TopTop
Begin typing your search above and press return to search.

ഇന്ന് തുടങ്ങുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രാധാന്യം: അറിയേണ്ട കാര്യങ്ങള്‍

ഇന്ന് തുടങ്ങുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രാധാന്യം: അറിയേണ്ട കാര്യങ്ങള്‍
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിസി) 19ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം. പാര്‍ട്ടി നേതൃത്വത്തില്‍ ഇത്തവണ മാറ്റമുണ്ടാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് തുടര്‍ന്നേക്കും. 1921ലാണ് സിപിസിയുടെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നത്. 1949ല വിപ്ലവ വിജയം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ചൈന ഭരിക്കുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ സംഘടിപ്പിക്കുന്നു. 200 അംഗ കേന്ദ്ര കമ്മിറ്റി, 25 അംഗ പൊളിറ്റ് ബ്യൂറോ, ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി എന്നിവയെ പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുക്കും.

പുതിയ കേന്ദ്രകമ്മിറ്റി ഷീ ജിന്‍ പിങിന്റെ നേതൃത്വം ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. മുന്‍ഗാമികളായ ഹു ജിന്റാവോയും ജിയാങ് സെമിനും ഇത്തരത്തില്‍ രണ്ട് ടേം സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നു. തലസ്ഥാനമായ ബീജിംഗില്‍ നടക്കുന്ന 19ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2300 പ്രതിനിധികളാണ് പങ്കെടുക്കുക. ഒക്ടോബര്‍ 24 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്.

പിബി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ആരൊക്കെ?


നിലവിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഷീ ജീന്‍പിങിന് പുറമെ പ്രധാനമന്ത്രി ലീ കെഖ്യാങ്, സാങ് ഡെജ്യാങ്, യു സെങ്‌ഷെങ്, ലിയു യുന്‍ഷാന്‍, വാങ് ക്വിഷാന്‍, സാങ് ഗവോലി എന്നിവരാണ് നിലവില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലുള്ളത്. പാര്‍ട്ടിയുടെ വിവിധ തലങ്ങളിലൂടെ വളര്‍ന്നുവന്നവരാണ് ഇവരെല്ലാം. നയപരമായ നിര്‍ണായക തീരുമാനങ്ങളില്‍ ഇവര്‍ക്ക് ഓരോ വോട്ട് വീതമുണ്ട്. രഹസ്യയോഗങ്ങളുടെ അജണ്ട തീരുമാനിക്കുന്നതില്‍ പ്രധാന പങ്ക് ഷീ ജിന്‍പിങിന് തന്നെ. ഷീയുടെ വലംകൈയായി അറിയപ്പെടുന്ന വാങ് ക്വിഷാന്‍ ആണ് മറ്റൊരാള്‍. പ്രസിഡന്റിന്റെ അഴിമതി വിരുദ്ധ പ്രചാരണ പരിപാടിയില്‍ നിര്‍ണായക പങ്കാണ് വാങ് ക്വിഷാനുള്ളത്. ഉന്നതതലത്തിലും താഴേത്തട്ടിലുമുള്ള ഉദ്യോഗസ്ഥരില്‍ പലര്‍ക്കും സ്ഥാനം നഷ്ടമായിരുന്നു.സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് ആരൊക്കെ പുറത്തുപോകും?

2002 മുതല്‍ 68 വയസ് തികഞ്ഞവരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പലരും സ്വയം ഒഴിഞ്ഞു. ഇത് ഒരു തീരുമാനമായി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ധാരണപ്രകാരം ഇത് തുടരുന്നു. ഇത്തരത്തില്‍ ആദ്യം ഒഴിഞ്ഞത് മുന്‍ പ്രസിഡന്റ് ജിയാംഗ് സെമിന്‍ ആയിരുന്നു. ഈ അനൗപചാരിക തീരുമാനം ഇക്കുറിയും നടപ്പായാല്‍ ഏഴംഗ കമ്മിറ്റിയിലെ അഞ്ച് പേരും മാറേണ്ടി വരും. 64കാരനായ ഷി ജിന്‍പിംഗും 62കാരനായ ലീ കെഖ്യാങും മാത്രം അവശേഷിക്കും.

പൊളിറ്റ് ബ്യൂറോയിലെ ആറ് പേരും പടിയിറങ്ങേണ്ടി വരും. അതേസമയം ഇത്തവണ ഈ പതിവ് മാറുമെന്ന വിലയിരുത്തലുകളുണ്ട്. 69കാരനായ വാങ് ക്വിഷാങിനെ ഇത്തവണയും നിലനിര്‍ത്തിയേക്കും എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് 2022ലാണ്. അപ്പോള്‍ ഷീ ജിന്‍പിങിന് 69 വയസാകും. ഇതേ മാനദണ്ഡം വച്ച് അദ്ദേഹത്തിന് പിബിയില്‍ തുടരാം.

ഷീയ്ക്ക് പിന്‍ഗാമി ഉയര്‍ന്നുവരുമോ ഇത്തവണ?

പ്രസിഡന്റിനും പ്രധാനമന്ത്രിക്കും അഞ്ച് വര്‍ഷക്കാലത്തെ രണ്ട് ടേമുകളാണ് ചൈനീസ് ഭരണഘടന അനുവദിക്കുന്നത്. അതേസമയം പാര്‍ട്ടി ചുമതലകള്‍ക്ക് പ്രായപരിധിയില്ല. അതേസമയം ആജീവനാന്തം എന്ന നിലയില്‍ കാണുന്നതിന് വിലക്കുമുണ്ട്. ഷീക്ക് പിന്‍ഗാമി എന്ന നിലയില്‍ ആരെയും സിപിസി ഇതുവരെ ഉയര്‍ത്തിക്കാട്ടിയിട്ടില്ലാത്തത് കൊണ്ട് തന്നെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷവും നേതൃത്വത്തില്‍ തുടരാന്‍ ലീ ശ്രമിക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ മുന്‍ പൊളിറ്റ് ബ്യൂറോ അംഗവും ചോങ് ക്വിങിലെ പാര്‍ട്ടി സെക്രട്ടറിയുമായ സുന്‍ സെങ്കായ് ഷീക്ക് പിന്‍ഗാമിയായി പാര്‍ട്ടിയുടെ തലപ്പത്തെത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഷീയുടെ അഴിമതി വേട്ടയില്‍ സുന്‍ സെങ്കായ് പെട്ടു. ചോങ് ക്വിങിലെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം തെറിക്കുകയും പകരം ചെന്‍ മൈനര്‍ ഈ സ്ഥാനത്ത് വരുകയും ചെയ്തു. 2000 കാലത്ത് ഷീ ജിന്‍പിങിന്റെ പ്രൊപ്പഗാണ്ട തലവനായി സെജിയാങ് പ്രവിശ്യയില്‍ ഷീ പ്രവര്‍ത്തിച്ചിരുന്നു. 57കാരനായ ചെന്‍ മൈനര്‍ ഇത്തവണ കേന്ദ്ര നേതൃത്വത്തിലേയ്ക്ക് വരുമെന്നാണ് കരുതുന്നത്. മറ്റൊരാള്‍ 54കാരനായ ഹൂ ചുനുവയാണ്. ദക്ഷിണ പ്രവിശ്യയായ ഗുവാങ്‌ഡോങിലെ മുന്‍നിര നേതാവാണ് ചുനുവ.ഷീ ജിന്‍പിങിന്റെ ആധിപത്യം കൂടുതല്‍ ശക്തിപ്പെടുമോ?

മാവോ സെ ദൊങിനും ദെങ് സിയാവോ പിങിനും ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവ് എന്ന നിലയാണ് ഷീ ജിന്‍ പിങ് ലക്ഷ്യമിടുന്നത്. പാര്‍ട്ടി ഭരണഘടനയില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തേക്കുമെന്ന സൂചനയാണ് ഷീ ജിന്‍ പിങ് നല്‍കുന്നത്. ഡെങ് സിയാവോ പിങിന് ശേഷമുള്ള നേതാക്കളും സ്വന്തമായ ആശയങ്ങളോ തത്വചിന്തകളോ ഭരണഘടയില്‍ എഴുതിച്ചേര്‍ക്കുന്ന പതിവുണ്ട്. അതേസമയം ഇവരുടെ പേരുകള്‍ കൂടെ ചേര്‍ക്കാറില്ല - മാവോ സെദോങ് ചിന്ത, ഡെങ് സിയാവോ പിങ് സിദ്ധാന്തം എന്നൊക്കെ പറയുന്നത് പോലെ. ജിയാങ് സെമിന്റെ മൂന്ന് പ്രാതിനിധ്യങ്ങള്‍, ഹൂ ജിന്റാവോയുടെ വികസനത്തിന്റെ ശാസ്ത്രീയ വീക്ഷണം തുടങ്ങിയവ ഈ നേതാക്കളുടെ പേര് വയ്ക്കാതെയാണ് ഭരണഘടനയുടെ ഭാഗമായത്. ഷീയുടെ പുതിയ ദര്‍ശനവും ചിന്തയും എന്ന രേഖയാണ് ഇത്തവണ വരുന്നത് ഷീയുടെ പേര് ഇതില്‍ വയ്ക്കുമോ എന്ന് വ്യക്തമല്ല.

Next Story

Related Stories