Top

സെക്‌സി ദുര്‍ഗ: ഇന്ത്യയിലേക്ക് തിരിച്ചുവരൂ, സംസ്കാരമെന്തെന്ന് പഠിപ്പിക്കാം; സനല്‍ കുമാര്‍ ശശിധരന് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി

സെക്‌സി ദുര്‍ഗ: ഇന്ത്യയിലേക്ക് തിരിച്ചുവരൂ, സംസ്കാരമെന്തെന്ന് പഠിപ്പിക്കാം; സനല്‍ കുമാര്‍ ശശിധരന് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി
ലോകത്തെ പ്രശസ്ത ചലച്ചിത്ര മേളകളിലൊന്നായ റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ സനല്‍ കുമാര്‍ ശശിധരന്റെ 'സെക്‌സി ദുര്‍ഗ'യ്ക്ക് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി. പുരസ്‌കാരം നേടിയ വാര്‍ത്ത പുറത്തുവന്നയുടനെയാണ് ഹിന്ദു സ്വാഭിമാന്‍ സംഘ് എന്ന സംഘടനയുടെ പ്രസിഡന്റ് എന്നവകാശപ്പെടുന്ന രാഹുല്‍ ശ്രീവാസ്തവ ഭീഷണിയുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ തങ്ങളുടെ സംസ്‌കാരം എന്താണെന്ന് പഠിപ്പിക്കുമെന്നും ഭീഷണിയിലുണ്ട്.

ഐഎസിനെതിരെ പോരാടുന്നതിന് വെസ്‌റ്റേണ്‍ യു.പിയില്‍ കുട്ടികളെ അടക്കം സായുധ പരിശീലനം നല്‍കുന്ന അനേകം സംഘപരിവാര്‍ സംഘടനകളിലൊന്നാണ് ഹിന്ദു സ്വാഭിമാന്‍ സംഘ്. ചെറുപ്പം മുതല്‍ മുസ്ലീം വിരോധം കുട്ടികളില്‍ പറഞ്ഞു പഠിപ്പിക്കുകയും തുടര്‍ന്ന് വാളും തോക്കും ഉപയോഗിക്കാന്‍ ഇവരെ പഠിപ്പിക്കുകയും ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തു വന്നിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന അനേകം സംഘടനകളിലൊന്നാണിത്. ലൗ ജിഹാദ്, ഗോ സംരക്ഷണം എന്നിവയാണ് ഇവരുടെ പ്രഖ്യാപിത ആയുധങ്ങള്‍. ബീഫ് കഴിച്ചുവെന്ന സംശയത്തിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന ദാദ്രിയില്‍ അടക്കമുള്ള മേഖലകളില്‍ സജീവമാണ് ഇത്തരം സംഘടനകള്‍.തനിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ഭീഷണികള്‍ സനല്‍ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഈ സംഘടനയുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നുള്ള അസഭ്യവര്‍ഷങ്ങളും സനല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സനലിന്റെ സിനിമയെക്കുറിച്ചുളള വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും മതവികാരം വ്രണപ്പെടുത്തി എന്നതിന്റെ പേരല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊതുതാത്പര്യ ഹര്‍ജി നല്‍കുമെന്നുമാണ് രാഹുല്‍ ശ്രീവാത്സവയുടെ ഭീഷണി. ദുര്‍ഗ എന്ന വാക്കിനൊപ്പം സെക്‌സി എന്ന് ചേര്‍ത്തിരിക്കുന്നത് ഹിന്ദു ദൈവത്തെ അപമാനിക്കലാണെന്നാണ് സംഘടനയുടെ വാദം. എന്നാല്‍ ദുര്‍ഗ ഒരു സാധാരണ പെണ്‍കുട്ടിയുടെ പേരു മാത്രമാണെന്ന് സനല്‍ വിശദീകരിക്കുന്നു. എന്തുകൊണ്ട് ദുര്‍ഗ എന്നതിന് പകരം സനലിന്റെ ഭാര്യയുടെ പേര് ചിത്രത്തിനിട്ടില്ല എന്നൊക്കെയാണ് സംഘടനയുടെ ചോദ്യം.ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ് അടക്കമുള്ളവര്‍ സെക്‌സി ദുര്‍ഗയെ പുകഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ സിനിമ കാണുന്ന സമയത്തെ കാണികളുടെ മുഖഭാവമാണ് തനിക്ക് കാണേണ്ടത് എന്നായിരുന്നു കാശ്യപിന്റെ ട്വീറ്റ്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മാറ്റുരച്ച മേളയില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്നത്.

https://twitter.com/anuragkashyap72/status/827984640791154688

രാജശ്രീ ദേശ്പാണ്ഡെയാണ് ചിത്രത്തിലെ ദുര്‍ഗ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു രാത്രിയില്‍ ദുര്‍ഗയ്ക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷന്മാരിലൂടെയാണ് ചിത്രം വികസിക്കുന്നത്. സെക്‌സി ദുര്‍ഗ ഇതുവരെ ഇന്ത്യയില്‍ റിലീസ് ആയിട്ടില്ല.

ഒരു സിനിമയെ പേടിക്കുന്നുവെങ്കില്‍ എത്രമാത്രം ദുര്‍ബലമാണ് നിങ്ങളുടെ മതം എന്ന് സനല്‍ പിന്നീട് ഫേസ്ബുക്കില്‍ ചോദിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സംരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ക്ക് ഇന്ത്യയെക്കുറിച്ചോ അതിന്റെ സംസ്‌കാരത്തെക്കുറിച്ചോ ഒന്നുമറിയില്ല എന്നും സനല്‍ കുറിക്കുന്നു.

സെക്സി ദുര്‍ഗ്ഗ; പേരിനെ ചൊല്ലി വഴക്കടിക്കുന്നവര്‍ക്ക് കാപട്യം-സനല്‍കുമാര്‍ ശശിധരന്‍Next Story

Related Stories