ് കേരളത്തിന്റെ അവസ്ഥ ചർച്ച ചെയ്യപ്പെടുന്നത്. പോസ്റ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റിനെ സംബന്ധിച്ച റിപ്പോർട്ട് ദുരന്തനിവാരണത്തിനും അവ തടയുന്നതിനും സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്‌യുന്നു. ഇവ മാത്രം ഇന്നത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ മതിയാകില്ലെന്നാണ് കരുതുന്നത്.

നമുക്ക് വേണ്ടത് കടൽക്കരയിലുള്ള ഉഷ്ണമേഖല മൺസൂൺ പ്രദേശമെന്ന നിലയിൽ കേരളത്തിലെ ഭൗമപ്രതലത്തിന്റെ രൂപീകരണം, സ്ഥലജലവിന്യാസം, മണ്ണിന്റെയും ശിലകളുടെയും ഘടന, ജൈവവൈവിധ്യവും ഭൂവിനിയോഗവും, ഉത്പാദനനിർമാണ പ്രവർത്തനങ്ങളും അവ ഭൗമജൈവതലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും, ആവാസവ്യവസ്ഥകൾ നാഗരീകരണം, ജീവിതശൈലികളും സാംസ്കാരികരൂപങ്ങളും വരുത്തുന്ന മാറ്റങ്ങൾ അവയോടൊപ്പം, കാലാവസ്ഥാവ്യതിയാനം, സാമ്രാജ്യത്വ മൂലധനശക്തികളുടെ വിഭവചൂഷണവും ജീവിതശൈലികളും നിർമാണവും ഭൗമജൈവഘടനയിൽ വരുത്തുന്ന മാറ്റങ്ങളും എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമഗ്രമായ പരിസ്ഥിതി ആസൂത്രണമാണ് ആവശ്യം. ഇതിനാവശ്യമായ അടിസ്ഥാനവിവരങ്ങളും പഠനങ്ങളും ഇപ്പോൾ തന്നെ ലഭ്യമാണ്. അവയെ ഉൾക്കൊള്ളിച്ച് ഒരു പ്രാഥമികസമീപനം രൂപപ്പെടുത്താൻ നമ്മുടെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് തന്നെ കഴിയും. കൂടുതൽ വിശദീകരണം വേണ്ട മേഖലകളിൽ പുതിയ പഠനങ്ങളെക്കുറിച്ചും ആലോചിക്കാം. പക്ഷെ സ്ഥല ജല ആസൂത്രണത്തിനുള്ള പ്രാഥമികനടപടികൾക്ക് ആവശ്യമായ വിവരങ്ങൾ കണ്ടെത്താൻ പ്രയാസമില്ല. ഈ പ്രാഥമിക നടപടികൾക്കാവശ്യമായ വിധത്തിൽ ഭൂവിനിയോഗത്തിലും ജലവിനിയോഗത്തിലും ആവാസവ്യവസ്ഥയുടെ നിർമാണത്തിലും ഭൗമവിഭവങ്ങളടക്കമുള്ള എല്ലാ വിഭവങ്ങളുടെയും ഖനനത്തിലും ഉപഭോഗത്തിലുമെല്ലാം ശാസ്ത്രീയമായ മാറ്റങ്ങൾ വരുത്താൻ ജനങ്ങൾ സജ്ജരാകേണ്ടിയിരിക്കുന്നു.

ഇത് നടത്താതെ കാല്പനികവും ഊഹാപോഹങ്ങളിലും സ്വാര്‍ത്ഥതാല്പര്യങ്ങളിലും അധിഷ്ഠിതവുമായ വാദപ്രതിവാദങ്ങൾ കൊണ്ടു പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെ കാലമായി നടക്കുന്ന ഇത്തരം കസർത്തുകൾ നമ്മെ എവിടെയും എത്തിച്ചിട്ടില്ല. എല്ലാവരും സ്വന്തം തെങ്ങിന്റെ മുകളിൽ കയറി ഇരുന്നു ഭൂലോകവീക്ഷണം നടത്തുകയും താൻ കാണുന്ന ഭൂമി മാത്രമാണ് ശരി എന്ന് പ്രഖ്യാപിക്കുകയും മാത്രമാണ് ചെയ്യുന്നത്. കഴിഞ്ഞ പ്രളയത്തിന് ശേഷവും ഇത് തന്നെയാണ് സംഭവിച്ചത്. എല്ലാ പ്രതിസന്ധികളിലും ഇത്തരം ആധാരവ്യായാമം നമ്മുടെ വൈകുന്നേരത്തെ വെടിവട്ടമാണ്. അതിന് പകരം ശാസ്ത്രീയവും യുക്തിസഹവുമായ മാര്ഗങ്ങളിലൂടെയുള്ള ജനകീയനടപടികൾക്ക് നീങ്ങേണ്ടിയിരിക്കുന്നു അതിനാവശ്യമായ സാമൂഹ്യവിദ്യാഭ്യാസപദ്ധതികളും കൂട്ടായ പ്രവർത്തനരൂപങ്ങളും വളർന്നു വരേണ്ടിയിരിക്കുന്നു. ഇനിയൊരു ദുരന്തം ഉണ്ടാകാൻ നാം സമ്മതിക്കില്ല എന്ന പ്രതിജ്ഞ നാമോരോരുത്തരും എടുക്കേണ്ടിയിരിക്കുന്നു.


Next Story

Related Stories