TopTop
Begin typing your search above and press return to search.

15 വര്‍ഷങ്ങള്‍ ഒരു നായിക താരത്തെ സംബന്ധിച്ചിടത്തോളം അത്ര ചെറിയ കാലയളവല്ല; നയന്‍താര തെളിയിക്കുന്നത്

15 വര്‍ഷങ്ങള്‍ ഒരു നായിക താരത്തെ സംബന്ധിച്ചിടത്തോളം അത്ര ചെറിയ കാലയളവല്ല; നയന്‍താര തെളിയിക്കുന്നത്

പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു ക്രിസ്തുമസ് ദിനത്തിൽ സത്യൻ അന്തിക്കാട് സമ്മാനിച്ച നടിയായിരുന്നു നയന്‍താര. ഒരു സാധാരണക്കാരിയായി ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നയൻ‌താര ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍സ്റ്റാറാണ്. മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഡയാന മറിയം കുര്യൻ എന്ന തിരുവല്ലക്കാരി ഇന്ന് തമിഴ്, തെലുങ്ക് കന്നഡ, സിനിമ ഇൻഡസ്ട്രികൾ കീഴടക്കി പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

2003 ൽ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെയിലൂടെയാണ് നയന്‍ താര അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം തന്നെ ബോക്സ് ഓഫീസ് വിജയമാവുകയും അതിലെ നായിക പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. മനസിനക്കരക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലും, ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം നാട്ടുരാജാവിലും സഹനടിയായും അഭിനയിച്ചു.

മോഹൻലാലിനൊപ്പം രണ്ടു ചിത്രങ്ങൾ ചെയ്ത താരത്തിന്റെ അടുത്ത ചിത്രം മമ്മൂട്ടിയുടെ നായികയായിട്ട് ആയിരുന്നു. പ്രമോദ് പപ്പൻ സം‌വിധാനം ചെയ്ത തസ്കരവീരനിലും കമൽ സം‌വിധാനം ചെയ്ത രാപ്പകലിലും.

അധികം വൈകാതെ തമിഴ് ചലച്ചിത്ര മേഖലയിലേക്ക് നയൻസ് പ്രവേശിച്ചു. രജനികാന്തിന്റെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിൻറെ നായികയായി അഭിയിച്ച അയ്യാ, അജിത്തിൻറെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയൻതാരയുടെ ശ്രദ്ധേയ തമിഴ് ചിത്രങ്ങളിൽ ഉൾപ്പെടുന്നു. അങ്ങനെ വളരെ ചുരുങ്ങിയ കാലഘട്ടങ്ങൾ കൊണ്ടുതന്നെ നയൻതാര തെന്നിന്ത്യയിലെ മുൻ നിര താരങ്ങളുടെയെല്ലാം നായികയായി.

മലയാള സിനിമയിലെ നാട്ടിൻപുറത്തുകാരി തമിഴില്‍ ഗ്ലാമർ താരമായിരുന്നു. അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ മലയാളത്തില്‍ നിന്നുമടക്കം നയന്‍താരയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരം. പിന്നീടങ്ങോട്ട് തമിഴിലും തെലുങ്കിലും നയൻതാര തരംഗം തന്നെ ഉണ്ടായി. അഞ്ചുവർഷങ്ങൾക്കു ശേഷം സിദ്ദിഖിന്റെ ബോഡിഗാർഡിലൂടെ നയൻതാര മലയാളത്തിൽ വീണ്ടുമെത്തി. 2011 കഴിഞ്ഞ് സിനിമയിൽ നിന്ന് ഒരു വർഷത്തെ ഇടവേള 2013 മുതൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ സൂപ്പർ സ്റ്റാർ പദവിയിലെ ഉയരുകയായിരുന്നു. രാജാറാണി, ആരംഭം, ആറം തുടങ്ങി ഏറ്റവും ഒടുവിലെത്തിയ കോലമാവു കോകിലയും ഇമൈക്ക നൊടികളും വരെ ശക്തമായ കഥാപാത്രങ്ങൾ .

പുരുഷ കേന്ദ്രികൃതമായ സിനിമയിൽ നയൻ‌താര തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. തമിഴിൽ നയൻതാരയ്ക്കു വേണ്ടി മാത്രം സ്ത്രീകേന്ദ്രീകൃത സിനിമകൾ പിറന്നു. ഇന്ന് പല മുൻ നിര നായകന്മാരെക്കാളും പ്രതിഫലവും ഫാൻസ്‌ പിന്തുണയും നയൻതാരയ്ക്ക് ഉണ്ട്.

എന്നും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു നയന്‍താര. നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയുമായി താരം പ്രണയത്തിലാവുകയും ബന്ധം വേര്‍പിരിയുകയും ചെയ്തു. ഇതിനിടയില്‍ നയന്‍താരയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ പലപ്പോഴും ഗോസിപ്പ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. പ്രഭുദേവയുമായി പിരിഞ്ഞതോടെ സംവിധായകന്‍ വിഘ്‌നേശ് ശിവനും നയന്‍സും ഇഷ്ടത്തിലാവുകയായിരുന്നു. ഇരുവരുടെയും പേരുകള്‍ ഗോസിപ്പു കോളങ്ങളില്‍ വന്നെങ്കിലും ഒന്നിച്ച് നടത്തിയ യാത്രകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഇവര്‍ ഇഷ്ടത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. അടുത്തിടെ ഒരു പൊതുവേദിയില്‍ തന്റെ പ്രതിശ്രുത വരന്റെ പിന്തുണയെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു.

മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പുതിയ നിയമം ആയിരുന്നു നയൻ‌താര നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന മലയാള സിനിമ. 2016ൽ ആണ് പുതിയ നിയമം റിലീസിനെത്തിയത്. രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് നടിയിപ്പോള്‍. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസ് ആണ് സംവിധാനം ചെയ്യുന്നത്.


Next Story

Related Stories