June 06, 2026 |
Share on

ഒകെ ഇപ്പോള്‍ വെറും ‘ഡെഡ് ഐസ്’; ഐസ്‌ലാന്‍ഡിലെ ഒക്ജാക്കുല്‍-ന് ഹിമാനി പദവി നഷ്ടമായി

‘ഡെഡ് ഐസ്’ എന്നതിനര്‍ത്ഥം ഹിമാനി ചലിച്ചുകൊണ്ടിരിക്കുന്നത് നിന്നുവെന്നും, കളിമണ്ണ്, മണല്‍, ചരല്‍ തുടങ്ങിയവയുടെ സ്വാധീനത്തിന്റെ ഫലമായി ‘മൊറെയ്ന്‍’ എന്ന വ്യത്യസ്ത തരം ഭൂപ്രദേശങ്ങളായി ഉരുകി മാറിയെന്നുമാണ്.

പ്രശസ്തമായ ഹിമാനികളിലൊന്നായ ‘ഒക്ജാക്കുല്‍ ഹിമാനി’യുടെ നഷ്ടത്തെ കുറിച്ചോര്‍ത്ത് വിലപിക്കുകയാണ് ഐസ്ലാന്‍ഡ്. ഓഗസ്റ്റ് 18-ന് നടക്കാന്‍ പോകുന്ന ഔദ്യോഗിക അനുസ്മരണ ചടങ്ങില്‍ ഒരു ജനതയോന്നാകെ അനുശോചനം രേഖപ്പെടുത്തും. കൂടാതെ ‘ഭാവിയിലേക്കുള്ള ഒരു കത്തായി’ പ്രത്യേകമായൊരു ശിലാഫലകവും അവരവിടെ സ്ഥാപിക്കും.

‘ഒകെ ഹിമാനികള്‍’ എന്ന് പൊതുവേ വിളിക്കപ്പെടുന്ന ഒക്ജാക്കുല്‍ ഹിമാനിക്ക് ‘ഹിമാനിയെന്ന സ്ഥാനം’നഷ്ടപ്പെടുന്നത് 2014-ലാണ്. 5.8 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ഹിമാനിയുടെ 6.6 ശതമാനം, അതായത് വെറും 0.386 ചതുരശ്ര മൈല്‍, ഉരുകിത്തീര്‍ന്നതായിരുന്നു സ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം. ഹിമാനിയുടെ പിണ്ഡത്തിലെ ഈ മാറ്റത്തിന് കാരണം ആഗോളതാപനമാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഓകെ ഹിമാനിയെ ഇപ്പോഴവര്‍ ‘ഡെഡ് ഐസ്’ എന്നാണ് വിളിക്കുന്നത്. അതിനര്‍ത്ഥം ഹിമാനി ചലിച്ചുകൊണ്ടിരിക്കുന്നത് നിന്നുവെന്നും, കളിമണ്ണ്, മണല്‍, ചരല്‍ തുടങ്ങിയവയുടെ സ്വാധീനത്തിന്റെ ഫലമായി ‘മൊറെയ്ന്‍’ എന്ന വ്യത്യസ്ത തരം ഭൂപ്രദേശങ്ങളായി ഉരുകി മാറിയെന്നുമാണ്.

ഈ പ്രതിഭാസമാണ് ഐസ്ലാന്‍ഡിലെ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നത്. സംഭവം ഐസ്ലാന്‍ഡിക് സമൂഹത്തില്‍ ചെലുത്തുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കിയ നരവംശശാസ്ത്രജ്ഞനും പ്രശസ്ത ഐസ്ലാന്‍ഡിക് എഴുത്തുകാരനുമായ ആന്‍ഡ്രി സ്നേര്‍ മാഗ്‌നസണ്‍ ഈ ഹിമാനിയെ പ്രശംസിക്കുകയും, ഭാവിയില്‍ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ശിലാഫലകത്തില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:”ഹിമാനിയെന്ന പദവി നഷ്ടപ്പെടുന്ന ആദ്യത്തെ ഐസ്ലാന്‍ഡിക് ഹിമാനിയാണ് ഒകെ. അടുത്ത 200 വര്‍ഷത്തിനുള്ളില്‍ നമ്മുടെ എല്ലാ ഹിമാനികളും അതേ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങള്‍ക്ക് അറിയാമെന്ന് അംഗീകരിക്കുന്നതിനാണ് ഈ സ്മാരകം. ഞങ്ങള്‍ അത് ചെയ്തുവോയെന്ന് നീ മാത്രം അറിയും”.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും മെമ്മോറിയല്‍ ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഒരു ദശലക്ഷത്തിലെ 415 ഭാഗവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ്. പക്ഷെ, ആശങ്ക ഒകെ ഹിമാനിയില്‍ മാത്രം ഒതുങ്ങുന്നില്ല. അന്റാര്‍ട്ടിക്കയിലെ ഫ്‌ളോറിഡയുടെ അത്രയും വലിപ്പമുള്ള തൈ്വറ്റ്‌സ് ഹിമാനിസൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈ ഹിമാനി ഉരുകിയാല്‍ സമുദ്രനിരപ്പ് ഗണ്യമായി ഉയരും. ഐസ്ലാന്‍ഡില്‍ മാത്രം നാനൂറോളം ഹിമാനികളുണ്ട്. അവയ്‌ക്കെല്ലാം 2200 ഓടെ ഓകെ ഹിമാനിയുടെ വിധിയായിരിക്കും ഉണ്ടാവുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Read More : സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത; ബൈക്ക് ഷെയറിംഗ് ഫീച്ചറുമായി ഗൂഗിള്‍

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

Leave a Reply

Your email address will not be published. Required fields are marked *

×