TopTop
Begin typing your search above and press return to search.

വീണുപോയ ബ്ലാസ്റ്റേഴ്‌സിനെ എടുത്തുയര്‍ത്തിയ ആരാധകര്‍ക്ക് അവകാശപ്പെട്ടതാണ് ഈ ഫൈനല്‍

വീണുപോയ ബ്ലാസ്റ്റേഴ്‌സിനെ എടുത്തുയര്‍ത്തിയ ആരാധകര്‍ക്ക് അവകാശപ്പെട്ടതാണ് ഈ ഫൈനല്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ ആവേശത്തിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് രണ്ടാംതവണയും ഫൈനലില്‍ എത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ ആവേശം കൊണ്ട് സ്വയം പൊട്ടിത്തെറിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബുകളില്‍ ഒന്ന് എന്ന സ്ഥാനം കുറഞ്ഞ കാലം കൊണ്ട് നേടിയ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിന്റെ തുടക്കത്തില്‍ ആരാധകരെയും മാനേജ്‌മെന്റിനെയും ഒരുപോലെ നിരാശപ്പെടുത്തിയാണ് കളം വിട്ടത്. പക്ഷെ അവസാനഘട്ടത്തില്‍ ചാമ്പ്യന്‍മാര്‍ എങ്ങനെയാണ് കളം നിറയുന്നതെന്ന് കാട്ടി ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ ടിക്കറ്റ് എടുത്തു. കഴിഞ്ഞ സീസണുകളിലെല്ലാം ബ്ലാസ്റ്റേഴ്‌സിന് സംഭവിച്ചത് ഒരു 'പെര്‍ഫക്ട് ഫിനിഷര്‍' ഇല്ലയെന്നതായിരുന്നു. ഇത്തവണ സികെ വിനീത് എന്ന മലയാളി ആ കുറവ് നികത്തി.

ആദ്യ ഐഎസ്എല്ലില്‍ കറുത്ത കുതിരകളായി ഫൈനലില്‍ എത്തിയ മലയാളിപ്പട കാലിടറി വീഴുകയായിരുന്നു. അതിന് ശേഷമുള്ള സീസണില്‍ ഇടയ്ക്ക് നല്ല പ്രകടനങ്ങള്‍ നടത്തി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇത്തവണത്തെ ഐഎസ്എല്ലന്റെ തുടക്കത്തില്‍ പരാജയത്തില്‍മേല്‍ പരാജയം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സിനുമേല്‍ മാനേജ്‌മെന്റുപോലും പ്രതീക്ഷ കൈവിട്ടപ്പോള്‍ തങ്ങളുടെ നിരാശ മറച്ചുവച്ച് ആവേശം ഒട്ടു ചോരാതെ ക്ലബിന് പിന്തുണ കൊടുത്ത ഒരു കൂട്ടരുണ്ട്. ബ്ലാസ്‌റ്റേഴിസിന്റെ ലക്ഷകണക്കിന് വരുന്ന ആരാധകര്‍. അവര്‍ കൊടുത്ത പിന്തുണ കണ്ടില്ലെന്ന നടിക്കാന്‍ ആവാത്തതായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക്. ആ ആരാധകര്‍ക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ 'പെര്‍ഫക്ട് ചാമ്പ്യന്‍മാര്‍' -കളിക്കുന്ന കളിയുമായി ഫൈനലില്‍ എത്തിയത്.

kb-02

മുമ്പ് കാണാത്ത ഒരു ആത്മവിശ്വാസം ബ്ലാസ്റ്റേഴ്‌സില്‍ കാണുന്നു. അത് നല്‍കിയത് തന്ത്രജ്ഞനായ കോച്ച് സ്റ്റീവ് കോപ്പലിന്റെ ഇടപെടലുകളാണെങ്കിലും എന്തു സംഭവിച്ചാലും നിങ്ങളെ കൈവിടില്ല, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാക്കുമെന്ന് ആരാധകര്‍ കൊടുത്ത ഒരു ഉറപ്പുണ്ടല്ലോ, അതിനെ നിഷേധിക്കാന്‍ കഴിയില്ല. ഏതു ടീമും കൊതിക്കുന്ന ഒരു പിന്തുണ അത് എല്ലാവിധ ഭംഗിയോടും കൂടി നമ്മള്‍ ടീമിന് നല്‍കിയപ്പോള്‍ അവര്‍ കളിച്ചു തുടങ്ങി. ഇതുവരെ കളിക്കാത്ത കളികള്‍. മൈതാനത്ത് ഓര്‍ത്തെടുക്കുവാന്‍ കഴിയുന്ന ഒരുപിടി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു ഇത്തവണ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍.

നല്ല താരങ്ങള്‍ നമുക്ക് കഴിഞ്ഞ സീസണിലിലുമുണ്ടായിരുന്നു. പക്ഷെ എവിടെയോ ഒരു പാകപ്പിഴ. അതു തന്നെയായിരുന്നു ഈ സീസണിന്റെ തുടക്കത്തിലും ബ്ലാസ്റ്റേഴ്‌സിന് സംഭവിച്ചത്. പക്ഷെ ഇപ്പോള്‍ മഞ്ഞപ്പടയുടെ കളി ആധികാരികമാണ്. റിയല്‍ ചാമ്പ്യന്‍മാര്‍ കളിക്കുന്ന കളി. ബ്ലാസ്റ്റേഴ്‌സിന് ഇനിയും തോല്‍വികള്‍ ഉണ്ടാവാം പക്ഷെ ഇതുപോലെയാണെങ്കില്‍ ചാമ്പ്യന്‍മാരുടെ പരാജയവും ഒരു ക്ലാസിക്കാണ്. അത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് അറിയാം. ബ്ലാസ്റ്റേഴ്‌സിനെ ജയത്തിലും പരാജയത്തിലും (നിരാശ മറച്ചുവച്ചും) ചാമ്പ്യന്‍മാരെപ്പോലെയാണ് ആരാധകര്‍ കാണുന്നത്. അവര്‍ക്ക് അറിയാം ഇവര്‍ തിരിച്ചുവരുമെന്ന്.

kb-04

ഹോസുവിനും, ബെല്‍ഫോര്‍ട്ടിനും, മുഹമ്മദ് റഫീ, ഡങ്കന്‍സ് നാസോണ്‍, ബോറീസ്, ജോസൂ. ജീങ്കാനും, സന്ദീപ് നന്ദിയും, മെഹ്താബും, അസ്രാകും, ഹ്യൂസും, സികെ വിനീതും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയങ്ങള്‍ക്ക് കാരണം കൃത്യമായ തന്ത്രങ്ങളായിരുന്നു. ഇംഗ്ലീഷ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ശരാശരി കളിക്കാരായ താരങ്ങളെ വച്ച് എതിരാളികളെ പഠിച്ച് ഗെയിംപ്ലാന്‍ ഇറക്കിയപ്പോള്‍ ഇപ്പോഴത്തെ ബ്ലാസ്‌റ്റേഴ്‌സ് സംഭവിച്ചു.

തന്ത്രങ്ങള്‍ ഒരുക്കുന്ന ഒരു മധ്യനിരക്കാരനോ ശൂന്യതയില്‍ നിന്ന് ഗോളുകള്‍ സൃഷ്ടിക്കുന്ന സ്‌ട്രൈക്കര്‍മാരോ ബ്ലാസ്‌റ്റേഴ്‌സില്ല. ആകെ അവകാശപ്പെടാന്‍ കഴിയുന്നത് മികച്ച പ്രതിരോധ നിരയുണ്ടെന്ന് മാത്രമാണ്. ഇവരെ വച്ച് കോപ്പല്‍ ഒരു കളി കളിച്ചു. തന്ത്രങ്ങളുടെ കളി. ഫലം ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തി. പരമ്പരാത ഇംഗ്ലീഷ് ശൈലിയായ 4-4-2 താരങ്ങളെ അണിനിരത്തി പ്രതിരോധം ഒന്നുകൂടി മൂര്‍ച്ച കൂട്ടി സമയസമയങ്ങളില്‍ താരങ്ങളെ മാറ്റിമറിച്ച് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ ജയിക്കാന്‍ പഠിപ്പിച്ചു. കാല്‍പ്പന്തു കളിയുടെ സൗന്ദര്യം പലപ്പോഴും ടീമിന് നഷ്ടപ്പെട്ടെങ്കിലും ജയിക്കാന്‍ പഠിച്ചു ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സില്‍ വണ്‍ മാന്‍ ഷോ നടത്താന്‍ കഴിയുന്ന താരങ്ങളില്ല. ജയിക്കണമെങ്കില്‍ ഒന്നിച്ച് ഒരെ മനസോടെ കളിക്കുന്നതാണ് ക്ലബിന്റെ വിജയം. അതു കാരണം മഞ്ഞപ്പടയുടെ കളിക്ക് ഒരഴകുണ്ട്, മുമ്പ് പറഞ്ഞ സൗന്ദര്യമല്ല ഒന്നിച്ച് ഒരെ മനസോടെ പോരാടുന്നവരുടെ ഒരു അഴക്.


Next Story

Related Stories