TopTop

അറിയണം, 106 വയസുള്ള ഈ അലര്‍ജി ഡോക്ടറെ കുറിച്ച്

അറിയണം, 106 വയസുള്ള ഈ അലര്‍ജി ഡോക്ടറെ കുറിച്ച്
ഇഷ്ടമുള്ളൊരു ടൈ ഉണ്ട്. അതും ധരിച്ചു വീൽചെയറിൽ ഇരുന്ന് സിനിമാ കഥകളെ വെല്ലുന്ന ജീവിതകഥ ഓർമിക്കുകയാണ് ഡോ. എ. വില്യം ഫ്രാങ്ക്ലാൻഡ് (William Frankland).

ഇരട്ടസഹോദരനൊപ്പം 1912ൽ ജനനം. 1930ൽ വൈദ്യശാസ്ത്രം പഠിക്കാൻ തുടങ്ങി. രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളക്കാർക്കൊപ്പം സിംഗപ്പൂരിൽ സേവനം ചെയ്തു. പിന്നീട് മൂന്ന് വർഷം യുദ്ധത്തടവുകാരൻ! യുദ്ധത്തിന് ശേഷം തിരികെ ഇംഗ്ലണ്ടിലേക്കെത്തി മെഡിസിൻ പഠനം തുടർന്നത് സർ അലക്സാണ്ടർ ഫ്ലെമിംഗ് (Alexander Fleming) എന്ന മഹാനായ ശാസ്ത്രഞ്ജന്റെ മേൽനോട്ടത്തിൽ. അലർജി മരുന്നുകളിൽ വിദഗ്ധനായി ഡോ. വില്യം പേരെടുത്തതിന് മറ്റൊന്നും പ്രചോദനമാകേണ്ടതില്ലല്ലോ?

1950കളിലാണ് ഈ സംഭവങ്ങളത്രെയും. അലർജി മരുന്നുകളുടെ വിദഗ്ധൻ, രോഗവിവരങ്ങൾ കൃത്യമായി മനസിലാക്കാൻ നിരവധി സാങ്കേതികതകളും പരീക്ഷിച്ചു. ഈ സേവനങ്ങളെ മുൻനിർത്തി ലണ്ടനിലെ പ്രശസ്തമായ സെന്റ്. മേരീസ് ആശുപത്രിയുടെ അലര്‍ജി ക്ലിനിക്കിന് അദ്ദേഹത്തിന്റെ പേരുനല്കി.

ജീവിതവും സേവനവും ഇനിയുമേറെ കിടക്കുകയാണെന്ന് അന്ന് അദ്ദേഹവും തിരിഞ്ഞറിഞ്ഞിരുന്നില്ലല്ലോ!

എല്ലാവരും ചോദിക്കുന്നു ഇത്രകാലം എങ്ങനെ ജീവിച്ചിരുന്നു എന്ന്... "ഭാഗ്യം" എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മറുപടി.

106ആം വയസിലും അദ്ദേഹം രോഗികളെ കാണും. അലർജി വിഷയങ്ങളിൽ മാസികകളിൽ എഴുതും. ആരോഗ്യപംക്‌തികൾ മുടങ്ങാതെ വായിക്കും. അദ്ദേഹത്തിന്റെ ജീവചരിത്രം 'ഫ്രം ഹെൽ ഐലൻഡ് ടു ഹേ ഫീവർ' എന്ന പേരിൽ പോൾ വാട്ട്കിൻസ് (Paul Watkins) പുസ്തകമാക്കിയിട്ടുണ്ട്.

"നിയോഗമെന്നാണ് ആ പുസ്തകത്തെ ഞാൻ വിശേഷിപ്പിക്കുക. അത്ഭുതപ്പെടുത്തുന്ന ആ ജീവിതകഥയുടെ ഭാഗമാണിന്ന് ഞാനും. ഇനിയുമേറെ എഴുതണം... അദ്ദേഹത്തെകുറിച്ച്‌, അദ്ദേഹത്തോടൊപ്പം... "-വാറ്റ്കിൻസ് പറയുന്നു.

ആയുസ്സിനൊപ്പം ഉറപ്പും കൃത്യതയുമുള്ള ഒരു മനസും അദ്ദേഹത്തിന് സ്വന്തമാണ്. അലക്സാണ്ടർ ഫ്ലെമിംഗ് പെൻസിലിൻ കണ്ടെത്തിയതിനെക്കുറിച്ച് ഓർമയിൽ നിന്ന് ഒരു പേപ്പർ തയ്യാറാക്കുകയാണ് അദ്ദേഹമിന്ന്!

ജീവിതത്തിൽ സംഭവിച്ച എല്ലാ ഉയർച്ച താഴ്ചകളും അദ്ദേഹത്തിന് കൃത്യമായി ഓർമ്മയുണ്ട്. മൂന്നാമത്തെ പിറന്നാളിന് വാരിവലിച്ച് കേക്ക് കഴിച്ചതും രോഗം വന്ന് കിടപ്പിലായതും അദ്ദേഹം ഓർത്തോർത്തു ചിരിക്കാറുണ്ട്. സന്തോഷിക്കാനുള്ളത് മനസിൽവെക്കും ബാക്കിയൊക്കെ മറന്നുകളയും... ആയുസിന്റെ മറ്റൊരു രഹസ്യം അതാണ്‌.

1953ൽ സെന്റ്.മേരീസ് ആശുപത്രിയിൽ ജോലി ചെയുന്ന കാലത്താണ് അദ്ദേഹം പോളൻ കൗണ്ട് (pollen count) കണ്ടെത്തിയത്. ഒരു വ്യക്തിയിൽ മരുന്ന് പ്രയോഗിക്കും മുൻപ് എന്തൊക്കെ അലർജി ഉണ്ടെന്ന് തിരിച്ചറിയാനാകുന്ന ഈ സംവിധാനം ഇന്നും ലോകവ്യാപകമായി വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്നുണ്ട്. മരുന്നുകൾ സ്വയം പരീക്ഷിച്ചു ഫലം കണ്ടെത്തുന്ന ഡോക്ടർ ആയിരുന്നു അദ്ദേഹം. "ഇന്ന് അത്തരമൊരു പരീക്ഷണത്തിന് നിങ്ങൾക്ക് അനുവാദമില്ല. പക്ഷെ ഞാൻ അത് ചെയ്തിരുന്നു. ജലദോഷപ്പനിയെ കുറിച്ച് അദ്ദേഹം നടത്തിയ ഗവേഷണമാണ് അന്നുവരെ ഉണ്ടായിരുന്ന മുഴുവൻ വിലയിരുത്തലുകളെയും മാറ്റിമറിച്ചത്.

ഇന്നും അദ്ദേഹം പഠിക്കുകയാണ്. ഈ മേഖലയിലേക്ക് ഇനിയുമേറെ സംഭാവനകൾ ചെയ്യുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്.

100 വയസായതിന് ശേഷം അദ്ദേഹമെഴുതിയ പല ലേഖനങ്ങളും ഇനിയും വെളിച്ചം കാണാനുണ്ട്. 100-105 പ്രായത്തിനിടയിൽ നാല് ലേഖനങ്ങൾ തയ്യാറാക്കി. രണ്ടെണ്ണം ഒറ്റയ്ക്ക് എഴുതിയത്. മറ്റുള്ളവ സഹഎഴുത്തുകാർക്കൊപ്പം. ഇനിയുമൊരെണ്ണം അണിയറയിൽ തയ്യാറാക്കുകയാണ്. വൈകാതെ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശം.

"പ്രായാധിക്യത്തെ ഓർത്തുള്ള ആകുലതകൾ മാനസിക ധൈര്യം ഇല്ലാതാക്കും. അത് ഒഴിവാക്കണം.എപ്പോഴും ഓരോ കാര്യങ്ങൾ ചെയ്തിരിക്കാൻ ശ്രദ്ധിക്കണം. തലച്ചോർ ഉണർന്നു പ്രവർത്തിക്കണമെങ്കിൽ നമ്മൾ ഊർജസ്വലരായി ഇരിക്കണം".

"പ്രായം കൂടുമ്പോൾ ചെയ്യാനാകാത്ത പല കാര്യങ്ങളുമുണ്ട്. എനിക്ക് 106 വയസായി. ഓടാൻ കഴിയില്ല,നടക്കാനും.വീൽ ചെയർ എപ്പോഴും വേണം. എന്നുകരുതി തലച്ചോർ തളരാതിരിക്കണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം. ഒരുപാട് വായിക്കും. എല്ലാം ശാസ്ത്രമാസികകൾ"- യുവത്വത്തിന്റെ ഊർജമാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക്.

2015ൽ, 103ആം വയസിൽ അലർജി മരുന്നുകളിൽ അദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ബ്രിട്ടൺ, 'ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ' (order of the british empire) സമ്മാനിച്ചു.

ജീവിതം എങ്ങനെ ഇത്രയും മഹത്തരമായി എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ശ്രദ്ധിച്ചു വായിക്കണം.

"വിവേകമുള്ള ജീവിതമാണ് ഞാൻ തിരഞ്ഞെടുത്തത്. പുകവലിയില്ല, അമിതമായി ആഹാരം കഴിക്കില്ല, വ്യായാമം മുടക്കാറില്ല. ഊർജത്തോടെയിരിക്കാൻ ശ്രദ്ധിച്ചു, അത് ജോലിയിലും ജീവിതത്തിലും സൂക്ഷിച്ചു. എപ്പോഴും സന്തോഷം"

Next Story

Related Stories