സിനിമ

താര ജാഡകള്‍ക്ക് നൈസായി ഒരു പണി

Print Friendly, PDF & Email

വിനായകനും മണികണ്ഠനും നല്‍കിയ അവാര്‍ഡ് മലയാള സിനിമയുടെ മാപ്പപേക്ഷയും കൂടിയാണ്

A A A

Print Friendly, PDF & Email

തൊണ്ണൂറുകളുടെ പകുതി വരെ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്തെ ഏറ്റവും കുപ്രസിദ്ധമായ കോളനിയായിരുന്നു കമ്മട്ടിപ്പാടം. പരസ്പരം സ്‌നേഹത്തോടെ ജീവിക്കുന്നവരെങ്കിലും അന്നത്തെ കൊടുംകുറ്റവാളികളെല്ലാം ഇവിടെ നിന്നാണ് പുറത്തേക്ക് വന്നത്. എന്നാല്‍ വ്യാവസായികമായി വികസിച്ച എറണാകുളം ജില്ലയ്ക്ക് വേണ്ടി ഇവിടുത്തെ ഒരു പറ്റം ജീവിതങ്ങള്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. ഈ ജനതയുടെ, ഇവിടുത്തെ ജീവിത്തിന്റെ, അവരുടെ പലായനത്തിന്റെ, പലായത്തിന് ശേഷമുള്ള അവരുടെ ജീവിതത്തിന്റെ കഥയാണ് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രം പറയുന്നത്.

മുഖ്യധാര മലയാള സിനിമയില്‍ ഒരുകാലത്തും അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ലാത്ത നായക കഥാപാത്രങ്ങളാണ് കമ്മട്ടിപ്പാടത്തെ ഗംഗയും ബാലനും. അരികുജീവിതം നയിക്കുന്ന ഒരു വിഭാഗത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ ഗുണ്ടയെങ്കിലും വെളുത്തവനും സുന്ദരനുമായ കൃഷ്ണനാണ് നായകനെന്ന് തോന്നിക്കുമെങ്കിലും കറുത്തവരും വിരൂപരുമായ ഗംഗയെയും ബാലന്‍ ചേട്ടനെയും വിവരിക്കുകയെന്നതാണ് ചിത്രത്തില്‍ കൃഷ്ണന്റെ പ്രധാന ജോലി. അങ്ങനെ നോക്കിയാല്‍ ചിത്രത്തിലെ നായക കഥാപാത്രങ്ങള്‍ ഗംഗയും ബാലനുമാണ്.

അതുപോലെ വിജയിക്കുന്നവനാണ് അല്ലെങ്കില്‍ ചിത്രം പൂര്‍ത്തിയാക്കുന്നവനാണ് നായകന്‍ എന്ന യാഥാസ്ഥിതിക സങ്കല്‍പ്പത്തെ പൊളിച്ചെഴുതാനും രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിന് സാധിച്ചു. ആദ്യം ബാലന്‍ ചേട്ടനും പിന്നീട് ഗംഗയ്ക്കും സംഭവിച്ച ദാരുണ മരണത്തിന്റെ കണക്കുകള്‍ തീര്‍ക്കുന്ന കൃഷ്ണനെ ഇതില്‍ വിജയിച്ചവനായി കണക്കാക്കാനാകില്ലെങ്കിലും ചിത്രത്തെ പൂര്‍ത്തിയാക്കിയവന്‍ എന്ന നിലയില്‍ നായകനാക്കുന്നുമുണ്ട്. ചിത്രത്തില്‍ പരാജയപ്പെട്ടവരാണെങ്കില്‍ ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഗംഗയും ബാലന്‍ ചേട്ടനും വിജയിച്ചിരിക്കുകയാണ്. ഗംഗയ്ക്ക് ആത്മാവ് പകര്‍ന്ന വിനായകന്‍ മികച്ച നടനായും ബാലന്‍ ചേട്ടനായി മലയാളിയ്ക്ക് പുതിയൊരു നടന അനുഭവം സമ്മാനിച്ച മണികണ്ഠന്‍ ആചാരി മികച്ച സ്വഭാവ നടനായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മലയാള സിനിമയുടെ തന്നെ ചരിത്രത്തില്‍ അപൂര്‍വമായാണ് ഒരു താരം മികച്ച നടനാകാതെ ഒരു നടന്‍ മികച്ച നടനാകുന്നത്. മികച്ച നടന്മാര്‍ ഇല്ലാത്തതുകൊണ്ടല്ല അത് സംഭവിക്കുന്നത്. പകരം താരങ്ങള്‍ക്ക് വേണ്ടി മാത്രം മികച്ച കഥാപാത്രങ്ങള്‍ ഒരുക്കപ്പെടുന്നതിനാലാണ് അത് സംഭവിക്കുന്നത്.

മലയാളിയുടെ വ്യവസ്ഥാപിത സൌന്ദര്യ സങ്കല്‍പ്പത്തില്‍ നിന്നും ഒരുപാട് താഴെയുള്ള വിനായകന്‍ അവാര്‍ഡ് നേടിയെന്നത് നിസാരകാര്യമല്ല. മലയാളിയും സിനിമയും ഇത്രയും കാലം അദ്ദേഹത്തെ എങ്ങനെയാണ് പരിഗണിച്ചിരുന്നതെന്ന് അറിയാന്‍ അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങള്‍ മാത്രം മതി. ഗുണ്ടയായോ, കള്ളനായോ, ശിങ്കിടിയായോ പതിവ് വേഷങ്ങള്‍ അഭിനയിച്ചു തീര്‍ത്തിരുന്ന വിനായകന്‍ അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ അധികമൊന്നും ചെയ്തിട്ടില്ല. അഭിനയ ജീവിതം ആരംഭിച്ച് ഇത്രയേറെ കാലം കാത്തിരുന്നപ്പോഴാണ് വിനായകന്‍ എന്ന നടന് തന്റെ ശരീരത്തിന്റെ പരിമിതികളെ അങ്ങേയറ്റം ഗുണകരമായി ഉപയോഗിക്കാന്‍ സാധിച്ച ഒരു കഥാപാത്രം ലഭിച്ചത് തന്നെ. അതിനെ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ തന്നെ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. ഗംഗയെന്ന കഥാപാത്രത്തെ ഓരോ സൂക്ഷ്മാണുവിലും അത്രമാത്രം യാഥാര്‍ത്ഥ്യത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ചിത്രത്തില്‍ ജീവിതത്തില്‍ പരാജയപ്പെടുന്നവനാണ് ഗംഗ. കൃഷ്ണനാകട്ടെ വിജയിക്കുന്നവനും. ഗംഗ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ സ്‌നേഹം ലഭിക്കുന്നതും കൃഷ്ണനാണ്. ഗംഗയുടെ ഭാര്യയാകുന്നുണ്ടെങ്കിലും അവള്‍ക്ക് ഒരിക്കലും ഗംഗയെപ്പോലെ വിരൂപനായ ഒരാളെ ഇഷ്ടപ്പെടാന്‍ സാധിക്കുന്നുമില്ല. അയാള്‍ അത് മനസിലാക്കുന്നുമുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തില്‍ വിജയിക്കപ്പെട്ടവനാണ് ബാലന്‍ ചേട്ടന്‍. എന്നാല്‍ തങ്ങള്‍ ആര്‍ക്കുവേണ്ടിയാണോ ക്വട്ടേഷന്‍ ജോലികള്‍ ചെയ്തിരുന്നത് അവര്‍ തങ്ങളുടെ ഇടം നഷ്ടമാകലിന് കാരണമാകുന്നുവെന്ന തിരിച്ചറിവ് ബാലന്‍ ചേട്ടന് തിരിച്ചടിയാകുന്നു. കമ്മട്ടിപ്പാടത്തെ ‘പുള്ളാരുടെ’ എന്തിനും ഏതിനുമുള്ള ആ നേതാവിന് അതോടെ ജീവന്‍ നഷ്ടമാകുകയും ചെയ്യുന്നു.

അതോടെ നാട് വിട്ടുപോകുന്ന കൃഷ്ണന് ഒരിക്കല്‍ ലഭിക്കുന്ന ഗംഗയുടെ ഫോണ്‍ കോള്‍, അതിന് പശ്ചാത്തലമായി കേള്‍ക്കുന്ന ശബ്ദം ജനിപ്പിക്കുന്ന സംശയങ്ങള്‍ അയാളെ വീണ്ടും നാട്ടിലെത്തിക്കുകയാണ്. എന്നാല്‍ ഗംഗയെ എവിടെയും കണ്ടെത്താന്‍ അയാള്‍ക്ക് സാധിക്കുന്നില്ല. പലര്‍ക്കും ഗംഗയെവിടെയെന്ന് അറിയാന്‍ തന്നെ താല്‍പര്യമില്ല. അത്രമാത്രം അവഗണിക്കപ്പെടേണ്ട കഥാപാത്രമായാണ് അവരെല്ലാം ഗംഗയെ കണക്കാക്കുന്നത്. എന്നാല്‍ കൃഷ്ണന്റെ അയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഒടുവില്‍ സത്യത്തിലേക്ക് എത്തിക്കുക തന്നെ ചെയ്യുന്നു. ഇത്രകാലവും വിനായകന്‍ നേരിട്ടിരുന്ന അവഗണനയ്ക്കാണ് നീതിയുക്തമായ ഈ കഥാപാത്രത്തിലൂടെ അവസാനമായത്. എല്ലാവരാലും അവഗണിക്കപ്പെടുന്ന ഗംഗയെ തന്നെ ലഭിച്ചപ്പോള്‍ അദ്ദേഹം അതിനോട് നീതി പുലര്‍ത്തുകയും ചെയ്തു. മണികണ്ഠന്‍ ആചാരിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ബാലന്‍ ചേട്ടന് സമാനമായ ജീവിതം നയിക്കുന്ന മണികണ്ഠന്‍ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിലും ഇടം ഉറപ്പിച്ചുകഴിഞ്ഞു.

സ്വകാര്യ ചാനലുകളുടെ അവാര്‍ഡ് നിശകളില്‍ വിനായകന്‍ അവഗണിക്കപ്പെട്ടതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ ചാനലുകള്‍ അവാര്‍ഡ് നിശകളിലൂടെ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് സാമ്പത്തിക നേട്ടത്തിനാണെന്ന് മാത്രം കണക്കിലെടുക്കേണ്ട കാര്യമേ അതിലുള്ളൂ. സിനിമ പാരഡൈസോ ക്ലബ് മികച്ച നടനായി തെരഞ്ഞെടുത്ത് വിനായകനെ ആദരിച്ചിരുന്നു. ഏതായാലും ഒരു നാട് മുഴുവന്‍ ഒരു നടന്റെ പുരസ്‌കാരലബ്ധിയ്ക്കായി ഇത്രമാത്രം ശ്വാസം പിടിച്ച് ഇരുന്നിട്ടുണ്ടാകില്ല. ഒരു നാട് മുഴുവന്‍ ഒരു നടന്റെ പുരസ്‌കാരലബ്ധിയില്‍ ഇത്രമാത്രം ആഹ്ലാദിച്ചിട്ടുമുണ്ടാകില്ല. വിനായകനോ മണികണ്ഠനോ അല്ല, സംസ്ഥാന ചലച്ചിത്ര അവാര്‍ഡാണ് ഇന്ന് ആദരിക്കപ്പെട്ടിരിക്കുന്നത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍