TopTop
Begin typing your search above and press return to search.

കുറച്ച് കഞ്ഞി എടുക്കട്ടെ? 2018-ല്‍ മലയാള സിനിമ ആഘോഷിച്ച 17 ഡയലോഗുകള്‍

കുറച്ച് കഞ്ഞി എടുക്കട്ടെ? 2018-ല്‍ മലയാള സിനിമ ആഘോഷിച്ച 17 ഡയലോഗുകള്‍

മലയാള സിനിമ എല്ലാ വർഷത്തെയും പോലെ ഇത്തവണയും വിജയ പരാജയ സമ്മിശ്രമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്നു കയ്യടി നേടിയ സിനിമകളും ആഘോഷമായി വന്നു പരാജയപ്പെട്ടവയും സ്വാഭാവികമായും ഉണ്ടായി. ഡബ്ബിങ് സിനിമകൾ അടക്കം 162 സിനിമകൾ മലയാളത്തിൽ റിലീസ് ആയി. പാട്ടുകളും താരങ്ങളും പോലെ ഇത്തവണയും ആഘോഷിക്കപ്പെട്ട സംഭാഷണങ്ങൾ ഉണ്ടായി. മാസ്സ് പഞ്ച് ഡയലോഗുകളും, തീവ്ര വൈകാരികത കൊണ്ടും, കുറിക്കു കൊള്ളുന്ന ഹാസ്യം കൊണ്ടും ഒക്കെ ശ്രദ്ധിക്കപ്പെട്ട ഈ വർഷത്തെ ചില കയ്യടികളെ ഓർക്കുന്നു. അതുകൊണ്ട് തന്നെ പഞ്ച ഡയലോഗുകളുടെ കണക്കെടുപ്പ് മാത്രമല്ല ഇത്. ഇറങ്ങിയ കാലഗണനയ്ക്ക് അനുസരിച്ചാണ് ഇവ ക്രമപ്പെടുത്തിയിരിക്കുന്നത്.

1. ഏതാണ് ആ സമയം, എന്താണ് അസാധാരണം (ക്വീൻ - സലിം കുമാർ )

പുതുമുഖം ഡിജോ ജോസ് ആന്റണിയുടെ ക്വീൻ പുതുമുഖ താരങ്ങൾ നിറഞ്ഞ ഒരു സിനിമ ആയിരുന്നു. ഈ വർഷം കേരളത്തിലെ തീയറ്ററുകൾ ആദ്യമായി സജീവമാക്കിയ സിനിമ കൂടിയാണിത്. സിനിമ കൊണ്ടാടപ്പെട്ടത് രണ്ടാം പകുതിയിലെ സലിം കുമാറിന്റെ പ്രകടനം കൊണ്ടാണ്. ഒരു ബലാൽഭോഗവും തുടർന്നുള്ള കൊലപാതകവും ചുറ്റിപ്പറ്റിയാണ് ക്യൂനിലെ കഥ നീങ്ങുന്നത്. ഈ പെൺകുട്ടിയുടെ സ്വഭാവഹത്യക്കായി ഇവളെ അസമയത്ത് അസാധാരണമായ വിധം പുരുഷന്മാരോടൊപ്പം കണ്ടു എന്ന മൊഴി ഉപയോഗിക്കുന്നുണ്ട്. ആ മൊഴി നൽകിയവരെ ചോദ്യം ചെയ്യുന്നതാണ് സന്ദർഭം. ഏതാണ് ഒരു പെൺകുട്ടിക്ക് അസമയം എന്നും എന്താണ് അസാധാരണം എന്നുമുള്ള ചോദ്യങ്ങളെ ജനം കയ്യടികളോടെയാണ് സ്വീകരിച്ചത്. വ്യാപകമായി സമൂഹമാധ്യമങ്ങളും മറ്റും ഈ രംഗത്തെ ഉപയോഗിച്ചു. ഒരു കോർട്ട് റൂം ഡ്രാമയുടെ മുഴുവൻ പഞ്ചും ഉള്ളതിനൊപ്പം സദാചാര ചോദ്യങ്ങളെ നേരിടുന്ന രീതിയും പ്രകീർത്തിക്കപ്പെട്ടു. സിനിമയിലെ, 'ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനൊക്കെയാണ്' എന്ന സംഭാഷണവും വ്യപകമായി ശ്രദ്ധ നേടിയ ഒന്നായിരുന്നു. കഴിഞ്ഞ വർഷം ട്രോളന്മാർ നല്ലവണ്ണം ഉപയോഗിച്ച സംഭാഷണവും ഇതാണ്.

2. കുറച്ചൊക്കെ ഫാന്റസി വേണം, എന്നാലല്ലേ ജീവിതത്തിലൊക്കെ ഒരു ലൈഫ് ഉള്ളൂ (കാർബൺ -ഫഹദ് ഫാസിൽ )

പൊതുവെ മാസ്സ് ഡയലോഗ് ഒന്നും സിനിമയിൽ പരീക്ഷിക്കാത്ത ഒരു സംവിധായകനാണ് വേണു. അദ്ദേഹത്തിൻറെ ഈ വര്‍ഷം പുറത്തിറങ്ങിയ കാർബണും ആദ്യ പകുതിക്കു ശേഷം വളരെ ഗൗരവ കാര്യമായി മുന്നോട്ട് നീങ്ങുന്ന ഒന്നാണ്. എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരു പോലെ രസിപ്പിച്ച സിനിമയല്ല കാർബൺ. എന്നാൽ ഒരു വിഭാഗം പ്രേക്ഷകർക്ക് സിനിമയെയും ഫഹദ് ഫാസിലിനെയും ഒരുപാട് ഇഷ്ടപ്പെട്ടു. ആദ്യ പകുതിയിലെ അലസനായ ധനമോഹി സിബി സെബാസ്റ്റ്യൻ വിജയിക്കാത്ത നിരവധി ബിസിനസ്സ് പദ്ധതികൾ പരീക്ഷിച്ചു പരാജയപ്പെട്ട ഒരാൾ ആണ്. അയാൾ പറയുന്ന ഈ സംഭാഷണവും, 'കഴിഞ്ഞ പ്ലാൻ മൂഞ്ചി' എന്ന നിഷ്കളങ്കമായ ഏറ്റുപറച്ചിലും എല്ലാം ഫഹദിന്റെ ആരാധകർ കഴിഞ്ഞ വർഷം കൊണ്ടാടിയവയാണ്. സ്ഫടികം ജോർജിന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു ഈ സിനിമ.

3. സ്റ്റിൽ ചേസിംഗ് എ ഡ്രീം (പ്രണവ് മോഹൻലാൽ -ആദി )

ആദ്യ സിനിമ റിലീസ് ആവും മുന്നേ ആരാധക സംഘടനയുണ്ടായ മലയാളത്തിലെ രണ്ടാമത്തെ നടൻ ആവാം പ്രണവ് മോഹൻലാൽ. ജീത്തു ജോസഫ് ആണ് പ്രണവിന്റെ ആദ്യ സിനിമയായ ആദിയുടെ സംവിധായകൻ. ജീത്തു ജോസഫിന്റെ ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയോടുള്ള സ്നേഹം ആദിയിലും കാണാം. സംഗീത സംവിധായകൻ ആകാൻ മോഹിച്ച ഒരു ചെറുപ്പക്കാരൻ അപ്രതീക്ഷിതമായി ഒരു ആപത്തിൽ എത്തുന്നതാണ് കഥ. ത്രില്ലർ സ്വഭാവം ഉണ്ടെങ്കിലും വലിയ മാസ്സ് ഡയലോഗുകൾ താരതമ്യേന സിനിമയിൽ കുറവാണ്. കഥയിലെ ഏറ്റവും നിർണായക സന്ദര്‍ഭത്തില്‍ തൊട്ടു മുൻപ് ആദി എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് സ്റ്റിൽ ചേസിങ് എ ഡ്രീം എന്ന പ്രണവിന്റെ മറുപടി ഒരു പറ്റം ആരാധകർ ഏറ്റെടുത്ത ഒന്നായിരുന്നു.

4. മാധവിക്കുട്ടിയായിട്ട് ബന്ധള്ള പുരുഷന്മാരുടെ എണ്ണമറിയാനുള്ള സൂക്കേടാണല്ലോ വായനക്കാർക്ക് ( ആമി - മഞ്ജു വാര്യർ )

കമല സുരയ്യയുടെ ബയോ പിക്ക് ആണ് ആമി. സിനിമ അനൗൺസ് ചെയ്തതു മുതൽ ഉള്ള വിവാദങ്ങൾ റിലീസിന് ശേഷവും തുടർന്നു. വിദ്യാ ബാലന്റെ പിന്മാറ്റം മുതൽ മഞ്ജു വാരിയരുടെ വരവ് വരെ എല്ലാം ഓരോ നിമിഷവും ചർച്ച ആയിക്കൊണ്ടിരുന്നു. സിനിമയും രണ്ടു തരത്തിൽ സ്വീകരിക്കപ്പെട്ടു. ചിലർ സിനിമയുടെ ഒതുക്കത്തെയും സൂക്ഷ്മതയെയും പുകഴ്ത്തിയപ്പോൾ മറ്റു ചിലർ അവരുടെ അറിവിലേയും സങ്കല്പത്തിലെയും കമല സുരയ്യ ഇതല്ല എന്ന് വാദിച്ചു. സിനിമയിലെ മഞ്ജു വാരിയരുടെ ഈ സംഭാഷണം പൊതുവെ സ്വീകരിക്കപ്പെട്ട ഒന്നാണ്. ടിക് ടോക്കിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട ഒരു സംഭാഷണം ആണിത്.

5. കളിയുള്ള സ്ഥലത്തേ സത്യനുള്ളു, കളിയില്ലെങ്കിൽ ഞാൻ ഇല്ല ( ജയസൂര്യ- ക്യാപ്റ്റൻ)

വി പി സത്യന്റെ ജീവിതം പറഞ്ഞ സിനിമയാണ് ക്യാപ്റ്റൻ. ജയസൂര്യയുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായ സിനിമ കൂടിയാണിത്. മലയാളം അത്ര കണ്ടു പരീക്ഷിക്കാത്ത സ്പോർട്സ് ബയോ പിക്കുകളുടെ സാധ്യതകളെ തിരഞ്ഞു പോയി പ്രജീഷ് സെന്നിന്റെ ഈ സിനിമ. വൈകാരികതക്കുള്ള അമിത പ്രാധാന്യം ഒക്കെ വിമർശിക്കപ്പെട്ടെങ്കിലും സിനിമയിലെ ചില സംഭാഷണങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ജയസൂര്യയുടെ ഈ സംഭാഷണം കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 'ഇത് വെറുങ്ങനെയിട്ടു തട്ടാനുള്ള പന്തല്ല, ഭൂഗോളാ' എന്ന സിദ്ദിഖിന്റെ ഡയലോഗും 'മൈ കോൺഫിഡൻസ്, ദാറ്റ് ഈസ് മൈ വീക്നെസ്സ്' എന്ന ജയസൂര്യയുടെ ഡയലോഗും ശ്രദ്ധിക്കപ്പെട്ടു.

6 . ഫാദർ.. ഫാദർ.. (കെ ടി സി അബ്ദുള്ള - സുഡാനി ഫ്രം നൈജീരിയ)

ഈ വർഷത്തെ ഏറ്റവും അധികം പ്രേക്ഷകർ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു സുഡാനി ഫ്രം നൈജീരിയ. മനുഷ്യത്വത്തെ കുറിച്ചാണ് ആ സിനിമ അധികവും സംസാരിച്ചത്. സക്കറിയയുടെ ഈ കന്നി സിനിമ മനോഹരമായ മുഹൂർത്തങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ഐ എഫ് എഫ് കെ പുരസ്‌കാര വേദിയിലും സിനിമ അംഗീകരിക്കപ്പെട്ടു. കെ ടി സി അബ്ദുള്ളയുടെ കഥാപാത്രത്തിന്റെ പേരൊന്നും സിനിമയിൽ പറയുന്നില്ല. മജീദിന്റെ ബാപ്പയാണ് മാനസികമായി അയാൾ. സാമുവേലിനോട്, 'ഫാദർ ഫാദർ' എന്ന് പറഞ്ഞു സ്വയം പറഞ്ഞു പരിചയപ്പെടുത്തുന്ന രംഗം സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നാണ്. 'മക്കളുടെ മൂത്രം കോരി ഒക്കെ തന്നെയാ ഉമ്മമാര് ഇവിടെ വരെ എത്തിയെ' എന്ന സരസ ബാലുശ്ശേരിയുടെ ഡയലോഗും ശ്രദ്ധിക്കപ്പെട്ടു. സംഭാഷണങ്ങൾ വളരെ കുറവായ അവസാനത്തെ 15 മിനിറ്റും സിനിമയിലെ ഏറ്റവും ഭംഗിയുള്ള മുഹൂർത്തങ്ങൾ ആണ്.

https://www.azhimukham.com/cinema-why-not-happening-pariyerum-perumal-like-movies-in-malayalam/

7. ഊ#$ ഉപദേശവും ഒന്നിച്ചു വേണ്ട (ധർമജൻ - കുട്ടനാടൻ മാർപാപ്പ)

ശ്രീജിത്ത് വിജയൻറെ കുട്ടനാടൻ മാർപാപ്പ ശരാശരി വിജയം നേടിയ സിനിമ ആണ്. പതിവ് തേപ്പു കഥ ഫോർമുലയാണ് ഈ സിനിമയും പിന്തുടരുന്നത്. മൊട്ട എന്ന് എല്ലാവരും വിളിക്കുന്ന ധര്മജന്റെ കഥാപാത്രം നായകൻ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ജോൺ പോളിന്റെ സന്തത സഹചാരിയാണ്. ജോണിനെ കാമുകി വഞ്ചിച്ചു പോകുമ്പോൾ പറയുന്ന സംഭാഷങ്ങൾ കേട്ട് തളർന്നിരിക്കുകയാണ് അയാൾ. അപ്പോൾ നായികയോട് രണ്ടും കൂടെ ഒന്നിച്ചു വേണ്ട എന്ന് പറയുമ്പോൾ അവൾ പെട്ടന്ന് ഉപദേശം നിർത്തി തിരിച്ചു പോകുന്നു. നായകന് ഇതിനു വിശദീകരണം ചോദിക്കുമ്പോൾ അയാൾ പറയുന്ന ഈ സംഭാഷണം വലിയ ഹിറ്റ് ആയി. ഓൺലൈനിൽ ഒക്കെ സിനിമയേക്കാൾ വലിയ വിജയമായ ഒരു സ്ഥിരം പ്രയോഗമായി ഇത് മാറി. (പ്രാദേശികമായി എവിടെ എങ്കിലും ഇത് ഉപയോഗിക്കുന്ന ശൈലി ആണോ എന്നറിയില്ല).

8. താങ്ക്യൂ സായിപ്പേ താങ്ക്യൂ (കമ്മാര സംഭവം-ദിലീപ്)

രതീഷ് അമ്പാട്ടിന്റെ കമ്മാര സംഭവത്തിലെ ഈ സംഭാഷണം ഒരേ സമയം ഹാസ്യം ഉണർത്തുന്നതും നായകന്റെ സ്വഭാവത്തെ കുറിച്ച് ഒരു രൂപം തരുന്ന ഒന്നുമാണ്. സിനിമ കാണുമ്പോൾ മാത്രം അറിയുന്ന സാന്ദര്‍ഭികതയുടെ സഹായം നന്നായി ഉപയോഗിച്ച ഒരു രംഗം കൂടിയാണിത്.

9. ഞാൻ വിജയേട്ടനെ വിളിക്കും (മുത്തുമണി - അങ്കിൾ )

ജോയ് മാത്യുവിന്റെ അങ്കിൾ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയാണ്. നായികയുടെ അമ്മ വേഷമാണ് മുത്തുമണി ചെയ്തത്. പോലീസ് സ്റ്റേഷനിൽ വച്ച് സദാചാര പോലീസിനോട്, 'ഞാൻ വിജയേട്ടനേ വിളിക്കും' എന്നവർ പറയുന്നത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റിയാണ്. ഒരു വിഭാഗം കാണികൾ അത് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചപ്പോൾ ആക്ഷേപ ഹാസ്യ സൂചനയായാണ് മറു വിഭാഗം എടുത്തത്.

10. ഇതാണിന്റെ ലോകമല്ല, പെണ്ണിന്റേം അല്ല. ഇത് കഴിവിന്റെ ലോകമാ (ജയസൂര്യ-ഞാൻ മേരിക്കുട്ടി )

രഞ്ജിത്ത് ശങ്കറിന്റെ ഞാൻ മേരിക്കുട്ടി ട്രാൻസ് ആയ ഒരു പ്രധാന കഥാപാത്രത്തെ മുന്നോട്ട് വെക്കുന്ന സിനിമയാണ്. അത്തരം ഒരു സിനിമ പോപ്പുലർ സിനിമ മോഡിൽ തീയറ്ററുകളിൽ എത്തുന്നത് കൗതുകമുള്ള ഒരു കാര്യവും മാറ്റത്തിന്റെ സൂചനയുമാണ്. ഈ സംഭാഷണം സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അരാഷ്ട്രീയത സംബന്ധിച്ച വിമര്ശനങ്ങളും ഉണ്ടായി.

11. എന്നായാലും മണ്ണു പറ്റാനുള്ള ഒരു ദിവസമുണ്ട്, പക്ഷെ ആ കലണ്ടർ ഇത് വരെ അച്ചടിച്ചിട്ടില്ല (മമ്മൂട്ടി-അബ്രഹാമിന്റെ സന്തതികൾ)

ഷാജി പാടൂരിന്റെ അബ്രഹാമിന്റെ സന്തതികൾ സമീപ കാലത്തു പുറത്തിറങ്ങി കൊണ്ടിരിക്കുന്ന മമ്മൂട്ടി സിനിമകളുടെ രീതികൾ അത് പോലെ പിന്തുടർന്ന ഒന്നാണ്. മമ്മൂട്ടി വന്ന് ഏതാണ്ട് സിനിമ അവസാനിക്കും വരെ അധികവും ഇത്തരം സംഭാഷണങ്ങളാണ് പറയുന്നത്. സിനിമ വൻ തോതിൽ വിജയമായില്ലെങ്കിലും ഇത്തരം സംഭാഷണങ്ങൾ ഫാൻസ്‌ ഏറ്റെടുത്ത് ആഘോഷിച്ചു.

12. ഇപ്പളും ബിനീഷ് തന്നെയാണ് സിഗരറ്റ് വലിക്കുന്നത് , അല്ലാതെ സിഗരറ്റ് ബിനീഷിനെ വലിക്കുന്നതല്ല (ടൊവീനോ -തീവണ്ടി)

ഈ വർഷം ടോവിനോയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ഫെല്ലിനിയുടെ തീവണ്ടി. ടിക് ടോക്ക് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ ആഘോഷമാക്കിയ സംഭാഷണങ്ങൾ ഈ സിനിമയിലേതാണ് എന്ന് തോന്നുന്നു. ഈ സംഭാഷണവും ടോവിനോയും സംയുക്ത മേനോനും തമ്മിലുള്ള പ്രണയ രംഗങ്ങളും ജീവാംശമായി എന്ന പാട്ടും വലിയ ഹിറ്റുകൾ ആണ്.

13 കണ്ട %##$ ഓടിക്കേറാൻ ഇത് പാപ്പാളി തറവാടല്ല (ഫഹദ് ഫാസിൽ-വരത്തൻ)

അമൽ നീരദിന്റെ വരത്തൻ ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിനിമ ആണ്. ഫഹദ് ഫാസിലിന് പുറമെ ഐശ്വര്യ ലക്ഷ്മിയുടെയും ഷറഫുദ്ദീന്റേയും വിജിലേഷിന്റെയും ഒക്കെ പ്രകടനം കൊണ്ട് കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയാണ് വരത്തൻ.

14. ഇത്തിക്കര പക്കിയുടെയും സ്വാതി തിരുനാളിന്റെയും സാന്നിധ്യം (കായംകുളം കൊച്ചുണ്ണി)

നായകനോളം തന്നെ സാനിധ്യം കൊണ്ട് മാസ്സ് സൃഷിച്ചവരാണ് സിനിമയിൽ വളരെ കുറച്ചു നേരം വന്നു പോകുന്ന ഈ രണ്ടു കഥാ പത്രങ്ങൾ . പ്രേക്ഷകർ കൂടുതൽ സംസാരിച്ചതും ഇവരെപ്പറ്റിയാണ്.

https://www.azhimukham.com/blog-2018-malayalam-cinema-some-memorable-performances-male-actors-gireesh-writes/

15. ഒരാൾ കൂടിയുണ്ട് (ദിലീഷ് പോത്തൻ-ജോസഫ്)

ജോസഫ് എന്ന എം പദ്മകുമാർ സിനിമ ത്രില്ലർ എന്ന നിലയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. മാൻ വിത്ത് എ സ്കാർ എന്ന സബ്‌ടൈറ്റിൽ സൂചിപ്പിക്കും പോലെ മുറിവുകൾ നിറഞ്ഞ ഒരു കൂട്ടം മനുഷ്യരുടെ കൂടി കഥയാണിത്. തന്റെ ഭാര്യക്ക് അന്ത്യചുംബനം നല്കാൻ അവളുടെ മുൻ ഭർത്താവ് കൂടി ഉണ്ട് എന്ന് ദിലീഷ് പോത്തന്റെ പീറ്റർ പറയുന്നത് കൂടിയാണ് ആ സിനിമ.

16. കുറച്ചു കഞ്ഞിയെടുക്കട്ടെ (മഞ്ജു വാരിയർ - ഒടിയൻ)

ശ്രീകുമാർ മേനോന്റെ ഒടിയനോളം ഈ വർഷം ചർച്ച ചെയ്യപ്പെട്ട മലയാള സിനിമ ഉണ്ടാകില്ല. സിനിമ ഇറങ്ങിയ ശേഷം അണിയറ പ്രവർത്തകർ പോലും വിചാരിക്കാത്ത അത്രയും ശ്രദ്ധ ഈ ഡയലോഗിന് കിട്ടി. ആദ്യത്തെ ഡീഗ്രേഡിങ്ങിനുള്ള മറുപടിയായി ഈ ഡയലോഗ് തന്നെ സിനിമ പരസ്യമായി വീണ്ടും ഉപയോഗിച്ചു. എന്റെ എത്ര കളി കണ്ടിട്ടുള്ളതാ നീ, അതിനു ഞങ്ങൾ മരിച്ചിട്ടൊന്നും ഇല്ലല്ലോ എന്നീ സംഭാഷണ ശകലങ്ങളും ആഘോഷിക്കപ്പെടുന്നു.

17. ഞാൻ ഇത് വരെ എന്റെ ഭാര്യയെ വഞ്ചിച്ചിട്ടില്ല, ഛെ, നിങ്ങളൊരു ഭർത്താവാണോ (ശ്രീനിവാസൻ-ഫഹദ് ഫാസിൽ- ഞാൻ പ്രകാശൻ)

പതിവ് ശ്രീനിവാസൻ ശൈലിയിലുള്ള സ്ഥിരം സത്യൻ അന്തിക്കാട് സിനിമാ സംഭാഷണ രീതി പിന്തുടരുന്ന പ്രകാശനും ഗോപാല്‍ജിയും തമ്മിലുള്ള ഈ സംഭാഷണശകലമാണ് ഈ വർഷാവസാനം സിനിമ കൊണ്ടാടുന്നത്.


Next Story

Related Stories