TopTop
Begin typing your search above and press return to search.

ഇഎംഎസിനോട് മന്നം ചെയ്ത ആ വലിയ തെറ്റ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ചെറിയ തെറ്റാകുമ്പോള്‍

ഇഎംഎസിനോട് മന്നം ചെയ്ത ആ വലിയ തെറ്റ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ചെറിയ തെറ്റാകുമ്പോള്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടി ഗംഭീരമായി. എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടുന്നുവെന്ന് കോടിയേരി പറയുന്നത് ആര്‍എസ്എസിനെക്കുറിച്ച് അറിയാത്തതിനാലാണെന്നാണ് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഡിസംബര്‍ 26ന് ആര്‍എസ്എസ് ആഭിമുഖ്യത്തിലുള്ള ശബരിമല കര്‍മ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാന്‍ സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്യുന്നത് ചൂണ്ടിക്കാട്ടി കോടിയേരി തന്റെ പ്രസ്താവന ശരിയാണെന്ന് സ്ഥാപിക്കുകയാണ്. ആര്‍എസ്എസ് ആഭിമുഖ്യത്തിലുള്ള സംഘടനകളാണ് ഈ കര്‍മ്മ സമിതിയിലുള്ളത്. അയ്യപ്പജ്യോതി പരിപാടി ആര്‍എസ്എസിന്റേതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും ഇതില്‍ പങ്കെടുക്കാന്‍ ഭക്തന്മാരെയും അംഗങ്ങളെയും ആഹ്വാനം ചെയ്യുന്നതിലൂടെ എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നതെന്ന് കോടിയേരി ചോദിക്കുന്നു.

മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എന്‍എസ്എസ് നേതൃത്വം ഉയര്‍ത്തിപ്പിടിക്കണമെന്നാണ് കോടിയേരിയുടെ ആവശ്യം. '1958-59 കാലയളവില്‍ മന്നം വിമോചന സമരത്തില്‍ പങ്കാളിയാകുകയും നേതൃത്വം കൊടുക്കുകയും ചെയ്തുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഈ ചെറിയ കാലയളവിലൊഴികെ പൊതുവില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന നിലപാടായിരുന്നു മന്നത്തിന്റേത്'. എന്നും കോടിയേരി പറയുന്നു. മന്നം ചെയ്ത ഏക തെറ്റ് വിമോചന സമരത്തില്‍ പങ്കെടുത്തതാണെന്നാണ് കോടിയേരിയുടെ അഭിപ്രായമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസിലാക്കേണ്ടത്. അതുകൊണ്ടാണല്ലോ എന്‍എസ്എസ് മന്നത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം ഇപ്പോഴും ആവശ്യപ്പെടുന്നത്. എന്നാല്‍ ആ ഒരു തെറ്റ് തന്നെയാണ് മന്നത്ത് പത്മനാഭന്‍ കേരള രാഷ്ട്രീയത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റും. സുകുമാരന്‍ നായരെയും എന്‍എസ്എസിന്റെയും ഇപ്പോഴത്തെ നിലപാടുകളെ വിമര്‍ശിക്കാനാണെങ്കിലും മന്നത്തിന്റെ ആ തെറ്റിനെ ഒരു സിപിഎം നേതാവ് ഇത്തരത്തില്‍ ലഘൂകരിക്കാന്‍ പാടില്ലായിരുന്നു.

ലോകത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറിയത് കേരളത്തിലാണ്. ജനങ്ങളുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ ആധുനിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ശക്തിപകരുന്ന നിരവധി തീരുമാനങ്ങള്‍ ഇഎംഎസ് സര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്തു. ഭൂപരിഷ്‌കരണ നിയമവും വിദ്യാഭ്യാസ പരിഷ്‌കരണ നിയമവുമെല്ലാം അത്തരത്തിലുള്ളവയായിരുന്നു. എന്നാല്‍ പാരമ്പര്യമായി അനുഭവിച്ച് വന്നിരുന്ന ഭൂമി നഷ്ടമാകുമെന്ന് വന്നപ്പോള്‍ ജന്മിമാര്‍ കൈയ്യും കെട്ടി നോക്കി നിന്നില്ല. കോണ്‍ഗ്രസിന്റെയും എന്‍എസ്എസിന്റെയും ക്രിസ്തീയ സഭകളുടെയും മുസ്ലിം ലീഗിന്റെയുമെല്ലാം സഹായത്തോടെ അവര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. അതാണ് വിമോചന സമരത്തിലേക്കും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പുറത്താകലിലേക്കും കലാശിച്ചത്. വിദ്യാഭ്യാസ പരിഷ്‌കാരത്തിനെതിരെ സ്വകാര്യ മാനേജ്‌മെന്റുകളാണ് രംഗത്തെത്തിയത്. അതിലും എന്‍എസ്എസും ക്രിസ്തീയ സഭകളുമായിരുന്നു മുന്‍പന്തിയില്‍. സ്‌കൂള്‍ തുറക്കേണ്ട ജൂണ്‍ 15ന് തങ്ങള്‍ ഒരു കാരണവശാലും സ്‌കൂളുകള്‍ തുറക്കില്ലെന്ന് ക്രിസ്തീയ സഭകളും മന്നത്ത് പത്മനാഭനും പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ തുറന്നില്ലെങ്കില്‍ ഷെഡ്ഡുകള്‍ കെട്ടി ക്ലാസുകള്‍ നടത്തുമെന്ന് സര്‍ക്കാരും പ്രഖ്യാപിച്ചു. ജനകീയ സ്‌കൂളിന് കമ്മ്യൂണിസ്റ്റുകാര്‍ നല്ല പ്രചരണം നല്‍കിയെങ്കിലും അത് പ്രാവര്‍ത്തികമായില്ല. 'മന്നം പൂട്ടിയ സ്‌കൂളു തുറക്കാന്‍ എംഎന്നു മീശ കിളുര്‍ത്തിട്ടില്ല' എന്ന മുദ്രാവാക്യവുമായി സമരക്കാര്‍ സര്‍ക്കാര്‍ സ്‌കൂളുകളും പിക്കറ്റ് ചെയ്തു. പലയിടത്തും കൂടിയും കുറഞ്ഞും അക്രമങ്ങളുണ്ടായി. തിരുവനന്തപുരം ജില്ലയിലെ വെട്ടുകാടും പുല്ലുവിളയിലും പോലീസ് വെടിവച്ചു. അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അങ്കമാലി കല്ലറയും തിരുവനന്തപുരത്ത് ചെറിയതുറയില്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച ഫ്‌ളോറിയെന്ന ഗര്‍ഭിണിയുമെല്ലാം ആ വിമോചന സമരത്തിന്റെ ബാക്കിപത്രങ്ങളാണ്. വിമോചന സമരത്തെ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്നും വേട്ടയാടുന്ന പ്രതീകങ്ങളാണ് ഇവ.

https://www.azhimukham.com/trending-arrogance-of-sukumaran-nair-who-speaks-about-pinarayi-vijayans-ignorance/

വിമോചന സമരമാണ് മന്നം ചെയ്ത ഏക തെറ്റെന്ന് പറയുമ്പോള്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ വാക്കുകള്‍ കോടിയേരി ബാലകൃഷ്ണനെ ഓര്‍മ്മിപ്പിക്കേണ്ടി വരികയാണ്. 'രണ്ട് സമരസമിതികളാണ് ഇന്നുള്ളത്. ഒന്ന് ചങ്ങനാശേരിയില്‍ സ്ഥാപിച്ചിരിക്കുന്നു. മറ്റൊന്ന് കോണ്‍ഗ്രസും പിഎസ്പിയും മുസ്ലിംലീഗും സംഘടിപ്പിച്ചിരിക്കുന്നതും. ആദ്യത്തെ സമരസമിതിയുടെ പുറമേ കാണുന്ന നേതാവ് മന്നത്ത് പത്മനാഭനും ഉള്ളിലുള്ളത് കത്തോലിക്ക പള്ളിയും. രണ്ടാമത്തെ സമിതിയെ കോണ്‍ഗ്രസ് നയിക്കുന്നു'. എന്നാണ് ഇഎംഎസ് കുറ്റപ്പെടുത്തിയത്. പള്ളീലച്ചന്റെയും പിള്ളയച്ചന്റെയും സമരമാണ് ഇതെന്നാണ് എംഎന്‍ ഗോവിന്ദന്‍ നായര്‍ പരിഹസിച്ചത്. 1959 ജൂണ്‍ 16ന് എഐസിസി ജനറല്‍ സെക്രട്ടറി സാദിക് അലി തിരുവനന്തപുരത്തെത്തിയിരുന്നു. മന്നത്തു പത്മനാഭനുമായി ദീര്‍ഘനേരം സംസാരിച്ച സാദിക് അലി കുറഞ്ഞപക്ഷം സ്‌കൂള്‍ പിക്കറ്റിംഗ് എങ്കിലും ഒഴിവാക്കിക്കൂടെയെന്ന് ചോദിച്ചപ്പോള്‍ സാധ്യമല്ല എന്നാണ് മന്നം അറത്തുമുറിച്ച് പറഞ്ഞത്. കെപിസിസി നമ്പൂതിരിപ്പാടിന് കൊടുത്ത പത്ത് ദിവസത്തെ കാലാവധി ജൂണ്‍ 23ന് അവസാനിക്കുമെന്നും അന്നേയ്ക്കകം രാജിവയ്ക്കാത്ത പക്ഷം പിക്കറ്റിംഗ് രൂക്ഷമാക്കുമെന്നും മന്നം പരസ്യപ്രസ്താവന നടത്തി*. ഇഎംഎസ് സര്‍ക്കാരിനെ ഭരണത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്നായിരുന്നു മന്നത്ത് പത്മനാഭന്റെ നിലപാട്. ഈ നിലപാടിനെയാണ് കോടിയേരി ഇപ്പോള്‍ ലഘൂകരിച്ച് കാണുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെയാണ് അക്രമങ്ങളിലൂടെയും വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെയും മന്നം വലിച്ചു താഴെയിട്ടതെന്ന് മറക്കരുത്.

https://www.azhimukham.com/trending-vellappalli-statement-about-the-role-of-christian-islam-organisations-in-social-renaissance-time/

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുകയും നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത എന്‍എസ്എസും എസ്എന്‍ഡിപിയും മുസ്ലിം സംഘടനകളുമെല്ലാം അതിന് ശേഷം രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രഖ്യാപിച്ചത്. അംഗങ്ങള്‍ക്ക് താല്‍പര്യമുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കാമെന്നും സംഘടനകളുടെ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ആര്‍ ശങ്കറിനെയും മന്നത്ത് പത്മനാഭനെയും പോലുള്ള സംഘടനാ നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ഈ സംഘടനകളിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ അംഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നില്‍ക്കാനാണ് തീരുമാനിച്ചത്. സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്ന പ്രഖ്യാപിത നിലപാട് തകര്‍ന്നത് വിമോചന സമരത്തോടെയാണ്. അതിന് ശേഷം ഈ സംഘടനകള്‍ സജീവമായി തന്നെ രാഷ്ട്രീയത്തില്‍ ഇടപെടാനും തുടങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യം മുഴുവന്‍ വ്യാപിക്കുന്നതിലെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് സമുദായ സംഘടനകളെ രാഷ്ട്രീയത്തില്‍ വളര്‍ത്തിയെന്ന് പറയുന്നതാകും ശരി. എന്തായാലും വിമോചന സമരത്തിന് ശേഷം ജാതീയമായ വേര്‍തിരിവ് സൃഷ്ടിക്കലല്ലാതെ എന്‍എസ്എസ്‌ എന്ത് നന്മയാണ് പുരോഗമന കേരളത്തിന് നല്‍കിയിട്ടുള്ളതെന്ന് കോടിയേരിക്ക് ഒന്നു വിശദീകരിക്കാന്‍ സാധിക്കുമോ?

കോടിയേരിയുടെ ഭാഷയിലെ ആ കേവലം രണ്ട് വര്‍ഷമാണ് ഇന്ന് രാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദ ശക്തികളായി സമുദായ സംഘടനകളെ വളര്‍ത്തിയതെന്ന് വിസ്മരിച്ചു കൂടാ. പിന്നീടിങ്ങോട്ട് അധികാരത്തിന്റെ ഭാഗമായി നില്‍ക്കാന്‍ സമുദായസംഘടനകള്‍ നിരന്തരം ശ്രമിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലും ഈ സമ്മര്‍ദ്ദ രാഷ്ട്രീയം നാം കണ്ടതാണ്. മന്ത്രിമാര്‍ തന്റെ പോക്കറ്റിലാണെന്നും ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് താനാണെന്നുമുള്ള ഭാവമായിരുന്നു സുകുമാരന്‍ നായര്‍ക്ക്. ഇപ്പോള്‍ സുകുമാരന്‍ നായരെ പ്രകോപിതനാക്കുന്നത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭരണത്തിലെ സ്വാധീനം നഷ്ടപ്പെട്ടതാണ്. വിമോചന സമരത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പുഴുക്കുത്തായ സമുദായ രാഷ്ട്രീയം. അപ്പോള്‍ പിന്നെ കോടിയേരിക്കെങ്ങനെയാണ് വിമോചന സമരമെന്ന മന്നത്തിന്റെ വലിയ തെറ്റിനെ ഇങ്ങനെ ലഘൂകരിക്കാന്‍ സാധിക്കുന്നത്?

*കെ രാജേശ്വരി (അഡ്വ. എ ജയശങ്കര്‍) എഴുതിയ കമ്മ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും എന്ന പുസ്തകത്തില്‍ നിന്നും

https://www.azhimukham.com/trending-nss-sukumaran-nair-think-about-upper-class-lower-class-discrimination-what-a-comedy/


Next Story

Related Stories