TopTop
Begin typing your search above and press return to search.

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണം, തെറ്റായ കീമോതെറാപ്പി: എന്തുകൊണ്ട് മെഡിക്കൽ ഓംബുഡ്സ്മാൻ അനിവാര്യം

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണം, തെറ്റായ കീമോതെറാപ്പി: എന്തുകൊണ്ട് മെഡിക്കൽ ഓംബുഡ്സ്മാൻ അനിവാര്യം

കോട്ടയത്തെ മൂന്ന് ആശുപത്രികളിൽ ചികിൽസ നിഷേധിച്ച രോഗി മരിച്ചതായ പരാതിയെത്തുടർന്ന് നടത്തുന്ന അന്വേഷണങ്ങൾ ചെന്നെത്തുന്നത് കടുത്ത കൃത്യവിലോപങ്ങളുടെയും കുറ്റകരമായ അനാസ്ഥയുടെയും തീവ്രപരിചരണത്തിനുള്ള സംവിധാനങ്ങളുടെ അഭാവത്തിന്റെയും തുടർക്കഥകളിലേക്കാണ്. എച്ച്1 എൻ1 രോഗബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിൽസ നേടിയ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് (62) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും കാരിത്താസ്, മാതാ എന്നീ സ്വകാര്യ ആശുപത്രികളെയും സമീപിച്ചെങ്കിലും ഇവരും ചികിൽസ നൽകാൻ തയ്യാറായില്ലെന്നുമുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ആശുപത്രികൾക്കും എതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ചികിൽസ ലഭിക്കാതിരുന്നതോടെ രണ്ട് മണിക്കൂറോളം രോഗി ആംബുലൻസിൽ കഴിയേണ്ടി വന്നതായും ബന്ധുക്കൾ ആരോപിച്ചിരുന്നു. അടിയന്തര ശുശ്രൂഷയ്ക്കുള്ള സൗകര്യമൊരുക്കി തന്നാൽ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോയി കൊള്ളാം എന്ന് വരെ പറഞ്ഞു നോക്കിയിട്ടും ആശുപത്രികളുടെ ഭാഗത്തുനിന്ന് നിസ്സഹകരണം ആയിരുന്നു എന്ന് ജേക്കബ് തോമസിന്റെ മകൾ റെനി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ ആശുപത്രികളിലെല്ലാം തന്നെ സൗകര്യങ്ങൾ വർദ്ധിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. എന്നാൽ പലപ്പോഴും ദുർബലമായ കണ്ണി കാഷ്വാലിറ്റി കെയർ ആണെന്നും അതിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നും മറ്റു രാജ്യങ്ങളിലെതു പോലെ മെഡിക്കൽ ഓംബുഡ്സ്മാൻ എന്ന ഒരു തസ്തിക സൃഷ്ടിക്കപ്പെടേണ്ടത് ഉണ്ടെന്നും ആരോഗ്യ രംഗത്തെ വിദഗ്ധനായ ഡോക്ടർ ബി ഇക്ബാൽ ഇതിനോട് പ്രതികരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

"ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്ന കാലത്ത് ഏഴു വർഷത്തോളം ഒരൊറ്റ വെന്റിലേറ്റർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വിവിധ അത്യാഹിത വിഭാഗങ്ങളിലായി എഴുപതോളം വെന്റിലേറ്ററുകൾ പ്രവർത്തന സജ്ജമാണ്. സർക്കാർ ആശുപത്രിയിൽ വരുന്ന ഒരാളെയും തിരിച്ച് പറഞ്ഞു വിടാൻ പാടില്ല. സൗകര്യം വർദ്ധിച്ചതോടെ വമ്പിച്ച ആൾതിരക്ക് ഉണ്ടായിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ അതിനെ നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് വേണ്ടത്. ഇപ്പോൾ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ പിആർഒ ക്ക് സംഭവിച്ച വീഴ്ചയാണ് എന്ന വിശദീകരണം വന്നിട്ടുണ്ട്. പണ്ട് പിആർഒ എന്നൊരു തസ്തിക മെഡിക്കൽ കോളേജുകളിൽ ഉണ്ടായിരുന്നില്ല. കുറച്ചുകാലം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെൻറിലേറ്റർ സൗകര്യമില്ലാതെ രോഗി മരിക്കാനിടയായ സംഭവത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. വെന്റിലേറ്റർ സൗകര്യം ഇല്ലാത്ത സമയത്ത് സാധാരണ ഡോക്ടർമാർ മാനുവൽ വെന്റിലേഷൻ ചെയ്യാറുണ്ട്. അത്രയും ഗുരുതരാവസ്ഥയിൽ അല്ലാത്ത ഒരു രോഗിയെ മാറ്റി ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗിയെ വെൻറിലേറ്റർ പ്രവേശിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നടപടികളൊന്നും കഴിഞ്ഞദിവസം ഉണ്ടായില്ല എന്നത് ദൗർഭാഗ്യകരമാണ്. ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ട എമർജൻസി വിഭാഗം ജാഗ്രതയോടെ പ്രവർത്തിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതുണ്ട്. അതിന് ആയിരിക്കണം സർക്കാരിന്റെ ഇനിയുള്ള ശ്രദ്ധ ആദ്യം പതിയേണ്ടത്. ആർദ്രം പദ്ധതി പ്രകാരം പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ ചികിത്സ തേടുന്ന രോഗിയെ ചുവപ്പ് മഞ്ഞ എന്നിങ്ങനെ മൂന്നായി വർഗീകരിക്കാറുണ്ട്. ഈ തരംതിരിക്കൽ അനുസരിച്ച് ചികിത്സയ്ക്ക് മുൻഗണനാക്രമം നിശ്ചയിക്കുകയും ചെയ്യും. അതായത് തിരക്ക് ഒരിക്കലും ഒരു ന്യായീകരണമല്ല തന്നെ."

രോഗിക്ക് മറ്റൊരു ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടാൻ ഡോക്ടർ നിർദ്ദേശിക്കുന്നത് ഗുരുതരാവസ്ഥയിൽ ആയിരിക്കും എന്നിരിക്കെ ആ ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. അതേസമയം മെഡിക്കൽ കൗൺസിലിൽ പുറപ്പെടുവിച്ച റഫറൽ പ്രോട്ടോകോൾ അനുസരിച്ച് അല്ല കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രോഗിയെ അയച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മെഡിക്കൽ കോളേജിൽ വർധിച്ചുവരുന്ന അനാസ്ഥയെ കുറിച്ച് ച്ച കഴിഞ്ഞദിവസം അഴിമുഖം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സ്വകാര്യ ആശുപത്രികളും ഇതേ പാതയിൽ തന്നെയാണ് സഞ്ചരിക്കുന്നത് എന്ന വിവരം പലപ്പോഴും പുറത്തു വരാറില്ല. ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും വൻ തുക വാങ്ങുന്ന സ്വകാര്യ ആശുപത്രികളിൽ പോലും രോഗിക്ക് ആവശ്യമായ അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നില്ല എന്ന പരാതിയുടെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ജേക്കബ് തോമസിന്റെ മരണം. രോഗികളെ അനാവശ്യമായി ഐസിയുവിലും വെൻറിലേറ്റർലും കിടത്തി അതിന്റെ ചാർജ് ഈടാക്കുന്നുണ്ടെന്ന ആരോപണങ്ങൾ വ്യാപകമാകുന്നതിനിടെയാണ് വെൻറിലേറ്റർ സൗകര്യം കിട്ടാതെ രോഗി മരിച്ചത്. കോട്ടയത്ത് വിദഗ്ധചികിത്സ ലഭ്യമായ പ്രമുഖ മൂന്ന് ആശുപത്രികളിൽ നിന്ന് രോഗികൾക്ക് ദുരനുഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ കോട്ടയം പത്തനംതിട്ട ഇടുക്കി എന്നീ ജില്ലകളിൽ നിന്ന് ഇവിടേക്ക് വിദഗ്ധചികിത്സയ്ക്കായി എത്തുന്ന ആളുകൾ ആശങ്കയിലാണ്. ചികിത്സ നിഷേധം ഇനി ആവർത്തിക്കാതിരിക്കാൻ ഉന്നതതല സമിതിയുടെ അന്വേഷണത്തിന് പുറത്ത് മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാവണമെന്ന് ആവശ്യം ശക്തമാകുന്നു.

എന്നാല്‍ കേസെടുത്തിട്ടുണ്ട് എന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല എന്നാണ് കാരിത്താസ് ആശുപത്രി അധികൃതര്‍ അഴിമുഖത്തോട് പ്രതികരിച്ചത്. "നാലു വെൻറിലേറ്റർകളാണ് നിലവിൽ കാരിത്താസ് ആശുപത്രിയിൽ ഉള്ളത്. ഐസിയു ആംബുലൻസിൽ ആണ് രോഗിയെ കൊണ്ടുവന്നത്. അത്തരം കേസുകളിൽ ഫലപ്രദമായി ഇടപെടാൻ ആയി ആശുപത്രിയിൽ ട്രയേജ് സംവിധാനം നിലവിലുണ്ട്. ആ സംവിധാനം ഉപയോഗിച്ച് കൊണ്ടുവന്ന രോഗിയുടെ അടുത്തേക്ക് എത്തുകയും കാഷ്വാലിറ്റി ഡോക്ടർ നോക്കുകയും ചെയ്തു. ആംബുലൻസിൽ നിന്ന് ഇറക്കിയാൽ ഉറപ്പായും വെൻറിലേറ്റർ ആവശ്യം വരുമെന്ന സാഹചര്യമായിരുന്നു. ഇറക്കിയാൽ ജീവൻ പൊലിയും എന്ന അവസ്ഥയിൽ വേഗം മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാൻ നിർദേശിക്കുകയാണ് ചെയ്തത്. ഏറിയാൽ മൂന്നോ നാലോ മിനുട്ട് മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇത്തരമൊരു സംഭവം ഉണ്ടായാൽ ബന്ധപ്പെട്ട ആശുപത്രികൾക്കെതിരെ കേസെടുക്കുക സ്വാഭാവിക നിയമ പ്രക്രിയയാണ്. അതിനെ നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾ കേസിനോട് സഹകരിക്കുക തന്നെ ചെയ്യും. പക്ഷേ ഇവിടുത്തെ സാഹചര്യം മനസ്സിലാക്കാതെ ആശുപത്രിക്കെതിരെ അതിക്രമിച്ചു ആക്രമണം നടത്തിയ ആളുകൾക്കെതിരെ പരാതി കൊടുക്കും. ആവശ്യമായ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. അവർ യുവമോർച്ച പ്രവർത്തകർ ആയിരുന്നു എന്നു പറയപ്പെടുന്നു. എന്തായാലും എത്തിക്സിന് വിരുദ്ധമായി ആശുപത്രിയുടെ ഭാഗത്തുനിന്ന് യാതൊന്നും സംഭവിച്ചിട്ടില്ല."

കാർഡിയോളജി വിഭാഗമില്ല എന്നും വെൻറിലേറ്റർ ഒഴിവുണ്ടായിരുന്നില്ല എന്നുമാണ് മാത ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഈ സത്യാവസ്ഥ രോഗിയുടെ കൂടെയുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തിയതോടെ അവർ മെഡിക്കൽ കോളേജിലേക്ക് തന്നെ മടങ്ങുകയായിരുന്നു എന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അഴിമുഖത്തോട് പറഞ്ഞു.

മെഡിക്കൽ കോളേജുകളെ മികവിന്‍റെ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നതിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടെ ചിത്സാപിഴവുകളും കൃത്യവിലോപങ്ങളും തുടർക്കഥയാകുകയാണ്. മാറിടത്തിൽ മുഴയുമായി ചികിത്സ തേടിയ രജനി എന്ന യുവതിക്ക് ക്യാൻസർ ഇല്ലാതെ കീമോതെറാപ്പി നൽകിയ സംഭവം ഈ കഴിഞ്ഞ ദിവസം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പാത്തോളജി ലാബിലെ ഫലം വരാൻ കാത്തുനിൽക്കാതെ സ്വകാര്യ ലാബിലെ പരിശോധനാ ഫലം അനുസരിച്ച് ഇവരുടെ കീമോ നടത്തുകയായിരുന്നു.

"കേരളത്തിൽ പണ്ട് കാൻസർ ചികിത്സാരംഗത്ത് ആർസിസി മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ മലബാർ കാൻസർ സെന്ററും എറണാകുളത്തെ ക്യാൻസർ സെന്ററും മാതൃകാപരമായി പ്രവർത്തിച്ചു വരുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രികൾക്ക് പുറമേ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സാ സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. ഇവിടെയെല്ലാം പിഴവുകളില്ലാതെ ചികിത്സ നടത്താൻ ട്രീറ്റ്മെൻറ് പ്രോട്ടോകോൾ എത്രയും വേഗം നടപ്പിലാക്കുകയാണ് വേണ്ടത്. ഇത്തരം പിഴവുകൾ ഉണ്ടാവുന്ന പക്ഷം രോഗികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഫലപ്രദമായ മാർഗങ്ങൾ നിലവിലുണ്ട് പക്ഷേ അതിലേക്ക് അവരെ തള്ളിവിടാതെ ഇരിക്കുകയാണ് വേണ്ടത്. ഈയടുത്തിടെ തുടർച്ചയായുണ്ടായ സംഭവങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ വിധിപ്രസ്താവം നടത്തുന്നില്ല, എങ്കിലും നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. സ്വകാര്യ രംഗത്തെ ആശുപത്രികളുടെ കെടുകാര്യസ്ഥതയെപ്പറ്റി പറയുന്നതോടൊപ്പം തന്നെ സർക്കാർ ആശുപത്രികളെ പറ്റിയും നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ട്. പണ്ട് 25, 26 ശതമാനം ആളുകളാണ് സർക്കാർ ആശുപത്രികളെ ആശ്രയിച്ചിരുന്നത് എങ്കിൽ ഇപ്പോൾ 40 ശതമാനത്തിലേറെ രോഗികൾ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സർക്കാർ മേഖലയിൽ സ്വകാര്യ മേഖലയെ ആയിക്കൊള്ളട്ടെ ജനങ്ങളെ കാര്യക്ഷമമായ ആരോഗ്യ സംവിധാനം നിലവിലുണ്ട് എന്ന് ബോധ്യപ്പെടുത്താൻ ആവശ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്. ആശുപത്രികളുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയുണ്ടായാൽ ആശുപത്രിയെ ആക്രമിക്കുക എന്നതാണ് പരിഹാരമാർഗ്ഗം എന്ന് പലരും വിശ്വസിച്ചു വെച്ചിരിക്കുന്നു. ഈ ധാരണയെ തിരുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് മെഡിക്കൽ രംഗത്തെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മെഡിക്കൽ ഓംബുഡ്സ്മാന്റെ ആവശ്യമുണ്ട് എന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ എല്ലാവരും തന്നെ ആവർത്തിച്ച് ആവശ്യപ്പെടുന്നത്." ഡോ. ബി ഇക്ബാല്‍ പറയുന്നു.

Read More: കേരളത്തില്‍ പുതിയ വിവാദം തുറന്ന് നരേന്ദ്ര മോദി; പാവപ്പെട്ടവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ല


Next Story

Related Stories