Top

പപ്പേട്ടന്‍സ് കഫേ; സിനിമ ചര്‍ച്ചകളും രുചിക്കൂട്ടുകളും നിറഞ്ഞ മറ്റൊരു മണ്ണാര്‍തൊടി

പപ്പേട്ടന്‍സ് കഫേ;  സിനിമ ചര്‍ച്ചകളും രുചിക്കൂട്ടുകളും നിറഞ്ഞ മറ്റൊരു മണ്ണാര്‍തൊടി
'ഓര്‍മകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക' എന്നോര്‍മിപ്പിച്ച് വെള്ളപൂശിയ ചുമരില്‍ ജ്ഞാനിയുടെ ശാന്തതയോടെ പദ്മരാജന്‍! നോട്ടം ഇടത്തേക്ക് ചരിയുമ്പോള്‍ പ്രണയത്തിന്റെ രേഖാചിത്രമായി ജയകൃഷ്ണനും ക്ലാരയും. 'മണ്ണാര്‍തൊടിയിലെവിടെയോ ഇപ്പോഴുമവള്‍ പെയ്യുവാന്‍ കൊതിച്ചൊരു കാര്‍മേഘമായി കാത്തുനില്‍പ്പുണ്ട്' എന്ന ക്ലാരയുടെ നനുത്ത ശബ്ദം ചെവിയേലേക്ക് ഇറങ്ങുന്നത് അനുഭവിച്ചു നില്‍ക്കുമ്പോള്‍, തൊട്ടടുത്തായതാ, മലയാളിയുടെ മനസില്‍ പതിഞ്ഞ ആ കണ്ണുകള്‍ തനിച്ച്! താഴെ പദ്മരാജന്റെ പ്രണയവരികള്‍;
നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നതിനേക്കാള്‍ നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു എന്ന് പറയാന്‍ ആണ് എനിക്കിഷ്ടം. വര്‍ഷങ്ങള്‍ക്കുശേഷം നീ അത് കേള്‍ക്കുമ്പോള്‍ അത്ഭുതത്തോടെ പുഞ്ചിരിക്കും എനിക്കത് അത് മതി'


പദ്മരാജന്റെ ഗന്ധര്‍വലോകത്ത് എത്തിയെന്നപോലെ നിങ്ങളില്‍ ഈ അനുഭവങ്ങളൊക്കെയും നിറയ്ക്കുന്നത് ഒരു കഫേയാണ്; പപ്പേട്ടന്‍സ് കഫേ! സിനിമ ചര്‍ച്ചകളും രുചിക്കൂട്ടുകളും നിറഞ്ഞൊരിടം!കൊച്ചി പനമ്പിള്ളി നഗറിലെ 'പപ്പേട്ടന്‍സ് കഫേയില്‍ കയറിയാല്‍ ജയകൃഷ്ണന്റെ മണ്ണാര്‍തൊടിയില്‍ എത്തിയ ഫീലാണെന്ന് വരുന്നവരെല്ലാം പറയുന്നു! പത്തുദിവസമായി പപ്പേട്ടന്‍സ് കഫേ തുറന്നിട്ട്; സിനിമയും ഭക്ഷണവും ഇഷ്ടപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ ഇതാണ് ഇഷ്ടകേന്ദ്രം. അനശ്വരനായ ചലച്ചിത്രകാരന്റെ പേരില്‍ ഒരു കഫേ ഇതാദ്യമായിട്ടായിരിക്കും. വെറുമൊരു പേരില്‍ തീരുന്നില്ല, പൂര്‍ണമായി നിങ്ങള്‍ക്കൊരു പദ്മരാജന്‍ ടച്ച് അനുഭവിക്കാം ഈ പപ്പേട്ടന്‍ കഫേയില്‍ നിന്നും. പദ്മരാജന്റെയും ജയകൃഷ്ണന്റെയും ക്ലാരയുടെയും ഓര്‍മകളില്‍ മുഴുകി ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം; തേന്‍ മിട്ടായി മുതല്‍ നല്ല ചൂടു ചിരട്ട പുട്ടും മീന്‍ കറിയും വരെ.

പത്തനാപുരത്തുനിന്നും പനമ്പിള്ളിയില്‍ എത്തി ഇങ്ങനെയൊരു കഫേ തുടങ്ങിയ ശബരി, കടുത്ത പദ്മരാജന്‍ പ്രേമിയും സിനിമാ മോഹിയുമാണ്. കട ഉടമയ്ക്ക് അപ്പുറം സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കുടിയാണ്. 'മോഹന്‍ലാല്‍' എന്ന സിനമയില്‍ അസിസ്റ്റന്റ് ഡയറക്ടായിരുന്നു ശബരി. കാല്‍ഷ്യം എന്ന ഷോട്ട് ഫിലിം ശബരിക്ക് ഏറെ അഭിനന്ദനം നേടിക്കൊടുത്തിരുന്നു. ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതിനിടയിലാണ് പപ്പേട്ടന്‍ കഫേയുടെ ആരംഭം.പത്തനാപുരത്തെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നും കൊച്ചിയെന്ന മഹാനഗരത്തില്‍ എത്തി ഒരു ചെറിയ കഫേ തുടങ്ങിയപ്പോള്‍ അതിനെന്തിനാണ് പപ്പേട്ടന്‍ കഫേ എന്ന് പേരിട്ടതെന്നു പലരും തിരക്കി. ഞാനീ നഗരത്തില്‍ വന്നിട്ട് ഒരുവര്‍ഷത്തിനുമേലായി. സിനിമയാണെന്റെ സ്വപ്നം. സിനിമയിലേക്കാണ് യാത്ര. എല്ലാം സിനിമയാണ്. ഈയൊരു പേരിലേക്ക് എത്തിച്ചേര്‍ന്നതിനും കാരണം സിനിമയാണ്. സിനിമ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് പദ്മരാജന്‍ സാറും അദ്ദേഹത്തിന്റെ തൂവാനത്തുമ്പികളടക്കമുള്ള ക്ലാസിക് സിനിമകളുമാണ്. സുഹൃത്തുക്കളുമൊത്തുള്ള വൈകുന്നേര ചര്‍ച്ചകളിലൊന്നിലാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ആലോചന വന്നത്. സിനിമ ചര്‍ച്ച ചെയ്യാന്‍ ഒരിടം വേണം, ഒപ്പം ഒരു സംരംഭവും; അങ്ങനെയൊരു തീരുമാനമാണ് ഈ കഫേ. പേരെന്തിടണം എന്നതിനെക്കുറിച്ച് വേറെ ആലോചനയൊന്നും വന്നില്ല. ആദ്യം തന്നെ ഫിക്‌സ് ചെയ്തു; പപ്പേട്ടന്‍സ് കഫേ! ഞങ്ങളുടെ ചര്‍ച്ചകളില്‍ എപ്പോഴും കടന്നു വരുന്നതാണ് പപ്പേട്ടനും അദ്ദേഹത്തിന്റെ പുസ്തകങ്ങളും സിനിമകളും. അപ്പോള്‍ പിന്നെ മറ്റെന്ത് പേരാണ് ഇടാനുള്ളത്!
ശബരിക്ക് പപ്പേട്ടന്‍സ് കഫേയെക്കുറിച്ച് പറയാനുള്ളത് ഇതാണ്.പദ്മരാജന്റെ പേരില്‍ തുടങ്ങിയ കഫേയില്‍ നിന്നും കസ്റ്റമേഴ്‌സിന് കിട്ടേണ്ട ഫീല്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വിശ്വാസത്തിലാണ് ശബരി. ഓരോരുത്തരില്‍ നിന്നും കിട്ടുന്ന പ്രതികരണങ്ങളാണ് തെളിവ്. പുട്ടും മീന്‍കറിയും പുട്ടും ബീഫുമാണ് പ്രധാന ഭക്ഷണം. വരുന്നവരെല്ലാം ഭക്ഷണവും ഒപ്പം ഈ അന്തരീക്ഷവും ശരിക്കും ആസ്വദിക്കുന്നുണ്ട്. മണ്ണാര്‍തൊടിയിലെത്തിയ ഫീല്‍ എന്നാണ് പലരും പറയുന്നത്. പദ്മരാജനും ജയകൃഷ്ണനും ക്ലാരയ്ക്കുമെല്ലാം ഒപ്പമിരുന്ന് കഴിക്കുന്നതുപോലെ. അനശ്വരകഥാപാത്രങ്ങളേയും കഥാകാരനെയും സെല്‍ഫിയില്‍ ചേര്‍ത്ത് സോഷ്യല്‍ മീഡിയ വഴി പപ്പേട്ടന്‍ കഫേയ്ക്ക് വലിയ പ്രചാരവും നേടിക്കൊടുക്കുന്നുണ്ട്.സെലിബ്രിറ്റി കസ്റ്റമേഴ്‌സിനും പപ്പേട്ടന്‍സ് കഫേ പ്രിയ ഇടമായി മാറിയിട്ടുണ്ട്. സംവിധായകരായ ലാല്‍ജോസ്, സാജിദ് യാഹിയ, നിര്‍മ്മാതാവ് സാന്ദ്ര തോമസ് തുടങ്ങി സിനിമ മേഖലയില്‍ നിന്നും എത്തിയവരെല്ലാം തന്നെ പപ്പേട്ടന്‍ കഫേയുടെ ആരാധകരായി മാറിയിരിക്കുന്നു. തിരക്കുകളില്‍നിന്നും മാറി ഇടവേളകളില്‍ വന്നിരിക്കാന്‍ ആളുകള്‍ക്ക് ഒരുപാടു ഇഷ്ടമുള്ള ഇടമായി മാറികഴിഞ്ഞ പപ്പേട്ടന്‍സ് കഫേ കൊച്ചിയിലെ സിനിമ ചര്‍ച്ചകളുടെ പ്രധാന വേദിയുമായി മാറുന്നു. അത്രയധികം സൗകര്യങ്ങളൊന്നുമില്ലെങ്കിലും ഈ കഫേ അതിരുകളില്ലാത്തൊരു ലോകം പോലെ ആസ്വദിക്കുകയാണ് ഓരോരുത്തരും.പദ്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍ പപ്പേട്ടന്‍സ് കഫേയെക്കുറിച്ച് കേട്ടറിഞ്ഞ് തന്റെ ഫെയ്‌സബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു; ഇങ്ങനെ ഒന്ന് കൊച്ചി, പനമ്പിള്ളി നഗറില്‍ തുടങ്ങി എന്നു ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. ഈ ചുറ്റു വട്ടത്തായിട്ട് ഞാനറിഞ്ഞില്ലല്ലോ! ഇപ്പൊ തോന്നുന്ന വികാരം? സന്തോഷം? ഹര്‍ഷം? അത്യാഹ്‌ളാദം? പൊട്ടിത്തരിപ്പ്? അല്ല...ചില വികാരങ്ങള്‍ പറയാന്‍ വിശേഷണങ്ങളില്ലല്ലോ...

അനന്തപദ്മനാഭന്‍ പറഞ്ഞതുപോലെ, പപ്പേട്ടന്‍സ് കഫേയില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന വികാരം പറയാന്‍ വിശേഷണങ്ങളില്ലെന്നു സമ്മതിക്കുന്നവരാണ് എല്ലാവരും തന്നെ...


Next Story

Related Stories