TopTop
Begin typing your search above and press return to search.

ഇത് അതിജീവനത്തിന്റെ മേള, അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പ്രതിരോധങ്ങളുടെ വേദി; ബീന പോള്‍/അഭിമുഖം

ഇത് അതിജീവനത്തിന്റെ മേള, അസഹിഷ്ണുതയ്‌ക്കെതിരെയുള്ള പ്രതിരോധങ്ങളുടെ വേദി; ബീന പോള്‍/അഭിമുഖം

തിരുവനന്തപുരം നഗരത്തിന് ഇനിയുള്ള ഏഴ് ദിവസങ്ങള്‍ സിനിമാക്കാലം. 23 ആമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച്ച തിരി തെളിയുന്നു. ഇത്തവണത്തെ മേളയ്ക്ക് ഒരു പ്രത്യേകതയുണ്ട്. സര്‍ക്കാര്‍ ഫണ്ട് ഒഴിവാക്കി ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്ക് നടത്തുന്ന ആദ്യ രാജ്യാന്തര ചലച്ചിത്രമേളയാണിത്. ഡിസംബര്‍ 7 മുതല്‍ 13 വരെ നീളുന്ന മേളയുടെ പ്രധാന വിശേഷങ്ങള്‍ പങ്കുവെച്ച് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പെഴ്‌സണ്‍ ബീന പോള്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

സര്‍ക്കാര്‍ ഫണ്ട് ഒഴിവാക്കിയതും പ്രളയവും ഇത്തവണത്തെ ഐഎഫ്എഫ്‌കെയെ ബാധിക്കുമോ?

സര്‍ക്കാര്‍ ഫണ്ട് ഒഴിവായത് കൊണ്ട് ഗണ്യമായി ചെലവ് കുറയ്‌ക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ വിപുലമായ രീതിയില്‍ ഐഎഫ്എഫ്‌കെ ഒരുക്കാന്‍ കഴിഞ്ഞില്ല. പല സ്‌പെഷ്യല്‍ പാക്കേജുകളും, സെഷന്‍സുകളും ഇത്തവണ ഇല്ല. എന്നാല്‍ ഐഎഫ്എഫ്‌കെ 2018ന്റെ നിലവാരത്തില്‍ ഒരു വിട്ടു വീഴ്ചയും ഞങ്ങള്‍ വരുത്തിയിട്ടില്ല. പിന്നെ പ്രളയം ബാധിച്ചുവെങ്കിലും നമുക്ക് ജീവിതകാലം മുഴുവന്‍ വിഷമിച്ചിരിക്കാന്‍ പറ്റില്ലല്ലോ! അതുകൊണ്ടാണ് സര്‍ക്കാര്‍ ഫണ്ടില്ലാതെ വന്നിട്ടും മേള നടത്തണമെന്ന തീരുമാനത്തില്‍ എത്തുന്നത്. മാത്രമല്ല ഇങ്ങനെയുള്ള മേളകളുടെയും ഉത്സവങ്ങളുടെയും അര്‍ത്ഥം തന്നെ എത്ര വിപത്തുകളുണ്ടായാലും കൂട്ടമായി നമ്മള്‍ മുന്നോട്ട് അതിജീവിക്കും എന്നുള്ളതാണല്ലോ.

മേളയിലെ പങ്കാളിത്തത്തിന്റെ കാര്യത്തിലും ഇത്തവണ കുറവുണ്ടായിട്ടില്ല. വിചാരിച്ചതിലും കൂടുതല്‍ ആളുകള്‍ വരുന്നുണ്ട്. ഇപ്പോള്‍ തന്നെ 7500 പാസ് വിതരണം ചെയ്തു കഴിഞ്ഞു. പ്രളയം ബാധിച്ചവര്‍ക്കൊക്കെ ബുദ്ധിമുട്ടുണ്ടാകും. വേറെ നിവര്‍ത്തിയില്ലാത്തത് കൊണ്ടാണ് ഫീസ് ഉയര്‍ത്തേണ്ടിവന്നത്. പാസിന്റെ ഫീസ് ഉയര്‍ത്തിയത് ആളുകള്‍ എത്തുന്നതിനെ ബാധിക്കുമെന്ന് തോന്നിയിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയൊരു പേടിയേ ഇല്ല.

ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകളുടെ എണ്ണം കുറവായതു കൊണ്ടാണോ മൂന്ന് ദിവസത്തേക്ക് ആയിരം രൂപയുടെ പാസ് എന്ന സ്‌കീം അവതരിപ്പിച്ചത്?

ആളുകള്‍ കുറവായത് കൊണ്ടല്ല അങ്ങനൊരു സ്‌കീം കൊണ്ടുവന്നത്. അതൊരു പുതിയ സ്‌കീമായി അവതരിപ്പിച്ചതാണ്. 2000 രൂപ കൊടുത്ത് രജിസ്‌ട്രേഷന്‍ ചെയ്ത പുറത്ത് നിന്ന് വരുന്നവര്‍ക്ക് ആറ് ദിവസം കഴിയുന്നത് വലിയ ചെലവുള്ള കാര്യമാണ്. അങ്ങനെയുള്ള പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് പുതിയ സ്‌കീം ഒരുക്കിയത്. ഇങ്ങനെ പാസ് എടുക്കുന്നവര്‍ക്ക് റിസര്‍വേഷനില്ലെങ്കിലും കൂപ്പണ്‍ സിസ്റ്റമുണ്ട്. 60 ശതമാനമാണ് റിസര്‍വേഷനുള്ളത്. ബാക്കി നാല്‍പ്പത് ശതമാനവും കൂപ്പണ്‍ ഉപയോഗിച്ച് സീറ്റ് ഉറപ്പാക്കാം. കൂപ്പണ്‍ സിസ്റ്റവും ഇത്തവണ പുതിയതായി നടപ്പാക്കുന്നതാണ്. അതാകുമ്പോള്‍ അനാവശ്യമായ ക്യൂ ഒഴിവാക്കാം. സാധാരണ ഗതിയില്‍ മണിക്കൂറുകളോളം വരിയില്‍ നിന്ന് തീയേറ്ററിന്റെ മുമ്പില്‍ എത്തുമ്പോള്‍ സീറ്റ് ഫുള്ളാകുന്ന അവസ്ഥയാണുണ്ടായിരുന്നത്. അവര്‍ക്ക് വേറെ സിനിമയ്ക്ക് കയറാനുള്ള സാധ്യത ഇല്ലാതാകും കൂടാതെ സമയനഷ്ടവും സംഭവിക്കും. ഇത്തവണ അങ്ങനെയൊരു അവസ്ഥ ഒഴിവാക്കാനാണ് കൂപ്പണ്‍ സിസ്റ്റം കൊണ്ടുവന്നിരിക്കുന്നത്.

ഐഎഫ്എഫ്‌കെയുടെ ആകര്‍ഷണമായിരുന്ന മെമ്മോറിയല്‍ ലക്‌ചേഴ്‌സ്, ഇന്‍ കോണ്‍വര്‍സേഷന്‍, സ്‌പെഷ്യല്‍ ട്രെയിനിംഗ് പോലുളള സെഷനുകള്‍ ഇത്തവണ ഒഴിവാക്കിയിട്ടുണ്ടോ?

ഇന്‍ കോണ്‍വര്‍സേഷന്‍ എന്ന സെഷന്‍ മാത്രമാണ് ഇത്തവണ സെഷന്‍സിലുള്ളത്. വെട്രിമാരന്‍, നന്ദിത ദാസ് എന്നിവര്‍ സെഷനില്‍ സംസാരിക്കും. അതുകൂടാതെ വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് വര്‍ക്ക്‌ഷോപ്പ് വെക്കാന്‍ ശ്രമിക്കുന്നുണ്ട്. മെമ്മോറിയല്‍ ലെക്ചര്‍, ഗസ്റ്റ് തുടങ്ങിയ പ്രോഗ്രാമെല്ലാം കുറവ് വരുത്തേണ്ട അവസ്ഥയിലാണ്.

കഴിഞ്ഞ തവണയുണ്ടായിരുന്ന പല പാക്കേജുകളും ഇത്തവണ ഇല്ല. അതിലൊന്നാണ് ജെന്‍ഡര്‍ പാക്കേജ്. പക്ഷേ സ്ത്രീകളുടെയും ലിംഗലൈംഗികന്യൂനപക്ഷങ്ങളുടെയും ഒരു സ്‌പെക്ട്രം തന്നെ കാണിക്കുന്ന സിനിമകള്‍ ഉണ്ട്. റഫീഖി എന്ന സിനിമയൊക്കെ അതില്‍പെടുന്നതാണ്. പിന്നെ പ്രാതിനിധ്യത്തിന്റെ കാര്യമാണെങ്കിലും ഞങ്ങളുടെ കമ്മിറ്റിയിലൊക്കെ എല്ലാ വിഭാഗത്തില്‍ നിന്നുളളവരുമുണ്ട്.

പുനരുജ്ജീവനം എന്ന വിഭാഗമെന്ന ആശയം ഉണ്ടായതെങ്ങനെയാണ്?

'ദ് ഹ്യൂമന്‍ സ്പിരിറ്റ്: ഫിലിംസ് ഓണ്‍ ഹോപ് ആന്റ് റീബില്‍ഡിങ്' എന്ന വിഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ഇവിടെ മാത്രമല്ല ദുരന്തങ്ങളുണ്ടായിട്ടുള്ളതെന്ന് കാണിക്കാനും പല സ്ഥലങ്ങളിലും ഇതിലും ഭീകരമായ രീതിയില്‍ വിപത്തുകള്‍ ഉണ്ടായിട്ടും ആളുകള്‍ അതിനെ അതിജീവിച്ചിട്ടുണ്ട് എന്ന് കാണിക്കാന്‍ കൂടിയാണ് ഇങ്ങനൊരു വിഭാഗമുണ്ടാക്കിയത്. ദുരന്തങ്ങള്‍ മാത്രമല്ല അതിലെ വിഷയം. ജീവിതത്തിലെ സംഘര്‍ഷഘട്ടങ്ങളെ തരണം ചെയ്യുന്നത് കൂടി അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 'മണ്ടേല ലോംഗ് വാക്ക് ടു ഫ്രീഡം' അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ്.

ഐഎഫ്എഫ്‌കെ ഒരു ചലച്ചിത്രമേള എന്നതിലുപരി പല ആശയങ്ങളുടെ, ഐക്യദാര്‍ഢ്യപ്പെടലുകളുടെ, പ്രതിഷേധങ്ങളുടെയും കൂടി വേദിയാണ്. അത്തരത്തിലുള്ള വൈബ്രന്റ് ആഡിയന്‍സിനെ ഇത്തവണയും പ്രതീക്ഷിക്കാമോ?

ഐഎഫ്എഫ്‌കെ സഹിഷ്ണുതയുടെ വേദികൂടിയാണ്. അതുകൊണ്ട് കഴിഞ്ഞ എല്ലാ തവണയും പോലെ പ്രതിഷേധവും, ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമെല്ലാം ഇത്തവണത്തെ ഐഎഫ്എഫ്‌കെ വേദിയിലും കാണാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതൊക്കെ ഇവിടെ ഉണ്ടാകണമല്ലോ. ഇത്തവണ അസഹിഷ്ണുതയെ പ്രതിരോധിക്കേണ്ട വേദി കൂടിയാകണം ഇത് എന്നാണ് എന്റെ അഭിപ്രായം. പല തരത്തിലുള്ള കാഴ്ചപ്പാടുകള്‍ കൂടിച്ചേരുന്നതാണ് നാടിന്റെ ശക്തിയെന്ന് നമ്മള്‍ കാണിക്കണം.


Next Story

Related Stories