Top

ഫേസ്ബുക്ക് വിവരം ചോര്‍ത്തലിലൂടെ കുപ്രസിദ്ധി നേടിയ കേംബ്രിഡ്ജ് അനലിറ്റിക്ക പൂട്ടുന്നു

ഫേസ്ബുക്ക് വിവരം ചോര്‍ത്തലിലൂടെ കുപ്രസിദ്ധി നേടിയ കേംബ്രിഡ്ജ് അനലിറ്റിക്ക പൂട്ടുന്നു
ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ കേംബ്രിഡ്ജ് അനലിറ്റിക കമ്പനി പൂട്ടുന്നു. യുഎസിലും യുകെയിലും കമ്പനി അടച്ചുപൂട്ടുന്നതിന്റെ ഭാഗമായുള്ള ഇന്‍സോള്‍വന്‍സി പ്രൊസീഡിംഗ്‌സ് തുടങ്ങി. അഞ്ച് കോടിയോളം യുഎസ് പൗരന്മാരുടെയും പത്ത് ലക്ഷത്തോളം യുകെ പൗരന്മാരുടേയു വ്യക്തിഗത വിവരങ്ങള്‍ ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കുവച്ചതായി ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വിവാദങ്ങളുടെ തുടക്കം. തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പറയുന്നത്. അതേസമയം മാധ്യമങ്ങള്‍ നടത്തിയ തെറ്റായ പ്രചാരണങ്ങള്‍ മൂലം ക്ലൈന്റ്‌സിനെ കിട്ടാനില്ലെന്നും കോടതി ചിലവ് വര്‍ദ്ധിച്ചിരിക്കുകയാണെന്നുമാണ് കമ്പനി അടച്ചുപൂട്ടുന്നതിന് കാരണമായി അവര്‍ പറയുന്നത്. കേംബ്രിഡ്ജി അനലിറ്റിക്കയുടെ അനുബന്ധ കമ്പനി എസ് സി എല്‍ എലക്ഷന്‍സ് ലിമിറ്റഡും അടച്ചുപൂട്ടുകയാണ്.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി റിസര്‍ച്ചര്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച ആപ്പ് വഴിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത് എന്നാണ് ആരോപണം. തേഡ് പാര്‍ട്ടികള്‍ക്ക് ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഗ്രാഫ് എപിഐ വഴിയാണ് ഡാറ്റ ശേഖരിച്ചത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും യുകെയിലെ ബ്രെക്‌സിറ്റ് ജനഹിത പരിശോധനയിലും സ്വാധീനമുണ്ടാക്കാന്‍ ഡാറ്റ ഉപയോഗിക്കപ്പെട്ടതായി വിസില്‍ ബ്ലോവര്‍ ക്രിസ്റ്റഫര്‍ വിലി ഒബ്‌സര്‍വറിനോട് പറഞ്ഞിരുന്നു. ഫേസ്ബുക്കിന്‍റെ ഡാറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇരു പാര്‍ട്ടികളും കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ക്ലൈന്റ്കള്‍ ആണെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നു. യുകെ പാര്‍ലമെന്റിലെ തെളിവെടുപ്പിനിടയിലും ഈ ആരോപണങ്ങള്‍ വന്നു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക് വഴി കമ്പനി ഇടപെട്ടതായും ആരോപണമുയര്‍ന്നു. യുഎസ് കോണ്‍ഗ്രസില്‍ തെളിവെടുപ്പിന് എത്തിയ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിവരം ചോര്‍ന്നതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞു.

അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുകയാണെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ടീം സജീവമായി തന്നെയുണ്ട്. എമര്‍ഡാറ്റ എന്ന ദുരൂഹതകളുള്ള മറ്റൊരു കമ്പനിയുമായി ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്ക സിഇഒ ആയിരുന്ന അലക്‌സാണ്ടര്‍ നിക്‌സും എസ് സി എല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവുമാരും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ ക്രെഡിറ്റ് അവകാശപ്പെടുന്നതിന്റെ ഓഡിയോ, ചാനല്‍ ഫോര്‍ പുറത്തുവിട്ടതിന് പിന്നാലെ അലക്‌സാണ്ടര്‍ നിക്‌സിനെ മാര്‍ച്ചില്‍ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.

കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഡാറ്റ ചോര്‍ത്തല്‍ സംബന്ധിച്ച് പരിശോധന നടത്തുന്ന ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ഡാമിയന്‍ കോളിന്‍സ് പറയുന്നത്. കമ്പനി അടച്ചുപൂട്ടി ഡാറ്റ ഹിസ്റ്ററി നീക്കം ചെയ്യാന്‍ കേംബ്രിഡ്ജ് അനലിറ്റിക്കയേയും എസ് സി എല്‍ എലക്ഷന്‍സിനേയും അനുവദിക്കാനാവില്ല - ഡാമിയന്‍ കോളിന്‍സ് ട്വീറ്റ് ചെയ്തു.
http://www.azhimukham.com/world-facebook-revenue-increased/
http://www.azhimukham.com/india-billionaire-who-want-congress-lose/
http://www.azhimukham.com/india-facebook-data-scandal-india-need-a-privacy-protection-law-team-azhimukham/

Next Story

Related Stories