TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രിയെ കാണാനെത്തി മടങ്ങിയ യുവതികള്‍ സഞ്ചരിക്കുന്ന ട്രെയിന് നേരെ കല്ലേറും ചീമുട്ടയേറും: ഇത് ആഭാസ സമരമല്ലാതെ മറ്റെന്താണ്?

മുഖ്യമന്ത്രിയെ കാണാനെത്തി മടങ്ങിയ യുവതികള്‍ സഞ്ചരിക്കുന്ന ട്രെയിന് നേരെ കല്ലേറും ചീമുട്ടയേറും: ഇത് ആഭാസ സമരമല്ലാതെ മറ്റെന്താണ്?

ശബരിമല ദര്‍ശനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തെത്തിയ മനിതി സംഘത്തിലെ മൂന്ന് പേര്‍ക്കെതിരെ യുവമോര്‍ച്ചയും ബിജെപിയും ചേര്‍ന്ന് ഇന്ന് റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ചു. മുഖ്യമന്ത്രിയെ കാണാനെത്തിയ ഇവര്‍ അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ മടങ്ങിപ്പോകുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് തിരിച്ച് പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവര്‍ക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. വസുമതി, മീനാക്ഷി, യാത്ര എന്നിവരാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രിയുമായുള്ള സന്ദര്‍ശനത്തിന് അനുമതി തേടാനിരിക്കെ അദ്ദേഹം ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും പോകുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചത്. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷിന്റെ നേതൃത്വത്തിലാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകരെത്തി ട്രെയിന്‍ തടഞ്ഞത്. അസഭ്യം നിറഞ്ഞ വാക്കുകളോടെ മുദ്രാവാക്യം വിളിച്ച് ഇവര്‍ എത്തിയപ്പോള്‍ പോലീസ് യുവതികളെ ട്രെയിനില്‍ കയറ്റി വാതില്‍ അടക്കുകയും ട്രെയിന് പുറത്ത് സുരക്ഷ ഒരുക്കുകയും ചെയ്തു. ഇവരെ പുറത്തിറക്കണമെന്നായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യം. ഇവരെ പുറത്തിറക്കാതെ ട്രെയിന്‍ പുറപ്പെടാന്‍ സമ്മതിക്കില്ലെന്നും പിരിഞ്ഞ് പോകില്ലെന്നും പറഞ്ഞ ഇവര്‍ പോലീസിന് നേരെ തട്ടിക്കയറുന്നതും കാണാമായിരുന്നു. ഇതിനിടയില്‍ ഒരാള്‍ ട്രാക്കിലേക്ക് ചാടിയിറങ്ങുകയും ചെയ്തു. എന്തായാലും ഒടുവില്‍ പോലീസ് ട്രാക്കില്‍ നിന്നും ഇയാളെ മാറ്റി ട്രെയിന്‍ പുറപ്പെടാനുള്ള സാഹചര്യമുണ്ടാക്കി. ഇവര്‍ മാധ്യമങ്ങളെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആക്രമണമുണ്ടായേക്കുമെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അതിന് അനുവദിച്ചതുമില്ല.

ഈ പ്രതിഷേധത്തെയും സമര രീതിയെയും ആഭാസമെന്നല്ലാതെ വേറെന്താണ് വിളിക്കേണ്ടത്? ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയാന്‍ പമ്പയിലും നിലയ്ക്കലും മറ്റും ബിജെപി നടത്തുന്ന സമരത്തെ സമരം ചെയ്യാനുള്ള അവരുടെ അവകാശമായി തന്നെ കാണുന്നു. ശബരിമലയിലെ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയെന്ന് പറഞ്ഞ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസത്തെയും അവരുടെ അവകാശമായി തന്നെ പരിഗണിക്കാം. എന്നാല്‍ ഇതിന്റെ പേരില്‍ മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടയാന്‍ ഇവര്‍ക്ക് ആരാണ് അധികാരം കൊടുത്തത്? കുട്ടികളുള്‍പ്പെടെയുള്ളവര്‍ നിരന്തരം വന്നുപോകുന്ന റെയില്‍വേ സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഇത്തരം അസഭ്യവര്‍ഷം നടത്താന്‍ ഇവരെ അനുവദിക്കരുത്. ഇതുകൂടാതെ ഈ ട്രെയിന്‍ പോകുന്ന വഴികളിലെല്ലാം ട്രെയിന് നേരെ കല്ലേറും ചീമുട്ടയേറും ഉണ്ടാകുന്നതായാണ് പുതിയ വാര്‍ത്ത. ഇതിന്റെ പേരില്‍ യുവതികള്‍ സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ യുവതികള്‍ക്ക് മാത്രമല്ല, ഇന്ത്യയിലെ ഏതൊരു പൗരനും രാജ്യത്ത് എവിടെ വേണമെങ്കിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ആ ഉറപ്പിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. ഇപ്പോള്‍ ബിജെപി നടത്തുന്ന ഈ സമരങ്ങളെ ജനാധിപത്യ വിരുദ്ധമെന്ന് മാത്രമേ വിളിക്കാനാകൂ. ഇതാദ്യമായല്ല ബിജെപി ഇത്തരത്തില്‍ ആഭാസ സമരങ്ങള്‍ നടത്തുന്നത്.

തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ വന്നിറങ്ങിയപ്പോള്‍ അവരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അനുവദിക്കാത്ത വിധത്തിലായിരുന്നു അവരുടെ സമരം. അതുമൂലം മണിക്കൂറുകളോളം വിമാനത്താവളത്തിന് മുന്നില്‍ ദുരിതമനുഭവിച്ചത് തൃപ്തി ദേശായി മാത്രമല്ല. മാധ്യമപ്രവര്‍ത്തകരെ കാണാന്‍ പോലും അനുവദിക്കാത്ത വിധത്തിലാണ് തൃപ്തി ദേശായിയെ അന്ന് വിമാനത്താവളത്തില്‍ തടവിലാക്കിയത്. തൃപ്തി ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാന്‍ ഇവര്‍ ഇവിടെയാണ് സമരം ചെയ്യേണ്ടത്. ശബരിമല വ്രതമെടുത്ത മൂന്ന് യുവതികള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയ അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രമണം നടത്തിയതാണ് ഈ ആചാര സംരക്ഷകര്‍ നടത്തിയ മറ്റൊരു വീരശൂര പരാക്രമം. നവംബര്‍ 22ന് പുലര്‍ച്ചെയായിരുന്നു ഈ ആക്രമണം. ഇതിന്റെ തലേദിവസമാണ് ഇവര്‍ പത്രസമ്മേളനം നടത്തിയത്. വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്ക് പ്രസ്‌ക്ലബ്ബില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധത്തില്‍ ഉപരോധവും നേരിടേണ്ടി വന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അപര്‍ണ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതാണ് അക്രമികളെ പ്രകോപിതരാക്കിയത്. തങ്ങള്‍ക്ക് അപ്രിയമായത് പറയാന്‍ പോലും അനുവദിക്കില്ലെന്ന ഫാസിസ്റ്റ് ചിന്തയാണ് ഇവരെ ഭരിക്കുന്നതെന്ന് ഈ സംഭവങ്ങളില്‍ നിന്നും വ്യക്തമാണ്.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രികള്‍ സമരം നടത്തുമ്പോള്‍ ഇയാളെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ആളുകള്‍ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമായിരുന്നു ഈ സന്ദര്‍ശനവും. എന്നാല്‍ സമരക്കാരോ സമര അനുകൂലികളോ ആരും തന്നെ ഇവരെ തടയാനോ ആക്രമിക്കാനോ ശ്രമിച്ചില്ല. അത് ഒരു ജനാധിപത്യ ബോധത്തില്‍ ഊന്നിയുള്ള സമരമായതു കൊണ്ടായിരുന്നു അത്. കന്യാസ്ത്രികളുടെ സമരത്തിന് ജനകീയ പിന്തുണ ലഭിച്ചത് ഈ ജനാധിപത്യ മൂല്യം കൊണ്ട് കൂടിയാണെന്ന് ഓര്‍ക്കണം.

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബിന്ദു തങ്കം കല്യാണി ഇന്നും നേരിടുന്ന പ്രശ്‌നങ്ങള്‍ കൂടി ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. കോഴിക്കോട് ജോലി ചെയ്തിരുന്ന അവര്‍ സംഘപരിവാര്‍ അനുകൂലികളുടെ ആക്രമണങ്ങള്‍ മൂലം അവിടെ നില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ അഗളിയിലെ സ്‌കൂളിലേക്ക് സ്ഥലം മാറ്റം വാങ്ങുകയായിരുന്നു. എന്നാല്‍ അവിടെയും അവരെ ജോലി ചെയ്യാനോ ജീവിക്കാനോ അനുവദിക്കാത്ത നിലപാടാണ് സംഘപരിവാര്‍ സ്വീകരിച്ചത്. കുട്ടികളെ ഉപയോഗിച്ച് പോലും അവര്‍ ബിന്ദുവിനെതിരെ സമരം നടത്തി. തങ്ങള്‍ക്ക് അപ്രിയമായി പ്രവര്‍ത്തിക്കുന്നവരുടെ മനുഷ്യാവകാശം പോലും ഇവര്‍ കയ്യേറുകയാണ്. ശബരിമല വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. എന്നാല്‍ മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ മാനിക്കാത്ത ഇവര്‍ക്ക് ശബരിമലയില്‍ മനുഷ്യാവകാശ കമ്മിഷനെ ഇടപെടുത്താന്‍ എന്ത് യോഗ്യതയാണ് ഉള്ളത്?


Next Story

Related Stories