TopTop
Begin typing your search above and press return to search.

വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും പൊയ്കയില്‍ അപ്പച്ചനും ആരാണെന്ന് വെള്ളാപ്പള്ളിക്ക് അറിയാമോ? നവോത്ഥാനം വന്നത് ഈ വഴികളിലൂടെയുമാണ്‌

വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും പൊയ്കയില്‍ അപ്പച്ചനും ആരാണെന്ന് വെള്ളാപ്പള്ളിക്ക് അറിയാമോ? നവോത്ഥാനം വന്നത് ഈ വഴികളിലൂടെയുമാണ്‌

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന ആരോപണം തെറ്റാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്നലെയും ആവര്‍ത്തിച്ചിരിക്കുന്നു. മതില്‍ വിജയിക്കുമെന്ന് കണ്ടപ്പോഴുള്ള ജല്‍പ്പനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വനിതാ മതിലില്‍ ഒറ്റക്കെട്ടാണെന്നും ഇന്നലെ അദ്ദേഹം കൊല്ലത്ത് പ്രഖ്യാപിക്കുകയുണ്ടായി. തമ്മില്‍തല്ലിക്കാന്‍ ആരും നോക്കേണ്ടെന്നാണ് വെള്ളാപ്പള്ളി ഇതിനെക്കുറിച്ച് പറയുന്നത്. അതോടൊപ്പം നവോത്ഥാന കാലഘട്ടത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം സംഘടനകളുണ്ടായിരുന്നില്ല എന്ന ഒരു വലിയ കണ്ടെത്തലും അദ്ദേഹത്തിന്റേതായിട്ടുണ്ട്. എന്നാല്‍ ഇരു സമുദായത്തിലും പെട്ടവര്‍ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാല്‍ ആ കാലഘട്ടത്തില്‍ സംഘടനകളൊന്നുമുണ്ടായിരുന്നില്ലെന്നത് കേരള നവോത്ഥാനത്തെക്കുറിച്ച് വെള്ളാപ്പള്ളിക്ക് വല്യ പിടിയില്ലെന്നാണ് ഈ വാക്കുകളില്‍ നിന്നും മനസിലാകുന്നത്. അല്ലെങ്കില്‍ അദ്ദേഹം ശ്രീനാരായണ ഗുരുവിന് നേതൃസ്ഥാനമുള്ള നവോത്ഥാന മുന്നേറ്റത്തെ മാത്രമേ അംഗീകരിക്കുന്നുള്ളൂവെന്ന് കരുതേണ്ടി വരും.

കമ്മ്യൂണിസ്റ്റ് താത്വികാചാര്യനായ പി ഗോവിന്ദപിള്ളയുടെ കേരള നവോത്ഥാനം ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണം എന്ന പുസ്തകത്തില്‍ നവോത്ഥാനത്തില്‍ കേരളത്തിലെ ഓരോ വിഭാഗത്തിനുമുള്ള പങ്ക് വ്യക്തമായി പറയുന്നുണ്ട്. 1921ലെ മലബാര്‍ ലഹളയ്ക്ക് മുന്നോടിയായി 19-ാം നൂറ്റാണ്ടില്‍ പലപ്പോഴും ഇടക്കിടെ പൊട്ടിപ്പുറപ്പെട്ട ലഹളകള്‍ അന്വേഷണ റിപ്പോര്‍ട്ടുകളിലും വില്യം ലോഗന്റെ മലബാര്‍ മാന്വലിലും വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. സെയ്ദ് സനാഉള്ള മക്തി തങ്ങള്‍(1847-1921), ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി(മരണം 1919), ഷെയ്ഖ് മുഹമ്മദ് മഹീന്‍ ഹമദാനി തങ്ങള്‍(മരണം 1922), വക്കം അബ്ദുള്‍ ഖാദര്‍ മൗലവി(1873-1932) എന്നിവരുടെ പേരുകളാണ് മുസ്ലീം നവോത്ഥാനത്തിന്റെ നായകന്മാരായി പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് സര്‍ക്കാരിന് കീഴില്‍ ലഭിച്ച ഉദ്യോഗം മതനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി 1882ല്‍ രാജിവച്ച വ്യക്തിയാണ് സെയ്ദ് സനാഉള്ള മക്തി തങ്ങള്‍. ഇസ്ലാമിക വിദ്യാഭ്യാസങ്ങളില്‍ കടന്നുകൂടിയിരുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയും അനിസ്ലാമികം എന്ന് അദ്ദേഹം കരുതിയിരുന്ന ചന്ദനക്കുടം. ശവകുടീര പൂജ തുടങ്ങിയവയ്‌ക്കെതിരെയാണ് അദ്ദേഹം പോരാടിയത്. ആധുനിക വിദ്യാഭ്യാസം നേടി പരിഷ്‌കൃതരാവാന്‍ അദ്ദേഹം മുസ്ലിങ്ങളെ ഉദ്‌ബോധിപ്പിക്കുകയും വിദ്യാലയങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് കടന്നാക്രമണകാലത്തെ സവിശേഷ സാഹചര്യത്തില്‍ കൊളോണിയല്‍ അധികാരികളും അവരുടെ സംരക്ഷണയില്‍ കഴിഞ്ഞ ക്രിസ്ത്യന്‍ മിഷണറിമാരും മുസ്ലിങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഇസ്ലാമിനെ കരിവാരിത്തേക്കാനും ശ്രമിക്കുകയായിരുന്നു. ഇസ്ലാം വിരുദ്ധ പ്രചാരങ്ങളെ മക്തി യുക്തിപരാമായി എതിര്‍ത്തു. അതേസമയം തന്നെ മക്തി തങ്ങള്‍ക്കും അനുയായികള്‍ക്കും സ്വസമുദായത്തിലെ മതപണ്ഡിതന്മാരില്‍ നിന്നും എതിര്‍പ്പുകളും പീഡനങ്ങളും സഹിക്കേണ്ടി വന്നു. ആധുനിക വിദ്യാഭ്യാസവും അനാചാര വിരുദ്ധ പ്രചരണവും അവരെ പ്രകോപിതരാക്കിയത്.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അധ്യാപകനായിട്ടാണ് ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. ഇസ്ലാമിക മതപഠനത്തെയും പൊതുവിദ്യാഭ്യാസത്തെയും പരമ്പരാഗത ശൈലിയില്‍ നിന്നും വിമുക്തമാക്കി ആധുനികതയിലേക്ക് നയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അലിഗര്‍ സര്‍വകലാശാല സ്ഥാപകനായ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് സര്‍ സയ്യിദ് അഹമ്മദിനോടാണ് ഇദ്ദേഹത്തെ പലരും താരതമ്യം ചെയ്യുന്നത്. അഹമ്മദീയ പ്രസ്ഥാനത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന ചാലിലകത്ത് ഹാജി ഇസ്ലാമിന്റെ വിശ്വാസ പരിശുദ്ധിക്കായി പരിശ്രമിച്ചുകൊണ്ടാണ് അന്ധ വിശ്വാസങ്ങള്‍ക്കെതിരെ പോരാടിയത്. ഷെയ്ഖ് മുഹമ്മദ് ഹമദാനി തങ്ങളുടെയും പ്രധാന പ്രവര്‍ത്തന മണ്ഡലം വിദ്യാഭ്യാസമായിരുന്നു. മനസിലാകാത്ത ഭാഷയിലെ ഖുര്‍ ആന്‍ ആശയങ്ങള്‍ കാണാപ്പാഠം പഠിച്ച് ഉരുവിടാതെ ലളിതമായ ഭാഷയില്‍ മനസിലാക്കിക്കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഷ്‌കാര നിര്‍ദ്ദേശം. കേരളത്തിലെ മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച 12 വര്‍ഷത്തോളം കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച മുസ്ലിം ഐക്യ സംഘത്തിന്റെ മുന്നോടിയായിരുന്ന മുസ്ലിം നിഷ്പക്ഷ സംഘത്തിന്റെ സ്ഥാപക നേതാവും ഹമദാനിയായിരുന്നു. ഐക്യസംഘത്തിന്റെ നേതാവായി ഉയര്‍ന്നുവന്ന വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയെക്കുറിച്ചും വെള്ളാപ്പള്ളി മറന്നുപോയെന്ന് തോന്നുന്നു. മുസ്ലിം സമുദായത്തില്‍ നിലവിലുള്ള പരിഷ്‌കരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തെ പിന്‍പറ്റി സ്ഥാപിതമായ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ഫൗണ്ടേഷന്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഈ നേതാക്കള്‍ രൂപീകരിച്ച ചെറുകൂട്ടങ്ങളുടെയും സംഘങ്ങളുടെയും പുതിയ രൂപങ്ങളാണ് ഇപ്പോള്‍ നിലവിലുള്ള പല മുസ്ലിം സംഘടനകളും. ഇതെല്ലാം മറന്നാണ് വെള്ളാപ്പള്ളി ഇത്തരമൊരു പ്രസ്താവനയിറക്കിയത്.

https://www.azhimukham.com/kerala-sabarimala-women-entry-vellappally-speaking/

കേരളത്തിലെ മറ്റ് മതങ്ങളിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ക്രിസ്തു മതത്തിലും പ്രത്യേകിച്ചും യാക്കോബായ സഭയിലും ആധിപത്യം സ്ഥാപിച്ചിരുന്നു. ആംഗ്ലിക്കന്‍ തുടങ്ങിയ പ്രൊട്ടസ്റ്റന്റ് മുന്നേറ്റങ്ങള്‍ അവരില്‍ സ്വാധീനം ചെലുത്തി. യാക്കോബായ സഭയിലെ പഴയമട്ടുകാരും പുരോഹിത പ്രമാണിമാരും പ്രൊട്ടസ്റ്റന്റ് പരിഷ്‌കരണ ശ്രമങ്ങളെ ചെറുത്തെങ്കിലും ചെറുപ്പക്കാരും അഭ്യസ്തവിദ്യരുമായ ഒരു വിഭാഗത്തെ അവര്‍ക്ക് സ്വാധീനിക്കാന്‍ സാധിച്ചു. ഇതിന്റെ ഫലമായി വിവിധ ഇടവകകളില്‍ ഉയര്‍ന്നുവന്ന അനാചാര വിരുദ്ധ ചര്‍ച്ചകളും യോഗങ്ങളും പ്രചാരവേലയുമാണ് ക്രിസ്തീയ സമുദായത്തിലെ നവോത്ഥാനത്തിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ സംഭവമായ മാര്‍ത്തോമാ സഭയുടെ ഉദയത്തിന് കാരണമായത്. പാലക്കുന്നത്ത് മാത്യൂസ് അത്തനാസിയോസ് അന്ത്യോക്യയിലെ പാത്രിയാര്‍ക്കീസില്‍ നിന്നും മെത്രാന്‍ പട്ടം നേടി കേരളത്തിലെ മെത്രാപൊലീത്തയായി 1843ല്‍ എത്തിയതോടെയാണ് മാര്‍ത്തോമ സഭ ഒരു നവീകരണ സഭയായി രൂപം കൊണ്ടത്.

ആചാര പരിഷ്‌കാരത്തിന്റെയും നവോത്ഥാനത്തിന്റെയും കരുത്തുറ്റ പ്രഖ്യാപനം ആയിരുന്നു ഇപ്പോള്‍ പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ എന്നറിയപ്പെടുന്ന പൊയ്കയില്‍ യോഹന്നാന്‍ (1878-1938) സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവ സഭ(പി ആര്‍ ഡി എസ്). പൊയ്കയില്‍ അപ്പച്ചന്‍ എന്നും ഇദ്ദേഹം അറിയപ്പെട്ടു. പറയ അഥവ സാംബവ സമുദായത്തില്‍ നിന്നും മതം മാറി ക്രിസ്ത്യാനിയായിട്ടും ഹിന്ദുമതത്തിലെ സവര്‍ണ മേധാവികളെ പോലെ സവര്‍ണ ക്രിസ്ത്യാനികള്‍ തങ്ങളോട് വിവേചനം കാട്ടുന്നുവെന്ന പരാതിയാണ് പി ആര്‍ ഡി എസ് എന്ന സ്ഥാപനത്തിലേക്ക് കുമാരഗുരുവിനെ നയിച്ചത്. വൈകുണ്ഠ സ്വാമി, ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി, ബ്രഹ്മാനന്ദ ശിവയോഗി തുടങ്ങിയ മഹാരഥന്മാരോടൊപ്പം അനുസ്മരിക്കപ്പെടുന്ന പേരാണ് ശ്രീകുമാരഗുരുദേവന്റേത്. ചേരമാര്‍ വിഭാഗത്തില്‍ നിന്നും ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പടപൊരുതിയ പാമ്പാടി ജോണ്‍ ജോസഫ്(1887-1940) ആണ് ക്രിസ്തീയ സമുദായത്തിലെ മറ്റൊരു നവോത്ഥാന നായകന്‍. മാര്‍ത്തോമ സഭയെ പോലെയോ പി ആര്‍ ഡി എസ് പോലെയോ കരുത്തും വ്യാപ്തിയുമൊന്നുമുണ്ടായിരുന്നില്ലെങ്കിലും മതപരിഷ്‌കരണത്തെ മുന്‍നിര്‍ത്തി പലരും രംഗത്തെത്തുകയും അഞ്ചര വേദക്കാരെ പോലെ ചില ചെറിയ സഭകള്‍ ഉയര്‍ന്നു വരികയും ചെയ്തിട്ടുണ്ട്.

ക്രിസ്തീയ സമുദായത്തിലും മുസ്ലിം സമുദായത്തിലും ഇനിയും എടുത്തുപറയേണ്ട നവോത്ഥാന നായകരുണ്ട്. ഇവരെല്ലാം ഓരോ കാലഘട്ടത്തില്‍ ഓരോ ലക്ഷ്യത്തോടെ സ്ഥാപിച്ച ചെറുകിട സംഘടനകള്‍ രൂപം മാറിയും മാറാതെയും ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഈ വസ്തുതകളെല്ലാം വിഴുങ്ങിയാണ് നവോത്ഥാന കാലത്ത് ക്രിസ്ത്യന്‍ മുസ്ലിം സംഘടനകളുണ്ടായിരുന്നില്ലെന്ന് വെള്ളാപ്പള്ളി പറയുന്നത്. ഇത് ചരിത്രത്തെ വളച്ചൊടിക്കലും ആ സമുദായങ്ങളോട് കാണിക്കുന്ന അവഗണനയുമാണ്. ശ്രീനാരായണ ഗുരുദേവന്‍ എന്ന മഹാന് കീഴില്‍ എസ്എന്‍ഡിപി ആര്‍ജ്ജിച്ച വളര്‍ച്ച ഈ സംഘടനകള്‍ക്കൊന്നുമുണ്ടായില്ലെങ്കിലും ഇവയെയും നവോത്ഥാന പ്രസ്ഥാനങ്ങളായി അംഗീകരിക്കുന്നില്ലെങ്കില്‍ വനിതാ മതില്‍ ഒരു വര്‍ഗ്ഗീയ മതിലാണെന്ന വാദത്തെ തകര്‍ക്കാന്‍ അദ്ദേഹത്തിന് യാതൊരു യോഗ്യതയുമില്ലെന്ന് പറയേണ്ടി വരും.

https://www.azhimukham.com/newswrap-vs-achuthanandan-against-creating-women-wall-with-the-support-of-caste-organisations-writes-saju/

https://www.azhimukham.com/kerala-villuvandi-protest-to-restore-tribals-custom-rights-in-sabarimala/


Next Story

Related Stories