TopTop
Begin typing your search above and press return to search.

ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

സ്വന്തം നാടിന്റെ പേര് പറയാന്‍ മടിച്ചിരുന്ന ജനത ഇന്ന് അഭിമാനത്തോടെ നാടിന്റെ പേര് പറയുന്നു. കരിമഠം എന്ന പേര് പലരും കേട്ടിരിക്കും. എന്നാല്‍ ഓണ്‍ലൈന്‍ ഡിസൈനര്‍ വസ്ത്രരംഗത്ത് കുറഞ്ഞ നാളുകള്‍ കൊണ്ട് പേരെടുത്ത കരിമഠം ബ്രാന്‍ഡിന്റെ ചരിത്രം അറിയാമോ? തിരുവനന്തപുരം നഗരത്തിനുള്ളിലെ ഒരു കോളനിയായിരുന്ന കരിമഠം ഇന്ന് ഒരു ബ്രാന്‍ഡാണ്. അരികുവത്കരിക്കപ്പെട്ട ഒരു ജനതയുടെ പോരാട്ടത്തിന്റെ പേര്. കരിമഠം എന്ന ബ്രാന്‍ഡിലൂടെ, പൊതുസമൂഹത്താല്‍ മാറ്റി നിര്‍ത്തപ്പെട്ടതും ഒതുക്കപ്പെട്ടതുമായ ആളുകള്‍ അവരുടെ അതിജീവനം നടത്തുകയാണ്.

കരിമഠം കോളനിയിലെ ഒരുകൂട്ടം സ്ത്രീകള്‍ വലിയ സ്വപ്നങ്ങള്‍ മുന്നില്‍ കണ്ട് തുന്നിച്ചേര്‍ക്കുന്ന വസ്ത്രങ്ങള്‍ ഇന്റര്‍നാഷണല്‍ വിപണിയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉര്‍വി ഫൗണ്ടേഷന്റെ ഡയറക്ടര്‍ ഹന്ന ഫാത്തിമയും ചെയര്‍മാന്‍ ഹസന്‍ നസീഫും എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കരിമഠം കോളനിയിലെത്തുന്നത്. തലസ്ഥാന നഗരിക്കുള്ളില്‍ ജീവിക്കുമ്പോഴും പൊതുജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കോളനികളിലൊന്നായ കരിമഠം കോളനിയിലെ സ്ത്രീകള്‍ക്ക് സ്വയം വരുമാനം കണ്ടെത്താന്‍ കഴിയുന്ന ഒരു പദ്ധതിക്ക് തുടക്കംകുറിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

കരിമഠത്തെ സ്ത്രീകളോട് നിരന്തരം സംസാരിച്ചതിന് ശേഷമാണ് ഉര്‍വി ഫൗണ്ടേഷന്റെ പിന്തുണയോടെ സ്വീയിംഗ് ഹോപ്പ് എന്ന പ്രോജക്ടിന് തുടക്കം കുറിക്കുന്നത്. വസ്ത്ര ഡിസൈനിങ് എന്ന ആശയത്തെ പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു പിന്നെ നടന്നത്. 50-ഓളം സ്ത്രീകള്‍ക്ക് ആദ്യം തയ്യല്‍ പരിശീലനവും, ഡിസൈനിങ് പരിശീലനവും നല്‍കി. രണ്ടു മാസത്തെ പരിശീലനത്തിനുശേഷം വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാമെന്ന ആത്മവിശ്വാസമായി.

നാല്‍പ്പതോളം കുടുംബങ്ങളെ ഇതിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്നും ബാച്ചുകളായി കൂടുതല്‍ സ്ത്രീകളെ ഇതിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറയുന്ന ഉര്‍വി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഹന്ന ഫാത്തിമ, ഇത്തരം ചേരികളെ പരിഹാസത്തോടെ കാണുന്ന സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കാന്‍ വേണ്ടിതന്നെയാണ് കരിമഠം എന്ന പേരുതന്നെ ബ്രാന്‍ഡിന് നല്‍കിയത് എന്നും വ്യക്തമാക്കുന്നു. ഹന്ന തുടരുന്നു: "കാഞ്ചീപുരം പോലുള്ളവ അറിയപ്പെടുന്നത് അവരുടെ നാടിന്റെ പേരിലാണ്. എന്നാല്‍ കോളനിയുടെ പേര് ബ്രാന്‍ഡിന് നല്‍കിയാല്‍ എങ്ങനെയാവും സമൂഹത്തിന്റെ പ്രതികരണമെന്ന് ഞങ്ങള്‍ ചിന്തിച്ചു. എന്നാല്‍ ഈ നാടിന്റെ പേരിനോളം ഞങ്ങളുടെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന മറ്റൊന്നും ഉണ്ടായിരുന്നില്ല. കരിമഠം എന്ന കോളനിയുടെ അതിജീവനത്തിന്റെ പേരായി, ഞങ്ങള്‍ ബ്രാന്‍ഡിന് ആ പേര് നല്‍കി. ഇതില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സ്ത്രീയുടേയും നിശ്ചയദാര്‍ഢ്യത്തിന്റെ അടയാളമാണ് ഇപ്പോള്‍ കരിമഠം എന്ന ഞങ്ങളുടെ ബ്രാന്‍ഡ്."

കരിമഠം എന്ന് ഈ ബ്രാന്‍ഡിന് പേര് നല്‍കിയതുപോലും ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമാണ്. നേരത്തെ ഈ നാടിന്റെ പേര് പറയാന്‍ പോലും ഇവിടുത്തെ ആളുകള്‍ താത്പര്യപ്പെട്ടിരുന്നില്ല. കാരണം ഇവിടെയുള്ളവര്‍ മോശപ്പെട്ടവരാണെന്നുള്ള തോന്നലില്‍ ഒഴിവാക്കുമോയെന്ന ഭയമായിരുന്നു കാരണം. ആ പേര് മാറ്റി കരിമഠം എന്ന ബ്രാന്‍ഡ് നെയിം കൊണ്ടുവരുകയും അതിലൂടെ സ്വന്തം നാടിനെ കുറിച്ച് അഭിമാനത്തോടെ പറയാന്‍ അവസരമുണ്ടാക്കുകയും ചെയ്യണമെന്നായിരുന്നു ലക്ഷ്യമിട്ടത്.

ഈ പ്രോജക്ട് ആരംഭിച്ചതിനുശേഷം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ഇവിടുത്തെ സ്ത്രീകള്‍ക്ക് ആഗ്രഹം തോന്നി തുടങ്ങിയെന്നും വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകള്‍ ഇവര്‍ക്കുവേണ്ടി നടത്തുന്നുണ്ടെന്നും ഹന്ന പറയുന്നു. "കുടുംബത്തിലെ പണികള്‍ക്കനുസരിച്ച് ഇവിടെ പരിശീലനം നല്‍കുന്നതിന്റെ സമയം ക്രമീകരിക്കുന്നുണ്ട്. പുരുഷന്മാരുടെ പിന്തുണയോടുകൂടി മികച്ച രീതിയിലാണ് ഇപ്പോള്‍ ഈ പ്രോജക്ട് മുന്നോട്ട് പോകുന്നത്. സമൂഹത്തിന്റെ പ്രശ്നം ഇതാണ്, ഇതിന് പരിഹാരം ഇതാണ് എന്നിങ്ങനെ ആ സമൂഹത്തിലേക്ക് നമ്മള്‍ ഇടപെടുകയല്ല ചെയ്യേണ്ടത്. മറിച്ച് അവരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തിരിച്ചറിയാനുള്ള സാഹചര്യം അവര്‍ക്കിടയില്‍ ഒരുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്" എന്നും ഹന്ന കൂട്ടിച്ചേര്‍ക്കുന്നു.

കരിമഠം ബ്രന്‍ഡെന്ന സ്വപ്നം വളര്‍ന്നുവരുന്ന ഘട്ടത്തില്‍ പ്രദേശവാസിയായ ഷംല തന്റെ വീട് ഈ പ്രോജക്ടിനുവേണ്ടി നല്‍കുകയും പരിശീലനത്തില്‍ പങ്കെടുക്കുകയും ഇപ്പോഴും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഷംല പറയുന്നതിങ്ങനെയാണ്: "ഈ പദ്ധതി ഞങ്ങളെ തേടിയെത്തുകയായിരുന്നു. ഓര്‍മ്മ വെച്ച കാലംമുതല്‍ കരിമഠം കോളനിയിലാണ് വീടെന്ന് പറയാന്‍ മടിച്ചിരുന്നു. സ്‌കൂള്‍ പഠനകാലഘട്ടത്തിലൊന്നും സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടുവരില്ലായിരുന്നു. കോളനിയില്‍ ജീവിക്കുന്നവര്‍ മോശപ്പെട്ടവരാണെന്ന മനോഭാവം കൂടെയുള്ളവര്‍ക്കുണ്ടായിരുന്നു. അന്നത്തെ സാഹചര്യവും അങ്ങനെ തന്നെയായിരുന്നു. കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ സ്‌കൂള്‍ പഠനം അവസാനിപ്പിക്കും. കരിമഠം കോളനി, ആഭാസത്തിന്റെ ഇടമായി, ഗുണ്ടായിസത്തിന്റെ ഇടമായിട്ടൊക്കെയാണ് എല്ലായ്പ്പോഴും ആളുകള്‍ കണ്ടിരുന്നത്. തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂള കോളനിയുടെ പേര് മാറിയതുപോലെ കരിമഠം കോളനിയുടെ പേരും മാറിക്കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. നാടിന്റെ പേരില്‍ പോലും അപമാനിക്കപ്പെടുമെന്ന ഭയം ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കരിമഠം എന്ന പേര് ഞങ്ങള്‍ അഭിമാനത്തോടെയാണ് പറയാറുള്ളത്."

കരിമഠം ബ്രാന്‍ഡിന്റെ കൂടെനിന്ന് ഡിസൈനിങ് ചെയ്യുന്ന ദിവ്യ പറയുന്നതിങ്ങനെ: "പലരും പരിഹാസത്തോടെ കണ്ടിരുന്ന സ്ഥലമായിരുന്നു കരിമഠം, വിദ്യാഭ്യാസമില്ലാത്ത, തൊഴിലില്ലാതിരുന്ന, സ്വപ്നങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരുന്ന ഒരുകൂട്ടം സ്ത്രീകളുടെ ജീവിതം തന്നെയാണിപ്പോള്‍ കരിമഠം ബ്രാന്‍ഡ്‌. ഞങ്ങള്‍ക്ക് ആത്മവിശ്വാസവും സ്വപ്നവും പകര്‍ന്നു നല്‍കുകയാണ് ഈ സംരംഭം. ഇതുവരെ പരിഹസിച്ച ആളുകളുടെ മുന്‍പില്‍ അഭിമാനത്തോടെയാണ് ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്". ദിവ്യ കരിമഠത്തേക്ക് വിവാഹം കഴിഞ്ഞുവന്ന വ്യക്തിയാണ്. പത്താംക്ലാസ് കഴിഞ്ഞ് കമ്പ്യൂട്ടര്‍ കോഴ്സുകള്‍ ചെയ്തെങ്കിലും ജോലിയൊന്നും ചെയ്തിരുന്നില്ല. എന്നാല്‍ കരിമഠം ബ്രാന്‍ഡ് പദ്ധതി ദിവ്യക്ക് സ്വയംപര്യാപ്തത എന്ന സ്വപ്നം നല്‍കുകയുണ്ടായി. ആ സ്വപ്നം വലിയ കരുത്താണ് പകര്‍ന്നു നല്‍കിയത്. കുടുംബം പൂര്‍ണ്ണമായും തനിക്കിപ്പോള്‍ പിന്തുണ നല്‍കുന്നുവെന്ന് ദിവ്യ പറയുന്നു.

ഏതൊരു നഗരമെടുത്താലും ചേരിപ്രദേശങ്ങള്‍ അതിന്റെ ഭാഗമായുണ്ട്. ഇത്തരം ഇടങ്ങളെ നവീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഉര്‍വി ഫൗണ്ടേഷന്‍ ഈ സംരംഭം ആരംഭിച്ചത് എന്ന് ഉര്‍വി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഹസന്‍ പറയുന്നു. "ഉര്‍വി ഫൗണ്ടേഷന്‍ കേരളത്തിന്റെ പലഭാഗങ്ങളിലായി പലതരം സമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. അതിലൊന്ന് പ്രളയത്തിനുശേഷം തകര്‍ന്നുപോയ വീടുകളെ പുനഃസൃഷ്ടിക്കുക എന്നതാണ്. പ്രകൃതിക്കനുയോജ്യമായ വികസനങ്ങള്‍ എങ്ങനെ സാധ്യമാകും എന്ന പഠനവും ഉര്‍വി ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്. ഒരു വര്‍ഷത്തോളമായി സാമൂഹിക പ്രവര്‍ത്തകരും ചില എന്‍ജിഒകളും ഉര്‍വി ഫൗണ്ടേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ചേരി പ്രദേശങ്ങളിലെ വലിയ വെല്ലുവിളി എന്നത് അടിസ്ഥാന സൗകര്യമില്ല എന്നതല്ല, അതിനപ്പുറം വിദ്യാഭ്യാസമില്ലാതെ പോകുന്ന പുതു തലമുറയാണ് ഇവിടുത്തെ പ്രശ്നം. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക എന്ന ചിന്തയില്‍ നിന്നാണ് ഉര്‍വി ഫൗണ്ടേഷന്‍ സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തതയ്ക്കുള്ള വഴികള്‍ ഒരുക്കി നല്‍കുന്നത്. ഇതിലൂടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുക എന്നതാണ് ഉര്‍വി ഫൗണ്ടേഷന്‍ ലക്ഷ്യം വെക്കുന്നത്.

കോളനി നിവാസികളായ പുരുഷന്മാര്‍ നല്ല രീതിയില്‍ കൂലിവാങ്ങി പണിയെടുക്കുന്നവരാണ്. എന്നാല്‍ ഇത് ഒരിക്കലും കുടുംബത്തിലേക്കെത്താറില്ല. ഈ അവസ്ഥയില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സ്ത്രീകള്‍ കഷ്ടപ്പെടുന്നതിനിടയില്‍ കുട്ടികളെ പണിക്കയയ്ക്കുവാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നു. ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കുവാനാണ് കരിമഠം ബ്രാന്‍ഡ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതിലൂടെ മികച്ച ജീവിത സാഹചര്യങ്ങളൊരുക്കുവാനും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളര്‍ച്ചയുള്ളൊരു സമൂഹത്തെ സൃഷ്ടിക്കുവാനുമാണ് ഉര്‍വി ഫൗണ്ടേഷന്‍ ശ്രമിക്കുന്നത്.

കരിമഠത്തെ സ്ത്രീകളുടെ സ്വയംപര്യാപ്തതക്കുവേണ്ടി ഒരു സംരംഭം ആരംഭിക്കുക എന്നതായിരുന്നു ഞങ്ങള്‍ ഉദേശിച്ചത്. അത് വസ്ത്രരംഗമാണെന്ന് തീരുമാനിച്ചത് കരിമഠത്തെ സ്ത്രീകളോട് നിരന്തരമായി സംസാരിച്ചതിനു ശേഷമാണ്. ഇവിടെയുള്ള സ്ത്രീകളുടെ താത്പ്പര്യമറിഞ്ഞതിനുശേഷമാണ് വസ്ത്ര ഡിസൈനിങ് തുടങ്ങാമെന്ന് തീരുമാനിച്ചത്. പുതിയ ഡിസൈന്‍സ് രൂപപ്പെടുത്താന്‍ കഴിവുള്ളവരും അത് തയ്ച്ച് വിപണിയിലെത്തിക്കാന്‍ താത്പ്പര്യമുള്ളവരുമായിരുന്നു ഇവര്‍. ഇവരുടെ ഈ താത്പ്പര്യത്തിന് ഒപ്പം നില്‍ക്കുക മാത്രമാണ് ഉര്‍വി ഫൗണ്ടേഷന്‍ ചെയ്തത്".

കരിമഠത്തെ ഒരു ബ്രാന്‍ഡായി രൂപപ്പെടുത്താമെന്ന ആശയം മുന്നോട്ടുവെച്ചത് എറണാകുളത്തെ ബ്രാന്‍ഡിങ് ഏജന്‍സിയായ വയലറ്റ്സിലെ അഹമ്മദ് റഫീഖാണ്. കരിമഠത്തിന്റെ വെബ്സൈറ്റ് നിര്‍മ്മിച്ചുതന്നതും, ബ്രോഷര്‍ തുടങ്ങിയവയെല്ലാം രൂപപ്പെടുത്തിയതും അഹമ്മദാണെന്നും സമൂഹിക പ്രവര്‍ത്തനങ്ങളെ സഹായിക്കുക എന്ന താത്പ്പര്യപ്രകാരം വളരെ കുറഞ്ഞ ചിലവിലാണ് ഇത്തരം കാര്യങ്ങള്‍ വയലറ്റ്സ് ചെയ്തു തന്നതെന്നും ഹസന്‍ പറയുന്നു.

വയലറ്റ്സാണ് കരിമഠത്തെ ഒരു ബ്രാന്‍ഡായി രൂപപ്പെടുത്താന്‍വേണ്ടി പ്രവര്‍ത്തിച്ചത്. അഹമ്മദ് റഫീക്ക് ഉര്‍വിയുടെ പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് പറയുന്നത്, "കരിമഠത്തിന്റെ വര്‍ക്കുകളെ സന്തോഷത്തോടെയാണ് ചെയ്തത്. ഒരു സമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്" എന്നാണ്.

കോളനി നിവാസികളെന്ന പേരില്‍ കാലങ്ങളായി അരികുവത്കരിക്കപ്പെട്ട, സാമൂഹിക മനോഭവങ്ങളുടെ ഇരയാക്കപ്പെട്ട് വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവ ഇല്ലാതാക്കപ്പെട്ട ഒരു ജനത അവരുടെ യഥാര്‍ത്ഥ അവകാശങ്ങളെ വീണ്ടെടുക്കാന്‍ നടത്തുന്ന പോരാട്ടം തന്നെയാണ് കരിമഠം ബ്രാന്‍ഡ്. സ്വയംപര്യാപ്തത, സ്ത്രീപുരുഷ തുല്യത ഇവയെല്ലാം ഇതുവരെ ഈ സമൂഹത്തിന് അന്യമായിരുന്നു. വരാനിരിക്കുന്ന തലമുറക്കു വേണ്ടിയും കൂടിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. കോളനി നിവാസികളെ ഗുണ്ടായിസത്തിന്റേയും കുറ്റകൃത്യങ്ങളുടേയും വേശ്യാവൃത്തിയുടേയും സങ്കേതമായി കണ്ടിരുന്ന ഒരു സമൂഹത്തിന് മുന്നിലേക്ക് തന്നെയാണ് ഇവര്‍ തങ്ങളുടെ സ്വപ്നവുമായി കടന്നുവരുന്നത്. കരിമഠം എന്ന് കേട്ടാല്‍ തന്നെ പരിഹസിക്കുന്ന പൊതുസമൂഹത്തിനു മുന്‍പില്‍ കരിമഠം എന്ന് തന്നെ തങ്ങളുടെ സംരംഭത്തിന് പേരിട്ടത് അതിജീവനത്തിന്റെയും ആത്മാഭിമാനത്തിന്റെയും രാഷ്ട്രീയം കൂടിയാണ്.Read: യുഎസ്സിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾക്കരികിൽ താമസിക്കുന്നവരിലധികവും അധഃസ്ഥിതരും ന്യൂനപക്ഷങ്ങളും; 16 ലക്ഷം പേര്‍ ഇരകളാകുന്നുവെന്ന് പഠനം


Next Story

Related Stories