UPDATES

സയന്‍സ്/ടെക്നോളജി

അന്താരാഷ്ട്ര ഉടമ്പടി ലംഘിച്ച് ചൈനയിലെ വ്യവസായ ശാലകള്‍ പുറന്തള്ളുന്നത് ആയിരകണക്കിന് ടണ്‍ ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍-11

ഓസോണിനെ നശിപ്പിക്കുന്ന നൂറോളം രാസവസ്തുക്കളുടെ ഉല്‍പാദനം കുറയ്ക്കാന്‍ മോണ്‍ട്രിയോളില്‍വെച്ച് എല്ലാ രാജ്യങ്ങളും സമ്മതിച്ചതാണ്. ഇതില്‍ നിന്നും ചൈന പിറകോട്ടുപോയി എന്ന നിഗമനത്തിലാണ് ഗവേഷകര്‍.

വടക്കുകിഴക്കന്‍ ചൈനയിലെ വ്യവസായ ശാലകള്‍ വന്‍തോതില്‍ സി.എഫ്.സി.  (Chlorofluorocarbon-11) പുറന്തള്ളുന്നതായി റിപ്പോര്‍ട്ട്. ഇത് ഓസോണ്‍ പാളിയുടെ നാശത്തിന് കാരണമാകുന്ന വാതകമാണ്. അന്താരാഷ്ട്ര ഉടമ്പടിയുടെ ലംഘനമാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 2013-മുതല്‍ അവിടെനിന്നും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍-11-ന്റെ (CFC11)വാര്‍ഷിക ഉദ്വമനം 7,000 ടണ്‍ വര്‍ദ്ധിച്ചതായി ‘നേച്ചര്‍ ജെര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

‘ചൈനയിലെ വ്യാവസായിക മേഖലകളിലെത്തുമ്പോള്‍ മലിനീകരണത്തിന്റെ അളവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കാണാമെന്നു’, ദക്ഷിണ കൊറിയയിലെ ക്യുങ്പൂക്ക് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകന്‍ സണ്‍യോങ് പാര്‍ക്ക് പറഞ്ഞു. 1970-കളിലും 1980-കളിലും റഫ്രിജന്റ് എന്ന നിലയില്‍ സി.എഫ്.സി11 വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ 1987-ലെ മോണ്‍ട്രിയോള്‍ പ്രോട്ടോകോള്‍ സി.എഫ്.സി-യും മറ്റ് വ്യാവസായിക എയറോസോളുകളും നിരോധിച്ചു. ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അത്.

സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്തി ഭൂമിയെ രക്ഷിക്കുന്ന ഓസോണ്‍ പാളിയെ തകര്‍ക്കുന്ന പ്രധാന കെമിക്കലാണ് സി.എഫ്.സി. നിരോധനത്തെ തുടര്‍ന്ന് 2012-വരെ ആഗോളാടിസ്ഥാനത്തില്‍ സി.എഫ്.സി-യുടെ അളവ് കുറഞ്ഞിരുന്നു. എന്നാല്‍ 2013-നും 17-നും ഇടയില്‍ കുറയുന്നതിന്റെ വേഗത പകുതിയായി കുറഞ്ഞു. എന്‍വയോണ്‍മെന്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കഴിഞ്ഞ വര്‍ഷത്തെ റിപോര്‍ട്ടില്‍തന്നെ ചൈനയിലെ തീരദേശ മേഖലകളിലെ ഫാക്ടറികളില്‍നിന്നും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന മാലിന്യങ്ങളെ സംബന്ധിച്ച് പറഞ്ഞിരുന്നു. അതില്‍ ചിലത് യാതൊരു മുന്നറിറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയതും ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൂടുതല്‍ അന്വേഷിക്കുന്നതിനായി ജപ്പാനിലെയും തായ്വാനിലെയും നിരീക്ഷണ സ്റ്റേഷനുകളില്‍ നിന്ന് അന്താരാഷ്ട്ര അന്തരീക്ഷ ശാസ്ത്രജ്ഞരുടെ ഒരു സംഘം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.

ഭൂമിയില്‍നിന്നു 20 മുതല്‍ 35 കിലോമീറ്റര്‍ ഉയരത്തിലുള്ള വാതകപാളിയാണ് ഓസോണ്‍. 50 വര്‍ഷം മുമ്പാണ് ഓസോണ്‍പാളിയുടെ ശോഷണം ആദ്യമായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പെട്ടത്. ചില സ്ഥലങ്ങളില്‍ ഓസോണ്‍പാളി വല്ലാതെ നേര്‍ത്ത് ഇല്ലാതാകുന്നതായി 1970കളില്‍ ശാസ്ത്രജ്ഞര്‍ ഉറപ്പിച്ചു. ഓസോണിനെ നശിപ്പിക്കുന്ന നൂറോളം രാസവസ്തുക്കളുടെ ഉല്‍പാദനം കുറയ്ക്കാന്‍ മോണ്‍ട്രിയോളില്‍വെച്ച് എല്ലാ രാജ്യങ്ങളും സമ്മതിച്ചതാണ്. ഇതില്‍ നിന്നും ചൈന പിറകോട്ടുപോയി എന്ന നിഗമനത്തിലാണ് ഗവേഷകര്‍.

Read More: ചന്ദ്രന്റെ ഉൽപ്പത്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങളുമായി ചൈനയുടെ ചാങ് ഇ4

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍