TopTop
Begin typing your search above and press return to search.

അട്ടപ്പാടി: സ്വന്തം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുന്നവര്‍ - അഴിമുഖം അന്വേഷണം

അട്ടപ്പാടി: സ്വന്തം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുന്നവര്‍ - അഴിമുഖം അന്വേഷണം

അട്ടപ്പാടിയിലെ ആദിവാസികള്‍ പട്ടിണി മരണത്തെ നേരിടുമ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സൗജന്യ റേഷനും മരുന്നും അയണ്‍ ഗുളികയും നല്‍കി രക്ഷിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചയ്യുന്നത്. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട, ഇപ്പോഴും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭൂമിയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. 1940-കള്‍ വരെ അട്ടപ്പാടി ആദിവാസികളുടെ മാത്രം സ്വതന്ത്ര രാജ്യമായിരുന്നു. 1947-ലെ സര്‍വേയില്‍ 10,000 ആദിവാസികളും 200 താഴെ മറ്റുള്ളവരുമാണ് അട്ടപ്പാടിയിലുണ്ടായിരുന്നത്. എന്നാല്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് സാമൂതിരി കോവിലകത്തിന്റെ കീഴിലായിരുന്ന അട്ടപ്പാടിക്കുമേല്‍ മുന്നു നായര്‍ കുടുംബങ്ങള്‍ ജന്മാവകാശം ഉറപ്പിച്ചിരുന്നു. ഇങ്ങനെ അധിനിവേശം നടത്തിയവരിലൊരാളാണ് മണ്ണാര്‍കാട് മൂപ്പില്‍ നായര്‍. ഈ ജന്മിമാരാണ് ആദിവാസിഭൂമി ആദ്യം പാട്ടത്തിനു നല്‍കിയത്. മൂപ്പില്‍ നായരുമായി ധാരണയിലെത്തിയാണ് ബ്രിട്ടീഷുകാര്‍ പ്ളാന്‍റേഷനുകള്‍ തുടങ്ങിയത്.

കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1964-ല്‍ ഭൂമിയുടെ ഉടമാവകാശം രേഖപ്പെടുത്തുന്ന കാലത്തും അതിനുശേഷവും ആദിവാസഭൂമി അന്യാധീനപ്പെട്ടു. പണക്കൊഴുപ്പും അധികാരവുമുള്ളവര്‍ ഭൂമി കൈയടക്കി തുടങ്ങി. സര്‍വേക്കുശേഷവും അധികാരികള്‍ ആദിവാസികള്‍ക്ക് ഭൂമിയുടെ കൈവശ രേഖ നല്‍കിയിരുന്നില്ല. സ്വന്തം ഭൂമി അടയാളപ്പെടുത്തിയ രേഖയില്ലാത്തതാണ് ഇക്കാലത്ത് ഭൂമി കൈയേറ്റത്തിന് കാരണമായത്. ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം 1977-ല്‍ നടത്തിയ സര്‍വേയില്‍ 1966 മുതല്‍ 70 വരെ നടന്ന ഭൂമി കൈയേറ്റമാണ് അന്വേഷിച്ചത്. ഇക്കാലത്ത് മാത്രം അട്ടപ്പാടിയില്‍ 546 കുടുംബങ്ങള്‍ക്ക് 9859 ഏക്കര്‍ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തി. 1982-ല്‍ ഐ.ടി.ഡി.പി അന്യാധീനപ്പെട്ട ആദിവാസി ഭൂമിയെക്കുറിച്ച് മറ്റൊരു സര്‍വേയും നടത്തിയിട്ടുണ്ട്. 1990-കളില്‍ അനീമിയരോഗം പിടിപെട്ട് ആദിവാസികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനെ തുടര്‍ന്ന് പട്ടികജാതി - വര്‍ഗ ക്ഷേമസമിതി അട്ടപ്പാടി സന്ദര്‍ശിച്ച് 1999-ല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.

അട്ടപ്പാടിയെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുമ്പോള്‍ തന്നെ ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനുളള നിയമനിര്‍മാണവും കേരള നിയമസഭ നടത്തിയിരുന്നു. 1975-ല്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കുന്നതിന് നിയമസഭ നിയമം പാസാക്കിയെങ്കിലും നടപ്പാക്കിയില്ല. ഈ നിയമം അനുസരിച്ച് 1960-ന്‌ ശേഷം അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചു പിടിക്കണമെന്നാണ്. നിയമം പാസാക്കിയാല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാവുമെന്ന് ചൂണ്ടിക്കാണിച്ചാണ് 1999-ല്‍ പുതിയ നിയമം നിയസഭ പാസാക്കിയെടുത്തത്. രണ്ടര ഹെക്ടറിലധികം ഭൂമി നഷ്ടപ്പെട്ട ആദിവസികള്‍ക്ക് കൈയേറ്റക്കാരില്‍നിന്ന് ഇതേ ഭൂമിതന്നെ തിരിച്ചു പിടിച്ചു നല്‍കും. രണ്ടര ഹെക്ടറില്‍കുറവ് ഭൂമി അന്യാധീനപ്പെട്ട ആദിവാസികള്‍ക്ക് പകരം ഭൂമി നല്‍കണമെന്നും നിയമം നിര്‍ദേശിച്ചു. ഇത് നടപ്പാക്കാനുള്ള സുപ്രീംകോടതി നല്‍കിയ അവസാന തീയതിയും കഴിഞ്ഞു. എന്നാല്‍ അന്യാധീനപ്പെട്ട ഒരിഞ്ചു ഭൂമിയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല ഭൂമി അന്യാധീനപ്പെട്ട ചില ആദിവാസി കുടുംബങ്ങള്‍ സുപ്രിംകോടതിയില്‍ നിന്നും അനുകൂലവിധിയും സമ്പാദിച്ചിട്ടുണ്ടെങ്കിലും ഇതിലും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.

1999-ലെ നിയമം അനുസരിച്ച് 1986-നു ശേഷം ആദിവാസി ഭൂമി ആദിവാസിയല്ലാത്ത ആര്‍ക്കും നിയമപരമായി വാങ്ങാന്‍ കഴിയില്ല. ഇത്തരം ഭൂമി രജിസ്‌ട്രേഷന്‍ അസാധുവാണ്. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാപകമായി കൈയേറുന്നുണ്ട്. സുസ്‌ലോണ്‍ കമ്പനിക്കുവേണ്ടി കോട്ടത്തറ വില്ലേജിലെ നല്ലശിങ്കയില്‍ രണ്ടു സര്‍വേ നമ്പരുകളില്‍ ഭൂമി കൈയേറിയത് വ്യജരേഖ തയ്യാറാക്കിയാണ്. ഇതില്‍ വനം, റവന്യു, രജിസ് ട്രേഷന്‍ വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കൈയേറ്റം നടന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പകരം അന്നത്തെ മന്ത്രി എ കെ ബാലന്‍ ആദ്യം ആലോചിച്ചത് 1986 എന്ന വര്‍ഷം കുറേക്കൂടി മുന്നോട്ടാക്കി പ്രശ്‌നം പരിഹരിക്കാനാണ്. യു.ഡി.എഫ് മന്ത്രിസഭയും ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് നടപ്പാക്കിയില്ല. എന്നാല്‍ അട്ടപ്പാടിയില്‍ നിയമങ്ങളെല്ലാം മറികടന്ന് ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറ്റം തുടരുകയാണ്. പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ തന്നെ സമാന്തരമായി ഭൂനിയമങ്ങളെല്ലാം മറികടന്ന് വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി കൈയേറ്റം തുടരുകയാണ് അട്ടപ്പാടിയില്‍.

കാറ്റാടി കമ്പനി വ്യാജരേഖയുണ്ടാക്കി കൈയേറിയ ഭൂമിയെല്ലാം ഇപ്പോള്‍ ഭീമ ജ്വല്ലറിയും പോപ്പിക്കുട അടക്കമുള്ള നിരവധി സ്ഥാപനങ്ങളുടെ കൈകളിലാണ്. ഇവരില്‍നിന്ന് വൈദ്യുതി വാങ്ങി ബോര്‍ഡ് പണവും നല്‍കുന്നുണ്ട്. ആദിവാസി ഭൂമി ഇപ്പോള്‍ ഇവരുടെ സ്വന്തം ഭൂമിയാണ്. അഹാഡ്‌സിലെ ഉദ്യോഗസ്ഥര്‍ പോലും വ്യജരേഖനിര്‍മിച്ച ഭൂമി കച്ചവടം നടത്തുന്നതില്‍ പങ്കെടുത്തുവെന്ന കണ്ടെത്തിയത് ചീഫ്‌ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ്. ഉദ്യോഗസ്ഥരിലൊരാളായ ദിരാര്‍ നല്‍കുന്ന വിശദീകരണം 2004-ല്‍ ഒരു തമിഴനില്‍നിന്ന് വാങ്ങിയ ഭൂമി കാറ്റാടി കമ്പനിക്ക് വിറ്റുവെന്നാണ്. ഇത്തരം വ്യാജരേഖകള്‍ മുന്‍കൂട്ടി തയ്യാറാക്കിയതിന് ശേഷമാണ് അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കൈമാറ്റം നടക്കുന്നതെന്ന് ചുരുക്കം. നിയമപരമായി കൈയേറ്റക്കാരാരും ആദിവാസി ഭൂമി നേരിട്ട് വാങ്ങിയവരാണെന്ന് തെളിയിക്കാനാവില്ല. പലകൈവഴി മറിച്ചുവിറ്റാണ് പലരുടെയും പേരില്‍ ഭൂമി എത്തുന്നത്.

ഇതേ സമയം ഭൂരഹിതരായ ആദിവാസികള്‍ക്ക വിതരണം ചെയ്യാന്‍ അനുമതി ലഭിച്ച ഭൂമി നല്‍കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ നടത്തിയ സെക്രട്ടറിയേറ്റു സമരത്തെ തുടര്‍ന്ന് തയ്യാറാക്കിയ ആദിവാസി മാസ്റ്റര്‍ പ്ളാന്‍ ആനുസരിച്ച് കേന്ദ്ര സര്‍ക്കാരിനോട് ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിന് വനഭൂമി വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടി മാധവമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് 7693 ഹെക്ടര്‍ വനഭൂമി കേന്ദ്രം വിട്ടു നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഭൂമി. ഇതില്‍ പാലക്കാട് ജില്ലയില്‍മാത്രം 4361 ഹെക്ടര്‍ ഭൂമി വിതരണം ചെയ്യാനുണ്ട്. സര്‍ക്കാര്‍ ഇതില്‍നിന്ന് ഒരിഞ്ചു ഭൂമി വിതരണം ചെയ്തിട്ടില്ല. വനാവകാശനിയമം 2006 അനുസരിച്ചുള്ള ഭൂമി വിതരണവും അട്ടപ്പാടിയില്‍ നടന്നിട്ടില്ല.

പുതിയ കൈയേറ്റങ്ങള്‍

ഇപ്പോള്‍ നടക്കുന്ന ഭൂമി കൈയേറ്റക്കാര്‍ പലരും അവിടെ റിസോര്‍ട്ടുകള്‍ സ്ഥാപിക്കുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലും സമീപത്തും റിസോര്‍ട്ട് നിര്‍മാണം സജീവമായി നടക്കുന്നുണ്ട്. റവന്യു, വനം, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ഒത്താശയോടെയാണ് റിസോര്‍ട്ടുകള്‍ നിര്‍മിച്ചതും നിര്‍മാണം പുരോഗമിക്കുന്നതും. അഗളി പഞ്ചായത്തിലെ വീരന്നൂരില്‍ ആദിവാസി ഊരിനടുത്ത് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് കാപ്പി കുടിച്ചിട്ടാണ് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആദിവാസി ഊരുകളിലേക്ക് യാത്ര തുടര്‍ന്നത്. മല്ലീശ്വരം ക്ഷേത്രമുറ്റത്താണ് ചെമ്മണൂര്‍ റിസോര്‍ട്ട്. ഇടിഞ്ഞമലയിലും വടക്കോട്ടത്തറയിലും താവളത്തും ആദിവാസി കോളനിക്കരികില്‍ റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഷോളയൂര്‍ പഞ്ചായത്തില്‍ വരഗംപാടിയും വയലൂരും ബോഡിശാലയിലും റിസോര്‍ട്ടുകളുണ്ട്. പുതൂര്‍ പഞ്ചായത്തിലും റിസോര്‍ട്ട് നിര്‍മാണം നടക്കുന്നുണ്ട്. ഇവിടെയെല്ലാം ആദിവാസി ഭൂമി കൈയേറിയാണ് നിര്‍മാണം നടക്കുന്നതെന്നതില്‍ തര്‍ക്കമില്ല. ആര് തടയും എന്നതാണ് പ്രധാന പ്രശ്‌നം.

മണ്ണാര്‍കാട് താലൂക്കില്‍ കോട്ടത്തറ വില്ലേജില്‍ ഷോളയൂര്‍ പഞ്ചായത്തില്‍ അടുത്ത കാലത്ത് നടന്ന ഭൂമി കൈയേറ്റത്തിന്റെ ആധാര രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. 1819 എന്ന സര്‍വേ നമ്പറില്‍ നടന്ന ഭൂമി കൈയേറ്റമാണ് പുറത്തുവന്നിരിക്കുന്നത്. സാധാരണ ആധാരം എഴുതുന്നത് മലയാള ഭാഷയിലാണ്. എന്നാല്‍ ഈ ആധാരം തയ്യാറാക്കിയിരിക്കുന്നത് ഇംഗ്ളീഷിലാണ്. കുറെ ഭാഗം ടൈപ്പ് ചെയ്യുകയും കുറെഭാഗം കൈയെഴുത്തുമാണ് ആധാരം. ചിന്നമൂപ്പന്‍ എന്ന ആദിവാസിയുടെ ഭൂമിയാണ് വ്യാജ ആധാരം ചമച്ച് കൈയേറിയിരിക്കുന്നത്.

2009-ലാണ് ആദ്യം വ്യാജ ആധാരം ഉണ്ടാക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പെരുന്തല്‍മണ്ണ താലൂക്കിലെ കുരുവ വില്ലേജില്‍ മടമ്പത്ത് കുരുവട്ടില്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ സുരേഷ്‌ കൃഷ്ണനും മകള്‍ വല്‍സല പി നായരുമാണ് 2009ല്‍ ഭൂമി കൈക്കലാക്കി മറിച്ചുവിറ്റത്. 1977ല്‍ വലത്ത മൂപ്പന്‍ എന്ന ആദിവാസിയുടെ പേരിലുണ്ടായിരുന്ന ഭൂമിയാണിത്. ഇദ്ദേഹം മണ്ണാര്‍ക്കാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ 1336/1977 നമ്പരില്‍ കരം അടച്ചിരുന്നു. ഇദ്ദേഹവും ഭാര്യയും മരിച്ചതിനുശേഷം പാരമ്പര്യ അവകാശിയായ ചിന്നന്റെ ഉടമസ്ഥതയിലായി ഭൂമി. കോട്ടത്തറ വില്ലേജ് ഓഫിസില്‍ 2009 വരെ ഭൂമിക്ക് കരം അടച്ചിരിക്കുന്നത് ആദിവാസിയായ ചിന്നനാണ്. 2009 ജൂലൈ 10ന് കരം അടച്ചിരുന്ന രശീത് ഇദ്ദേഹത്തിന്‍ കൈയിലുണ്ട്. വില്ലേജ് ഓഫിസില്‍ നിന്ന്‍ ഇദ്ദേഹത്തിന് 2009 ജൂലൈ 16ന് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേ ആദിവാസിയില്‍ നിന്ന് ഭൂമി വിലയാധാരം വാങ്ങിയതായി സുരേഷ്‌കൃഷ്ണനും വല്‍സലാ പി നായരും 2012-ല്‍ വില്‍പന രേഖയുണ്ടാക്കി. വില്‍ക്കുന്നത് നിക്ഷിപ്ത വനഭൂമിയോ ആദിവാസിഭൂമിയോ അല്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ണാര്‍ക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍.ഒ.സിയും നല്‍കി.

വ്യാജരേഖ ഹാജരാക്കി കോട്ടത്തറ വില്ലേജ് ഓഫിസില്‍നിന്ന് 2012 ഓഗസ്റ്റ് ഒന്‍പതിന് ഭൂമിക്ക് സുരേഷിന്റെയും വല്‍സലയുടെ പേരില്‍ കരം അടച്ചു. ഇതേ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് വില്ലേജ് ഓഫിസര്‍ ഉടമസ്ഥതാ സര്‍ട്ടിഫക്കറ്റും നല്‍കി. രണ്ടു ഹെക്ടറിലധികം ഭൂമിയാണ് കൈയടക്കിയത്. 2013-ലാണ് ചെന്നൈ വില്ലിവക്കം, ബാബാനഗറില്‍, അരുന്‍ ടെറാക്കി ഒന്നാം ക്രോസ് സ്ട്രീറ്റില്‍ കുമാറിന്റെ മകന്‍ ഗണേഷിന് ഭൂമി മറിച്ചു വിറ്റിരിക്കുന്നത്. ഷോളയൂരിലെ തൂവ, നല്ലശിങ്ക, കത്താളക്കണ്ടി, വെച്ചപ്പതി, വെള്ളകുളം, മൂലഗംഗല്‍, വരഗംപാടി, ഗോഡ്ചിയൂര്‍ മേഖലകളില്‍ വ്യാപകമായി നടക്കുന്ന ഭൂമി കൈയേറ്റങ്ങളില്‍ ഒന്നുമാത്രമാണിത്. നല്ലശിങ്കയില്‍ 1275 സര്‍വേ നമ്പരില്‍ 50 ഏക്കര്‍ കൈയേറി കമ്പിവേലി കെട്ടിക്കഴിഞ്ഞു. സര്‍വേ നമ്പര്‍ 524ല്‍ 30 ഏക്കര്‍ കൈയേറി പ്ളോട്ട് തിരിച്ചിട്ടിരിക്കുന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇവിടെ ഭൂമാഫിയപ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സംസ്ഥാനത്തിന് പുറത്തിരുന്നാണ്. ക്രൈസ്തവ ആശ്രമങ്ങള്‍ക്കാണ് ഭൂമി മറിച്ചു വില്‍ക്കുന്നത്. കോട്ടത്തറ വില്ലേജിലെ സര്‍വേ നമ്പര്‍ 1819ല്‍ 2013 ജനുവരിയില്‍ മാത്രം ആധാരം 38 മുതല്‍ 42 വരെ ആദിവാസി ഭൂമി കൈമാറ്റം ചെയ്തിരിക്കുന്നു. ഈ ആധാരങ്ങളെല്ലാം നടത്തിയിരുക്കുന്നത് കോട്ടത്തറ രജിസ്ട്രാര്‍ ഓഫിസിലാണ്.

അടുത്തിടെ സ്വര്‍ണഭൂമിയിലെ ആദിവാസിഭൂമി കൈയേറ്റത്തിനെതിരേ ആദിവാസികള്‍ തന്നെ സംയോജിത ട്രൈബല്‍ വികസന ഓഫിസര്‍ (ഐ.ടി.ഡി.പി) രാധാകൃഷ്ണന് പരാതിയും നല്‍കിയിരുന്നു. ഓഫിസറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടും ആര്‍.ഡി.ഒ നടപടി സ്വീകരിച്ചില്ല. ഓഫിസര്‍ നടത്തിയ അന്വേഷണത്തില്‍ വര്‍ണഭൂമി ഓര്‍ഗാനിക് ഫാം ഷോളയൂര്‍ കേരള എന്ന ബോര്‍ഡ് സ്ഥലത്ത് ഉയര്‍ന്നതായി കണ്ടെത്തി. ഭൂമി തട്ടു തട്ടുകളായി തിരിച്ച് അളന്ന് കല്ലുകളിട്ടിരിക്കുകയാണ്. വന്‍തോതില്‍ കൃഷിയും മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തുന്നതിനായി ഇവിടെ ഭൂമി ഒരുക്കിയിരിക്കുന്നു. കൈയേറ്റത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും വനംവകുപ്പിനും റവന്യുവകുപ്പിനും ഒരുമാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയതാണെന്ന് ഐ.ടി.ഡിപി ഓഫിസര്‍ രാധാകൃഷ്ണന്‍ പറയുന്നു. ഇവിടുത്തെ ഭൂമി പാരമ്പര്യമായി ആദിവാസികളുടേതാണെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആദിവാസികളുടെ ഊരും പേരും രേഖപ്പെടുത്തിയിട്ടുള്ള 50 ഏക്കര്‍ ഭൂമി ഒരൊറ്റ പ്‌ളോട്ടാക്കി ഫെന്‍സിങ് തൂണുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ആദിവാസികള്‍ക്ക് തലമുറകളായി തങ്ങളുടെ മത്തച്ഛന്‍മാരുടേതാണ് ഭൂമിയെന്ന് അറിയാമെങ്കിലും കൂട്ടുടമസ്ഥതയില്‍നിന്ന വ്യക്തികളുടെ സ്വത്തായി ഭാഗം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യുവകുപ്പിന്റെ കൈവശം ആദിവാസി ഭൂമിയെക്കുറിച്ച് വ്യക്തമായ രേഖകളുണ്ടെന്നും രാധാകൃഷ്ണന്‍ സൂചിപ്പിച്ചു. റവന്യു, വനം, ട്രൈബല്‍ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി ആദിവാസികള്‍ക്ക് ഭൂമി മടക്കി നല്‍കണമെന്നും ഭൂമിയിലെ ഫെന്‍സിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ആര്‍.ഡി.ഒ.യോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മെയ് 24നാണ് അദ്ദേഹം റിപോര്‍ട്ട് നല്‍കിയത്. എന്നാല്‍ ആര്‍.ഡി.ഒ. ഇതുവരെ നടപടിയെടുത്തിട്ടില്ല.

ഷോളയൂര്‍ പഞ്ചായത്തിലെ വെച്ചപ്പതി - വെള്ളപ്പതി ഊരുകള്‍ക്കിടയിലുള്ള വീരക്കല്‍മേട് എന്ന സ്ഥത്താണ് ആദിവാസി ഭൂമി കൈയേറ്റം നടന്നത്. കോട്ടത്തറവില്ലേജിലെ 1819/പി.റ്റി സര്‍വേ നമ്പരിലാണ് ഭൂമി. ഇതുപോലെ അട്ടപ്പാടി പാടവയല്‍ വില്ലേജില്‍ ധാന്യം എന്ന സ്ഥലത്ത് വെസ്റ്റ്‌കോസ്റ്റ് ഗ്രാനൈറ്റ് എന്ന കമ്പനിയുടെ ഉടമകളാണ് ആദിവാസി ഭൂമി കൈയേറി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇവരുടെ ഏജന്റുമാര്‍ ആദിവാസികളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഈ ഭൂമി ആദിവാസികളുടെ പേരില്‍ സര്‍വേ ചെയ്തിട്ടുള്ളതാണ്.

1975ലെ നിയമം നടപ്പാക്കുന്നതിനെരേ സംഘടിതമായ പ്രതിരോധം സൃഷ്ട്രിച്ചത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സംയുക്തമായിട്ടാണ്. ആരും ആദിവാസികള്‍ക്കൊപ്പം നിന്നിരുന്നില്ല. ഇരകെള വേട്ടയാടി ഭക്ഷിക്കുകയും പട്ടിണി മരണങ്ങളില്‍ മുതലകണ്ണീരൊഴുക്കുയും ചെയ്യുന്ന പുതിയൊരു രാഷ്ട്രീയം അട്ടപ്പാടിയിലുണ്ട്. 1950-കള്‍ പകുതിയായപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം അട്ടപ്പാടിയില്‍ തുടങ്ങിയത്. പിന്നീടാണ് മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇവിടെയെത്തിയത്. ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ റവന്യു - വനം വകുപ്പുകള്‍ സി.പി.ഐയുടെ കൈയിലാണ്. മണ്ണാര്‍കാട് മണ്ഡലവും സി.പി.ഐ തന്നെയാണ്. പഞ്ചായത്തുകളില്‍ സി.പി.എമ്മിനാണ് പാര്‍ട്ടിയെന്ന നിലയില്‍ മുന്‍തൂക്കം. കുടിയേറ്റക്കാര്‍ക്ക് കുടപിടിക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് എന്താണെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. ഇവിടേക്ക് അധിനിവേശം നടത്തിയവര്‍ക്കെല്ലാം രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ട്. അട്ടപ്പാടിയില്‍ എല്ലാ രാഷ്ട്രീയക്കാരും ആദിവാസി വിരുദ്ധരാണ്. അല്ലെങ്കില്‍ ഇവരെ ഇരകളായി ഉപയോഗിക്കുന്നവരാണ്. വേട്ടക്കാര്‍ പലയിടത്തു നില്‍ക്കുമ്പോഴും ആദിവാസികള്‍ക്കെതിരേ ഇവര്‍ ഒന്നിക്കുന്നു. അട്ടപ്പാടിയിലെ വികസനപ്രവര്‍ത്തങ്ങളെല്ലാം കുടിയേറ്റക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ്. റോഡുകള്‍പോലും കൈയേറ്റത്തിനുളള പാതയാണ്. ആദിവാസി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ച് കൈയേറ്റം സുഗമമാക്കുന്ന പദ്ധതിയാണ് ഇവിടുത്തെ വികസനം. അട്ടപ്പാടിക്കായി കേന്ദ്രവും സംസ്ഥാനവും പ്രഖ്യാപിച്ചിട്ടുള്ള കോടിക്കണക്കിനു രൂപയും ചെലവഴിക്കുന്നത് കൈയേറ്റക്കാര്‍ക്ക് വേണ്ടിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനുള്ള മുന്നൊരുക്കങ്ങളാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ശക്തമായി അണിയറയില്‍ നടക്കുന്നത്.

അഴിമുഖം അന്വേഷണം : തുടർന്ന് വായിക്കുക


Next Story

Related Stories