June 04, 2026 |
Share on

പ്രിയപ്പെട്ട സുലൈമാന്‍ മൌലവിക്ക്, വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്; സ്നേഹത്തോടെ ടി എൻ ജോയ്

എന്റെ ഈ അത്യാഗ്രഹത്തിന്, മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍ പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.ഇങ്ങിനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?

അന്തരിച്ച നക്‌സലൈറ്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.എന്‍ ജോയ് മൂന്നു വർഷങ്ങൾക്ക് മുൻപാണ് ഇസ്ലാം മതം സ്വീകരിച്ചത്. നജ്മല്‍ എന്‍ ബാബുവെന്ന നാമധേയം ആണ് അദ്ദേഹം സ്വീകരിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈ വിവരം ലോകത്തോട് വിളിച്ചു പറഞ്ഞത്. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അദ്ദേഹം പള്ളിക്കമ്മിറ്റിക്കാര്‍ക്ക് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. “ഞാന്‍ മരിച്ചാല്‍ ചേരമന്‍ പള്ളി വളപ്പില്‍ സംസ്കരിക്കാന്‍ സാധിക്കുമോ?” ടി എന്‍ ജോയ് ചോദിച്ചു. പള്ളിക്കമ്മിറ്റിക്കാര്‍ ഇത് അംഗീകരിച്ചെങ്കിലും ചില പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ അന്ന് പ്രശ്‌നമുണ്ടാക്കിയിരുന്നു.

ടി എന്‍ ജോയ് എഴുതിയ കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട സുലൈമാന്‍ മൌലവിക്ക്,

വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യഭംഗിയിലാണ് ഒരുപക്ഷേ, എന്റെ വിശ്വാസം. ജീവിതത്തിലുടനീളം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്നും മുസ്‍ലിംകളായിരുന്നു- ഇപ്പോഴും!

ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്കരിക്കാന്‍ കഴിയുമോ?നോക്കൂ! മൌലവി, ജനനം ”തിരഞ്ഞെടുക്കുവാന്‍” നമുക്ക് അവസരം ലഭിക്കുന്നില്ല.
മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി?

എന്റെ ഈ അത്യാഗ്രഹത്തിന്, മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍ പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.ഇങ്ങിനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?

ജനിച്ച ഈഴവ ജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ്, അച്ഛന്‍ എന്നെ മടിയില്‍ കിടത്ത് അന്ന് ”ജോയ്” എന്ന പേരിട്ടത്. ബാബറി പള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം ”മാത്രം” സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. ‘

ഇതിനെതിരെ ”മുസ്‍ലിം സാഹോദര്യങ്ങളുടെ” പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്.മുസ്‍ലിം സമുദായത്തിലെ അനേകരോടൊപ്പം, എന്റെ ഭൌതിക ശരീരവും മറവുചെയ്യപ്പെടണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത, ഒരു ദുര്‍ബ്ബലന്റെ പിടച്ചിലില്‍ മൌലവി എന്നോടൊപ്പം ഉണ്ടാകുമെന്ന്- ഇപ്പോള്‍ എനിക്ക് ഏതാണ്ടുറപ്പാണ്.

നിര്‍ത്തട്ടെ

സ്നേഹത്തോടെ, സ്വന്തം കൈപ്പടയില്‍

ടി എൻ ജോയ്

https://www.azhimukham.com/offbeat-fond-memory-of-tnjoy-alias-najmalbabu-writes-safiya-fathima/

https://www.azhimukham.com/trending-najmal-babu-interview-prabodhanam-why-islam-important-notes/

Leave a Reply

Your email address will not be published. Required fields are marked *

×