TopTop
Begin typing your search above and press return to search.

ചെറുതായി കാണരുത് ശബരിമലയിലെത്തിയ മനിതി കൂട്ടായ്മയെ: ഓരോ സ്ത്രീക്കും വേണ്ടിയും പൊരുതുന്നവരാണവര്‍

ചെറുതായി കാണരുത് ശബരിമലയിലെത്തിയ മനിതി കൂട്ടായ്മയെ: ഓരോ സ്ത്രീക്കും വേണ്ടിയും പൊരുതുന്നവരാണവര്‍

ഫെമിനിസ്റ്റ് നേതാവും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന എമ്മലൈന്‍ പാങ്ക്ഹര്‍സ്റ്റ് തന്റെ ആത്മകഥയിൽ പറയുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം ഉണ്ട്. ദേശ, ഭാഷാ ഭേദമില്ലാതെ പ്രസക്തമായ ഒരു വീക്ഷണം, അതിപ്രകാരമാണ്: "സദാചാരനിയമങ്ങള്‍ ഉണ്ടാക്കുന്നത് പുരുഷന്‍മാരാണ്, എന്നിട്ടവ സ്ത്രീകള്‍ സ്വീകരിക്കണമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പുരുഷന്‍മാര്‍ അവരുടെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നത് തീര്‍ത്തും ശരിയാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു, എന്നാല്‍ അവരെ സംബന്ധിച്ച് സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടാനായി പ്രവര്‍ത്തിക്കുന്നത് ശരിയായ കാര്യമല്ല"

മനിതി എന്നാൽ സ്ത്രീ എന്നാണ്. കേരളത്തിന്റെ ഇന്നത്തെ സുപ്രഭാതം മനീതിയെ കുറിച്ചുള്ള അന്വേഷണങ്ങളുടെയും വാർത്തകളുടെയുമാണ്. പല മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകളാണ് മനിതി കൂട്ടായ്മയിലുള്ളത്. ചെന്നൈയിൽ നിന്ന് 12 പേരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ ശബരിമല കയറാൻ എത്തിച്ചേർന്നിട്ടുള്ളത്. മധുരയിൽ നിന്ന് 9 പേരും ഇവർക്കൊപ്പം ചേരുമെന്ന് അവര്‍ പറയുന്നുണ്ട്. ഒഡീഷ, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരും കൂടെ ചേരുന്നുണ്ട്. മധുരയിൽ നിന്നും സംഘം അവിടം മുതൽ പൊലീസ് സുരക്ഷയോടെയാണ് സഞ്ചരിക്കുന്നത്. വയനാട്ടിൽ‌ നിന്നുള്ള 20 അംഗസംഘവും ഇവർക്കൊപ്പം കൂടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നാൽപ്പത്തഞ്ചോളം സ്ത്രീകൾ സംഘത്തിലുണ്ടാകും. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം 6 പേർ മാത്രമാണ് പതിനെട്ടാംപടി ചവിട്ടാൻ ശ്രമിക്കുക.

ചെന്നൈ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് മനിതി കൂട്ടായ്മ. തമിഴ്നാട്ടിലാണ് പിറവിയെങ്കിലും ദേശീയതലത്തിൽ താൽപര്യങ്ങളുള്ള ഒരു സംഘടനയാണിത്. ഈ സംഘടനയുടെ തുടക്കം തമിഴ്നാട്ടിലെ പ്രശ്നം ഉയർത്തിയായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായ ജിഷ കൊല ചെയ്യപ്പെട്ട സംഭവമാണ് ഈ സംഘടനയുടെ പിറവിക്ക് കാരണമായത്. സംഭവത്തിൽ പ്രതിഷേധമുള്ള സ്ത്രീകൾ ചെന്നൈ മറീന ബീച്ചിൽ ഒത്തുചേരുകയായിരുന്നു.

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചയായ സമയത്ത് മറീന ബീച്ചിലെ മനീതിയുടെ പ്രതിഷേധം അടക്കമുള്ള സമരങ്ങൾ പ്രതിപാദിക്കപ്പെട്ടിരുന്നു എന്നോര്‍മ വേണം. ലൈംഗികാക്രമണം നേരിട്ടവർ, ആസിഡ് ആക്രമണം നേരിട്ടവർ, ലൈംഗികത്തൊഴിലാളികൾ തുടങ്ങിയവർക്കു വേണ്ടി ദേശീയതലത്തിൽ തന്നെ സ്ത്രീകളുടെ മുന്നേറ്റം സംഘടിപ്പിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. തമിഴ്നാട്ടിൽ വ്യാപകമായ ദുരഭിമാനക്കൊലകളാണ് ഈ സംഘം ഏറ്റെടുത്ത മറ്റൊരു വിഷയം. ഇവയിലെല്ലാം ഇരകൾ സ്ത്രീകളാണ്. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇ-മെയിലിലൂടെ ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യമുന്നയിക്കുകയായിരുന്നു മനിതി കൂട്ടായ്മ. ഇതിന് അനുകൂലമായ മറുപടി ലഭിച്ചതോടെയാണ് ശബരിമല പ്രവേശനത്തിന് കെട്ടുകെട്ടി പോകാമെന്ന് ഇവർ ഉറപ്പിച്ചത്.

മനിതിയുടെ നേതാക്കളിലൊരാളായ അഡ്വ. സെൽവി ന്യൂസ് മിനിറ്റിനോട് പറഞ്ഞത് തങ്ങളുടെ സംഘത്തിൽ ഒരാളൊഴികെ എല്ലാവരും 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. തങ്ങൾ ഭക്തരാണെന്നും ശബരിമലയിലെത്തി അയ്യപ്പനെ കാണാനാകുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നുമാണ്. തങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യവും സെല്‍വി തള്ളിക്കളയുന്നില്ല. എന്നാല്‍ ഇതിനെ നേരിടാനുള്ള സംഘശക്തിയും മനക്കരുത്തും തങ്ങള്‍ക്കുണ്ട് എന്നാണ്. അവിടെ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ തങ്ങള്‍ ഇടപെടേണ്ട കാര്യമില്ല, എന്നാല്‍ സുപ്രീം കോടതി എല്ലാ സ്ത്രീകള്‍ക്കും അവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. പുരുഷന്മാരായ ഭക്തര്‍ക്ക് അയ്യപ്പനെ കാണാന്‍ ആഗ്രഹമുള്ളത്‌ പോലെ സ്ത്രീകളായ ഭക്തര്‍ക്കും അതിനുള്ള ആഗ്രഹമുണ്ട്. അങ്ങനെ ഉള്ളവരെ അവരെ എത്തിക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അവിടെ എത്തിയവര്‍ ഭക്തരായ സ്ത്രീകളാണ്. അക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഏതാനും പേര്‍ മാത്രമാണ്, ഭൂരിഭാഗം പേരും സാധാരണക്കാരായ സ്ത്രീകളാണ്, ഭക്തരായ സ്ത്രീകള്‍ അവിടെ പ്രവേശിക്കുന്നതിനെ അവര്‍ എതിര്‍ക്കുമെന്ന് തോന്നുന്നില്ല എന്നാണ് അഡ്വ. സെല്‍വി പറഞ്ഞത്.

ആമുഖത്തിൽ പറഞ്ഞ ഫെമിനിസ്റ്റ് നേതാവ് എമ്മലൈന്‍ പാങ്ക്ഹര്‍സ്റ്റ് ഉള്‍പ്പടെയുള്ള സമ്മതിദാനാവകാശപ്രവര്‍ത്തകര്‍ (സഫ്രാജറ്റുകള്‍) സ്ത്രീകളുടെ വോട്ടവകാശത്തിനായി തെരുവിലിറങ്ങിമ്പോൾ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഭരണകൂടത്തിന്റെ അടക്കം എതിർപ്പുകൾ ഉണ്ടായിരുന്നു.

ഇനി കേരളത്തിലേക്ക് വന്നാൽ ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ അംബിക എന്ന മാധ്യമ പ്രവർത്തകയുടെ ഒരു ഫേസ്ബുക് പോസ്റ്റ് ഉണ്ട്: "ഇന്ന് പിണറായിയുടെ പോലീസ് വീട്ടിൽ വന്നിരുന്നു. ശബരിമലയ്ക്ക് പോവുന്നുണ്ടോന്നറിയാൻ... ഒരു വശത്ത് വനിതാ മതില് പണി... മറുവശത്ത് സ്ത്രീകൾക്ക് സദാചാരോപദേശം... നാണമുണ്ടോ ഈ പിണറായിക്കും സർക്കാരിനും അവർക്കു വേണ്ടി മതിലു പണിക്കു പോണോർക്കും! കഷ്ടം! ഇതെന്ത് ഉത്ഥാനാണാവോ?"

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കു പരിപൂർണ പിന്തുണയും അതിനു വേണ്ടി രണ്ടാം നവോത്ഥാന പോരാട്ടത്തിന് ഇറങ്ങുന്ന സർക്കാരും പക്ഷെ സാങ്കേതികമായ ഒരുപാട് കാരണങ്ങൾ നിരത്തി ഉപദേശി പോലീസിന്റെ പിന്തുണയോടെ നടത്തി വരുന്ന ഒരു ആചാരമാണ് മല കയറാൻ സന്നദ്ധരായി വരുന്ന സ്ത്രീകളെ മടക്കി അയക്കൽ. ഇത്തവണ എങ്കിലും അതിനു ഒരു മാറ്റം വരേണ്ടതുണ്ട്, അല്ലാത്ത പക്ഷം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഉള്ള ഇടതുനേതാക്കളുടെ സ്ത്രീ ശാക്തീകരണവും പുരോഗമനവും പുറംമോടി മാത്രം ആണെന്ന് പറയേണ്ടി വരും.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള സ്ത്രീപ്രസ്ഥാനങ്ങള്‍ ചരിത്രപ്രധാനമായ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. അവരുടെ പ്രയത്നത്തിന്റെ ഭാഗമായി സമ്മതിദാനാവകാശം, ലൈംഗിക-പ്രത്യുത്പാദന ആരോഗ്യം, പ്രസവാവധി, നിയമസമത്വം എന്നിങ്ങനെ പല കാര്യങ്ങളിലും നീതിപൂര്‍വ്വകമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്.

https://www.azhimukham.com/live-women-from-manithi-organisation-reach-sabarimala-temple/

ആക്ടിവിസ്റ്റുകളല്ലെന്നും തങ്ങൾ വിശ്വാസികളാണെന്നും മനിതി കോർഡിനേറ്റർ സെൽവി വ്യക്തമാക്കിയിട്ടുണ്ട്. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ പുരോഗമന സർക്കാരിന്റെയും ജനങ്ങളുടെയും കോർട്ടിലാണ് ഇപ്പോള്‍ പന്ത്. അത്യന്തം സങ്കീർണമായ, അപകടകരമായ ഒരു ദൗത്യത്തിന് വേണ്ടി മനീതി കൂട്ടായ്മ മല കയറാനെത്തുമ്പോൾ ഭരണഘടന അവർക്ക് ഉറപ്പു നൽകുന്ന രണ്ടു കാര്യങ്ങളെ മുൻ നിർത്തിയാണ് ആ സ്ത്രീകള്‍ പൊരുതുന്നത് എന്നോര്‍മ വേണം, വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, ലിംഗ വിവേചനത്തിനെതിരെയുള്ള പോരാട്ടം. എന്നാൽ ഇത് കേവലം വൈയക്തികമല്ല. ഈ രാജ്യത്തെ ഓരോ ഓരോ സ്ത്രീക്കും വേണ്ടിയും പൊരുതുന്നവരാണവര്‍, അവരോടു ഐക്യദാർഢ്യപ്പെടാൻ നാം ബാധ്യസ്ഥരുമാണ്.

https://www.azhimukham.com/kerala-what-is-manithi-forum/


Next Story

Related Stories