TopTop
Begin typing your search above and press return to search.

ഡബ്ല്യുസിസി പേരുകള്‍ വെളിപ്പെടുത്തുമോ? ആശങ്കയോടെ സിനിമാലോകം

ഡബ്ല്യുസിസി പേരുകള്‍ വെളിപ്പെടുത്തുമോ? ആശങ്കയോടെ സിനിമാലോകം

മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടാവുമോ? തനുശ്രീ ദത്തയിലൂടെ ബോളിവുഡിലെ വന്‍മങ്ങളെ കടപുഴക്കി തുടങ്ങിയ മീ ടു കാമ്പയിന്‍ മലയാള സിനിമയിലേക്ക് എത്തുമ്പോള്‍ ഇവിടെയും വമ്പന്‍മാര്‍ കുടുങ്ങുമെന്നു തന്നെയാണ് സൂചന. ഇത് ശരിവയ്ക്കുന്നൊരു ട്വീറ്റ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ചെയ്തിട്ടുമുണ്ട്. A little bird says this could be big ('ഒരു ചെറിയ പക്ഷി പറയുന്നു, ഇതൊരു വലിയൊരു സംഭവമായിരിക്കുമെന്ന് ') എന്ന മുന്നറിയിപ്പ് നല്‍കുന്ന ട്വീറ്റില്‍ എറണാകുളത്തുള്ള എന്റെ മാധ്യമ സുഹൃത്തുക്കള്‍ ഡബ്ല്യുസിസി ഇന്ന് വൈകിട്ട് പ്രസ് ക്ലബില്‍ നടത്തുന്ന വാര്‍ത്ത സമ്മേളനം ഒഴിവാക്കരുതെന്നും എന്‍ എസ് മാധവന്‍ ആവശ്യപ്പെടുന്നുണ്ട്.

ശനിയാഴ്ച തങ്ങള്‍ വാര്‍ത്ത സമ്മേളനം നടത്തുന്നുണ്ടെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെ അറിയിപ്പ് ഇട്ടതോടെ, ഏത് വിഷയമാണ് സംസാരിക്കുന്നതെന്ന് ഡബ്ല്യുസിസി വ്യക്തമാക്കിയിട്ടില്ലെങ്കിലും മി ടു കാമ്പയിനുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളായിരിക്കും ഉണ്ടാവുക എന്ന നിഗമനത്തിലാണ് എല്ലാവരും.

ഇതിന് അടിസ്ഥാനം കഴിഞ്ഞ ദിവസം ഡബ്ല്യുസിസി അംഗം കൂടിയായ പാര്‍വതി തിരുവോത്തിന്റെ ട്വീറ്റാണ്. തനുശ്രീ ദത്തയുടെ വെളിപ്പടുത്തലിനു പിന്നാലെ ബോളിവുഡില്‍ ചര്‍ച്ചയായ മീ ടൂ ക്യാമ്പയിന്‍ മലയാളത്തിലും സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു പാര്‍വതി പറഞ്ഞത്. തനുശ്രീ ദത്തയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ബോളിവുഡ് സിനിമാ സംഘടനകള്‍ തീരുമാനിച്ചതിനെ അഭിനന്ദിച്ച് സംവിധായിക അഞ്ജലി മേനോന്‍ എഴുതിയ ബ്ലോഗ് പങ്കു വെച്ചാണ് പാര്‍വതി ട്വിറ്ററില്‍ തന്റെ പ്രതികരണം അറിയിച്ചത്. ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയിലും ഇത്തരം കാര്യങ്ങല്‍ നിലവില്‍ വരണമെന്ന് പാര്‍വ്വതി പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ എഎംഎംഎ അടക്കമുള്ള സിനിമ സംഘടനകള്‍ ശക്തമായ നിലപാട് സ്വീകരിക്കാതെ ഒഴിഞ്ഞുമാറുന്നതിനെ വിമര്‍ശിച്ചാണ് അഞ്ജലി മേനോനും രംഗത്ത് വന്നത്. അഞ്ജലിയും ഡബ്ല്യുസിസി അംഗമാണ്. മീ ടൂ' ക്യാംപെയിന് ബോളിവുഡ് വലിയ പിന്തുണയാണ് നല്‍കിവരുന്നതെന്നും, അവരുടെ നിലപാടുകളില്‍ നിന്നും നടപടികളില്‍ നിന്നും അത് ബോധ്യപ്പെടുമെന്നും എന്നാല്‍ മലയാളം സിനിമാ ലോകത്തെ സ്ഥിതി നേര്‍ വിപരീതമാണെന്നുമായിരുന്നു അഞ്ജലി മേനോന്റെ വിമര്‍ശനം.

'മലയാള ചലച്ചിത്ര രംഗത്ത് പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വന്ന ഒരു നടി 2017ല്‍ ലൈംഗികമായി അപമാനിക്കപ്പെട്ടു. സംഭവത്തിനു തൊട്ടുപിന്നാലെ ഇത് തുറന്നു പറഞ്ഞ അവള്‍ പൊലീസില്‍ പരാതിയും നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനുളള നടപടിയുമായി അവള്‍ മുന്നോട്ടു പോകുകയാണ്. ഒരുപാട് ശക്തമായ സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നയിടമാണ് കേരളം. രാജ്യാന്തര തലത്തില്‍ തന്നെ സ്വീകരിക്കപ്പെട്ട പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നതു മറക്കരുത്. എന്നിട്ടും ഇരകളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നടപടികള്‍ എവിടെ?. ഇതും ഒരു നിലപാടാണ്; തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത് എന്നാണ് 'ടേക്കിങ് എ സ്റ്റാന്‍ഡ്' എന്ന തലക്കെട്ടോടെ തന്റെ ബ്ലോഗിലൂടെ അഞ്ജലി മേനോന്‍ പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ സംരക്ഷിക്കുന്ന നിലപാടുകളാണ് എഎംഎംഎ സ്വീകരിച്ചുപോരുന്നതെന്നിന് തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് സിനിമ സംഘടനകളില്‍ നിന്നും നീതി കിട്ടുമെന്ന വിശ്വാസം ഡബ്ല്യുസിസിക്ക് നഷ്ടമായിരിക്കാം. പ്രമുഖരെല്ലാവരും തന്നെ ഇക്കാര്യത്തില്‍ തങ്ങള്‍ക്കെതിരേ നിലപാട് എടുക്കുന്ന സാഹചര്യത്തില്‍ ഒരു തുറന്ന പോരാട്ടത്തിന് വനിത സംഘടന തയ്യാറായിരിക്കുന്നുവെന്ന് കരുതാം എന്നാണ് അവരുടെ പുതിയ നീക്കം വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനുവേണ്ടി വാദിക്കുകയും സ്ത്രീ സംഘടനയ്‌ക്കെതിരേ നിലപാട് എടുക്കുകയും ചെയ്തവരില്‍ പ്രധാനിയായ നടന്‍ മുകേഷിനെതിരേയും കഴിഞ്ഞ ദിവസം ലൈംഗികാരോപണം ഉണ്ടായിരുന്നു. മീ ടു കാമ്പയിന്റെ ഭാഗമായിരുന്നു ഈ വെളിപ്പെടുത്തലും. മുകേഷിനെ പോലെ താരസംഘടനയുടെ നേതൃത്വത്തില്‍ നിന്നുകൊണ്ട് കുറ്റാരോപിതനുവേണ്ടി സംസാരിക്കുന്നവര്‍ പലരും ഡബ്ല്യുസിസിയുടെ നീക്കത്തെ ആശങ്കയോടെയാണ് കാത്തിരിക്കുന്നത്.

https://www.azhimukham.com/cinema-women-atrocity-and-discrimination-in-malayalam-cinema-rima-kallingal/

https://www.azhimukham.com/cinema-sidhique-advice-to-wcc-members-chauvinistic-superiority/

https://www.azhimukham.com/trending-women-collective-statement-no-fear-we-should-continue-or-fight-against-male-chauvinism/

https://www.azhimukham.com/cinema-ant-women-movies-inspired-fans-abusing-parvathy-geethu-mohandas/

https://www.azhimukham.com/trending-we-also-resign-with-her-big-salute-for-this-support/


Next Story

Related Stories