TopTop
Begin typing your search above and press return to search.

ആശ്ചര്യപ്പെടരുത്, ഇനി നിങ്ങളുടെ അയല്‍വക്കത്തും വരും ഗാന്ധി ഘാതകന്‍ ഗോഡ്സേയുടെ ക്ഷേത്രങ്ങള്‍

ആശ്ചര്യപ്പെടരുത്, ഇനി നിങ്ങളുടെ അയല്‍വക്കത്തും വരും ഗാന്ധി ഘാതകന്‍ ഗോഡ്സേയുടെ ക്ഷേത്രങ്ങള്‍

രമ ലക്ഷ്മി

(വാഷിംഗ്ടണ്‍ പോസ്റ്റ്)

1948ല്‍ മോഹന്‍ദാസ് 'മഹാത്മ' ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ ബഹുമാനാര്‍ത്ഥം, അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു സംഘം കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഗാന്ധിജിയുടെ 67-ാം ചരമദിനമായ വെള്ളിയാഴ്ച ഒരു പ്രധാനദിനമായി സംഘാടകര്‍ തിരഞ്ഞെടുക്കുകയായിരുന്നു. കൊലയാളി ഗോഡ്‌സെയുടെ ഒരു അര്‍ദ്ധകായ പ്രതിമ തയ്യാറാക്കിയ അവര്‍, ന്യൂഡല്‍ഹിയില്‍ നിന്നും 43 മൈല്‍ വടക്ക് കിഴക്കായി സ്ഥതിചെയ്യുന്ന മീററ്റ് നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ പ്രത്യേക ശുദ്ധീകരണ പൂജകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഗോഡ്‌സെയുടെ ധീരപ്രവര്‍ത്തിയുടെ ഓര്‍മ്മയ്ക്കായി, ഗാന്ധിയുടെ സമാധി ദിവസം 'ധീരതയുടെ ദിവസമായി' പ്രഖാപിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ പദ്ധതി നടപ്പിലാക്കാനായി ഓഫീസില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങിയ തങ്ങളെ തടഞ്ഞതായി അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ നീക്കം സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് ഭയക്കുന്ന പോലീസ്, പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന പ്രദേശം കയറുകെട്ടി അടയ്ക്കുകയും എല്ലാ തരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് ഭിത്തിയില്‍ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു.

'മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. ഞങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നത് രാജ്യത്തെ സാമൂഹിക സമാധാനത്തെ തകര്‍ക്കുമെന്നാണ് അവര്‍ പറുന്നത്,' എന്ന് സംഘടനയുടെ ജില്ല പ്രസിഡന്റും 36കാരനുമായ അഭിഷേക് അഗര്‍വാള്‍ മുറുമുറുക്കുന്നു. 'നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെ ഹിന്ദുക്കള്‍ പ്രബലരായി എന്ന പറച്ചില്‍ വെറും സങ്കല്‍പം മാത്രമാണ്. ഞങ്ങളുടേത് പോലുള്ള ഒരു ഹിന്ദു സംഘടനയോട് അവര്‍ പെരുമാറുന്നത് എങ്ങനെയാണെന്ന് നോക്കൂ?'

ഹിന്ദു സംഘടനകളുടെ ഈ നീക്കം ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള നിരവധി ആളുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ കൊന്ന ജയിംസ് ഏള്‍ റേയുടെയോ അല്ലെങ്കില്‍ എബ്രഹാം ലിങ്കണെ വധിച്ച ജോണ്‍ വില്‍ക്‌സ് ബൂത്തിന്റെയോ പ്രതിമ സ്ഥാപിക്കുമെന്ന് ഒരു അമേരിക്കന്‍ സംഘടന ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണിത്.

എന്നാല്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള ആഗ്രഹം ഈ സംഘടന പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. ഹൈന്ദവ ദേശീയതയില്‍ ഊന്നുന്ന മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടി ഒരു ദശകത്തിന് മുമ്പ് അധികാരത്തില്‍ വന്നപ്പോഴും അവര്‍ ഈ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.

1947 ല്‍ ഹിന്ദു ഭൂരിപക്ഷ ഇന്ത്യയും മുസ്ലീം ഭൂരിപക്ഷ പാകിസ്ഥാനുമായി രാജ്യത്തെ വിഭജിച്ചതിന്റെ മുഖ്യ ഉത്തരവാദിയായ ആളെ കൊന്നതിന്റെ പേരില്‍ ഗോഡ്‌സെ രാജ്യ സ്‌നേഹിയാണെന്നാണ് അഗര്‍വാളിന്റെ സംഘത്തിലുള്ളവര്‍ വിശ്വസിക്കുന്നത്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രവര്‍ത്തകനായിരുന്നു ഗോഡ്‌സെയെങ്കിലും 1940 കളുടെ ആദ്യം അയാള്‍ ആ സംഘടനയില്‍ നിന്നും പുറത്ത് പോയി. മോദിയും തന്റെ രാഷ്ട്രീയത്തിന്റെ ആദ്യനാളുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു.

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് മോദിയുടെ പാര്‍ട്ടിയിലെ എംപിയായ സാക്ഷി മഹാരാജ് കഴിഞ്ഞ ഡിസംബറില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് അദ്ദേഹം പിറ്റെ ദിവസം തന്നെ ആ പ്രസ്താവന പിന്‍വലിച്ചു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള നിരവധി വിവാദവിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അടുത്ത ദിവസങ്ങളില്‍ ഹിന്ദു സംഘടനകള്‍ ശ്രമിക്കുകയും ചെയ്യുന്നു. മുസ്ലീങ്ങളുടെ ജനസംഖ്യാ വളര്‍ച്ചയുമായി ഒത്തുപോകുന്നതിനായി ഓരോ ഹിന്ദു സ്ത്രീയും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമെന്നും മഹാരാജ് അഭിപ്രായപ്പെട്ടിരുന്നു.

'നിരവധി വര്‍ഷങ്ങളായി ഗാന്ധിയെ മഹാത്മാവായി ഇന്ത്യന്‍ ജനത ബഹുമാനിക്കുന്നു. എന്നാല്‍ ഇതൊരു വലിയ കള്ളമാണെന്ന് യുവജനങ്ങളോട് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' അഗര്‍വാള്‍ പറയുന്നു. 'ഗോഡ്‌സെ യഥാര്‍ത്ഥ രാജ്യ സ്‌നേഹിയാണ്. ഗാന്ധിയെ ഞങ്ങള്‍ രാഷ്ട്രപിതാവായി കണക്കാക്കുന്നില്ല. മുസ്ലീങ്ങളോട് അദ്ദേഹത്തിന് മൃദുസമീപനമായിരുന്നു ഉണ്ടായിരുന്നത്. എന്റെ മാതൃരാജ്യത്ത് നിന്നും പാകിസ്ഥാന്‍ സൃഷ്ടിക്കപ്പെടാന്‍ കാരണം അദ്ദേഹമാണ്.'


Next Story

Related Stories