TopTop
Begin typing your search above and press return to search.

പക്ഷികളെ പ്രണയിക്കുന്നവര്‍ക്കുള്ള സങ്കേതങ്ങള്‍

പക്ഷികളെ പ്രണയിക്കുന്നവര്‍ക്കുള്ള സങ്കേതങ്ങള്‍

'പക്ഷി നിരീക്ഷകന്റെ ജീവിതം വിസ്മയങ്ങളുടെ നിലയ്ക്കാത്ത ഒരു പരമ്പരയാണ്' എന്നാണ് 'പ്രകൃതി ശാസ്ത്രജ്ഞന്റെ ഗ്രന്ഥ'ത്തില്‍ ഹഡ്സണ്‍ പറഞ്ഞിരിക്കുന്നത്. കൊക്കിലൊതുങ്ങാത്തത്ര വിശാലമായ പക്ഷിലോകത്തെ വിശേഷങ്ങള്‍ അടുത്തറിയാന്‍ പക്ഷി സങ്കേതങ്ങളും പക്ഷിനിരീക്ഷണ കേന്ദ്രങ്ങളും സന്ദര്‍ശിക്കുക എന്നതാണ് നമുക്കുമുന്‍പിലുള്ള എളുപ്പവഴി. ശുദ്ധവും ആരോഗ്യപ്രദവുമായ ഒരു നേരമ്പോക്കാണു പക്ഷിനിരീക്ഷണം. കൂടാതെ, വര്‍ഷം മുഴുവനും മിക്കവാറും എല്ലാ സ്ഥലങ്ങളില്‍വെച്ചും അതില്‍ ഏര്‍പ്പെടാനും കഴിയും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ചില പ്രധാനപ്പെട്ട പക്ഷി സങ്കേതങ്ങളെകുറിച്ച് അടുത്തറിയാം.

തട്ടേക്കാട് പക്ഷി സങ്കേതം, കേരളം

.

കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതമാണ് തട്ടേക്കാട് പക്ഷിസങ്കേതം എന്ന് അറിയപ്പെടുന്ന ഡോ. സാലിം അലി പക്ഷിസങ്കേതം. 25 കി.മി വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശം കോതമംഗലത്തിന് അടുത്താണ്. പല വംശത്തിലുള്ള നാട്ടുപക്ഷികളുടെയും കാട്ടുപക്ഷികളുടേയും ദേശാടനക്കിളികളുടെയുമെല്ലാം ആവാസവ്യവസ്ഥയാണ് ഇത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത പക്ഷിനിരീക്ഷകരിലൊരാളായ സലിം അലി ഈ വന്യജീവി സങ്കേതത്തെ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പക്ഷിസങ്കേതം എന്നാണ് വിശേഷിപ്പിച്ചത്. വെള്ളിമൂങ്ങ, കോഴി വേഴാമ്പല്‍, തീക്കാക്ക തുടങ്ങി നിരവധി അപൂര്‍വ്വയിനം പക്ഷികളെ പ്രദേശത്തു കണ്ടുവരുന്നു.

ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനം, ഉത്തരാഖണ്ഡ്

.

.

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ജിം കോര്‍ബെറ്റ് ദേശീയോദ്യാനം. ഉത്തരാഖണ്ഡിലെ നൈനിത്താള്‍, പൗരി ജില്ലകളിലായാണ് ഇത് സ്ഥിതി ചെയുന്നത്. ഡല്‍ഹിയില്‍ നിന്നും കേവലം എട്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. 500-ലേറെ പക്ഷികള്‍ ഉള്ള ഈ ഉദ്യാനം പക്ഷി നിരീക്ഷകരുടെ പറുദീസയാണ്. ക്രെസ്റ്റഡ് സര്‍പ്പന്റ് ഈഗിള്‍, ഹിമാലയന്‍ കഴുകന്‍, മൂടുകുലുക്കിപ്പക്ഷി തുടങ്ങിയ പക്ഷികളെ കാണാം. കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ കടുവ താവളവുമാണ് ഈ ഉദ്യാനം. പ്രകൃതിയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള ഈ കാനനയാത്ര നല്ലൊരു അനുഭവമായിരിക്കും. ഇവിടം സന്ദര്‍ശ്ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാര്‍ച്ച് മാസം പകുതിമുതല്‍ ഏതാണ്ട് ഏപ്രില്‍ അവസാനം വരെയാണ് ഏറ്റവും നല്ല സമയം.

ചില്‍ക തടാകം പക്ഷി സങ്കേതം, ഒഡീഷ

.

.

ഒഡീഷയിലെ പുരിയ്ക്ക് സമീപമുള്ള പക്ഷി സങ്കേതമാണ് ചില്‍ക തടാകം പക്ഷി സങ്കേതം. നിരവധി അപൂര്‍വ്വ ഇനം പക്ഷികളെ ഇവിടെ കാണാം. 1,100 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു. പര്‍പ്പിള്‍ മൂര്‍ഹെന്‍, ഗ്രെയ്‌ലാഗ് ഗൂസ്, ജകാന, ഫ്‌ലമിംഗോസ് തുടങ്ങി വ്യത്യസ്തങ്ങളായ അനവധി പക്ഷികളുടെ മനോഹരമായ ആവാസവ്യവസ്ഥയാണിത്. ഭുവനേശ്വറില്‍ നിന്ന് 120 കിലോമീറ്ററോളം സഞ്ചരിക്കണം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. നിരവധി ദേശാടന പക്ഷികളെ ഇവിടെ കാണാന്‍ കഴിയും.

ധര്‍മശാല, ഹിമാചല്‍ പ്രദേശ്

.

കാന്‍ഗ്രയില്‍ നിന്ന് 18 കിലോമീറ്റര്‍ മാത്രം അകലെയുള്ള ധര്‍മശാല സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. പക്ഷി നിരീക്ഷണം ഒരു പ്രധാന ആകര്‍ഷണമാണെങ്കില്‍ പോലും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം. ട്രെക്കിംഗിന്റെ സാധ്യതകളാണ് ഇതിനെ മറ്റുള്ള പക്ഷി സങ്കേതങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കുന്നത്. സ്‌നോ പാട്രിഡ്ജസ്, ഹിമാലയന്‍ മൊണാലുകള്‍ തുടങ്ങിയ പക്ഷികളുടെ ഇഷ്ട വിഹാര കേന്ദ്രമാണ്. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ സന്ദര്‍ശിക്കാം എന്നതാണ് ധര്‍മശാലയുടെ പ്രത്യേകത.

സുല്‍ത്താന്‍പൂര്‍ പക്ഷി സങ്കേതം, ഹരിയാന

.

ഹരിയാന സംസ്ഥാനത്തിലെ ഗുഡ്ഗാവ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണിത്. ഡല്‍ഹിയില്‍ നിന്ന് 46 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്തിച്ചേരാം. 250-ലധികം പക്ഷികളുടെ ആവാസ കേന്ദ്രമാണിവിടം. ശൈത്യകാലമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. 90-ലധികം ഇനങ്ങളില്‍പ്പെട്ട ദേശാടനപ്പക്ഷികള്‍ ഇവിടെയെത്തുന്നു. ഫ്‌ലെമിംഗോ, സാരസ്, സൈബീരിയന്‍ ക്രെയിനുകള്‍, നോര്‍ത്തേണ്‍ പിന്റൈല്‍ തുടങ്ങിയ പക്ഷികളാണ് പ്രധാന ആകര്‍ഷണം.


Next Story

Related Stories