TopTop
Begin typing your search above and press return to search.

ചാനല്‍ മുറികളിലിരുന്ന് ആക്രോശിക്കുന്നത് പോലെ എളുപ്പമല്ല ബിജെപിയുടെ ഈ ഗതിയറ്റ സമരത്തെ രക്ഷിക്കുക; ബാറ്റണ്‍ ഇനി ശോഭാ സുരേന്ദ്രന്റെ കയ്യില്‍

ചാനല്‍ മുറികളിലിരുന്ന് ആക്രോശിക്കുന്നത് പോലെ എളുപ്പമല്ല ബിജെപിയുടെ ഈ ഗതിയറ്റ സമരത്തെ രക്ഷിക്കുക; ബാറ്റണ്‍ ഇനി ശോഭാ സുരേന്ദ്രന്റെ കയ്യില്‍

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന റിലേ നിരാഹാര സമരം മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ പതിനാറാം ദിവസമാണ് മൂന്നാം ഘട്ടം ആരംഭിക്കുന്നത്. ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനിലാണ് സമരത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നത്. ആദ്യം ഏഴ് ദിവസം നിരാഹാരം കിടന്ന എ എന്‍ രാധാകൃഷ്ണന്റെ ആരോഗ്യം മോശമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ സമരം അവസാനിപ്പിച്ച് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. അതോടെയാണ് സികെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്. പത്മനാഭന്റെ സമരം ഒമ്പതാമത്തെ ദിവസമെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് തന്നെ സികെ പത്മനാഭന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ സികെ പത്മനാഭന്‍ തയ്യാറായിരുന്നില്ല. അതിനാലാണ് ഇന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്. അതോടെ സമരത്തിന്റെ നേതൃത്വം ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കുകയും ചെയ്തു.

അതേസമയം ഇനിയും എന്തിനാണ് ഈ നിരാഹാര സമരം തുടരുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലും സംശയം തോന്നി തുടങ്ങിയിട്ടുണ്ട്. ഇനി എട്ട് ദിവസം മാത്രമാണ് ശബരിമല നട അടയ്ക്കാനുള്ളത്. കഴിഞ്ഞ പതിനാറ് ദിവസമായിട്ടും നിരാഹാരം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്ക് വിളിക്കാത്ത സര്‍ക്കാരില്‍ നിന്നും ഇനിയൊരു നിലപാട് മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. സമരപ്പന്തലിന് മുന്നില്‍ വേണുഗോപാലന്‍ നായര്‍ എന്ന വ്യക്തി ആത്മഹത്യ ചെയ്തപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറെ പ്രതീക്ഷയിലായിരുന്നു. അതിനാണ് അവര്‍ വേണുഗോപാലന്‍ നായരുടെ ആത്മഹത്യ ശബരിമലയ്ക്ക് വേണ്ടിയാണെന്ന് പ്രചരിപ്പിച്ചതും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും. എന്നാല്‍ കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഈ വിഷയത്തെ ലഘൂകരിക്കുകയും ചെയ്തു. അതോടെ ചര്‍ച്ചയിലൂടെ സമരം അവസാനിപ്പിക്കാമെന്ന ബിജെപിയുടെ അവസാന പ്രതീക്ഷയും അസ്ഥാനത്തായി.

https://www.azhimukham.com/trending-sabarimala-will-close-within-9-days-where-is-trupti-desai/

സി കെ പത്മനാഭന് സമരം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പകരം ശോഭാ സുരേന്ദ്രന്‍ നേതൃത്വം ഏറ്റെടുക്കുമെന്ന വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ വരെയും ബിജെപിയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായിരുന്നില്ല. രാവിലെ അഴിമുഖം പ്രതിനിധി എം ടി രമേശിനെ വിളിച്ചപ്പോഴും പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നാണ് അഴിമുഖം പ്രതിനിധിയോട് പ്രതികരിച്ചത്. സര്‍ക്കാര്‍ പാടെ അവഗണിക്കുന്ന സമരം ഏറ്റെടുക്കാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. സി കെ പത്മനാഭന്‍ സമരം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചതിന് പിന്നില്‍ ഇതാണ് കാരണമെന്നാണ് സംശയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആരോഗ്യം തീര്‍ത്തും അപകടാവസ്ഥയിലെത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ഉറപ്പായതോടെ പകരം ആളെ കണ്ടെത്തിയേ പറ്റൂ എന്ന അവസ്ഥയിലായി ബിജെപി. അതിനാലാണ് ഇന്ന് അടിയന്തരമായ സംസ്ഥാന നേതൃയോഗം ചേര്‍ന്നതും ശോഭാ സുരേന്ദ്രനെ സമരത്തിന്റെ നേതൃത്വം ഏല്‍പ്പിച്ചതും. അല്ലാത്ത പക്ഷം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട മറ്റൊരു സമരമായി ഇതും മാറുമായിരുന്നു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക എന്ന ആവശ്യത്തോടൊപ്പം ബിജെപി ഉന്നയിച്ച മറ്റൊരു ആവശ്യം കെ സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുകയെന്നതായിരുന്നു. അതേസമയം ഡിസംബര്‍ ആറിന് ജാമ്യത്തിലിറങ്ങിയ സുരേന്ദ്രന്‍ 13 ദിവസമായിട്ടും സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ ഒരു അതിഥി മാത്രമാണ്. സമരത്തെ ഏറ്റെടുക്കാനോ സജീവമായി ഇടപെടാനോ അദ്ദേഹവും തയ്യാറല്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകള്‍ക്ക് ഈ സമരം കൊണ്ട് തീരുമാനമാകില്ലെന്ന് സുരേന്ദ്രന് മാത്രമല്ല സാധാരണ ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലും അറിയാം. ഗതിയറ്റ് നില്‍ക്കുന്ന ഈ സമരം വിജയിപ്പിക്കാനായാല്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ സര്‍വശക്തയാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ചാനല്‍ മുറികളില്‍ കയറിയിരുന്ന് ആക്രോശിക്കുന്നത് പോലെ അതത്ര എളുപ്പമല്ല.

27ന് ശബരിമല നട അടയ്ക്കുന്നതോടെ നിരോധനാജ്ഞ എന്ന ആവശ്യത്തിനും പ്രസക്തിയില്ലാതാകും. പിന്നീട് 30ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. അതുകഴിഞ്ഞാല്‍ 20 വരെ ശബരിമല ദര്‍ശനം നടത്താം. എന്നാല്‍ 27 മുതല്‍ 30 വരെയുള്ള നാല് ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് യാതൊരു പ്രസക്തിയുമില്ല. ആ ദിവസങ്ങളില്‍ സമരം കിടക്കുന്നത് ബിജെപിയെ കൂടുതല്‍ നാണം കെടുത്താനേ സഹായിക്കുകയുള്ളൂ. ഇനിയുള്ള ഏകവഴി അടുത്ത എട്ട് ദിവസത്തിനകം തന്നെ സമരം അവസാനിപ്പിക്കുക എന്നതാണ്. അതിന് സര്‍ക്കാര്‍ ഒരു ചര്‍ച്ചയെങ്കിലും വിളിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വേണുഗോപാലന്‍ നായരുടെ ആത്മഹത്യ പോലെ നിസാരവല്‍ക്കരിക്കാനാകാത്ത ഏതെങ്കിലും സംഭവം ബിജെപിക്ക് കണ്ടെത്തേണ്ടി വരും. അതെന്താകും എങ്ങനെയാകും എന്ന് മാത്രമാണ് കേരള സമൂഹം ഇനി ആശങ്കപ്പെടേണ്ടത്.


Next Story

Related Stories