TopTop
Begin typing your search above and press return to search.

ശരീരം തളര്‍ന്ന മൂന്ന് പേരെ നടത്തി; വൈദ്യശാസ്ത്രത്തിന് പ്രതീക്ഷയായി നട്ടെല്ലിലെ ശസ്ത്രക്രിയ

ശരീരം തളര്‍ന്ന മൂന്ന് പേരെ നടത്തി; വൈദ്യശാസ്ത്രത്തിന് പ്രതീക്ഷയായി നട്ടെല്ലിലെ ശസ്ത്രക്രിയ

വര്‍ഷം 2010, ഡേവിഡ് എം സി സാഹസികത ഇഷ്ടപ്പെടുന്ന അത്ലറ്റും സൂറിച്ചില്‍ കോളേജ് വിദ്യാര്‍ഥിയുമായിരിക്കുന്ന കാലം. പരിശീലനത്തിനിടെ ട്രാംപോളിനിലേക്കുള്ള ചാടിയ ഡേവിഡ് തെന്നിമാറി വീണത് അടുത്തുകിടന്ന ഫോംപാഡിലേക്ക്.. ക്ഷതം നട്ടെല്ലിനടക്കം ശരീരത്തിന്റെ മിക്കഭാഗങ്ങളിലും.. ഒടിവ് സംഭവിച്ചത് കഴുത്തിന് താഴേക്ക്..

ഇപ്പോള്‍ ഡേവിഡിന് പ്രായം 33 വയസ്സാണ്. കാലിന്റെ ചലനശേഷിയും അന്നേ നഷ്ടപ്പെട്ടിരുന്നു. നട്ടെല്ലിന് ചെയ്ത നിരവധി ശസ്ത്രക്രിയകള്‍ക്കൊടുവില്‍ ഇന്ന് പരസഹായമില്ലാതെ ഡേവിഡിന് നടക്കാം. പേസ്മേക്കര്‍ ഘടിപ്പിക്കുംപോലെയാണ് നട്ടെല്ലിന്റെ ഭാഗങ്ങള്‍ ഡേവിഡിന്റെ ശരീരത്തില്‍ മാറ്റിവെച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം അര മൈല്‍ ദൂരമൊക്കെ പതുക്കെ നടന്നെത്താന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. EPFL വികസിപ്പിച്ചെടുത്ത ഇലക്ട്രിക്കല്‍ ഇമ്പ്‌ലാന്റേഷനിലൂടെ മൂന്ന് പേരുടെ ശസ്ത്രക്രിയ ആണ് ഇത്തരത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഊര്‍ജസ്വലനായിരുന്ന ചെറുപ്പക്കാരന്‍ ആയിരുന്നു ഡേവിഡ്. അപകടം അയാളുടെ ജീവിതത്തിനൊപ്പം സ്വഭാവത്തെയും മാറ്റിമറിച്ചു. എല്ലാ പ്രതീക്ഷകളും നഷ്ടപെട്ട ജീവിതത്തില്‍ EPFL ലെ ഡോ. ഗ്രിഗോറി കോര്‍ട്ടി(Gregoire Courtine)ന്റെ ഉപദേശപ്രകാരമാണ് ഈ പരീക്ഷണത്തിന് ഡേവിഡ് തയ്യാറായത്.

ജീവിതം മാറ്റിമറിക്കുന്ന അപകടങ്ങളുടെ ഇരകള്‍ക്ക് പുതിയ പ്രതീക്ഷയാണ് ഈ വിജയകരമായ ശസ്ത്രക്രിയ നല്‍കിയത്. ശരീരം തളര്‍ന്ന അവസ്ഥയില്‍ കിടപ്പിലായവരുടെ സുഷുമ്‌ന നാഡി ഉദ്വീപിപ്പിച്ചുള്ള ചികിത്സയുടെ സാധ്യത ശാസ്ത്രലോകം തേടിക്കൊണ്ടിരിക്കുകയാണ്.

നേച്ചര്‍ മാസികയിലാണ് ഈ ശസ്ത്രക്രിയയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വൈദ്യുത ഉദ്വീപനം തളര്‍ന്ന ശരീര ഭാഗങ്ങള്‍ക്ക് നല്‍കി പേശികള്‍ക്ക് ചലിക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ലക്ഷ്യം. നിലവില്‍ പരീക്ഷണഘട്ടത്തിലാണ് ചികിത്സകള്‍ നടക്കുന്നത്.

ഗുണനിലവാരത്തെ കുറിച്ചറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. മാസങ്ങള്‍ നീണ്ട കഠിനപരിശ്രമങ്ങളും പരിശീലനങ്ങളുമായാണ് ഇപ്പോള്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ മൂന്ന് പേരുടെയും ചലനശേഷി വീണ്ടെടുത്തത്. വാക്കര്‍ ഉപയോഗിച്ച് നടക്കാവുന്ന അവസ്ഥയിലാണ് ഡേവിഡ് അടക്കം രണ്ടുപേര്‍.

'ശരീരം ആദ്യമായി ചലിക്കുമ്പോലെയാണ് തോന്നിയത്. ഒരുപാട് പരിശീലിച്ചു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കെത്തിയാല്‍ കുറച്ചുകൂടി എളുപ്പത്തില്‍ നടക്കാനാകുമെന്ന് കരുതുന്നു. ഇപ്പോള്‍ കൈകള്‍ സ്വന്തന്ത്രമായി ചലിപ്പിക്കാം. ആ അനുഭവം വിവരിക്കാനാകില്ല'- ഡേവിഡിന്റെ വാക്കുകള്‍.

ഈ പഠനത്തിന്റെ ഭാഗമല്ലാതിരുന്ന പ്രമുഖ ശാസ്ത്രജ്ഞനായ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ചെറ്റ് മോറിറ്റ്‌സ് (Chet Moritz), അത്ഭുതകരമെന്നാണ് ഈ റിപ്പോര്‍ട്ടിനെ വിലയിരുത്തിയത്.

'നട്ടെലിന് സംഭവിക്കുന്ന ഗുരുതര പരിക്കുകള്‍ക്കും പരിഹാരമുണ്ടെന്ന കണ്ടെത്തല്‍ എത്രെയോ പേര്‍ക്ക് ആശ്വാസം നല്‍കും! ഇവര്‍ക്ക് വീണ്ടും നടക്കാനാകുമെന്നാണ് നിഗമനം. വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും മികച്ച കണ്ടെത്തലാകുമിത്'- ചെറ്റ് മോറിറ്റ്സിന്റെ വാക്കുകള്‍.

അതേസമയം വിശദമായ പഠനം നടത്തണമെന്ന വാദമാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞര്‍ക്ക്. മാത്രമല്ല ശരീരം പൂര്‍ണമായി തളര്‍ന്നവരില്‍ ശസ്ത്രക്രിയ നടത്തിയിട്ടുമില്ല. എങ്കിലും പ്രതീക്ഷയോടെ കൂടുതല്‍ പഠനങ്ങളെ സ്വാഗതം ചെയ്യുകയാണ് വൈദ്യശാസ്ത്രലോകം.

https://www.azhimukham.com/health-paraplegic-man-who-dragged-himself-through-terminal-sues-luton-airport/

https://www.azhimukham.com/newsupdate-health-girl-dies-after-denied-drugs-treatment/


Next Story

Related Stories