TopTop
Begin typing your search above and press return to search.

ജാതിയോ, ഇവിടെയോ? നിങ്ങളെത്ര കസവ് നേര്യതിട്ട് മറച്ചാലും അത് വെളിപ്പെടുന്നുണ്ട്

ജാതിയോ, ഇവിടെയോ? നിങ്ങളെത്ര കസവ് നേര്യതിട്ട് മറച്ചാലും അത് വെളിപ്പെടുന്നുണ്ട്

മലയാളത്തിലെ ഓൺലൈൻ ഇടങ്ങളിലെ മികച്ച എഴുത്തിനുള്ള മക്തൂബ് മീഡിയ പ്രഥമ അവാർഡ് വൈഖരി ആര്യാട്ടിന്. അഴിമുഖത്തില്‍ 2016 മെയ് 12 നു പ്രസിദ്ധീകരിച്ച "ജാതിയോ, ഇവിടെയോ? നിങ്ങളെത്ര കസവ് നേര്യതിട്ട് മറച്ചാലും അത് വെളിപ്പെടുന്നുണ്ട്” എന്ന ലേഖനത്തിനാണ് അവാർഡ്. പെരുമ്പാവൂർ സ്വദേശിയും നിയമവിദ്യാർത്ഥിനിയുമായിരുന്ന ജിഷ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട സാഹചര്യത്തിൽ 'ബലാത്സംഗത്തിന് ജാതിയുണ്ടോ' എന്ന അന്വേഷണത്തിൽ എഴുതിയതാണ് പ്രസ്തുതലേഖനം. അഴിമുഖത്തില്‍ GypsyCat എന്ന പേരില്‍ വൈഖരി കോളം കൈകാര്യം ചെയ്യുന്നു.

ജാതീയതയും സ്ത്രീസു രക്ഷയും ഏറെ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ വൈഖരിയുടെ എഴുത്ത് കൂടുതൽ പ്രാധാന്യവും പ്രസക്തിയും അർഹിക്കുന്നുവന്നു മക്തൂബ് മീഡിയ എഡിറ്റോറിയൽ സമിതി വിലയിരുത്തി. 5007 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. 2017 ജൂൺ ആദ്യവാരത്തിൽ അവാർഡ് സമർപ്പണ ചടങ്ങ് സംഘടിപ്പിക്കും.

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ ഗവേഷകവിദ്യാർത്ഥിയാണ് വൈഖരി. വിദ്യാർഥിസമരങ്ങൾ, ദളിത് അവകാശസമരങ്ങൾ, ദളിത് ഫെമിനിസം, ക്വീർ പ്രൈഡ് ഇടങ്ങൾ എന്നിങ്ങനെ വ്യത്യസ്തമേഖലകളിൽ സജീവസാന്നിധ്യമാണ് വൈഖരി. ആനുകാലികങ്ങളിലും ഓൺലൈൻ ഇടങ്ങളിലും സാമൂഹ്യപ്രാധ്യാന്യമുള്ള വിഷയങ്ങളിലെ വൈഖരിയുടെ എഴുത്തുകൾ ഏറെ വായിക്കപ്പെടാറുണ്ട്.

പുരസ്കാരത്തിന് അര്‍ഹമായ വൈഖരിയുടെ ലേഖനം ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു.

ജാതിയോ? അങ്ങനെയൊന്നിവിടെയില്ല എന്ന് മേനി നടിക്കുന്ന ഇടമാണ് കേരളം. അത് ദൂരെ എവിടെയോ, ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രതിഭാസമാണ് എന്ന പ്രബുദ്ധ മലയാളിയുടെ നാട്യത്തിന്റെ മുഖമടച്ചു കിട്ടിയ ഒരടിയാണ് ജിഷയുടെ മരണം അവഗണിക്കാന്‍ പറ്റാത്ത വിധം വെളിച്ചത്തു കൊണ്ടുവന്ന കേരളത്തിലെ ജാതീയത എന്ന യാഥാര്‍ത്ഥ്യം. മുപ്പത് വര്‍ഷം ജാതിയുടെ പേരില്‍ സാമൂഹ്യമായ അവഗണന നേരിട്ട്, ഒരു ചെറുപ്രദേശത്ത് തീണ്ടാപ്പാടകലെ നിര്‍ത്തപ്പെട്ട്, അരക്ഷിതമായ ജീവിതം ജീവിച്ച് പ്രായമെത്തും മുന്‍പേ കൊല്ലപ്പെട്ടവളുടെ രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന കേരളം വെപ്രാളം പൂണ്ട്, ജിഷ ദളിതല്ല മനുഷ്യസ്ത്രീയാണ്, പ്രശ്‌നം ബലാത്സംഗമാണ്, ലൈംഗിക ദാരിദ്ര്യമാണ്, അന്യസംസ്ഥാന തൊഴിലാളികളാണ് എന്ന് രണ്ടാഴ്ചയായി ബഹളം വയ്ക്കുന്നു.

ഈ ബഹളത്തിന്റെ ഇടയ്ക്ക് തികച്ചും സ്വാഭാവികമെന്ന മട്ടില്‍ മുന്നോട്ടു വയ്ക്കുന്ന ചോദ്യം ബലാത്സംഗത്തിന് ജാതിയുണ്ടോ എന്നതാണ്. അത്തരം ചോദ്യത്തിന്റെ മുന്നില്‍ മിഴിയുന്ന കണ്ണുകളെ എനിക്ക് കാണാം. മിഴിഞ്ഞ കണ്ണുകളും രോഷവുമായി ഒരു (നായര്‍) സ്ത്രീ ഇറക്കിയ വീഡിയോ മെസേജ് അടുത്തിടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതിലെ മറ്റു വിഡ്ഢിത്തങ്ങള്‍ അവഗണിച്ചാലും ബലാത്സംഗത്തിന്റെ കാരണം കേവലം ആണുങ്ങളാണെന്ന അത്തരം വിളിച്ചു പറച്ചിലില്‍ സാരമായ പ്രശ്‌നങ്ങളുണ്ട്. ഒന്നാലോചിച്ചു നോക്കൂ, ഒരു സ്ത്രീ അവളുടെ ജീവിതകാലം മുഴുവനും ദളിത് എന്ന സ്വത്വത്തിന്റെ പേരില്‍ അപഹസിക്കപ്പെട്ടും അപമാനിക്കപ്പെട്ടും ആക്രമണങ്ങള്‍ നേരിട്ടും ജീവിക്കുന്നു. ജീവിതം മുഴുവനും സമരമാണ് അവള്‍ക്ക്, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശ സമരം. അവള്‍ തലയുയര്‍ത്തിപ്പിടിച്ചു ജീവിക്കുന്നതില്‍ അസഹ്യതയുള്ള ഒരു സമൂഹത്തോടുള്ള സമരം. ആ സമരത്തിന്റെ വിലയായി അവളുടെ രക്തം ഒഴുക്കേണ്ടി വരുന്നു. ആ രക്തം പുരണ്ട കൈകളുമായി അതുവരെ അവളെ അപഹസിച്ച സമൂഹം അപ്പോള്‍ മുതല്‍ കരയുന്നു, 'ഒരു മനുഷ്യസ്ത്രീ കൊല്ലപ്പെട്ടു, ഒരു മനുഷ്യസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു!'

ബലാത്സംഗം ചെയ്യപ്പെടുന്നവര്‍ എപ്പോഴും കേവലം മനുഷ്യ സ്ത്രീകള്‍ മാത്രമാണോ? നിങ്ങള്‍ ഖൈര്‍ലാഞ്ചിയിലെ സ്ത്രീകളോട് ചോദിക്കൂ, യുപിയില്‍ മരങ്ങളില്‍ കായ്ച്ചു കിടന്ന ദളിത് പെണ്‍കുട്ടികളോട് ചോദിക്കൂ, ബലാത്സംഗത്തിന്റെ ജാതി അവര്‍ പറഞ്ഞു തരും. ദന്തേവാഡയിലെ സോണി സോറിയോട്, ഛത്തീസ്ഗഡിലെ ആദിവാസി പെണ്‍കുട്ടികളോട്, കുനന്‍ പോഷ്‌പോറയിലെ സ്ത്രീകളോട്, മണിപ്പൂരിലെ അമ്മമാരോട്, ഹൈദരാബാദിലെ പ്രവല്ലികയോട്... അങ്ങനെയങ്ങനെ ചോദിച്ചു നടക്കാന്‍ ഇന്ത്യയില്‍ ധാരാളം ഇടങ്ങളുണ്ട്. ഓരോ ഇടത്തുനിന്നും സ്ത്രീകളും കുട്ടികളും ട്രാന്‍സ്‌ജെണ്ടറുകളും പുരുഷന്മാരും മുന്നോട്ടു വരും ബലാത്സംഗത്തിന്റെ ജാതിയും മതവും വംശവും ലിംഗവും രാഷ്ട്രീയവും പറയാന്‍. കേവലം ആണധികാര പ്രകടനമെന്നു ബലാത്സംഗം എന്ന ആക്റ്റിനെ ലഘൂകരിക്കുമ്പോള്‍ മറഞ്ഞു പോകുന്നത് ആ അധികാരത്തിന്റെ വിവിധ തലങ്ങളാണ്, സാഹചര്യങ്ങളാണ്, സ്വഭാവങ്ങളാണ്.

സ്ത്രീശരീരം എന്നത് വംശത്തിന്റെ, ജാതിയുടെ, മതത്തിന്റെ, ഗോത്രത്തിന്റെ, കുടുംബത്തിന്റെയൊക്കെ അതിര്‍ത്തി രേഖയായിരിക്കുന്ന ഒരു രാജ്യത്ത് ആ അതിര്‍ത്തി തീണ്ടുന്നത് അഭിമാനപ്രശ്‌നമാണ്. അതേ കാരണത്താലാണ് ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണ് 'നശിച്ചു'വെന്നു പറയുന്നതും കുടുംബത്തിന്റെ/ഗോത്രത്തിന്റെ/ജാതിയുടെ/മതത്തിന്റെ/വംശത്തിന്റെ അഭിമാനം തകര്‍ന്നു എന്ന ധാരണ പ്രബലമാവുന്നതും. പെണ്ണ് പ്രണയിച്ചവന്റെയൊപ്പം ഇറങ്ങിപ്പോവുന്ന സന്ദര്‍ഭങ്ങളില്‍ നടത്തുന്ന (ദുര)ഭിമാനക്കൊലയുടെ മന:ശാസ്ത്രവും ഇതൊക്കെ തന്നെ. അതിര്‍ത്തി താണ്ടുന്നവനെയും കളങ്കപ്പെട്ടവളെയും ഇല്ലാതാക്കി അഭിമാനം സംരക്ഷിക്കുക. നമ്മുടെ സിനിമകളില്‍ ബലാത്സംഗം ചെയ്യപ്പെട്ട നായികയ്‌ക്കോ നായകന്റെ പെങ്ങള്‍ക്കോ ഒന്നും ആത്മഹത്യയല്ലാതെ പോംവഴി ഇല്ലാത്തതും ഇതുകൊണ്ട് തന്നെ. 'മാനഭംഗം' എന്ന പദം ശ്രദ്ധിക്കുക. ഈ ധാരണ പ്രബലമായിരിക്കുന്ന ഒരു സമൂഹത്തില്‍ ജാതിപ്പോരിലോ മതവിദ്വേഷത്തിലോ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ പോലുമോ ബലാത്സംഗം സ്വാഭാവികമായും ഒരു ആയുധമാണ്. ബലാത്സംഗ സംസ്‌കാരത്തിന്റെ (rape culture) അടിസ്ഥാനം ഇതാണ്.

മുസഫര്‍നഗറില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ കേവലം ആണധികാരത്തിന്റെ ഇരകളല്ല, ഹിന്ദുത്വത്തിന്റെ ഇരകളാണ്. അതേസമയം കുനന്‍ പോഷ്‌പോറയില്‍ ഹിന്ദുദേശീയതയാണ് ബലാത്സംഗി. ഖൈര്‍ലാഞ്ചിയിലാവട്ടെ സവര്‍ണതയും. ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു ഭാര്യയാവട്ടെ ഭര്‍ത്താവധികാരത്തിന്റെ ഇരയും. അങ്ങനെ ഇരകള്‍ വ്യത്യസ്തരാണ്, ഓരോ സന്ദര്‍ഭത്തിലും. ആ വ്യത്യസ്തതയെ മനസിലാക്കാതെ യഥാര്‍ത്ഥ കാരണത്തെ കണ്ടുപിടിക്കാന്‍ കഴിയില്ല. ആ വ്യത്യസ്തതയെ മറച്ചുപിടിക്കുന്നത് കാരണത്തെ മറച്ചു പിടിക്കലുമാണ്. കേവലം ലൈംഗിക ദാരിദ്ര്യം എന്ന ഒരൊറ്റ വിധി കല്‍പ്പിക്കലില്‍ ഇത്രയും സങ്കീര്‍ണമായ ഒന്നിനെ ഒതുക്കുമ്പോള്‍, ബലാത്സംഗം എന്നതിനെ നേര്‍രേഖയില്‍ മാത്രം മനസിലാക്കുമ്പോള്‍, യഥാര്‍ത്ഥ പ്രശ്‌നത്തെ നമ്മള്‍ അഭിമുഖീകരിക്കാതെ, സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അടച്ചുറപ്പുള്ള വാതിലുകള്‍ക്കപ്പുറത്തെ ഭാര്യമാരോട്, തനിക്ക് സംഭവിച്ചത് പറയാന്‍ ഭാഷയില്ലാത്ത കുഞ്ഞുങ്ങളോട്, ആണത്തത്തിന്റെ ഭാരം ചുമക്കുന്ന പുരുഷന്മാരോട്, കേള്‍ക്കാന്‍ കാതുകള്‍ കിട്ടാതെ അലയുന്ന ട്രാന്‍സ്സ്ത്രീകളോട് ഒക്കെ സംസാരിച്ചു നോക്കൂ, ഈ സംരക്ഷണം കൊണ്ട് ശ്വാസം മുട്ടുന്നവര്‍ അവരാണ്.

അതുവരെയുള്ള വിവേചനങ്ങള്‍ മറച്ചു പിടിച്ച് കൊല്ലപ്പെടുമ്പോള്‍ മാത്രം 'മനുഷ്യര്‍' ആക്കുന്ന ഈ മാജിക് അപ്പോള്‍ ആരെ സംരക്ഷിക്കാനാണ്? അവളുടെ കൊലപാതകത്തിന് ശേഷം ദളിത് സ്ത്രീ എന്ന സ്വത്വം മറച്ചു പിടിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും നടത്തുന്ന ഈ ശ്രമം, അത് പ്രബുദ്ധ മലയാളിയുടെ ജാതീയത വെളിച്ചപ്പെട്ടു പോകുന്നതിലെ ഭയം കൊണ്ടാണ്. ചെറ്റ പൊക്കലിന്റെ ചരിത്രമാണ് മലയാളിയുടേത്. ആ ചരിത്രം പാടെ മറന്ന് ചാനലിലെ അന്തിച്ചര്‍ച്ചകളില്‍ ദാരിദ്ര്യവും ലൈംഗിക കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തിയറികള്‍ വിസ്തരിക്കപ്പെടുന്ന അശ്ലീലം കൂടിയാണ് മലയാളം.

ഈ കൊലപാതകത്തിന് ശേഷം ഇതുവരെ വന്ന വാര്‍ത്തകള്‍ തന്നെ പരിശോധിക്കൂ. ജിഷ നിയമ വിദ്യാര്‍ഥിനി ആയിരുന്നു എന്നു പറയുന്നതിന്റെ ഒപ്പം അവള്‍ പരീക്ഷകള്‍ ഇനിയും പാസാവാനുണ്ട് എന്നതും പ്രത്യേകം പറയുന്നു. ആ ദളിത് പെണ്‍കുട്ടി ലോകത്തോട് മുഴുവന്‍ യുദ്ധം ചെയ്താണ് നിയമ പഠനത്തിന്റെ അവസാന ഘട്ടം വരെ എത്തിയത്. അത്തരം ഏകലവ്യന്മാരുടെ ചൂണ്ടുവിരല്‍ അറുത്ത് മാത്രം ശീലമുള്ള പൊതുബോധത്തിന് 'ഉന്നതപഠനത്തിന് 'അര്‍ഹത' ഇല്ലാത്ത ഇവളൊക്കെ പരീക്ഷ തോറ്റ് പോയിട്ടുണ്ട് കേട്ടോ' എന്ന് സ്വയം ആശ്വസിപ്പിച്ചേ മതിയാവൂ എന്നതാണ് പൊള്ളുന്ന യാഥാര്‍ത്ഥ്യം.

ജിഷയുടെ അമ്മയുടെ മേലെ ആരോപിക്കപ്പെടുന്ന മാനസിക രോഗം, ചേച്ചിയുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്യല്‍ തുടങ്ങിയവയായിരുന്നു പിന്നീട് അവര്‍ക്കെതിരെ ഉപയോഗിക്കപ്പെട്ട ആയുധങ്ങള്‍. നമുക്ക് ഏറ്റവും പരിചയമുള്ള രീതി. ജിഷയുടെ സഹോദരി ഭര്‍ത്താവുമായി പിരിഞ്ഞു ജീവിക്കുന്നവളാണെന്ന് പറഞ്ഞതിന് ശേഷം അവര്‍ ഇതരസംസ്ഥാന തൊഴിലാളിയുമായി അടുപ്പത്തിലാണ് എന്ന സദാചാര പ്രശ്‌നത്തിന്റെ ധ്വനിയോടെ പോലീസ് ഭാഷ്യം ചാനലില്‍ വെണ്ടയ്ക്ക സ്‌ക്രോളിംഗ്. ആദ്യമേ തന്നെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ചിരുന്ന മാധ്യമങ്ങള്‍ ഊര്‍ജ്വസ്വലരായി വെണ്ടയ്ക്ക ചമയ്ക്കുന്നു; 'അന്യസംസ്ഥാന തൊഴിലാളികള്‍' എന്ന വലിയ അപകടത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിച്ചു തൃപ്തി നേടുന്നു. കൂടുതല്‍ പാരനോയിക് ആവുന്ന ജനം കണ്മുന്നില്‍ 'സംശയാസ്പദ സാഹചര്യത്തില്‍' കിട്ടിയ, ഭാഷ അറിയാത്ത ഒരു പാവത്തിനെ തല്ലിയും വെയിലത്തിട്ടും കൊല്ലുന്നു! എവിടെയും ഒരു മെഴുകുതിരിയോ ഒരു അനുശോചന സമ്മേളനമോ ഇല്ല. കൊല്ലപ്പെട്ടവന്‍ അന്യസംസ്ഥാന തൊഴിലാളി അല്ല, 'ഒരു മനുഷ്യനാണ്' എന്ന് പറയാന്‍ പോലും വാ തുറക്കുന്നില്ല. ആരെയും ആ മരണം സ്പര്‍ശിക്കുന്നില്ല. നമ്മള്‍ എത്ര രോഗം പിടിച്ച ഒരു സമൂഹമാണ് എന്ന് നോക്കൂ!

അവസരം മുതലെടുക്കാനായി അതിനിടെ വന്ന പ്രധാനമന്ത്രിയുടെ വായില്‍ തികട്ടി വന്ന വിഡ്ഢിത്തവും സ്വന്തം രാജ്യത്തെ പ്രദേശത്തെക്കുറിച്ചുള്ള അറിവില്ലായ്മയും സമം ചാലിച്ച 'സൊമാലിയ' പരാമര്‍ശം അടുത്തതായി കെട്ടഴിച്ചു വിട്ടത് കസവില്‍ പൊതിഞ്ഞു മലയാളി സൂക്ഷിച്ചിരുന്ന വംശീയതയും കൂടിയായിരുന്നു. വസ്തുതാപരമായ പിഴവിനെ ചൊല്ലി തുടങ്ങിയെന്നു ധരിച്ച പരിഹാസം വളരെ വേഗമാണ് കടുത്ത വംശീയ അധിക്ഷേപത്തിലേക്ക് പുരോഗമിച്ചത്. ഈ പൊട്ടിയൊലിച്ച രോഷത്തിന്റെ ഭൂരിപക്ഷവും യഥാര്‍ത്ഥത്തില്‍ തൊലി കറുത്ത പട്ടിണിക്കോലങ്ങളോട് താരതമ്യം ചെയ്യപ്പെട്ടു എന്ന തോന്നലിനാല്‍ മുറിപ്പെട്ട സവര്‍ണ അഭിമാനം തന്നെയാണ്, ട്വിറ്റെര്‍ സാക്ഷ്യം പറയും.

ഇത്രയുമായിട്ടും നാണമില്ലാതെ നമ്മള്‍ കണ്ണ് മിഴിക്കുന്നു! ജാതിയോ? അതൊക്കെ ഉത്തരേന്ത്യയില്‍ അല്ലേ? ബലാത്സംഗത്തില്‍ എന്ത് ജാതി? മരിച്ചവരെ ദളിത് എന്ന് വിളിക്കാതിരിക്കൂ, മരിച്ചതൊരു മനുഷ്യനല്ലേ? അന്യ സംസ്ഥാന തൊഴിലാളികള്‍ അക്രമകാരികളല്ലേ? നമ്മള്‍ പ്രബുദ്ധ മലയാളികളല്ലേ!

ഇതെഴുതുമ്പോള്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ രോഹിത് വെമൂലയുടെ ഓര്‍മയ്ക്കായി മറ്റു വിദ്യാര്‍ഥികള്‍ സ്ഥാപിച്ച നിരവധി ചുവരെഴുത്തുകള്‍, ശില്പങ്ങള്‍, രൂപങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, പോസ്റ്ററുകള്‍, നിലത്തെഴുത്ത് തുടങ്ങിയവ യൂണിവേഴ്‌സിറ്റി അധികൃതര്‍ ബലമായി നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. വരാന്‍ പോകുന്ന ബാച്ചുകളുടെ ബോധ്യങ്ങളില്‍ രോഹിത്തിന്റെ ഓര്‍മ പതിയരുത് എന്നതാണ് ലക്ഷ്യം. ജാതിയുടെ ഓര്‍മ, നീതിനിഷേധത്തിന്റെ ഓര്‍മ ഒക്കെയാണ് അവിടെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിരിക്കുന്ന ഓരോ ഉയിര്‍പ്പുകളും അടയാളങ്ങളും രേഖപ്പെടുത്തുന്നത് എന്നത് കൊണ്ട് ഓര്‍മയെയാണ് അവര്‍ ഭയക്കുന്നത്. അവരുടെ പ്രധാന ലക്ഷ്യം ക്യാമ്പസിലെ ഷോപ്പ് കോമില്‍ രോഹിത്തിന്റെ ഒപ്പം പുറത്താക്കപ്പെട്ട ദളിത് വിദ്യാര്‍ഥികള്‍ സ്ഥാപിച്ചിട്ടുള്ള വെളിവാഡ തകര്‍ക്കുക എന്നതാണ്. Dalit ghetto-യുടെ തെലുഗ് പദമാണ് വെളിവാഡ. അതിര്‍ത്തി നിര്‍ണയിച്ചു ചെറു ചേരികളിലായി തീണ്ടാപ്പാടകലത്ത് ദളിതരെ ഒതുക്കുന്ന ജാതീയ സമൂഹത്തിന്റെ നേര്‍ക്കണ്ണാടിയാണ് ഓരോ വെളിവാഡയും. കേരളത്തിലെ വെളിവാഡകള്‍ കണ്ടുപിടിക്കാന്‍ പക്ഷേ അവനവന്റെ ഉള്ളിലേക്ക് ആദ്യം നോക്കണം. അവിടെയാണ് പ്രധാനമായും അവ കുടിയിരിക്കുന്നത്. എന്തായാലും കസവ് നേര്യതിട്ട് മറച്ചു പിടിച്ചാലും മറയാത്ത അത്രയും കടും നിറത്തിലാണ് അവ ദിനേന വെളിച്ചപ്പെട്ടു വരുന്നത്, ജിഷയ്ക്ക് നന്ദി. ജാതി ഇല്ലെന്നുള്ള അഭിനയം കൊണ്ട് ജാതിയെ മറച്ചു പിടിക്കാനുള്ള മലയാളികളുടെ നാട്യമാണ് ജിഷ അവളുടെ രക്തം കൊണ്ട് കഴുകി വെളിവാക്കിയത്. ആ ഓര്‍മയാണ് നമ്മുടെ ആയുധവും. ബലാത്സംഗത്തിന്റെ ജാതി അതുകൊണ്ട് തന്നെ അറിഞ്ഞും ഓര്‍ത്തും വയ്‌ക്കേണ്ടത് ആവശ്യമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions).


Next Story

Related Stories