TopTop
Begin typing your search above and press return to search.

മോദിയുടെ വിശുദ്ധ നഗരത്തില്‍ സമ്പദ് രംഗം സ്തംഭിച്ചിരിക്കുന്നു

മോദിയുടെ വിശുദ്ധ നഗരത്തില്‍ സമ്പദ് രംഗം സ്തംഭിച്ചിരിക്കുന്നു

അര്‍ച്ചന ചൌധരി, ജാനറ്റ് റൊഡ്രീഗസ്

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോകസഭാ മണ്ഡലം; ഹിന്ദുക്കളുടെ വിശുദ്ധനഗരം. നെയ്ത്തുകാരന്‍ സൈനുല്‍ അബ്ദിന്‍ തന്റെ വീടിന്റെ നിരപ്പല്ലാത്ത മണ്‍ത്തറയിലേക്ക് തുറിച്ചുനോക്കിയിരിക്കുകയാണ്. അയാള്‍ക്ക് പിറകില്‍ ഒരു ഡസന്‍ നെയ്ത്ത് തറികള്‍ നിശബ്ദമാണ്.

ഫലത്തില്‍ നിലവിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ റദ്ദാക്കിയ മോദിയുടെ നവംബര്‍ 8-ലെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ അനുബന്ധ ഇരകളില്‍ ഒരാളാണ് അബ്ദിന്‍. കള്ളപ്പണവും അഴിമതിയും തടയാനാണ് എന്നവകാശപ്പെട്ടാണ് നീക്കമെങ്കിലും അതിന്റെ ഭീകരമായ പ്രത്യാഘാതം മുഴുവന്‍ അനുഭവിക്കുന്നത് ഇന്ത്യയുടെ സങ്കീര്‍ണവും അതിവിശാലവുമായ അസംഘടിത സമ്പദ് വ്യവസ്ഥയിലെ തൊഴിലാളികളാണ്-90%-ത്തിലേറെ ഇന്ത്യന്‍ തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന ചെറുകിട കച്ചവടങ്ങള്‍,കടകള്‍, ഡ്രൈവര്‍മാര്‍, അനവധിയായ മറ്റ് അടിസ്ഥാന വ്യവസായങ്ങള്‍, സേവനങ്ങള്‍.

മിക്കവരും ദിവസം 250 രൂപയോളം സമ്പാദിക്കുന്ന അബ്ദിനെ പോലെ പാവപ്പെട്ടവരാണ്., പക്ഷേ കൂട്ടായെടുത്താല്‍ അവര്‍ സമ്പദ് വ്യവസ്ഥയുടെ ഏതാണ്ട് പകുതിയോളം വരും. അതായത് 1 ട്രില്ല്യന്‍ ഡോളറോളം-ഇന്തോനേഷ്യയുടെ ജി ഡി പിയേക്കാള്‍ കൂടുതല്‍.

“മോദിയുടെ നോട്ട് നിരോധനം ഞങ്ങളുടെ നടുവൊടിച്ചു,” വാരണാസിയുടെ പ്രസിദ്ധമായ, സ്വര്‍ണവും വെള്ളിയും തുന്നിച്ചേര്‍ത്ത പട്ട് തുണികള്‍ നെയ്യുന്ന അബ്ദിന്‍(39) പറഞ്ഞു. തന്റെ മക്കളെ പോറ്റാന്‍ ഇപ്പോളാകുന്നില്ലെന്ന് അയാള്‍ പറഞ്ഞു. “ഒരു മാസം കൂടി ഇങ്ങനെ നീണ്ടാല്‍ ഞങ്ങള്‍ നെയ്ത്തുകാര്‍ അതിജീവിക്കില്ല.”

നോട്ട് നിരോധനം മോദിയെ സംബന്ധിച്ച് ഒരു വമ്പന്‍ ചൂതാട്ടമാണ്. നികുതി വെട്ടിപ്പുകാരായ ധനികരുടെ കയ്യില്‍ നിന്നും പൂഴ്ത്തിവെച്ച പണം വെളിപ്പെടുത്തിപ്പിക്കുകയും സര്‍ക്കാര്‍ ചെലവുകളിലേക്ക് അവര്‍ നല്‍കേണ്ട പങ്ക് നല്‍കിക്കുകയും ചെയ്യുന്നതില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ഗുണമുണ്ടാകും എന്ന് സാധാരണ ഇന്ത്യക്കാരെ പ്രേരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. വാരണാസി ഉള്‍പ്പെടുന്ന ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് മോദിയെ സംബന്ധിച്ച് കടുത്ത പരീക്ഷണമായിരിക്കും. രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള ഈ സംസ്ഥാനം ഇന്ത്യയുടെ നിഴല്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക കേന്ദ്രമാണ്- ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്തെ 60 ദശലക്ഷം കാര്‍ഷികേതര, അനൌപചാരിക സംരംഭങ്ങളുടെ ഏരിയാ പങ്കും ഇവിടെയാണ്.

അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്, 2019-ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പായി മോദിയുടെ വിമുദ്രീകരണ നീക്കത്തിന്റെ ഹിതപരിശോധന കൂടിയാകും.

മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇന്ത്യയില്‍ തഴച്ചുവളര്‍ന്ന സമാന്തര വിപണിക്ക് നേരെ കണ്ണടച്ചു. കച്ചവടം പെരുകി സങ്കീര്‍ണമായ വിതരണ ശൃംഖലകള്‍ അത് ഉണ്ടാക്കിയപ്പോഴും കണക്കുപുസ്തകങ്ങള്‍ കാലിയായിരുന്നു. കാശിനെ ആശ്രയിക്കുന്നത് ഇന്ത്യയിലെ കുരുക്കുകളുടെ കൂട്ടായ നിയന്ത്രണങ്ങളെ മറികടക്കാന്‍ സഹായിക്കുന്നു. വെറും 5 ശതമാനത്തില്‍ കുറവ് ഇന്ത്യക്കാരാണ് വരുമാനം വെളിപ്പെടുത്തുന്നത്. ആദായ നികുതി അടയ്ക്കുന്നവരാകട്ടെ കേവലം ഒരു ശതമാനം മാത്രവും.

“ഇതൊക്കെയാണ് മോദി മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍,” വാരണാസിയിലെ ബി ജെ പി നേതാവ് ഹന്‍സ്രാജ് വിശ്വകര്‍മ പറഞ്ഞു. ‘കുറച്ചുകാലം ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കും, പക്ഷേ ഭാവിയില്‍ സമ്പദ് വ്യവസ്ഥയെ അത് സഹായിക്കും.”

കാശിന്റെ ക്ഷാമം സമ്പദ് രംഗത്തിന്റെ വികസനത്തിനെ നശിപ്പിക്കുന്നു എന്നും ധനികര്‍ അവരുടെ പണം ഒരു കുഴപ്പവുമില്ലാതെ സംരക്ഷിക്കുമ്പോള്‍ പാവപ്പെട്ടവരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്നു എന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

“ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥക്കെതിരെ പ്രധാനമന്ത്രി ഒറ്റയ്ക്കാണ് യുദ്ധം പ്രഖ്യാപിച്ചത്,” കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡിസംബര്‍ 2-നു പറഞ്ഞു. “ഇന്ത്യയിലെ ദരിദ്രരില്‍ വലിയൊരു പങ്കും കാശാണ് ഉപയോഗിക്കുന്നത്. എല്ലാ കാശും കള്ളപ്പണമല്ല, എന്നാല്‍ എല്ലാ കള്ളപ്പണവും കാശായിട്ടുമല്ല.”

സാമ്പത്തിക വിദഗ്ധര്‍ പലരും അടുത്ത മാര്‍ച്ച് വരെയുള്ള കാലത്തേക്കുള്ള വളര്‍ച്ചാ നിരക്ക് പ്രവചനം താഴോട്ടാക്കി. എന്നാല്‍ ഏഷ്യന്‍ വികസന ബാങ്ക് പോലെ ചിലര്‍ അതിനടുത്ത 12 മാസം വളര്‍ച്ച വിപുലമാകും എന്നു കരുതുന്നു. എന്നാല്‍ കാശ് നിരോധനത്തിന്റെ പ്രത്യാഘാതം കുറച്ചുകാലത്തേക്ക് മാത്രമാണെന്നും കൂടുതല്‍ കണക്കുകള്‍ വിലയിരുത്തേണ്ടതുണ്ടെന്നുമുള്ള നിലപാടിലാണ് റിസര്‍വ് ബാങ്ക്. പിന്‍വലിച്ച കാശ് തിരികെ വിതരണത്തിലെത്തിക്കല്‍- പുതിയ കാശായി, ഡിജിറ്റല്‍ ഇടപാടുകളിലൂടെ, സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തി- മാസങ്ങളെടുക്കുന്ന പ്രക്രിയയാണ്.

കേന്ദ്രപ്രശ്നമെന്ന് പറയാവുന്ന കാര്യം വാരാണസിയിലെ നെയ്ത്തുകാരെപ്പോലെ അസംഘടിത മേഖലയിലെ വ്യാപാരത്തിലെ പണം നല്‍കലാണ്. നെയ്ത്തുകാര്‍ സാരി വില്‍പ്പനക്കാര്‍ക്ക് നല്‍കുമ്പോള്‍ അവര്‍ക്ക് കൈവശം വെക്കുന്നയാള്‍ക്ക് മാറാവുന്ന ചെക്ക് (bearer check) നല്കുന്നു. ഒരു സമാന്തര നാണയം പോലെ ഇത് കൈമാറിക്കൈമാറി ബാങ്കിലെത്തുന്നു. മിക്കപ്പോഴും മൊത്തമായി അസംസ്കൃത വസ്തുക്കള്‍ വാങ്ങാനോ പുതിയ യന്ത്രത്തിനോ പണം കടം കൊടുക്കുന്ന ഒരു വായ്പക്കാരന്‍ വഴി.

“ചെറുകിട ഉത്പാദകന്‍ അസംഘടിത മേഖലയില്‍ നിന്നാണ് കടം വാങ്ങുന്നത്. അതായത് മിക്കവാറും പ്രാദേശിക പലിശക്കാരന്റെ കയ്യില്‍ നിന്നും,” ലണ്ടന്‍ ആസ്ഥാനമായ International growth Centre ഡയറക്ടര്‍ പ്രോണോബ് സെന്‍ പറഞ്ഞു.

ഇപ്പോള്‍ വായ്പക്കാര്‍ പറയുന്നതു ഞങ്ങള്‍ക്ക് പുതിയ കാശായി കടം മടക്കിത്തരാനാണ്. ദിവസക്കൂലിയും കാശായാണ് നല്‍കിയിരുന്നത്. അതാണ് കടക്കാര്‍ക്കും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ചെലവഴിച്ചിരുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ഘടകമാണ് ഈ ഹുണ്ടികക്കാര്‍. മിക്കപ്പോഴും കൊള്ളപ്പലിശയാണ് ഈടാക്കുന്നത്. പക്ഷേ ഔപചാരികമായ ഉറപ്പുകളൊന്നുമില്ലാതെയാണ് പണമിടപാട്. ഇന്ത്യയില്‍ ഒരു ലക്ഷം പേര്‍ക്ക് കേവലം 13 ബാങ്ക് ശാഖകള്‍ മാത്രമാണുള്ളത്. നാളില്‍ ഒരാള്‍ക്ക് മാത്രമാണു ഇന്‍റര്‍നെറ്റ് പ്രാപ്യതയുള്ളത്. കോര്‍പ്പറേറ്റ് ബാഹ്യ സംരംഭങ്ങളില്‍ 96 ശതമാനവും ഒറ്റക്കുടുംബങ്ങളാണ് നടത്തുന്നത്. അതില്‍ ഒരു ശതമാനത്തിന് മാത്രമാണു സര്‍ക്കാരില്‍ നിന്നും വായ്പ ലഭിച്ചതെന്നും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

മോദിയുടെ തീരുമാനം മൂലം പല കുടുംബങ്ങള്‍ക്കും പഴയ നോട്ടുകള്‍ മാറാനും കാശ് പിന്‍വലിക്കാനും ബാങ്കുകള്‍ക്ക് മുന്നില്‍ നാല് ദിവസത്തോളം വരി നില്‍ക്കേണ്ടിവന്നു. ഡിസംബ 30 വരെ ഏതാണ്ട് 635 ബില്ല്യണ്‍ ഡോളറാണ് അവരുടെ മൊത്തം നഷ്ടമെന്ന് കണക്കാക്കുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരുകളുടെ സോവിയറ്റ് ശൈലിയിലുള്ള ഭരണമാണ് സമാന്തര സമ്പദ് വ്യവസ്ഥക്ക് കാരണമെന്ന് മോദി കുറ്റപ്പെടുത്തുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1970-കളില്‍ നികുതി നിരക്ക് ഏതാണ്ട് 99% വരെ ആക്കുകയും വ്യവസായ വികസനത്തെ വലിയ തോതില്‍ നിയന്ത്രിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ കാശ് സമ്പദ് രംഗത്തുനിന്നും നിയമവിധേയവും അല്ലാത്തതുമായ പണമടവുകളെ വേര്‍തിരിക്കുക എളുപ്പമല്ല. വാരണാസിയിലെ തുണിച്ചന്തയില്‍ അച്ചടിച്ച രസീതികള്‍ അപൂര്‍വ്വമാണ്. കൈകൊണ്ടെഴുതിയ തുണ്ടുകടലാസുകളിലാണ് വില്‍പ്പന രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ 4.3 ദശലക്ഷം വരുന്ന കൈത്തറി തൊഴിലാളികളില്‍ ഈ നെയ്ത്തുകാര്‍ പ്രസിദ്ധരാണ്. കാര്‍ഷിക മേഖലയ്ക്ക് ശേഷം രാജ്യത്തു ഏറ്റവുമധികം പേര്‍ക്കു തൊഴില്‍ നല്‍കുന്ന ഈ മേഖല രാജ്യത്തിന്റെ കയറ്റുമതിയില്‍ 13% സംഭാവന ചെയ്യുന്നു.

നവംബറില്‍ കൈകൊണ്ടുണ്ടാക്കിയ നൂലിന്റെയും തുണികളുടെയും കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലത്തേ അപേക്ഷിച്ച് കുറവുണ്ടായി എന്നു കണക്കുകള്‍ കാണിക്കുന്നു. ആഗ്രയിലെയും കാണ്‍പൂരിലെയും മിക്ക തുകല്‍ വ്യവസായശാലകളും കയറ്റുമതി നിര്‍ത്തിവെച്ചു. ഉത്പാദനത്തില്‍ 60% വരെയാണ് കുറവ്. തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം നല്കാന്‍ കഴിയാതെ വരികയോ ചെയ്തിരിക്കുന്നു എന്നും Associated Chambers of Commerce & Industry of India ഡിസംബര്‍ 19-ലെ കണക്കുകളില്‍ പറയുന്നു.

പ്രസിദ്ധമായ ഏതാണ്ട് 17 അടി നീളം വരുന്ന ബനാറസ് സാരി നെയ്ത്തുണ്ടാക്കുന്ന വാരണാസിയിലെ നെയ്ത്തുകാര്‍ ഏറെയും മുസ്ലീങ്ങളാണ്. നവംബര്‍ 9-നുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ 60 ശതമാനത്തിലേറെ ആളുകള്‍ക്ക് ബാങ്ക് എക്കൌണ്ടുകളില്ല എന്നാണ് കൈവേല, കരകൌശല തൊഴിലാളികളുടെ ക്ഷേമസംഘടനയുടെ 36-കാരനായ ഏകോപനച്ചുമതലക്കാരന്‍ ശശികാന്ത് പറയുന്നത്. മോദിയുടെ സാമ്പത്തിക ഉദ്ഗ്രഥന പരിപാടിയില്‍പ്പെടുത്തി 2,000 എക്കൌണ്ടുകള്‍ തുറക്കാന്‍ അവര്‍ സഹായിച്ചു. എങ്കിലും പല ഇടപാടുകള്‍ക്കും അവര്‍ക്ക് കാശ് കൂടിയേ തീരൂ.

ദരിദ്രരായ തൊഴിലാളികളും സൂത്രക്കാരായ വ്യാപാരികളും മാത്രമല്ല അജ്ഞാതമായ കാശിന്റെ ഗുണം അനുഭവിക്കുന്നത്. വിതരണത്തിലുള്ള കാശ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രാദേശിക നേതാക്കള്‍ക്ക് സമ്മതിദായകരെ സ്വാധീനിക്കാനായി പൊന്തിവരും. ഇലക്ട്രോണിക് പണമടവായാലും ചിലതൊക്കെ മാത്രമേ രാഷ്ട്രീയ കക്ഷികള്‍ക്ക് വെളിപ്പെടുത്തേണ്ടി വരുന്നുള്ളൂ. മോദി അധികാരത്തില്‍ വന്നതില്‍പ്പിന്നെ ബി ജെ പി-ക്കുള്ള സംഭാവനകള്‍ ഇരട്ടിയായി. അതില്‍ 70 ശതമാനവും വെളിപ്പെടുത്താത്ത കേന്ദ്രങ്ങളില്‍ നിന്നുമാണ്.

സാധാരണക്കാരായ ഇന്ത്യക്കാര്‍ നിത്യജീവിതത്തിന് ആശ്രയിക്കുന്ന കാശ് നിരോധിക്കും മുമ്പ് മോദി ചെയ്യേണ്ടിയിരുന്നത് ഈ രാഷ്ട്രീയ അഴിമതി തടയുകയായിരുന്നു എന്നു പറയുന്നു ഗംഗാ തീരത്ത് മുറുക്കാന്‍ കട നടത്തുന്ന 54-കാരനായ രവീന്ദ്ര ചൌരസ്യ.

“ഒന്നു രണ്ടു മുതലകളെ പിടിക്കാന്‍ മോദി ഈ കുളം മുഴുവന്‍ വറ്റിച്ചതെന്തിനാണ്?” ചൌരസ്യ ചോദിക്കുന്നു. കാശിന്റെ ക്ഷാമം മൂലം അയാള്‍ക്ക് മകളുടെ കല്യാണം നീട്ടിവെക്കേണ്ടി വന്നു. “ പ്രധാനമന്ത്രി എന്തൊക്കെ പറഞ്ഞാലും ശരി ഈ അടുത്തകാലത്തൊന്നും കാര്യങ്ങള്‍ ശരിയാകുന്ന മട്ടില്ല.”


Next Story

Related Stories