TopTop
Begin typing your search above and press return to search.

മാമ ആഫ്രിക്ക ചില അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്; ഇട്ടിക്കോര, സുഗന്ധി നോവലുകളുടെ തുടര്‍ച്ച പോലെ

മാമ ആഫ്രിക്ക ചില അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്; ഇട്ടിക്കോര, സുഗന്ധി നോവലുകളുടെ തുടര്‍ച്ച പോലെ

മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണമായ സാഹചര്യങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തിയ എഴുത്തുകാരനാണ് ടി.ഡി.രാമകൃഷ്ണന്‍. മാമ ആഫ്രിക്കയെന്ന ടി.ഡി.രാമകൃഷ്ണന്റെ പുതിയ നോവല്‍ വായിച്ച അനുഭവം കവിയും, എഴുത്തുകാരനുമായ രജേഷ് ചിത്തിര പങ്കുവെക്കുന്നു.

രജേഷ് ചിത്തിരയുടെ വാക്കുകളിലൂടെ

'ഒരു പുസ്തകം വായിക്കുക എന്നാല്‍ അതിന്റെ താളുകളില്‍ അച്ചടി മഷിയാല്‍ അടക്കം ചെയ്ത വരികളിലൂടെയും പിന്നീട് വാക്കുകള്‍ക്ക് ഇടയിലൂടെയുമുള്ള വായനക്കാരന്റെ മാനസിക സഞ്ചാരമോ ആ വാക്കുകളിലൂടെ എഴുത്തുകാരന്‍ പങ്കു വയ്ക്കാനാഗ്രഹിക്കുന്ന ആശയങ്ങളെ തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് അനുഭവിക്കുകയോ മാത്രമല്ല. അത് രാജ്യങ്ങളുടെയും അതിര്‍ത്തികളുടേയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റേയും അന്വേഷണം കൂടിയാണ്. ഒരോ ആവര്‍ത്തി കടന്നു ചെല്ലുന്തോറും പുതിയതായി ചിലത് കാത്തു വയ്ക്കുന്ന ഒരു നഗരത്തിന് സമാനമായ പുസ്തകങ്ങളുണ്ട്. ഒരു വായനക്കാരന്റെ ചിന്തകളേയും സങ്കല്‍പ്പങ്ങളേയും കോംപ്ലിളിമെന്റ് ചെയ്യുന്ന തരത്തിലുള്ള ആശയങ്ങളേയും ചിന്തകളേയും കൊണ്ടാവും ചില പുസ്തകങ്ങള്‍ വായനക്കാരനെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ടി.ഡി. രാമകൃഷ്ണന്റെ പുതിയ നോവല്‍ മാമ ആഫ്രിക്ക അങ്ങനെ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇട്ടിക്കോര, സുഗന്ധി നോവലുകളുടെ തുടര്‍ച്ച പോലെ എഴുത്തിനു വേണ്ടി ടി.ഡി എടുക്കുന്ന തയ്യാറെടുപ്പും കഥാ പരിസരത്തെ സംബന്ധിച്ച വിശദാംശങ്ങളിലുള്ള ശ്രദ്ധയും എടുത്തു പറയേണ്ടതാണ്. ഏറെ വിശുദ്ധമായ ഒരു നുണയെ അതി വിശ്വസനീയമായ വാസ്തവമോ ചരിത്രമോ ആയി അവതരിപ്പിക്കുന്നതില്‍ മാമ ആഫ്രിക്ക മറ്റു നോവലുകളെക്കാള്‍ ഒരു പടി മുന്നിലാണ്.

സൗദിയിലേക്ക് രാഷ്ട്രിയ അഭയം നേടിയ ഈദി അമീനെ കണ്ടതിനെ പറ്റി മുസഫര്‍ അഹമ്മദ് എഴുതിയത് വായിച്ച ഓര്‍മ്മയാണ് മാമ ആഫ്രിക്ക ആദ്യം തന്നത്. അതേ ഈദി അമിന്‍ തന്റെ കറുത്ത ശരീരത്തിലെ ഓരോ ബിന്ദുവിലും ഒരു സുന്ദരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ കൊണ്ട് ഉമ്മ വെപ്പിച്ച് ജീവിതത്തില്‍ പല തവണ കറുത്തവനെന്ന നിലയില്‍ താന്‍ അനുഭവിച്ച വേദനകളെ മായിച്ചു കളയാന്‍ തന്റെ അധികാരം കൊണ്ട് പിടിച്ചെടുക്കുന്ന താരാ വിശ്വനാഥാണ് നോവലിലെ മുഖ്യ കഥാപാത്രം.

ബ്രിട്ടിഷുകാരുടെ കാലത്ത് റെയില്‍വേ നിര്‍മ്മാണത്തിന് ആഫ്രിക്കയിലേക്ക് പോയ എം.കെ. പി. പണിക്കരുടെ മകന്‍ ഡോക്ടര്‍ പണിക്കരുടെ മകളാണ് താര. താരയ്ക്ക് പിതൃഭാഷ മലയാളവും മാതൃഭാഷ സ്വഹിലിയുമാണ്.

മലയാളത്തില്‍ എഴുതുന്ന ആഫ്രിക്കന്‍ എഴുത്തുകാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന താര ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ മലയാളികളിലെ മൂന്നാം തലമുറയില്‍ പെട്ടവരിലെ എഴുത്തുകാരായ വലിയൊരു വിഭാഗം അഭിമുഖീകരിക്കാന്‍ പോവുന്ന ഭാഷാ പരവും ആശയപരവുമായ വെല്ലുവിളികളെ പ്രതിനിധാനം ചെയ്യുന്നുണ്ട് താരയും. അത്തരത്തില്‍ ഒരു പ്രവാസ നോവല്‍ എന്ന നിലയിലും സഞ്ചാര സാഹിത്യത്തിനപ്പുറം മലയാള കഥാ/ നോവല്‍ പരിസരത്ത് ഏറെയൊന്നും പരിചിതമല്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രകൃതി, രാഷ്ട്രീയം, ഗോത്രങ്ങള്‍, ആചാരങ്ങള്‍, മിത്തുകള്‍ തുടങ്ങി പല തലങ്ങളെ സ്പര്‍ശിക്കാന്‍ താരയുടെ അതിജീവനോപാധിയായ മാമ ആഫ്രിക്ക എന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ ഈ നോവലിന് കഴിയുന്നുണ്ട്. ലീനിയര്‍ അല്ലാത്ത ആഖ്യാന രീതിയാണ് കഥ പറച്ചിലിന് അവലംബിച്ചിരിക്കുന്നത്.

2013 നവംബര്‍ 15 ന് ഇന്ത്യയിലെ ചില പ്രമുഖ പത്രങ്ങള്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും അവിടത്തെ ഒരു ഐ പി എസ് ഓഫീസറും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നതിനെ പറ്റിയുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 2009 ല്‍ നടന്ന ഈ സംഭാഷണം അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി എന്നു കരുതുന്ന 'സാബ് ' നു വേണ്ടി കര്‍ണാടകത്തില്‍ നിന്നുള്ള ഒരു യുവ ആര്‍ക്കിടെക്റ്റിനെ പോലീസ് നിരീക്ഷണത്തിലാക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയായിരുന്നു അത്. പിന്നീട് 2014ല്‍ തിരഞ്ഞെടുപ്പും രാജ്യത്തെ ഒരു വലിയ ഭയത്തോടെ വീക്ഷിച്ച മുന്നണി അധികാരത്തില്‍ വരികയും ചെയ്തു. നേരത്തെ വന്ന വാര്‍ത്തയ്ക്ക് പല വിശദീകരണങ്ങളും ഉണ്ടാവുകയും അത് പ്രാധാന്യമര്‍ഹിക്കാത്ത ഒരു വാര്‍ത്തയായി മാറുകയും ചെയ്തു.

പിന്നിട് വന്ന ഭരണം നീണ്ട കാലം നിലനില്‍ക്കുന്നതും നയങ്ങളോടും നടപടികളോടും പ്രതിഷേധിക്കുന്നവരോട് അയല്‍ രാജ്യത്തേക്ക് നാടു വിടാന്‍ ആവശ്യപ്പെടുന്നതുമായ ഒരു കാലത്തെപ്പറ്റി സങ്കല്‍പ്പിച്ച് ഒരു കഥയെഴുതിയത് - ജിഗ്‌സ പസ്സല്‍ -ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധികരിക്കുകയുണ്ടായി. താര വിശ്വനാഥിനെ പോലെ പിറന്ന രാജ്യമുപേക്ഷിച്ച് മറ്റൊരു രാജ്യത്തേക്ക് പുറപ്പെട്ടു പോവേണ്ടി വന്ന ഒരു യുവതിയായിരുന്നു പസ്സലിലെ കഥാപാത്രം. കഥ വായിച്ച ഷിനി ലാല്‍ അതൊരു നോവലാക്കാമെന്ന് പറയുകയും അതനുസരിച്ച് രൂപപ്പെടുത്തിയ രാജ്യത്തിന്റെ രൂപം അതിശയകരമായ വിധത്താല്‍ മാമ ആഫ്രിക്കയിലെ ഉഗാണ്ടയുമായി സാമ്യമുള്ളതായത് ജനാധിപത്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിലമതിക്കാത്ത രാഷ്ട്രീയ-ഭരണ സംവിധാനങ്ങളുള്ള ഏത് രാജ്യത്തിന്റെയും ഭാവിയാകും എന്നതിനാലാവണം.

ഇന്‍ഡോ- ആഫ്രിക്കന്‍ മിത്തുകളെ ബ്ലെന്‍ഡു ചെയ്യുന്നതിലെ ശ്രദ്ധ എടുത്തു പറയേണ്ടതാണ്. ആത്മീയവും ഭൗതികവുമായ മോചനത്തിന്റെ വഴികള്‍ എന്ന നിലയില്‍ പാരമ്പര്യാചാരങ്ങളിലും മിത്തുകളിലും വിശ്വസിച്ച് ജീവിക്കുകയും വിപ്‌ളവത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ വിപ്ലവം എന്ന ചിന്ത തുടങ്ങി നോവലിന്റെ ആശയഗാത്രത്തിനു ചേരുന്ന ഒട്ടേറെ ദര്‍ശനങ്ങളെ മുന്നോട്ടു വയ്ക്കുന്നുണ്ട് മാമ ആഫ്രിക്ക. മറ്റു നോവലുകളിലെപ്പോലെ നോവലവസാനത്തേക്കു മാത്രം തുറക്കാനുള്ള ഒരു അറ ഇതിലും ബാക്കി വയ്ക്കുന്നുണ്ട്. ഒരു പക്ഷെ അങ്ങനെ ഒന്ന് മൊത്തം നോവലിനോടത് ചേരാതെ നില്‍ക്കുകയും ചെയ്യുന്നതായി തോന്നുന്നു.'

ഈ സീറോ ഡിഗ്രിയിലും കാലം തിളയ്ക്കുന്നത് കാണാം; 2019ല്‍ ചാരുനിവേദിതയെ വായിക്കുമ്പോള്‍


Next Story

Related Stories