TopTop
Begin typing your search above and press return to search.

ഈ മനുഷ്യരുടെ ജീവിതത്തിനും രക്തസാക്ഷിത്വത്തിനും നീതിയുടെ ഗന്ധമുണ്ട്; അവര്‍ നമുക്ക് വേണ്ടി കഴുവേറുന്നവരാണ്

ഈ മനുഷ്യരുടെ ജീവിതത്തിനും രക്തസാക്ഷിത്വത്തിനും നീതിയുടെ ഗന്ധമുണ്ട്; അവര്‍ നമുക്ക് വേണ്ടി കഴുവേറുന്നവരാണ്

ഒരു ജനാധിപത്യത്തിലെ ഭൂരിപക്ഷം എപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നടത്താന്‍ കെല്‍പ്പുള്ളവയായിരിക്കും.– എഡ്മണ്ട് ബര്‍ക്ക്

രാജ്യത്ത് മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും നേരെ നടക്കുന്ന പൈശാചികമായ ശാരീരിക അതിക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വിദേശ മാധ്യമങ്ങളില്‍ നിന്നുവരെ ശക്തമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. (2014 മേയ് മുതലുള്ള കാലയളവില്‍ അപൂര്‍വമായ രീതിയില്‍ മോദി സര്‍ക്കാരിന്റെ മതതീവ്രവാദവും, അസഹിഷ്ണുതയും, സ്വാതന്ത്ര്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവും സംബന്ധിച്ച് 16 മുഖപ്രസംഗങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്).

യു പിയിലെ ബുലന്ദ്ഷഹർ ജില്ലയിലെ സിയാന മേഖലയിൽ നാനൂറോളം വരുന്ന ആൾക്കൂട്ടമാണ് കഴിഞ്ഞ ദിവസം അക്രമം അഴിച്ചു വിട്ടത്. പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന മാലിന്യങ്ങൾ വനപ്രദേശത്ത് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കലാപം ആരംഭിക്കുന്നത്. അക്രമികള്‍ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു.

അക്രമികൾ പൊലീസിന് നേർ‌ക്ക് നടത്തിയ കല്ലേറിൽ സുബോധ് കുമാർ സിം​ഗിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ സുബോദ് കുമാര്‍ സിംഗിനേയും കൊണ്ട് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പോകും വഴി ഇവര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് എഡിജിപി അനന്ത്കുമാറിനെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തത്. വെടിയുണ്ട തലച്ചോറിൽ‌ തറച്ച നിലയിലായിരുന്നു കൊല്ലപ്പെടുമ്പോൾ ഇൻസ്പെക്റ്റർ സുബോധ് കുമാർ.

യു പി ഭരിക്കുന്ന ബിജെപിയുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മനുഷ്യനും പശുവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്നാണ് ഇപ്പോഴും ആവർത്തിക്കുന്നത്. തന്റെ സര്‍ക്കാര്‍ പശുവിനെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിക്കും. പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് അനാവശ്യ പ്രാധാന്യമാണ് നല്‍കുന്നത്. നിസാരകാര്യത്തെ വലുതാക്കി കാണിക്കുന്നത് കോണ്‍ഗ്രസിന്റെ താത്പര്യമാണെന്നുമാണ് ആദിത്യനാഥ് പറഞ്ഞത്. മൊബ് അറ്റാക്കിനെ ഇത് പോലെ നിസ്സാരവൽക്കരിക്കുന്ന ഭരണാധികാരികൾ ലോകത്ത് വിരളമായിരിക്കും.

യു പി യിൽ നിന്ന് ഗുജറാത്തിലേക്കെത്തുമ്പോൾ മറ്റൊരു നിസ്സഹായാനായ എന്നാൽ നീതിമാനായ പോലീസ് ഓഫീസറെ കൂടി കാണാം. അദ്ദേഹത്തിന്റെ പേര് 'സഞ്ജീവ് ഭട്ട്' എന്നാണ്. നരേന്ദ്ര മോദിക്കെതിരെയുള്ള സഞ്ജീവ് ഭട്ടിന്റെ പോരാട്ടത്തിന് ഗുജറാത്ത് കലാപത്തിന്റെ അത്ര തന്നെ പഴക്കം ഉണ്ട്.

ഗുജറാത്ത് കലാപവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മോദി ആവർത്തിച്ചു കൊണ്ടിരുന്നത്. ഗോധ്ര സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ ഈ വാദം പൊളിഞ്ഞു, "ഹിന്ദുക്കള്‍ അവരുടെ രോഷം പ്രകടിപ്പിക്കട്ടെ, നിങ്ങളത് തടയേണ്ട എന്ന് ഞാന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി നരേന്ദ്ര മോദി പോലീസ് ഉദ്യേഗസ്ഥരോട് പറഞ്ഞു", ഇതാണ് സത്യവാങ്മൂലത്തിലൂടെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ വംശഹത്യയില്‍ മോദിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തെ ഉടന്‍ പ്രോസിക്യൂട്ടു ചെയ്യണമെന്നും ഉള്ള വാദങ്ങൾ ഉയര്‍ന്നെങ്കിലും ഫലം ഉണ്ടായില്ല, 2011 ൽ അനുമതിയില്ലാതെ അവധിയെടുത്തതിനും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും ഭട്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2016 - ൽ സഞ്ജീബ് ഭട്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയും പിന്നീടത് നടപ്പാക്കുകയും ചെയ്തു.

ഗുജറാത്തില്‍ മന്ത്രിയായിരുന്ന ഹരണ്‍ പണ്ഡേയുടെ കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ മോദിയും അമിത് ഷായും ആവശ്യപ്പെട്ടുവെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ മറ്റൊരു ആരോപണം. ഗുജറാത്ത് സര്‍ക്കാര്‍ തനിക്കെതിരെ ഉന്നയിച്ച കേസുകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യം സുപ്രീം കോടിതിയും നിരസിച്ചു. തിരിച്ചടികളില്‍ നിലപാട് മാറ്റാതെ സഞ്ജീവ് ഭട്ട് മോദിക്കും ബിജെപിക്കുമെതിരെ സോഷ്യല്‍ മീഡിയയയിലൂടെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ആക്ഷേപ ഹാസ്യവും പരിഹാസവും ചേര്‍ന്നുള്ള സജ്ജീവ് ഭട്ടിന്റ വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ മോദി വിരുദ്ധരുടെ താരമാക്കി മാറ്റി.

സർവീസിൽ നിന്നും പുറത്താക്കപ്പെട്ട സഞ്ജീവ് ഭട്ട് കൂടുതൽ അപകടകാരിയയാണെന്ന് തിരിച്ചറിഞ്ഞ മോദിയും സംഘവും 20 വര്‍ഷം മുമ്പുള്ള കേസില്‍ സഞ്ജീവ് ഭട്ടിനെ സെപ്റ്റംബർ ആദ്യ വാരത്തിൽ അറസ്റ് ചെയ്തു. "എന്താണ് അദ്ദേഹം ചെയ്‌ത കുറ്റമെന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നിരവധി ഇന്ത്യാക്കാരുടെ ശബ്ദമാണെന്നതു കൊണ്ടാണോ അദ്ദേഹത്തിന്റെ വായടച്ചു പിടിച്ചിരിക്കുന്നത്? കഴിഞ്ഞ 16 വര്‍ഷത്തോളമായി ഈ ശക്തികള്‍ക്കെതിരെ വിശ്രമമില്ലാതെ പോരാടുകയാണദ്ദേഹം". സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് ഫേസ്ബുക്കിൽ കുറിച്ചു.

സഞ്ജീവ് ഭട്ടിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനായിരുന്നു കീഴ്‌കോടതി ഉത്തരവ്. എന്നാൽ അമിത് ഷാ അടക്കമുള്ളവരുടെ ഇടപെടലിലൂടെ പോലീസ് ഹൈക്കോടതിയെ സമീപിക്കുകയും സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയുമാണ് ചെയ്‌തത്. രണ്ടു മാസത്തോളമായി കസ്റ്റഡിയിൽ തുടരുന്ന സഞ്ജീവ് ഭട്ട് എവിടെയാണെന്ന് ഇപ്പോഴും അദ്ദേഹത്തിന്റെ വീട്ടുകാർക്ക് പോലും കൃത്യമായി നിശ്ചയമില്ല.

സുബോധ് കുമാറിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ബോധ്യപ്പെടാൻ നമ്മുടെ മുന്നിലുള്ള വസ്തുതകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി. 2015 സെപ്തംബർ 28ന് ദാദ്രിയിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിലാണ് മൊഹമ്മദ് അഖ്ലാക്ക് സൈഫി എന്ന 52കാരൻ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീട്ടിലെ ഫ്രിഡ്ജിൽ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ട് എന്നാരോപിച്ചായിരുന്നു കൊലപാതകം. എന്നാൽ ആഖ്ലാക്കിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് ആട്ടിറച്ചിയായിരുന്നെന്നാണ് ഫോറൻസിക് ഫലം വന്നത്. സുബോധ് അന്ന ജാര്‍ച്ച പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ആളായിരുന്നു. ഇദ്ദേഹത്തിന്റെ അതിവേഗത്തിലുള്ള ഇടപെടലാണ് അഖ്ലാക് വധക്കേസിലെ പ്രതികളെ പിടികൂടാനും തെളിവുകൾ കൈക്കലാക്കാനുമുള്ള വഴിയൊരുക്കിയത്. കൊലപാതകം നടത്തിയ സംഘത്തിലെ പ്രധാനികളായ പത്തുപേർ ഉടൻ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. പിന്നീട് എട്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സുബോധാണ് അഖ്ലാക് കേസിൽ വഴിത്തിരിവായ കണ്ടെത്തലുകൾക്ക് കാരണമായതെന്ന് കേസിൽ ഹാജരായ വക്കീൽ ആസാദ് ഹയാത് പറയുന്നു.

ഹിന്ദുത്വ ഭീകരരാരായ കേണൽ പുരോഹിതിനെയും സാധ്വി പ്രഗ്യയെയും കൂട്ടാളികളെയും പിടികൂടിയ മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ തലവൻ ഹേമന്ത് കർക്കരെ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നു. ബിജെപി പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടൽ കൊലക്കേസിൽ വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജി ബ്രിജ് ഗോപാൽ ഹർകിഷൻ ലോയ ഇപ്പോഴും സംശയം ബാക്കിനിൽക്കുന്ന സാഹചര്യങ്ങളിൽ മരിക്കുന്നു. കൽബുർഗി മുതൽ ഗൗരി ലങ്കേഷ് വരെയുള്ള സ്വതന്ത്ര ചിന്തകരുടെയും മാധ്യമ പ്രവർത്തകരുടെയും കൊലപാതകങ്ങളും മോദി കാലത്തിന്റെ സംഭാവനകളാണ്.

അധികാരം കയ്യാളുന്നവരുടെ ആറാട്ടിന് മുൻപിൽ അതിജീവനം സാധ്യമാകാതെ സുബോധ് കുമാറും കർക്കരെയും ജീവത്യാഗം ചെയ്യുന്നു, നീതി തേടിയുള്ള യാത്രക്കിടെ സഞ്ജീവ് ഭട്ട് എന്ന മനുഷ്യൻ ഇരുട്ടറയിലേക്ക് തള്ളിവിടപ്പെട്ടിരിക്കുന്നു. നീതിമാനായ ഒരു ന്യായാധിപന്റെ മരണത്തിന്റെ ദുരൂഹതകൾ ഇനിയും തെളിഞ്ഞിട്ടില്ല.

സഞ്ജീവ് ഭട്ട് മുൻപ് ട്വിറ്ററിൽ കുറിച്ച വാചകങ്ങൾ ഉണ്ട്.

"ഞാന്‍ യുദ്ധം തുടരും.

നുണകള്‍ കൊണ്ട് നിങ്ങള്‍ പടുത്തുയര്‍ത്തിയ കോട്ട തകരും വരെ.

നിങ്ങളുടെ നുണ കൊണ്ട് നിങ്ങള്‍ പൂജിച്ചിരുന്ന ചെകുത്താന്‍

എന്റെ സത്യത്തിന്റെ മാലാഖയുടെ മുമ്പില്‍ മുട്ടുകുത്തുന്നത് വരെ"

സുബോധ് കുമാറും ഗൗരി ലങ്കേഷും എല്ലാം പറയാനാഗ്രഹിച്ചതും സഞ്ജീവ് ഭട്ടിന്റെ ഈ വാചകങ്ങൾ ആയിരിക്കണം. ഈ മനുഷ്യരുടെ രക്തസാക്ഷിത്വത്തിന് ഇപ്പോഴും സത്യത്തിന്റെ, നീതിയുടെ ഗന്ധമുണ്ട്, ആ ഗന്ധത്തിന്റെ ഊർജ്ജം ഉൾക്കൊണ്ടാണ് ഇവർക്ക് വേണ്ടിയിപ്പോഴും തെരുവിൽ ശബ്ദം ഉയരുന്നത്. ആമുഖത്തിലെ എഡ്‌മണ്ട് ബർക്കിന്റെ വാചകങ്ങൾ സമകാലീക ഇന്ത്യയിൽ ഏറ്റവും അർത്ഥവത്താണ്, ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമർത്തലുകൾ നേരിടുന്ന ന്യൂനപക്ഷം പക്ഷെ കേവലം ഏതെങ്കിലും ഒരു മതമോ, ജാതിയോ മാത്രമല്ല. നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഓരോ മനുഷ്യനും മോദി സർക്കാരിന്റെ ശത്രുപക്ഷത്താണ്‌.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/india-where-is-sanjiv-bhatt/

https://www.azhimukham.com/trending-inspector-subodh-kumar-murder-must-found-out-murders-kj-jacob-writes/

https://www.azhimukham.com/india-democratic-india-and-its-challenges-maya-kodnani-amit-shah-gujarat-riot/

https://www.azhimukham.com/sanjay-bhat-poem-sachithanandhan-translated-madhyamam-weekly-azhimukham/


Next Story

Related Stories