Top

സായുധ വിപ്ലവം ഉപേക്ഷിച്ചു, ഗദ്ദറിന് ഇനി വേണ്ടത് ആത്മീയ വിപ്ലവം...

സായുധ വിപ്ലവം ഉപേക്ഷിച്ചു, ഗദ്ദറിന് ഇനി വേണ്ടത് ആത്മീയ വിപ്ലവം...
തെലുങ്ക് വിപ്ലവ ഗായകനും തീവ്ര ഇടതുപക്ഷ ഗ്രൂപ്പായ സിപിഐഎംഎല്‍ പീപ്പിള്‍സ് വാര്‍ പ്രവര്‍ത്തകനുമായ ബല്ലേദാര്‍ ഗദ്ദര്‍ (67) ആത്മീയപാത സ്വീകരിച്ചതായി പ്രഖ്യാപിച്ചു. വിപ്ലവഗാനങ്ങള്‍ കൊണ്ട് ഒട്ടേറെ യുവാക്കളെ മാവോയിസ്റ്റ് സായുധ വിപ്ലവ പാതയിലേയ്ക്ക് നയിച്ച ഗദ്ദറിന്റെ പരിവര്‍ത്തനം തെലങ്കാനയിലെ ഇടതുപക്ഷ അനുഭാലികള്‍ ഞെട്ടലോടെയാണ് കാണുന്നത്. ജന നാട്യ മണ്ഡലി എന്ന സിപിഐഎംഎല്ലിന്റെ സാംസ്‌കാരിക സംഘടനയുടെ ഭാഗമായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ വിപ്ലവ ഗാനങ്ങള്‍ ആലപിച്ചിരുന്ന ഗദ്ദര്‍ ഇപ്പോള്‍ ക്ഷേത്ര സന്ദര്‍ശനത്തിന്റെ തിരക്കിലാണ്.

കര്‍ഷകരേയും തൊഴിലാളികളേയും അധസ്ഥിത ജനവിഭാഗങ്ങളേയും അടിച്ചമര്‍ത്തുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെ പൊരുതുന്ന ജനങ്ങളെ പാട്ടുകളിലൂടെ ആവേശം കൊള്ളിക്കുകയും നിരവധി യുവാക്കളെ ഇടതുപക്ഷ തീവ്രവാദത്തിലേയ്ക്കും തീവ്ര വിപ്ലവപാതയിലേയ്ക്കും ആകര്‍ഷിക്കുകയും ചെയ്ത വ്യക്തിയാണ് ഗദ്ദര്‍. കഴിഞ്ഞയാഴ്ച ഭോംഗിര്‍ ജില്ലയിലെ യദാദ്രി ലക്ഷ്മിനാരായണ സ്വാമി ക്ഷേത്രത്തില്‍ ഗദ്ദറെത്തിയിരുന്നു. തെലങ്കാനയില്‍ നല്ല മഴകിട്ടാനും ജനങ്ങള്‍ക്ക് അനീതിക്കെതിരെ പോരാടാനുള്ള കരുത്ത് ലഭിക്കാനും ഭഗവാനോട് പ്രാര്‍ത്ഥിച്ചതായി ഗദ്ദര്‍ പറഞ്ഞു.

ജനുവരിയില്‍ ഗദ്ദര്‍ ജനഗം ജില്ലയിലെ പാലകുര്‍ത്തിയിലുള്ള സോമനാഥ ക്ഷേത്രത്തില്‍ അഭിഷേകം നടത്തിയിരുന്നു. അതിന് മുമ്പ് സിദ്ദിപേട്ടിലെ കൊമുറവെള്ളി മല്ലാന ക്ഷേത്രത്തിലെത്തി വഴിപാട് കഴിക്കുകയും ശിവ ഭക്തിഗാനങ്ങള്‍ പാടുകയും ചെയ്തിരുന്നു. ക്ഷേത്രത്തിലെ വേദപാഠശാലയിലെത്തിയ ഗദ്ദര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വേദങ്ങളും ഇംഗ്ലീഷും പഠിച്ച് വിവേകാനന്ദനെ പോലെയാകണം എന്ന് ഗദ്ദര്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. പ്രകൃതിസ്‌നേഹികളെല്ലാം ദൈവവിശ്വാസികളാണെന്ന് ഗദ്ദര്‍ അഭിപ്രായപ്പെട്ടു. ഗദ്ദറിനെ വര്‍ഷങ്ങളായി പരിചയമുള്ളവരടക്കം ഞെട്ടലോടെയാണ് ഈ മാറ്റത്തെ കാണുന്നത്. മാവോയിസ്റ്റ്് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കുറച്ച് കാലമായി ഗദ്ദര്‍ അത്ര സജീവമല്ലെങ്കിലും മാര്‍ക്‌സിസ്റ്റ്, മാവോയിസ്റ്റ് ആശയങ്ങള്‍ അദ്ദേഹം ശക്തമായി പിന്തുടര്‍ന്നിരുന്നു. ഇത് ശരിക്കും ഞെട്ടിച്ചു - ഒരു മാവോയിസ്റ്റ് അനുഭാവി പറഞ്ഞു.മേധക് ജില്ലയിലെ തൂപ്രാനില്‍ നിന്നുള്ള ഗദ്ദര്‍ ഒരു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയും പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പഞ്ചാബി വിപ്ലവകാരികള്‍ രൂപീകരിച്ച ഗദ്ദര്‍ പാര്‍ട്ടിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗദ്ദര്‍ എന്ന പേര് സ്വീകരിച്ചത്. നാല് പതിറ്റാണ്ടോളം ഐക്യ ആന്ധ്രാപ്രദേശിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവ പങ്കാളിയായിരുന്നു. പൊലീസുകാര്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ രാജ്യത്ത് ഏറ്റവും കുപ്രസിദ്ധിയുള്ള തെലങ്കാന, ആന്ധ്ര മേഖലകളില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ക്കും പൊലീസ് മര്‍ദ്ദനങ്ങള്‍ക്കും എതിരെ ശക്തമായ പ്രചാരണം നടത്തി. 2004 ഒക്ടോബറില്‍ വൈ എസ് രാജശേഖര റെ്ഡ്ഡിയുടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ആദ്യമായി ചര്‍ച്ച നടത്തിയപ്പോള്‍ ഗദ്ദറും അതില്‍ പങ്കാളിയായിരുന്നു.

അതേസമയം തന്നെ സംബന്ധിച്ച് ഇതില്‍ പരിവര്‍ത്തനമൊന്നും ഇല്ലെന്നാണ് ഗദ്ദര്‍ പറയുന്നത്. ജനങ്ങളുടെ ആത്മീയ ജനാധിപത്യത്തെ ബഹുമാനിക്കുന്നവനാണ് യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ്് - ഗദ്ദര്‍ പറഞ്ഞു. മതവിശ്വാസം ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ താല്‍ക്കാലിക ആശ്വാസം നല്‍കും. ഇതാണ് യഥാര്‍ത്ഥ മാര്‍ക്‌സിസം. നാടന്‍ കലകള്‍, ജനകീയ സംസ്‌കാരം, മതം തുടങ്ങിയവ ബൂര്‍ഷ്വാ സാംസ്‌കാരിക മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് നേതാവ് അന്റോണിയോ ഗ്രാംഷിയെ ഉദ്ധരിച്ച് ഗദ്ദര്‍ പറഞ്ഞു. മാര്‍ക്‌സിസത്തിന് മതത്തെ മറികടക്കണമെങ്കില്‍ അത് ജനങ്ങളുടെ ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തണം. മദ്ധ്യകാല ഇന്ത്യയിലെ നവോത്ഥാന മുന്നേറ്റങ്ങളിലും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലും ഭക്തിപ്രസ്ഥാനത്തിന് പങ്കുള്ളതായി ഗദ്ദര്‍ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റ് പ്രസ്ഥാനം ഇപ്പോള്‍ കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുകയാണ്. അതുകൊണ്ട് ഞാന്‍ പാര്‍ലമെന്ററി ജനാധിപത്യ പാത തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഞാന്‍ ജനങ്ങളോട് സംസാരിച്ച് വരുകയാണ് - ഗദ്ദര്‍ പറഞ്ഞു.

വായനയ്ക്ക്: https://goo.gl/I27etG


Next Story

Related Stories