TopTop
Begin typing your search above and press return to search.

മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

ഒരു മുന്നറിയിപ്പിന്റെ വെടി മുഴങ്ങിയിരിക്കുന്നു. ബുലന്ദ്ഷഹറിൽ ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗിനെ കൊന്ന വെടിയുണ്ട രാജ്യത്തെ എല്ലാ പൊലീസുകാർക്കും ഉള്ള വിറങ്ങലിപ്പിക്കുന്ന സന്ദേശമാണ്: ഹിന്ദുത്വ പോരാളികളുമായി കുഴപ്പമുണ്ടാക്കരുത്, അവരുടെ കയ്യിൽ തോക്കുണ്ട്. ഇത് പുതിയ ഇന്ത്യയാണ്, പശുവിനെ സംരക്ഷിക്കുന്നതിന്റെ പേരിൽ എത്ര മുസ്ലീങ്ങളെ വരെ കൊന്നാലും ഒരു ശിക്ഷയും ലഭിക്കാത്ത ഇന്ത്യ. ഇപ്പോൾ പശു സംരക്ഷണത്തിന്റെ ആൾക്കൂട്ട ആക്രമണങ്ങൾക്ക് ന്യായം പറയാനാകും.

താക്കീത് സംശയമില്ലാത്തതാണ്: അക്രമികളായ ഗോ രക്ഷ ആൾക്കൂട്ടത്തെ എതിരിടാൻ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ അതിന്റെ അപായസാധ്യതകൾ സ്വന്തം നിലയിൽ നേരിടണം. അപായസാധ്യതകൾ ഇരട്ടിയായേക്കാം. ഒരുപക്ഷ രാജ്യത്തിന് ഒരു 'യോഗി പലിശ' കിട്ടിയേക്കും.

ഇന്ത്യാ ഭരണം എന്നത് ഇനിയിപ്പോൾ ഒരു നരേന്ദ്ര മോദി-അമിത് ഷാ കമ്പനിയുടെ കളി മാത്രമല്ലെന്ന് വാദിക്കാനായേക്കും. ഈ പങ്കാളിത്ത സ്ഥാപനത്തിലേക്ക് യോഗി ആദിത്യനാഥ് ഹിംസാത്മകമായിത്തന്നെ കടന്നിരിക്കുന്നു. മറ്റൊരു തരത്തിൽ പാപ്പരായ സ്ഥാപനത്തിലേക്ക് ഉത്തർ പ്രദേശ് മുഖ്യമന്ത്രി കൂടുതൽ ഊർജം നൽകിയിരിക്കുന്നു എന്നതിൽ സംശയം വേണ്ട. ഈ ഉൾനാടൻ മനുഷ്യൻ പൊടുന്നനെ പുതിയ ഇന്ത്യയെ നിർവചിക്കാൻ തുടങ്ങിയിരിക്കുന്നു. മോദി ഭരണത്തെ അയാൾ തന്റെ മധ്യകാലഘട്ട ഹിംസ കൊണ്ട് ചായം പൂശുന്നു.

ഏതൊരപരിഷ്‌കൃത, ആധുനിക രാഷ്ട്രീയത്തിലും യോഗി ആദിത്യനാഥ് ഒരു അസംബന്ധ സാന്നിധ്യമാണ്. ഉത്തർ പ്രദേശിന്റെ വണ്ടി ഓടിക്കാൻ അയാൾ കയറി എന്നത് ഒരു ‘ലോക ശക്തി’ എന്നൊക്കെയുള്ള നമ്മുടെ നാട്യങ്ങളെ ഇല്ലാതാക്കാൻ പോന്നതാണ്. എന്നിട്ടും ഈ മഠാധിപതി മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഖ്യ പ്രചാരകനായിരുന്നു. ബിജെപിയുടെ ഹിന്ദു വോട്ടു ബാങ്കിൽ വരുന്ന ഇടിവിനെ തടയാൻ എന്ത് വർഗീയ വിഷവും വിഭാഗീയതയും കുത്തിവെയ്ക്കാൻ അനുമതിയുള്ളപോലെയാണ് അയാളുടെ പ്രകടനങ്ങൾ.

യോഗിയുടെ വിഷലിപ്‌തമായ യാത്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്കപ്പുറവും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. അക്രമത്തോടുള്ള മോദി സർക്കാരിന്റെ ആനുകൂല്യം യോഗിയുടെ ഹിംസയ്ക്ക് രാജ്യത്തെ തായ്യാറാക്കിയതുകൊണ്ടാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്ക് ഒരു ദേശീയ സാന്നിധ്യമാകാനുള്ള അവസരമുണ്ടായത്. കഴിഞ്ഞ നാല് കൊല്ലക്കാലമായി ഭീഷണിക്കും പകരം വീട്ടലിനുമുള്ള ഉപകരണമാക്കി ആൾക്കൂട്ടത്തെ മാറ്റുകയായിരുന്നു.

‘ഭീകരവാദം', 'പാക്കിസ്ഥാൻ', 'ഇസ്‌ലാം' എന്നിങ്ങനെ നാഴികയ്ക്ക് നാല്പതുവട്ടം ഉരുവിട്ടിരുന്നത് കൊണ്ട് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ രൂക്ഷമായ വെറുപ്പാണ് വളർത്തിയെടുത്തത്. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ 'ദേശദ്രോഹം' കണ്ടെത്തിയതിൽ നിന്നും തുടങ്ങി, ദേശഭക്തി പോരെന്നു തോന്നുന്ന ആരും ദേശീയവാദി ആൾക്കൂട്ടത്തിന്റെ കാരുണ്യത്തിനായി യാചിക്കേണ്ടിവരും എന്ന നിലയിലേക്കെത്തിച്ചു. സംശയിക്കപ്പെടുന്നവരെ കലാലയ വളപ്പുകളിലും ടെലിവിഷൻ സ്റ്റുഡിയോകളിലും കയ്യേറ്റം ചെയ്യും. പരമോന്നത കോടതിയെയും വെല്ലുവിളിച്ചുകൊണ്ട് മതവിശ്വാസം തെരുവുകളിൽ പ്രഖ്യാപിക്കുന്നത് നാമീയിടെ കണ്ടു.

ഇങ്ങനെ പകയും ഹിംസയും ഔദ്യോഗികമായി സാധൂകരിക്കപ്പെട്ട ഒരന്തരീക്ഷത്തിൽ പോലീസ് ഇൻസ്‌പെക്ടർ സിംഗിനെ ഒരാൾക്കൂട്ടം വെടിവെച്ചുകൊല്ലുന്നത് സ്വാഭാവികമാണ് എന്ന് വരുന്നു. യോഗിയുടെ ഉത്തർപ്രദേശിൽ ആൾക്കൂട്ടത്തിന്റെ കൊലപാതക സംഘത്തിന് ഒട്ടും തടസങ്ങൾ തോന്നിയിരിക്കില്ല.

സുഗമമായി വ്യാപാരം നടത്താൻ എന്ന അവകാശവാദം പോലെ സുഗമമായി പൊലീസുകാരെ കൊല്ലാനും പറ്റുന്ന ഇന്ത്യയാണ് മോദി ഭരണം ഉണ്ടാക്കുന്നത്. രണ്ടു തരം അവസ്ഥകളെയും ഒരുപോലെ സമീകരിക്കാൻ കഴിയുന്ന നീതി ആയോഗിലെ സാമ്പത്തിക വിദഗ്ധരെയും ലഖുലേഖ എഴുത്തുകാരെയും നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ ആഗോള സമൂഹം ഈ മധ്യകാല വൈരാഗ്യങ്ങളുടെ കണക്കുതീർക്കലുകളെ അത്രയെളുപ്പത്തിൽ സ്വീകരിക്കില്ല.

അക്രമവും നിയമരാഹിത്യവുമാണ് തലക്കെട്ടുകളിൽ നിറയുന്നതെങ്കിൽ ഒരു വിദേശ വ്യാപാരി വന്ന് ‘Make in India’യിൽ ചേരില്ല. അക്രമാസക്തരായ ആൾക്കൂട്ടത്തെ പിന്നോട്ട് വിളിക്കാം എന്ന് കരുതുന്ന ആദ്യത്തെ ഗൂഢ സംഘമല്ല മോദി-യോഗി-ഷാ സംഘം. തെരുവുകളിലെ ആൾക്കൂട്ടത്തെ ഇഷ്ടപ്രകാരം നിയന്ത്രിക്കാൻ ഒരു ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല.

സംഘപരിവാറിന്റെ വൈതാളികന്മാർ എന്തൊക്കെ ന്യായം ചമച്ചാലും ബുലന്ദ്ഷഹറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊന്നതിന്റെ പ്രത്യാഘാതങ്ങൾ അലയടിക്കുകതന്നെ ചെയ്യും. പുതിയ ഇന്ത്യയുടെ മുഖമായി യോഗി ആദിത്യനാഥ് വരുന്നത് മോദിയിലും അയാളുടെ സാമ്പത്തിക ആധുനീകരണത്തിലും വിശ്വാസമർപ്പിച്ചവരെ എങ്ങനെ സ്വാധീനിക്കും എന്ന് നമുക്ക് പറയാനാവില്ല. അവരിൽ പലരുടെയും വിശ്വാസം നോട്ട് നിരോധനമെന്ന സാമ്പത്തിക ഭീകരത നടപ്പാക്കിയപ്പോൾത്തന്നെ വഞ്ചിക്കപ്പെട്ടു. എക്കാലത്തും ഭയപ്പെട്ട ഇൻസ്‌പെക്ടർ രാജ് തിരിച്ചുവന്നതായി ഓരോ വ്യാപാരിയും ആശങ്കപ്പെടുന്നു. അധികവും കോർപ്പറേറ്റ് ഇന്ത്യയിൽ തിളങ്ങിയിരുന്ന, 'മോദി - ആധുനികീകരണ മിശിഹാ' എന്ന സങ്കൽപ്പവും യോഗിയുടെ വരവോടെ ഏതാണ്ട് മങ്ങിയിരിക്കുന്നു.

കോർപ്പറേറ്റുകൾ തങ്ങളുടേതായ സുരക്ഷിത ഇടങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും ശക്തമായ പിൻബലമുള്ള ആൾക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചുകൊല്ലുന്ന സാഹചര്യം ഞെട്ടിപ്പിക്കുന്നത് വിപുലമായ മധ്യവർഗ്ഗത്തെയാണ്. അതിർത്തിക്കപ്പുറത്തു നിന്നുള്ള ഭീകരവാദത്തെക്കുറിച്ച് അവരിൽ മിക്കവർക്കും ന്യായമായ ആശങ്കയുണ്ടാകുമെങ്കിലും ബുലന്ദ്ഷഹറിൽ നടന്നത് തെരുവുകളിലെ ഭീകരതയാണെന്നുകൂടി അവർ ആലോചിക്കും. ഇത്തരത്തിലുള്ള ഭീകരത അവർക്ക് സ്വീകാര്യമല്ല.

ഇന്ത്യയിലെ മധ്യവർഗം-മഹാഭൂരിപക്ഷവും ഹിന്ദുക്കളാണ്- തങ്ങളുടെ അയല്‍പ്പക്കത്തും തെരുവിലും നഗരത്തിലും സമാധാനവും ഭദ്രതയും ആഗ്രഹിക്കുന്നവരാണ്. ഒരു സമാധാനപരമായ സംവിധാനക്രമം അവരാഗ്രഹിക്കുന്നു. കാരണം നിയമവാഴ്ച്ച നിലനിർത്താനും അതിനുള്ള പൊലീസിന്റെ കാര്യക്ഷമതയിലും അവർക്ക് കൃത്യമായ താത്പര്യമുണ്ട്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നവരെ അവർ അംഗീകരിക്കില്ല.

നിയമവാഴ്ചയുടെ ലംഘനവും കോടതികളെ ധിക്കരിക്കലുമാണ് പുതിയ ഇന്ത്യയുടെ പ്രവർത്തന രീതികളെന്ന് അവർ മനസിലാക്കുന്നു. ‘മന്ദിർ’ ആൾക്കൂട്ടത്തിന്റെ അയോധ്യയിലെ ഹിംസാഭാവം നിലനിർത്താനാണ് മോദി-യോഗി-ഷാ കൂട്ട് പ്രോത്സാഹനം നൽകുന്നത്. മതത്തിന്റെ പേരിൽ കൂവിവിളിക്കുന്ന ഈ സന്യാസിക്കൂട്ടങ്ങൾക്കുള്ള അമിതലാളനയാണ് ബുലന്ദ്ഷഹറിലെ അക്രമാസക്തമായ ആൾക്കൂട്ടത്തിന് ധൈര്യം പകർന്നത്. ഗോരക്ഷകന്മാരുടെ ഹിംസയെ തെരഞ്ഞെടുപ്പിനുള്ള ആയുധമാക്കുന്നു എന്നതാണ് മധ്യവർഗ്ഗത്തെ ശരിക്കും ആശങ്കപ്പെടുത്തേണ്ടത്.

അധികാരം നിലനിർത്താൻ നമ്മുടെ ഗ്രാമനഗരങ്ങളിൽ കലാപം പടർത്തുന്നതടക്കമുള്ള എന്ത് ഹീനതന്ത്രവും ഈ പുതിയ ഇന്ത്യയുടെ രക്ഷകർ പ്രയോഗിക്കും എന്നതാണ് ബുലന്ദ്ഷഹറിൽ നിന്നുള്ള സന്ദേശം. മുകളിൽ നിന്നുള്ള ഒത്താശയോടെ പൊതു ഭരണസംവിധാനത്തെ ആസൂത്രിതമായി അട്ടിമറിക്കലാണ് ഇതിലൂടെ നടത്തുന്നത്. ഇന്ന് ബുലന്ദ്ഷഹർ, നാളെ ഇന്ത്യ.

https://www.azhimukham.com/india-tensions-intolerance-on-mosque-dispute-lead-bulandshahr-violence-cow-slaughter-communal-polarisation-mob-violence-riot-police-inspector-murder-conspiracy/

https://www.azhimukham.com/india-bulandshahr-incident-an-accident-yogi-adityanath/

https://www.azhimukham.com/trending-sanjiv-bhatt-in-secret-police-custody-subodh-kumar-shot-dead-nda-government-against-persons-who-stand-justice-gireesh-writes/

https://www.azhimukham.com/trending-inspector-subodh-kumar-murder-must-found-out-murders-kj-jacob-writes/

https://www.azhimukham.com/india-bulandshahr-riot-alleged-cow-slaughter-violence-victim-slained-police-inspector-wife-seek-justice-otherwise-will-shoot-herself/


Next Story

Related Stories