അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സംഗീതം നല്‍കിയ മലയാളത്തിലെ ആദ്യ ബാന്‍ഡ് സോംഗ് പുറത്തു വിട്ടിരിക്കുകയാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജോയ് തമലം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോയ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 99 ശതമാനം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ചിത്രീകരിച്ച വീഡിയോയുടെ സംവിധായകന്‍ തനു ബാലക് ആയിരുന്നു. ജോയി എഴുതിയ വരികള്‍ക്ക് ബാലഭാസ്‌കര്‍ സംഗീതം നല്‍കിയപ്പോള്‍ ബാലഭാസ്‌കറും അനൂപ് ശിവദാസനും ഇഷാന്‍ ദേവും ചേര്‍ന്ന് ആലപിച്ചു. 2000ലായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണം. ആ ഓണത്തിന് സൂര്യ ടിവിയില്‍ ഇത് സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
സുഹൃത്തുക്കളുടെ പേരുകള്‍ പാട്ടിലെ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ പാട്ട് ചിത്രീകരിക്കുമ്പോള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അവരുടെ ക്ലാസിന്റെ മുന്നിലുണ്ടായിരുന്നെന്നും ജോയ് തന്റെ പോസ്റ്റില്‍ പറയുന്നു. തന്നോട് പിണങ്ങിയിരിക്കുന്ന സുഹൃത്ത് ബാലുവിനെ ഈ വീഡിയോയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ജോയ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ജോയ് തമലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപവും വീഡിയോയും താഴെ കാണാം.
"BALABHASKAR First band song..
എന്റെ ബാലൂ.. നിന്നോട് എന്താ പറയുക.. പതിവുപോലെ നീ എന്നോട് എന്തോ കാര്യത്തിന് പിണങ്ങിയിരിക്കുവാണെന്ന് കരുതുന്നു..
ഈ പാട്ട് ചിത്രീകരിക്കുമ്പൊ ലക്ഷ്മി അവളുടെ ക്ലാസിന്റെ മുന്നിലുണ്ടായിരുന്നത് നീ ഓര്‍ക്കുന്നുണ്ടോ, നിന്റെ ഹൃദയം മുഴുവന്‍ അവളായിരുന്നു .. നിന്റെ പുഞ്ചിരിയില്‍ പ്രണയം നിറഞ്ഞിരുന്നു..
പിന്നെയും ഉണ്ട് പാട്ടിനുള്ളിലെ വിശേഷം..
എടാ നീ ഓര്‍ക്കുന്നുണ്ടോ നമ്മളീ പാട്ടിലൊളിപ്പിച്ച രണ്ട് പേരുകാരെ,നമ്മുടെ സ്വന്തം ഷറഫുദീന്‍ റാസിക്കും അവന്റെ പ്രിയപ്പെട്ട ഒലീനയും അവരുടെ പേരുകളാണ് നമ്മളെടെത്ത് ഫ്യൂഷനടിച്ചത്. അവരിപ്പൊ കല്യാണമൊക്കെ കഴിഞ്ഞ് സുഖമായിരിക്കുന്നു.ഷറഫന്ന് കോളജിലെ നല്ല ഡാന്‍സറായിരുന്നു. അവനെകൊണ്ട് പാട്ടിനിടയില്‍ തനു ബാലക് ഡാന്‍സ് ചെയ്യിക്കുയും ചെയ്തിരുന്നു. ഇതുപോലെ എന്‍ നെഞ്ചിലെ എന്ന പാട്ടിനിടയിലും നമ്മളൊരു പേരൊളിപ്പിച്ചു, ഹസീന എന്നാണ് പേര്,നമ്മുടെ ഷാനൊപ്പം പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ ചേച്ചിയുടെ പേരാണ് , അവരുടെ കല്യാണക്കുറിയില്‍ നിന്നാണ് ആ പേര് ഞാന്‍ അടിച്ച് മാറ്റി നിനക്ക് തന്നത്. ഷാന്‍ ഇപ്പൊ ഇഷാന്‍ ദേവായി തമിഴിലെ പെരിയ സംഗീത കാരനായി. പലപ്പൊഴും നീ ഒന്നും ഓര്‍ക്കാറില്ലല്ലോ.. ഈ പാട്ടുകളൊക്കെ നമ്മുടെ ജീവനായിരുന്നില്ലേ..
എന്നെ കൊണ്ട് പാട്ടെഴുതിക്കാന്‍ ഗാനമേള മത്സരത്തിന് തയ്യാറയതു പോലും നീ മറന്നിരിക്കും. പിണക്കം മാറുമ്പൊ നീ വിളിക്ക് .. അപ്പൊ നമുക്ക് ബാലലീലയില്‍ നമ്മടെ ജാനിക്കൊപ്പം കൂടാം..
ലക്ഷ്മി നിനക്കായി കൊണ്ടു വരുന്ന ഫ്രൂട്ട് സലാഡിന്റെ നല്ലൊരു പങ്ക് ഞാന്‍ അകത്താക്കുകയും ചെയ്യും.. അപ്പൊ മറക്കല്ലേ പിണക്കം മാറുമ്പൊ വിളിക്ക്..
നീ വിളിച്ചാല്‍ ഏത് നട്ടപ്പാതിരയ്ക്കും ഞാനെത്തും..??"
https://www.azhimukham.com/news-update-singer-hariharan-memorizing-violinist-balabhaskar/
https://www.azhimukham.com/trending-bid-adieu-balabhaskar/
https://www.azhimukham.com/viral-balabhaskar-tribute-poem/
https://www.azhimukham.com/offbeat-violinist-balabhaskar-heart-touching-facebook-post/